2013 നവംബർ 20, ബുധനാഴ്‌ച

അച്ഛന്‍....അച്ഛന്റെ കാറ്റ്....


"ക്ഷമിയ്ക്കൂ കുഞ്ഞേ എനിക്കറിയില്ലായിരുന്നു.... സത്യായിട്ടും അറിയില്ലായിരുന്നു...മാപ്പ്"

കുവൈറ്റില്‍ നിന്നും കുടുമ്പത്തോടെ നാട്ടില്‍ എത്തിയ ഒരവധിക്കാലം. എന്നോടൊപ്പം പഠിച്ച ഒരു കൂട്ടുകാരന്‍ ഒരാഴ്ച മുന്നേ ഹൃദയസ്തംഭനം വന്നു മരിച്ചതായി അറിഞ്ഞു. മകളെയും കൂട്ടി ഞാന്‍ അവിടെ എത്തി.

മൂകത തളം കെട്ടി നില്‍ക്കുന്ന ഒരു ചെറിയ വീട്. അവന്റെ ഭാര്യയും മകളും അപ്പുറത്തേയ്ക്ക് പോയിരിക്കുന്നു. അഞ്ച് വയസ്സുള്ള ഒരു മകള്‍ ആണ് അവനുള്ളത്. എന്റെ മകളുടെ അതെ പ്രായം. ബന്ധുക്കളോട് സംഭാഷണം ആരംഭിച്ചു. എന്റെ മകള്‍ക്ക് അതില്‍ അത്ര സന്തോഷം തോന്നിയില്ല. നേരം പോകാന്‍ ആയി എന്തേലും കിട്ടുമോ എന്ന് പരതുകയാണ് അവള്‍. അവിടെ ഉള്ള ഷോകെസില്‍ വീര്‍പ്പിച്ച, ചുവന്ന ഒരു ബലൂണ്‍ കണ്ടു. ഞാന്‍ അവള്‍ക്ക് അതെടുത്ത് കൊടുത്തു. അവള്‍ അതുമായി കളി തുടങ്ങി, ഞങ്ങള്‍ വര്‍ത്തമാനത്തിലും മുഴുകി.

അതിനിടെ അവന്റെ ഭാര്യയും മകളും പുറത്തു നിന്നും കയറി വന്നു. ഞാന്‍ അവരെ മുന്നേ കണ്ടിട്ടില്ല. വന്നപാടെ ആ കുട്ടി എന്റെ മകളുടെ കയ്യിലെ ബലൂണ്‍ കണ്ട് ഓടിയെത്തി. പിടിവലി ആയി. ഞാന്‍ ഇടയ്ക്ക് കയറി അത് പിടിച്ചു വാങ്ങാന്‍ ശ്രമിച്ചു. പെട്ടെന്ന് അത് പൊട്ടി. ആ കുട്ടിയുടെ ഭാവം മാറി. അലറി കരയാന്‍ തുടങ്ങി.

"അച്ഛന്‍.... അച്ഛന്‍... എന്റെ അച്ഛന്റെ കാറ്റ്...."

എനിക്കൊന്നും മനസ്സിലായില്ല. അവിടെ ആര്‍ക്കും തന്നെ ഒന്നും മനസ്സിലായില്ല. കുറെ നേരം കഴിഞ്ഞു എങ്ങലടങ്ങിയപ്പോള്‍ ആ കുട്ടി പറഞ്ഞു....

"കഴിഞ്ഞ ആഴ്ച അച്ഛനോടൊപ്പം കളിക്കുമ്പോള്‍ അച്ഛന്‍ വീര്‍പ്പിച്ചു തന്നതാണ് ആ ബലൂണ്‍. അതില്‍ അച്ഛന്റെ കാറ്റ് ആണ് ഉള്ളത്. അത് വീര്‍പ്പിച്ചു കെട്ടി എന്റെ കയ്യില്‍ തരുമ്പോ ആണ് അച്ഛന്‍ കുഴഞ്ഞു വീണത്‌. ബലൂണ്‍ പൊട്ടിയപ്പോള്‍ അതില്‍ നിറഞ്ഞ അച്ഛന്‍ നിറച്ച കാറ്റും പോയി.... എന്റെ അച്ഛന്റെ കാറ്റ്...."

ഞാനും എന്റെ മകളും ആകെ തകര്‍ന്നു. ഈശ്വരാ... ഈ ഭൂമി ഒന്ന് പിളര്ന്നിരുന്നെങ്കില്‍....

"ക്ഷമിയ്ക്കൂ കുഞ്ഞേ എനിക്കറിയില്ലായിരുന്നു.... സത്യായിട്ടും അറിയില്ലായിരുന്നു...മാപ്പ്"

1 അഭിപ്രായം: