എന്റെ അമ്മാവന്റെ മോള് പറഞ്ഞ കഥ....
"ഞാന്‍ ഒടുക്കത്ത ഗ്ലാമര്‍ ആണ്, എന്റെ അത്രയും ഗ്ലാമര്‍ ഉള്ള വേറൊരാളും ഞങ്ങളുടെ സ്കൂളില്‍ ഇല്ല എന്നൊക്കെയായിരുന്നു ഒരു പത്താം ക്ലാസ് വരെയൊക്കെ ഞാന്‍ വിശ്വസിച്ചിരുന്നത്. അപ്പൊ സ്വാഭാവികമായിട്ടും കുറച്ചു അഹങ്കാരമൊക്കെ ഉണ്ടാകുമല്ലോ. സ്കൂളില്‍ പോകുമ്പോഴും വരുമ്പൊഴുമൊക്കെ റോഡില്‍ വായ നോക്കാന്‍ നില്ക്കുന്ന ചെക്കന്മാരോടൊക്കെ എനിക്ക് ഭയങ്കര പുച്ഛം ആയിരുന്നു. ഞാന്‍ അവരെയൊന്നും തിരിഞ്ഞു പോലും നോക്കില്ല. അങ്ങനെയിരിക്കെ ഒരു ദിവസം ഞാനും എന്റെ ഒരു ഫ്രെണ്ടും കൂടി ഉച്ചയ്ക്ക് ലഞ്ച് ബ്രേക്കിന് അടുത്തുള്ള ഒരു ഷോപ്പില്‍ എന്തോ സാധനം വാങ്ങാന്‍ പോയി. അപ്പോഴാണ് ഞാന്‍ അവനെ ആദ്യമായിട്ട് കാണുന്നത്. ഇതുവരെ പെണ്പിള്ളാരെ കണ്ടിട്ടില്ലാത്ത പോലെ ഞങ്ങളെ തന്നെ തുറിച്ചു നോക്കി കൊണ്ട് നില്ക്കുന്ന ഒരു പൂവാലാന്‍ ചെക്കന്‍. അവന്റെ ആ നോട്ടം കണ്ടപ്പോ തന്നെ എനിക്ക് ദേഷ്യമാ വന്നത്. ഞാന്‍ എപ്പോഴും ചെയ്യാറുള്ള പോലെ തന്നെ പുച്ഛത്തോടെ ഒന്ന് നോക്കിയിട്ട് മുഖം വെട്ടി തിരിച്ചു.
പിന്നീടങ്ങോട്ട് പുള്ളിയെ സ്ഥിരമായിട്ട് കാണാന്‍ തുടങ്ങി. ഞങ്ങള്‍ ഷോപ്പില്‍ പോകുമ്പോള്‍ എല്ലാം അവന്‍ അവിടെ ഉണ്ടാകും. അവിടെ മാത്രല്ല സ്കൂള് കഴിഞ്ഞു ടുഷന് പോകുമ്പോഴും ബാക്കില്‍ തന്നെ വരും. ഞങ്ങള്‍ ഏതു വഴില്‍ കൂടി പോയാലും പുള്ളി അവിടെയുണ്ടാകും. എനിക്കാണെങ്കില്‍ അവനെ കാണുന്നത് തന്നെ കലിയാണ്. പുള്ളിയെ ദൂരെ നിന്ന് കാണുമ്പോഴേ ഞാന്‍ ഫ്രെണ്ടിനോട് പറയും.. ഹാ.. വരുന്നുണ്ട് വായ് നോക്കി. ഇവനൊന്നും വേറെ പണിയില്ലേ.. ഇവന്‍ ഇനിയും ഇങ്ങനെ പിറകെ നടന്നാല്‍ ഞാന്‍ ഉറപ്പായിട്ടും എന്റെ അച്ഛനോട് പറഞ്ഞു കൊടുക്കും. പാവം അവള്‍ ഒന്നും മിണ്ടില്ല.
ഈ അടുത്ത കാലത്താ ഞാന്‍ അറിഞ്ഞത് അത് അവളുടെ ലൈന്‍ ആയിരുന്നു. അവളെ കാണാന്‍ വേണ്ടിയാണ് പുള്ളി നമ്മുടെ പിന്നാലെ വന്നോണ്ടിരുന്നത്. ശ്ശോ... എന്റെ തൊലി ഉരിഞ്ഞു പോയി. ഞാന്‍ അവനെ കുറിച്ച് എന്തൊക്കെ കുറ്റങ്ങളാ അവളോട് പറഞ്ഞത്. എന്നാലും എനിക്ക് വിശ്വസിക്കാന്‍ പറ്റാതിരുന്നത് അതല്ലാ.. ഇത്രയും ഗ്ലാമര്‍ ഉള്ള എന്നെ നോക്കാതെ എന്റെ ഏഴയലത്ത് പോലും ഗ്ലാമര്‍ ഇല്ലെന്നു ഞാന്‍ വിശ്വസിച്ച ലവളെ അവന്‍ നോക്കിയതാണ്.
ഹാ.... എന്റെ ചേട്ടാ.... ഈ പ്രേമത്തിന് കണ്ണും മൂക്കും ഒന്നും ഇല്ലല്ലോ എന്നൊക്കെ വിചാരിച്ചു അങ്ങ് സമാധാനിച്ചു..."

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ