ഒടുവില്‍ എനിക്കത് ചെയ്യേണ്ടി വന്നു. മനസ്സില്ലാ മനസ്സോടെ....
ആ കുഞ്ഞിന്റെ തൊഴുകയ്യോടെ നില്‍ക്കുന്ന മുഖം മനസ്സില്‍ നിന്ന് മായുന്നില്ല...
എന്നിട്ടും എനിക്കത് ചെയ്യേണ്ടി വന്നു. മനസ്സില്ലാ മനസ്സോടെ....
രണ്ടു മാസം മുന്നേ മുതല്‍ എന്റെ കമ്പ്യൂട്ടര്‍ അനുസരണക്കേട് കാട്ടാന്‍ തുടങ്ങി. പാവം ലാപ്ടോപ് അല്ലെ, കുട്ടിയല്ലേ എന്ന് കരുതി ക്ഷമിച്ചു. പക്ഷെ ഇടയ്ക്കിടെ യജമാനന്റെ നിര്‍ദ്ദേശം ഭാഗികമായും ചിലപ്പോള്‍ പൂര്‍ണ്ണമായും അനുസരിക്കാന്‍ മടി കാട്ടുന്നോ എന്നൊരു സംശയം.
അപ്പോത്തിക്കിരിയുടെ വേഷം അണിഞ്ഞു പരിശോധന തുടങ്ങി. ആന്റിവൈറസ് എന്ന വേട്ടനായ്ക്കളെ അഴിച്ചു വിട്ടു. താമസിയാതെ ഒരു കരച്ചില്‍, അതാ അവരുടെ കരാള ഹസ്തത്തില്‍ പിടയുന്ന ഒരു കുഞ്ഞു വൈറസ്. നല്ല തിളങ്ങുന്ന കണ്ണുകള്‍ ഉള്ള ഒരു സുന്ദരന്‍ കുഞ്ഞുവാവ. ഏതോ പ്രോഗ്രാമിനൊപ്പം കുഞ്ഞികൈയും പിടിച്ചു ഇവിടെ വന്നതാവണം. എന്റെ കമ്പ്യൂട്ടറിന്റെ ലോകം ആ പാവത്തിന് ഇഷ്ടപ്പെട്ടിട്ടുണ്ടാവണം. അതാണ് ഇവിടെ ആരും അറിയാതെ താമസം തുടങ്ങിയത്.
ആന്റിവൈറസ് വേട്ടനായ്ക്കള്‍ വിടുന്ന ലക്ഷണം ഇല്ല. അവരുടെ ചോദ്യം ഇതായിരുന്നു.
"ഇപ്പൊ കൊല്ലണോ കമ്പ്യൂട്ടര്‍ നിര്‍ത്തുമ്പോള്‍ കൊല്ലണോ?". കൊല്ലും അതുറപ്പ്.
അവന്റെ മുഖത്തേയ്ക്ക് ഞാന്‍ നോക്കി. പാവം തോഴുതുപിടിച്ചു ദയനീയമായ ഒരു നില്‍പ്പ്. കൊല്ലല്ലേ എന്ന ഭാവം. മുന്നില്‍ മറ്റു വഴികള്‍ അടഞ്ഞ ഞാന്‍, അവസാനമായി അവനെ ഒരു നോക്ക് കണ്ടു. ശേഷം ദയാവധം നല്‍കാന്‍ ആജ്ഞാപിച്ചു. ആന്റിവൈറസ് അവനെയും കൊണ്ട് പോകുന്നത് സ്ക്രീനില്‍ കാണാന്‍ ധൈര്യം ഇല്ലാതെ, ഞാന്‍ ഓടിപ്പോയി തലയിണയില്‍ മുഖം അമര്‍ത്തി തേങ്ങിത്തേങ്ങി കരഞ്ഞു.....
ദൈവം എന്നോട് പൊറുക്കുമാറാകട്ടെ....

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ