2013 ഡിസംബർ 31, ചൊവ്വാഴ്ച

നരകം


നരകത്തില്‍ സമരം. ഭൂമിയില്‍ പാപം ചെയ്തവരില്‍ തെരഞ്ഞെടുക്കപ്പെട്ട ചിലരെ  സ്വന്തം മുടിയിഴയില്‍ കൂടി നടത്തുന്ന ഒരു പരിപാടി ഉണ്ട്. ഒരു മുടിയെ വലിച്ചു നീട്ടി മൂന്നായി കീറിമുറിക്കും. അതിനെ രണ്ടു കുറ്റികള്‍ക്കിടയില്‍ ബന്ധിയ്ക്കും. വളരെ താഴെ വിഷപ്പാംമ്പുകളും തിളച്ചു മറിയുന്ന എണ്ണയും ഒക്കെ ഉണ്ട്. ബാലന്‍സ് പിടിച്ച് നടക്കണം. വളരെ കുറച്ചു പേര്‍ മാത്രമേ ആ പരീക്ഷണത്തില്‍ വിജയിച്ച് അക്കരെ എത്താറുള്ളൂ.

സംഭവം അതല്ല. മുടി മുറിക്കുന്നയാള്‍ യമരാജനുമായി എന്തോ കാര്യത്തിന് പിണങ്ങി. മുടി മുറിക്കല്‍ പരിപാടി നിന്നു. ഒത്തു തീര്‍പ്പ് ശ്രമങ്ങള്‍ ഒന്നും ഫലവത്തായില്ല. പാപികള്‍ ആയവര്‍ മുടിയും പിടിച്ച് ഊഴവും കാത്തു നില്ക്കാന്‍ തുടങ്ങിയിട്ട് മൂന്നു നാള്‍ ആയി. യമരാജനും വാശിയായി. അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ....

"ഇക്കൂട്ടത്തില്‍ മുടി മൂന്നായി കീറിമുറിക്കാന്‍ അറിയാവുന്ന ആരെങ്കിലും ഉണ്ടോ? അവര്‍ക്ക് സ്ഥിരം ജോലി നല്‍കാം"

യമരാജന്‍ ഉറക്കെ വിളിച്ചു പറഞ്ഞു. കുറെ ഏറെ കൈകള്‍ ഉയര്‍ന്നു വന്നു. കൂടുതലും മലയാളി കൈകള്‍. ഇത്രയും പേരെ പരീക്ഷിച്ചു നോക്കിയാല്‍ അടുത്തകാലത്തെങ്ങും ആളെ കിട്ടില്ല. എന്ത് ചെയ്യും? ഒരു ബുദ്ധി....

"നിങ്ങളില്‍ ഒരാളെ തെരഞ്ഞെടുക്കാന്‍ ഞാന്‍ ഒരു പരീക്ഷ നടത്തും.അതില്‍ വിജയി ആവുന്നയാളെ നിയമിക്കും. അതില്‍ തോല്‍ക്കുന്നവര്‍ മുടിയില്‍ കൂടി നടക്കണ്ട. അവരെ നേരെ താഴേയ്ക്ക് തള്ളും"

ഇത് കേട്ടതോടെ ഉയര്‍ന്ന കൈകള്‍ താഴ്ന്നു, ഒന്നോഴിയെ. കൂട്ടത്തില്‍ ഒരു കൈ മാത്രം ഉയര്‍ന്നു നില്‍ക്കുന്നത് കണ്ട യമരാജന് അത്ഭുതവും ജിജ്ഞാസയും തോന്നി. ആളെ അടുത്ത് വിളിച്ചു.

"പറഞ്ഞത് കേട്ടല്ലോ അല്ലെ?"
"ക്യാട്ട്"
"ശെരി എന്നാല്‍ പിന്നെ നിന്റെ മുടി തന്നെ മൂന്നായി കീറിമുറിച്ചു കാണിക്കൂ. നോം കാണട്ടെ"

അത്ഭുതം. അയാള്‍ ആ മുടിയെ ഏഴായി മുറിച്ചു. മുന്നേ അവിടെ ഉണ്ടായിരുന്ന ആളിന് സഹസ്രാബ്ദങ്ങളോളം പ്രവര്‍ത്തനപരിചയം ഉണ്ടായിട്ടു പോലും വളരെ ബുദ്ധിമുട്ടിയായിരുന്നു മുടി മൂന്നായി മുറിച്ചത്. എന്നാല്‍ ഇയാളോ? ഒരു മിടുക്കന്‍ തന്നെ.

"അഭിനന്ദനങ്ങള്‍.... നിങ്ങള്ക്ക് ഇന്ന് തന്നെ ജോലിയില്‍ പ്രവേശിക്കാം. താങ്കളെ പറ്റി ഒന്ന് പറയാമോ? ഇതെങ്ങനെ സാധിച്ചു എന്നും"
"ഞാന്‍ ശശി. തിരുവന്തോരത്ത് തമ്പാനൂരില് ഒരു ചായക്കടയില് ഏത്തയ്ക്കാ അപ്പം (പഴം പൊരി) ഒണ്ടാക്കലാണ് എന്റ ജ്വാലി. എന്തരണ്ണാ നിങ്ങള് നിരൂവിച്ചത്? നമ്മക്ക് ഇതക്ക ചീള് ക്യാസുകള്"

യമരാജന് സന്തോഷമായി. ശശിയണ്ണന്‍ അകത്ത്. സമരം ചെയ്തയാള്‍ പുറത്ത്.

ഇന്നും നരകത്തില്‍ ശശിയണ്ണന്‍ തന്റെ തൊഴില്‍ നിര്‍ബാധം തുടരുന്നു. ഭാഗ്യം ഉള്ളവര്‍ക്ക് അവിടെ ചെല്ലുമ്പോ ആളെ പരിചയപ്പെടാം. ട്ടാ?

2013 ഡിസംബർ 24, ചൊവ്വാഴ്ച

തൂവാല ബുക്കിംഗ്


ഒരു ദിവസം കൊല്ലത് പോകാനായി ഞാന്‍ തിരുവനന്തപുരം തമ്പാനൂര്‍ ബസ്‌ സ്റ്റാന്റില്‍ എത്തി. നല്ല തിരക്കുള്ള സമയം. വരിവരിയായി നിര്‍ത്തിയിട്ട ബസ്സുകളില്‍ കയറാനായി നല്ല തിരക്ക്. ചെറുതായി മഴയുടെ ലക്ഷണവും കാണുന്നു. മഴ വന്നാല്‍ തമ്പാനൂരില്‍ പിന്നെ വള്ളം കളിയ്ക്കെ സ്കൊപ്പുള്ളൂ....


ഒരു സൂപ്പര്‍ ഫാസ്റ്റ്‌ പുതുതായി വന്നു നിന്നു. തിരക്കുണ്ടെങ്കിലും ഞാന്‍ അതിന്റെ ക്യൂവില്‍ കയറി നിന്നു. ഒരു വിധം അകത്തു കയറി പറ്റി. ആദ്യത്തെ മൂന്നു നാല് സീറ്റുകള്‍ നിറഞ്ഞു. അടുത്ത രണ്ടുപേര്‍ക്കിരിക്കാവുന്ന സീറ്റ് ഒഴിഞ്ഞതാണ്. അവിടെ അതാ ഒരു വെളുത്ത തൂവാല. ഞാന്‍ അത് മാറ്റി വച്ച് അവിടെ ഇരുന്നു. എന്റെ അടുത്ത സീറ്റിലും ആളു വന്നു. അയാള്‍ ആ തൂവാല എടുത്തു മുന്നിലെ സീറ്റിന്റെ പിന്നിലെ കമ്പിയില്‍ തൂക്കി ഇട്ടു. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു മാന്യ ദേഹം ഞങ്ങളുടെ അടുത്ത് വന്നു. എന്നിട്ട് ദേഷ്യത്തോടെ മൊഴിഞ്ഞു,

"ഇതെന്റെ സീറ്റാണ്. മാറിത്തരണം".
"അതെന്തിന്? ഈ ബസ്സിന് മുന്‍കൂര്‍ ബുക്കിംഗ് ഇല്ലല്ലോ?" ഞാന്‍ മൊഴിഞ്ഞു.
"ഈ തൂവാല ഞാന്‍ ഇട്ടതാണ്. അത് കണ്ടില്ലയിരുന്നോ?"
"അത് മാറ്റിയിട്ടാണ് ഞാന്‍ ഇരുന്നത്".
"തൂവാല പുറത്തു നിന്നു സീറ്റില്‍ ഇട്ടിട്ടാണ് ഞാന്‍ സീറ്റ് ബുക്ക് ചെയ്തത്".

ദേഷ്യം കൊണ്ട് അയാളുടെ വാക്കുകള്‍ വിക്കുന്നുണ്ടായിരുന്നു. കണ്ണുകളില്‍ നിന്നു തീപ്പൊരി പറക്കുന്നു. ചുറ്റും ഇരിക്കുന്ന യാത്രക്കാര്‍ വെറും കാഴ്ചക്കാര്‍ മാത്രമായി. മുന്നില്‍ ടിക്കറ്റ് നല്‍കുന്ന കണ്ടക്ടര്‍ പോലും ഇടപെടുന്നില്ല. ഞാന്‍ എന്റെ സ്വന്തം പതിവ് ശൈലിയില്‍ വളരെ ശാന്തമായി പറഞ്ഞു.

"ചേട്ടന്‍ നാളെ ഒരു ബസ്സിന് മുകളില്‍ ഡബിള്‍ മുണ്ട് കൊണ്ട് വിരിച്ചാല്‍ ആ ബസ്സിലെ സീറ്റുകള്‍ എല്ലാം ചേട്ടന്‍ ബുക്ക്‌ ചെയ്തതാവുമോ?"

ബസ്സിലെ കൂട്ടച്ചിരിയില്‍ ചുറ്റും തീപ്പൊരി പാറിച്ചു കൊണ്ട്, സ്വന്തം തൂവാലയും എടുത്ത് ആള്‍ ചാടിത്തുള്ളി പുറത്തേയ്ക്ക് പോയി. ഞങ്ങളുടെ ബസ്സ് എടുക്കുമ്പോള്‍ അതാ അദ്ദേഹം അടുത്തുള്ള ഒരു ബസ്സില്‍, വീണ്ടും പുറത്തു നിന്നു അകത്തെ സീറ്റിലെയ്ക്ക് തൂവാല ഇടുന്നു.....

2013 ഡിസംബർ 18, ബുധനാഴ്‌ച

But WHY?


ഞങ്ങളുടെ അറബി മുതലാളി മകനെ അക്കൌണ്ട്സ് വിഭാഗം തലവനായി അവരോധിച്ചു. അക്കൌണ്ട്സ് സംബന്ധമായി യൂറോപ്പില്‍ പഠിച്ച ശേഷം ഉള്ള വരവാണ്. ആദ്യ ആഴ്ചകളില്‍ തന്നെ ഞാന്‍ അവനുമായി അത്ര രസത്തില്‍ ആയിരുന്നില്ല.

ആദ്യമേ തന്നെ ജോലി സംബന്ധമായ യാത്രകള്‍ക്ക് കമ്പനി തന്നിരുന്ന ക്രെഡിറ്റ്‌ കാര്‍ഡ്‌ നിര്‍ത്തലാക്കി. പകരം പണം അഡ്വാന്‍സ്‌ ആയി തരും. ഇതിനെ യാത്ര പോകുന്ന രാജ്യത്തെ കറന്‍സി ആക്കി പോകുന്നയാള്‍ മാറ്റണം.  യാത്രാ ചെലവെല്ലാം കഴിഞ്ഞ് ബാക്കി വരുന്നതിനെ തിരിയെ റിയാല്‍ ആക്കി ബില്ലിനോടൊപ്പം കൊടുക്കണം. കൂടുതല്‍ ദിവസങ്ങളിലെ യാത്രകള്‍ക്ക് ഇത് വലിയ നഷ്ടം ഉണ്ടാക്കുമായിരുന്നു. തുടര്‍ച്ചയായി യാത്രകള്‍ ഉണ്ടായിരുന്ന എന്നേ ആണ് ഇത് അധികം ബാധിക്കുന്നത്.

ആവലാതി പറയാന്‍ ആയി ഞാന്‍ ക്യാബിനില്‍ എത്തി. അവിടെ മലയാളി ആയ കാഷ്യര്‍ രാമചന്ദ്രന്‍ ഇരിപ്പുണ്ടായിരുന്നു. കൊച്ചുമുതലാളി ഫോണില്‍ ആരോടോ സംസാരിയ്ക്കുന്നു. എന്റെ മുഖം വായിച്ച പോലെ പതിഞ്ഞ ശബ്ദത്തില്‍ രാമചന്ദ്രന്‍ ചോദിച്ചു,
"എന്താ കാര്യം?"
"എന്ത് പറയാനാ? പട്ടി പുല്ലു തിന്നുകയും ഇല്ല പശുവിനെ കൊണ്ട് തീറ്റിക്കുകയും ഇല്ല."

ഫോണ്‍ താഴെ വച്ച കൊച്ചുമുതലാളി രാമചന്ദ്രനോട് ചൂടായി ചോദിച്ചു,
"what are you talking?"
രാമചന്ദ്രന്‍: "He says, Dog will not eat grass"
കൊച്ചുമുതലാളി: " I know that".
രാമചന്ദ്രന്‍: "Also it will not allow cow to eat"
കൊച്ചുമുതലാളി: "But WHY?"

രാമചന്ദ്രന്‍ ദയനീയമായി എന്നെ നോക്കി. അത് കണ്ട കൊച്ചു മുതലാളിയും.....

മത്തങ്ങാക്കാലം


അന്ന് ഞങ്ങള്‍ കൊല്ലത്തായിരുന്നു താമസം. ആകെയുള്ള എട്ടു സെന്റിലെ വീടിനു ശേഷം ഉള്ള കിട്ടിയ ഇടങ്ങളില്‍ ഒക്കെ അച്ഛന്റെ വക പലവിധ കൃഷികള്‍. മാവും, പ്ലാവും, വഴുതനങ്ങയും, ചേമ്പും, ചേനയും ഒക്കെ ഉണ്ടാവാറുണ്ട്. പലവിധ പച്ചമുളകുകളുടെ ഒരു ശേഖരം തന്നെ ഉണ്ടായിരുന്നു. അതോ കൊണ്ടെന്താ? രാസവളം ഇടാത്ത, സ്വാദുള്ള  പച്ചക്കറികള്‍ ചുരുങ്ങിയ ചെലവില്‍ വീട്ടുമുറ്റത്ത്‌ ഇഷ്ടം പോലെ ഉണ്ടായി.
ഇതിന്റെ ഒരു ദോഷവശം കൂടി പറയാതെ വയ്യ. ചക്കയുടെ കാലത്ത് ചോറോഴികെ എല്ലാം ചക്ക. മാങ്ങയുടെ കാലത്ത് ചോറോഴികെ എല്ലാം മാങ്ങ.

സ്കൂള്‍ അവധി തുടങ്ങി. അത് മത്തങ്ങയുടെ വിളവെടുപ്പ് കാലം ആയിരുന്നു. ചോറോഴികെ എല്ലാം മത്തങ്ങാ. രാവിലെ പലഹാരം എല്ലാം കഴിച്ച് ഒരു സഞ്ചിയില്‍ നാല് മത്തങ്ങയും ആയി ഞാന്‍ കിളിമാനൂരിലെ അമ്മൂമ്മയുടെ അടുത്തേയ്ക്ക് പോയി. കറിച്ചട്ടിയില്‍ ഉണ്ടാക്കുന്ന അമ്മൂമ്മയുടെ സാമ്പാറും അവിയലും എന്റെ വീക്നെസ് ആയിരുന്നു. കൂടാതെ അമ്മയുടെ മത്തങ്ങാ സീസണ്‍ കറികളില്‍ നിന്നൊരു രക്ഷയും. സഞ്ചി അമ്മൂമ്മയുടെ കയ്യില്‍ കൊടുത്ത് ഞാന്‍ ഒന്ന് രണ്ടു കൂട്ടുകാരെ കാണാന്‍ പോയി.
"ഊണിന് ഉണ്ടാവില്ലേ?" അമ്മൂമ്മ ചോദിച്ചു.
"ഉണ്ടാവും", ഞാന്‍ പറഞ്ഞു.

കൂട്ടുകാരുടെ വീടുകളില്‍ നിന്ന് ഊണ് കഴിക്കാന്‍ അതിയായ സമ്മര്‍ദ്ദം ഉണ്ടായി. പക്ഷെ ഞാന്‍ ഒഴിഞ്ഞു മാറി. അമ്മൂമ്മയുടെ സ്വാദുള്ള സാമ്പാറും അവിയലും ഉള്ളപ്പോള്‍ ഞാനെന്തിന് ഡിസ്കെടുക്കണം?

ഞാന്‍ തിരിയെ വീട്ടില്‍ എത്തി. "ഊണ് കഴിക്കാറായെങ്കില്‍ കൈ കഴുകി വരൂ". അമ്മൂമ്മ പറഞ്ഞു. കൈയും കഴുകി, നിലത്ത് കൊരണ്ടിപ്പലകയും ഇട്ട് ഞാന്‍ ഇരുന്നു. അമ്മൂമ്മ വാഴ ഇല ഇട്ട് ചോറ് വിളമ്പി. പിന്നെ അതാ വരിവരി ആയി വരുന്നു,

മത്തങ്ങാ പുളിങ്കറി,
മത്തങ്ങാ എരിശ്ശേരി,
മത്തങ്ങാ തോരന്‍,
മത്തങ്ങാ ഓലന്‍,
ഭാഗ്യം, കടുമാങ്ങാ മത്തങ്ങാ കൊണ്ടല്ല.

"നിനക്ക് മത്തങ്ങാ ഇഷ്ടം ആയത് കൊണ്ടാണല്ലോ നാലെണ്ണം ചുമന്നു കൊണ്ട് വന്നത്. നന്നായി കഴിച്ചോ"

ഇതെല്ലം കണ്ട് എന്റെ കണ്ണ് നിറഞ്ഞു. ഇലയില്‍ ഇരുന്ന് പല രൂപത്തില്‍ ഉള്ള മത്തങ്ങാ കഷണങ്ങള്‍ എന്നെ നോക്കി കൊഞ്ഞനം കാണിച്ചു.

കൂളിംഗ് ഗ്ലാസ്സ്


മസ്കറ്റില്‍ ജോലി ചെയ്യുന്ന കാലം. ജൂണ്‍ ജുലായ് മാസങ്ങള്‍ ചുട്ടുപൊള്ളും. പുതിയ മാനേജരുടെ ഭരണ പരിഷ്കാരം - എല്ലാ വ്യാഴാഴ്ചയും ഉച്ചയ്ക്ക് മീറ്റിംഗ് ഉണ്ട്. ഊണിനു ശേഷം മുറിയിലെ കുളിര്‍മ്മയില്‍ പലരും ഉറക്കം തൂങ്ങാറാന് പതിവ്. അത് കണ്ടാല്‍ മാനേജര്‍ക്ക് കലി ഇളകും.

ഉച്ചയോടെ ഞാനും എത്തി. കാര്‍ പാര്‍ക്ക്‌ ചെയ്ത് പുറത്തിറങ്ങി. പെട്ടെന്ന് വലതു കണ്ണില്‍ നല്ല കാഴ്ചശക്തിയും ഇടതു കണ്ണില്‍ ഒരു മൂടലും അനുഭവപ്പെട്ടു. കണ്ണട ഊരി നോക്കുമ്പോള്‍ കാര്യം മനസ്സിലായി. വലതു വശത്തെ ഗ്ലാസ്‌ ഊരി വീണിരിക്കുന്നു. കാറിലെ എ.സിയില്‍ തണുത്തിരുന്ന കണ്ണട, പുറത്തെ ചൂട് കൊണ്ട് ഫ്രെയിം വികസിച്ചപ്പോള്‍ ഊരി വീണതാണ്. ഇടതു വശത്തെ ഗ്ലാസ്സിലും പതിയെ ഞെക്കി നോക്കി. അനായാസം അതും പുറത്തു വന്നു. ഇനി അത് നേരെ ആക്കാനൊന്നും സമയം ഇല്ല.

മീറ്റിംഗ് തുടങ്ങി. കുറച്ച് കഴിഞ്ഞപ്പോള്‍ എനിക്ക് ഉറക്കം വന്നു. ഉറങ്ങിയാല്‍ അത് മോശം അല്ലെ? ഞാന്‍ പതിയെ കണ്ണട ശെരിയാക്കാം എന്ന് വിചാരിച്ചു. പക്ഷെ മുറിയിലെ തണുപ്പില്‍ ഗ്ലാസ്സും ഫ്രെയിമും തണുത്തതിനാല്‍ അതത്ര എളുപ്പം അല്ല. ഞാന്‍ ഗ്ലാസ്‌ എടുത്തു പോക്കറ്റില്‍ ഇട്ടു. ശേഷം കഴുത്തില്‍ കെട്ടിയ ടൈ കൊണ്ട് ഫ്രെയിം തുടയ്ക്കാന്‍ തുടങ്ങി.

എന്റെ എതിര്‍വശത്തിരിക്കുന്ന ശ്രീനിവാസന്‍ എന്ന തമിഴന്‍ ഇതൊക്കെ നോക്കി ഇരിക്കുകയായിരുന്നു. ഞാന്‍ ടൈ കൊണ്ട് ഗ്ലാസ്സ് തുടയ്ക്കുന്ന പോലെ ആംഗ്യം കാണിച്ചു പിന്നെ കണ്ണട എടുത്തു കണ്ണില്‍ വച്ചു. അത്രയും വൃത്തിയുള്ള, തെളിച്ചമുള്ള കണ്ണട ആ അണ്ണാച്ചി കണ്ടിട്ടേ ഇല്ല എന്ന് അവന്റെ മുഖം വിളിച്ചോതുന്നു. ഫ്രെയിമിനുള്ളില്‍ ഗ്ലാസ്സില്ല എന്ന് അവനറിയില്ലല്ലോ.

മീറ്റിംഗ് തകര്‍ക്കുകയാണ്. ടാര്‍ഗറ്റ് തികയ്ക്കാത്തവരെ നിര്‍ത്തിപ്പൊരിക്കുകയാണ് മാനേജര്‍. ശ്രീനിയുടെ നോട്ടം എന്റെ ഗ്ലാസ്സിലും. പെട്ടെന്ന് ഞാന്‍ ഒരു വിരല്‍ ഫ്രെയിമിനുള്ളിലൂടെ ഇട്ട് കണ്ണ് ചൊറിഞ്ഞു. ശ്രീനിവാസന്‍ പൊട്ടിച്ചിരിച്ചു.

"Is it so funny? Sreenivaas, Get out"

പാവം അവന്‍ ഒന്നും മിണ്ടാതെ പുറത്തു പോയി. പാവം ഞാനോ, ഒന്നും അറിയാത്തവനെ പോലെ ഗ്ലാസും പോക്കറ്റില്‍ ഇട്ട് മീറ്റിംഗ് ശ്രദ്ധിച്ചിരുന്നു.

ചോക്കളേറ്റ് അണ്ടിപ്പരിപ്പ്


ശ്രീക്കുട്ടന്‍ ഒരിക്കല്‍ ഞങ്ങളെ കാണാന്‍ വന്നു. സംസാരിച്ചിരിക്കെ അക്കുവാവ ഒരു പാത്രത്തില്‍ കുറച്ച് അണ്ടിപ്പരിപ്പുമായി അവിടെ എത്തി. ആ പാത്രം ശ്രീക്കുട്ടന് നേരെ നീട്ടി. എന്നിട്ട് താഴെ ഇരുന്ന് കളിയ്ക്കാന്‍ തുടങ്ങി. ഞാന്‍ മൊബൈല്‍ ഫോണില്‍ ആരോടോ സംസാരിക്കുകയായിരുന്നു എങ്കിലും ഇതെല്ലാം കാണുന്നുണ്ടായിരുന്നു.

ഫോണ്‍ വിളി കഴിഞ്ഞു. ശ്രീക്കുട്ടന്‍ പതിയെ സംസാരവും അണ്ടിപ്പരിപ്പു തീറ്റയും തുടങ്ങി. ഇടയ്ക്ക് വാവയോടു ചോദിച്ചു,

"നിനക്ക് അണ്ടിപ്പരിപ്പ് ഇഷ്ടം അല്ലെ?"
അക്കുവാവ: "അതെ".
ശ്രീക്കുട്ടന്‍: "പിന്നെന്താ ഇത് എനിക്ക് തന്നത്?"
അക്കുവാവ: "എനിക്ക് അണ്ടിപ്പരിപ്പിന്റെ മുകളിലെ ചോക്കളേറ്റ് ആണ് കൂടുതല്‍ ഇഷ്ടം".

ശ്രീക്കുട്ടന്റെ വായില്‍ അരഞ്ഞു കുഴഞ്ഞ അണ്ടിപ്പരിപ്പ് തൊണ്ടയില്‍ നിന്നിറങ്ങാതെ കുടുങ്ങിയോ? പണ്ട് ഭഗവാന്‍ പരമശിവന്റെ കഴുത്തില്‍ കാളകൂടം മുഖേന നീല നിറം വന്നപോലെ ശ്രീക്കുട്ടന്റെ കഴുത്തിലും ആവുമോ എന്നായിരുന്നു എന്റെ ഭയം.

2013 ഡിസംബർ 11, ബുധനാഴ്‌ച

മാമ്പഴക്കാലം


അത്തവണ ഞങ്ങള്‍ നാട്ടില്‍ പോയത് മാമ്പഴക്കാലത്തിന്റെ അവസാന നാളുകളില്‍ ആയിരുന്നു. സ്നേഹനിധിയായ എന്റെ അമ്മായി അമ്മ അവിടെ ഉണ്ടായ അവസാന മാമ്പഴം ഞങ്ങള്‍ക്കായി മുറിച്ച് ഒരു പ്ലേറ്റില്‍ കൊണ്ട് വന്നു വച്ചു. ഒരു വലിയ കഷണവും ഒരു ചെറിയ കഷണവും. താഴെ വീണ് മാങ്ങയുടെ ഒരു ഭാഗം കേടായതിനാല്‍ അത്രയെ കിട്ടിയുള്ളൂ.

ഇത് കണ്ട ഉടനെ എന്റെ ഭാര്യ അതിലെ വലിയ കഷണം എടുത്തു ശാപ്പിടാന്‍ തുടങ്ങി. കാലിലെ പെരുവിരലില്‍ നിന്നും അരിച്ചു കയറിയ ദേഷ്യം മുഖത്ത് കാട്ടാതെ ഞാന്‍ പറഞ്ഞു,

"അതേയ്, ജീവിതത്തിൽ സാമാന്യ മര്യാദ എന്താണെന്ന് പഠിക്കണം. ടേബിൾ മാനേർസ് എന്ന് വിളിക്കുന്ന ഒരു കാര്യമുണ്ട്. ആരെങ്കിലും എന്തെങ്കിലും ഭക്ഷണം കൊണ്ടുവന്നു വയ്ക്കുമ്പോൾ ആദ്യം വലിയതു കൈവശപ്പെടുത്തരുത്. എപ്പോഴും ജീവിതത്തിൽ വിനയവും മിതത്വവും ശീലിക്കണം"

ഭാര്യ: "അതിരിക്കട്ടെ. അഥവാ ഞാനിത് ആദ്യം എടുത്തില്ലെന്ന് വിചാരിക്കുക. അപ്പൊ എട്ടനാണെങ്കിലും ആദ്യം ചെറിയ കഷണം അല്ലെ എടുക്കൂ?"

ഞാന്‍: "അതെ"

ഭാര്യ: "അപ്പോഴും വലിയ കഷണം ഞാൻ തന്നെ വേണമല്ലോ തിന്നാൻ?  അത് കൊണ്ട് തന്നെയാണ് ഞാൻ ഇത് എടുത്തതും"

ഞാന്‍ മനസ്സില്‍ കരുതി, "എന്റെ കൂടെ ജീവിച്ച് ജീവിച്ച് ഇവളും ജീവിക്കാന്‍ പഠിച്ചോ?"

2013 ഡിസംബർ 10, ചൊവ്വാഴ്ച

ചികിത്സ


ഒരു ദിവസം ഞാനും അക്കുവാവയും ട്രെയിനിൽ തിരുവനന്തപുരത്തു നിന്ന്  കൊല്ലത്തേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു. കുറെ നേരം പുറം കാഴ്ചകള്‍ കണ്ടു കഴിഞ്ഞപ്പോള്‍ വാവയ്ക്ക് കുട്ടിക്കാലത്തെ ഒരു കളി ഓര്‍മ്മ വന്നു.

"അച്ഛാ, എന്റെ തലയിൽ ഒരു വേദന മാതിരി"

ഞാൻ അവളെ ചേർത്തുനിർത്തി തലയിലൊരു ഉമ്മ കൊടുത്തു. ഇത് അച്ഛന്റേം വാവയുടേം ഒരു പഴയ കളി ആണ്.

അല്പം കഴിഞ്ഞപ്പോൾ അവള്‍ വീണ്ടും പറഞ്ഞു :

"അച്ഛാ, എനിക്ക് കഴുത്ത് വേദനിച്ചിട്ടു വയ്യാ..."

ഞാന്‍ പതുക്കെ കഴുത്തിൽ ഒരുമ്മ കൊടുത്തിട്ട് പറഞ്ഞു : "സാരമില്ല വാവേ, ഇപ്പ ശരിയാകും"

കുറേ നേരം കഴിഞ്ഞപ്പോൾ വീണ്ടും,

"അച്ഛാ, ട്രെയിനിന്റെ ജനലില്‍ പിടിച്ചിട്ട് എന്റെ കൈ വേദനിക്കുന്നു"

ഞാൻ അവളുടെ കയിൽ ഉമ്മകൊടുത്തിട്ട് : "സാരമില്ല വാവേ, ഇതും ഇപ്പ ശരിയാകും"

ഇതെല്ലാം കണ്ടു കൊണ്ട് മറുവശത്തെ സീറ്റില്‍ മാതൃഭൂമി പത്രവും വായിച്ചിരിക്കുകയായിരുന്ന വൃദ്ധൻ പതുക്കെ എഴുന്നേറ്റ് എന്റെ അടുത്തെത്തി ചോദിച്ചു,

"മോനേ... നിനക്ക് പൈൽസിന് ചികിത്സയുണ്ടോ?"

I AM THE BOSS

കുറെ നാള്‍ മുന്നേ ഞാന്‍ നാട്ടില്‍ ഒരു സ്ഥാപനം നടത്തിയിരുന്നു. കുറേ തൊഴിലാളികള്‍ അവിടെ ജോലി ചെയ്തിരുന്നു. ഒരിക്കല്‍ എനിക്ക് ഒരു സംശയം. തൊഴിലാളികള്‍ എന്നെ വേണ്ടവിധം ബഹുമാനിക്കുന്നുണ്ടോ?

ഇതിനു പരിഹാരമായി എന്റെ ഓഫീസ് മുറിക്കു മുന്പില്‍ ഒരു ബോര്‍ഡ്‌ കെട്ടി തൂക്കി. ആ ബോര്‍ഡ്‌ പലതവണ കാണുന്പോള്‍ ഞാന്‍ ആരാണെന്ന ബോധ്യം ആളുകള്‍ക്കുണ്ടാകുമല്ലോ? കണക്കു കൂട്ടി. ബോര്‍ഡ്‌ ഇതായിരുന്നു....

THE BOSS

രണ്ടു നാള്‍ കഴിഞ്ഞു. ഒരു ദിവസം ഒരത്യാവശ്യത്തിന് പുറത്തുപോയി തിരിച്ചു വന്നപ്പോള്‍ ബോര്‍ഡ്‌ കാണാനില്ല. അവിടെ കണ്ട ഒരു ജീവനക്കാരനെ വിളിച്ച് ചോദിച്ചു,

"ഞാന്‍ ഇവിടെ തൂക്കിയിരുന്ന ബോര്‍ഡ്‌ മാറ്റാന്‍ നിങ്ങളില്‍ ആര്‍ക്കാണ് ധൈര്യം വന്നത്?"

ജീവനക്കാരന്‍: "അല്പം മുന്‍പ് സാറിന്റെ മാഡം ഇവിടെ വന്നിരുന്നു. വീട്ടില്‍ അവര്‍ തൂക്കിയിരുന്ന ബോര്‍ഡ്‌ ആരാണിവിടെ കൊണ്ടുവന്ന് തൂക്കിയത്‌ എന്ന് ചോദിച്ചിട്ട് അഴിച്ചുകൊണ്ട് പോയി".

ദേഷ്യം കൊണ്ട് വിറച്ച ഞാന്‍ "തലയണമന്ത്രം" സിനിമയിലെ സുലോചന തങ്കപ്പന്റെ ഭര്‍ത്താവ്‌ "വെറും തങ്കപ്പന്‍" പറഞ്ഞ ഒരു ഡയലോഗ് ഓര്‍ത്തു.

"വിജയകരമായ ദാമ്പത്ത്യ ജീവിതത്തിന് അനുസരണാശീലം വളരെ വളരെ ആവശ്യമാണ്‌"

അമ്മാവന്റെ ലിസ്റ്റ്


എന്റെ ഗുരുസ്ഥാനീയനായ ഒരമ്മാവന്‍. ആളൊരു ഒന്നൊന്നര സംഭവം ആണ്. ചില ദശാസന്ധികളില്‍   തികച്ചും ദുര്‍ഘടമായ തീരുമാനങ്ങള്‍ നിസ്സാരമായി, ത്വരിതഗതിയില്‍ എടുക്കാന്‍ കാട്ടുന്ന കഴിവ് പലപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. കൂടാതെ മനസ്സിലാക്കാന്‍ പ്രയാസമുള്ള കാര്യങ്ങളെ പടിപടിയായി പറഞ്ഞ് മറ്റുള്ളവരെ മനസ്സിലാക്കാനുള്ള കഴിവും അപാരം ആണ്. എന്നാല്‍ എന്നെ ഏറെ ആകര്‍ഷിച്ചത് മറ്റൊന്നാണ്. രാവിലെ തന്നെ ഒരു പേപ്പര്‍ കഷണം എടുത്ത്‌ അന്ന് ചെയ്തു തീര്‍ക്കേണ്ട പ്രധാന കാര്യങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കും. അതിന് ക്രമനമ്പര്‍ ഇടും. ഓരോന്നായി ചെയ്തു തീര്‍ത്താല്‍ അതിനെ വെട്ടികളയും. രണ്ടു പതിറ്റാണ്ടായി ഞാനും ഇത് പാലിക്കുന്നുണ്ട്.

ഇനി ഇതുമായി ബന്ധപ്പെട്ട ഒരു സംഭവത്തിലെയ്ക്ക്....

കിളിമാനൂരിലെ ഒരു ബന്ധുവിന്റെ കല്യാണം. അമ്മാവനും കുടുംബവും ബോംബെയില്‍ നിന്ന് കുര്‍ള എക്സ്പ്രസ്സില്‍ രണ്ടു നാള്‍ ട്രെയിനില്‍ യാത്ര ചെയ്ത് തിരുവനന്തപുരത്ത് എത്തി. അവിടെ നിന്ന് ഒരു ടാക്സിയില്‍ കിളിമാനൂര്‍ എത്തി. സമയം വൈകുന്നേരം ആവുന്നെ ഉള്ളൂ. കുളിയെല്ലാം കഴിഞ്ഞ് എല്ലാരും കൂടി നടുത്തളത്തില്‍ വിശേഷങ്ങള്‍ പറയാന്‍ ആയി ഇരുന്നു.സംസാരത്തിന്റെ ഇടയില്‍  അമ്മാവന്‍ അടുത്ത ദിവസങ്ങളില്‍ ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റുകള്‍ ഉണ്ടാക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് എന്തോ ഓര്‍ത്തിട്ടെന്ന പോലെ ആളിന്റെ മുഖഭാവം മാറി. തികച്ചും വിഷണ്ണനായി. അമ്മായി ആണ് അത് ആദ്യം മനസ്സിലാക്കിയത്.

"എന്ത് പറ്റി? എന്താ കാര്യം?"

എല്ലാരും മാറി മാറി ചോദിച്ചു. രസം പിടിച്ചു വന്ന നടുത്തളസംഭാഷണത്തിന്റെ രൂപം മാറി, ഭാവം മാറി. ആകെ ഉദ്വേഗജനകമായ അന്തരീക്ഷം. അമ്മാവന്‍ കയ്യില്‍ ഒരു ലിസ്റ്റും പിടിച്ച് ഇരിക്കുന്നതല്ലാതെ ഒന്നും മിണ്ടുന്നില്ല. ഒടുവില്‍ അമ്മായി ആ ലിസ്റ്റ് വാങ്ങി നോക്കി. ബോംബെയില്‍ നിന്നും യാത്ര തരിച്ച നാള്‍ മുതല്‍ ഉള്ള ലിസ്റ്റ് ആണ്. അത് കണ്ടിട്ടും അമ്മായിക്ക് ഒന്നും തോന്നിയില്ല.

ഒടുവില്‍ അമ്മാവന്‍ ആ സത്യം പറഞ്ഞു.
"ലിസ്റ്റില്‍ വീട് പൂട്ടാന്‍ എഴുതുന്ന കാര്യം മറന്നു"

ഇത് കേട്ട ഉടനെ അമ്മായി മൊന്തയിലെ വെള്ളം മുഴുവന്‍ ഒറ്റ വലിക്ക് കുടിച്ചു തീര്‍ത്തു. പിന്നെ വാതില്‍ പടിയില്‍ ചാരിയിരുന്നു.

2013 നവംബർ 30, ശനിയാഴ്‌ച

വെല്‍ഡിംഗ് വര്‍ക്ക് ഷോപ്പ്


രംഗം: ഒന്നാം വര്‍ഷ ഇലക്ട്രിക്കല്‍

അന്ന് ഉച്ച കഴിഞ്ഞ് വെല്‍ഡിംഗ് വര്‍ക്ക് ഷോപ്പ് ആയിരുന്നു. ഉച്ചയൂണെല്ലാം കഴിഞ്ഞ് വര്‍ക്ക് ഷോപ്പില്‍ എത്തി. എല്ലാരും നിരന്നു നിന്നു. വിശ്രമം കഴിഞ്ഞെങ്കിലും ആകെ ഒരു മന്ദത. അനില്‍സാര്‍ മുന്നില്‍ വന്ന് ഒരു MS പ്ലേറ്റ് എടുത്തു കാണിച്ചു.

"ഇതില്‍ നിന്നും പത്തു സെന്റീമീറ്റര്‍ വീതം രണ്ടു കഷണങ്ങള്‍ മുറിക്കണം. പിന്നെ അതില്‍ ഓരോന്നിന്റെയും വശങ്ങള്‍ 45ഡിഗ്രിയില്‍ ഫയല്‍ ചെയ്യണം. അത് രണ്ടും അടുപ്പിച്ചു വച്ചാല്‍ ഒരു V ചാനല്‍ ഉണ്ടാവും. അതില്‍ വെല്‍ഡിംഗ് ചെയ്ത് യോജിപ്പിക്കണം".

"ഇത്രേ ഉള്ളോ.... ചീള് കേസ്..." ഞാന്‍ മനസ്സില്‍ കരുതി. MS പ്ലേറ്റിന്റെ കഷണം എടുത്ത് മാര്‍ക്ക് ചെയ്തു. ശേഷം ബെഞ്ച്‌വൈസില്‍ പിടിപ്പിച്ചു. മുറിക്കുവാനുള്ള ഹാക്ക്‌സോ ബ്ലെയ്ട് എടുത്തു മൂര്‍ച്ച നോക്കി. ആയുധം കൊണ്ടുള്ള കളിയാണെ. എല്ലാവരും പതിയെ മുറിക്കാന്‍ തുടങ്ങി. ഞാന്‍ നില്‍ക്കുന്ന ഇടത്ത് വേറെ ആരും ഇല്ല. ആദ്യ കഷണം മുറിച്ചു. ആകെ വിയര്‍ക്കുന്നു. രണ്ടാമത്തേത് മുറിക്കാന്‍ തുടങ്ങി. തുറന്നിട്ട വാതിലില്‍ കൂടി നല്ല തണുത്ത കാറ്റ്.... എന്നിലെ ഗായകന്‍ കുറെ നേരം ആയിട്ട് ഹൃദയത്തില്‍ മുട്ടി വിളിക്കുന്നു. പാവം അവനു ഞാനല്ലേല്‍ പിന്നെ ആരാ? പതിയെ കൂട് തുറന്നു വിട്ടു.

എനിക്ക് മാത്രം കേള്‍ക്കാവുന്ന സ്വരത്തില്‍ അവന്‍ പാടിത്തുടങ്ങി....
"പൂമാനം.... പൂത്തുലഞ്ഞേ....
പൂവള്ളിക്കുടിലിലെന്തേ കരളുണര്‍ന്നൂ കിളീ
പുത്തെളിഞ്ഞൂ പുഴയും വയലും
പൊന്നോണം കാത്ത നെഞ്ചും...
പൂമാനം.... പൂത്തുലഞ്ഞേ....
ഹേ... ഏഹേ....."

ആഹാ പ്ലേറ്റ് മുറിക്കാന്‍ നല്ല രസം...

അറിയാതെ ശബ്ദം അല്പം കൂടിയോ? എന്റെ പിന്നില്‍ ആകെ നിശബ്ദത... അടക്കിപ്പിടിച്ച ചിരികള്‍ കേള്‍ക്കുന്നുവോ? ഞാന്‍ പതിയെ തിരിഞ്ഞു നോക്കി. പിന്നില്‍ അതാ അനില്‍സാര്‍.... മറ്റുള്ളവരും എന്നെ നോക്കി പുഞ്ചിരിയ്ക്കുന്നു.... ചമ്മലിന്റെ പരമകാഷ്ഠ....
"എന്തുവാടെ? ക്ലാസല്യോ ഇത്?"
"അത്.... ഞാന്‍.... അറിയാതെ....."
"ഏതായാലും തൊടങ്ങിയതല്യോ? മുഴുവന്‍ പാട്.... എല്ലാരും കേള്‍ക്കട്ടെ...."

ആലോചിക്കാന്‍ ഒരു നിമിഷം പോലും എടുക്കാതെ ഞാന്‍ പാടിത്തുടങ്ങി....
"പൂമാനം.... പൂത്തുലഞ്ഞേ....
പൂവള്ളിക്കുടിലിലെന്തേ കരളുണര്‍ന്നൂ കിളീ"

ഇത് തീരെ പ്രതീക്ഷിയ്ക്കാത്ത സാര്‍ പിന്നീടൊരിക്കലും, ഞാന്‍ മൂളിപ്പാട്ട് പാടിയാല്‍ പോലും, പ്രതികരിച്ചിട്ടില്ല....

പിന്നെ ഇത് പോലെ ഉള്ള അവസരങ്ങളില്‍ ഞാനും എന്നിലെ ഗായകനെ കെട്ടിയിട്ടിരുന്നു......

ശ്രീക്കുട്ടന്‍ എങ്ങനെ കഷണ്ടി ആയി?


അതൊരു വലിയ കദനകഥയാണ്‌.

ഒരിക്കല്‍ ശ്രീക്കുട്ടന്‍ തിരുവനന്തപുരതൂന്നു എറണാകുളത്തെയ്ക്ക് ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു. എതിര്‍ഭാഗത്ത് ഒരു ചെറുപ്പക്കാരന്‍ സര്‍ദാര്‍. സമയം പോകാന്‍ എന്താണ് വഴിയെന്ന് ആലോചിച്ച ശ്രീക്കുട്ടന്‍ സര്‍ദാരിനോട് പറഞ്ഞു.

"നമുക്ക് ഭാരത്തിന്റെ സ്വാതന്ത്ര്യ സമരത്തെ കുറിച്ച് സംസാരിക്കാം. കേരളത്തില്‍ ധാരാളം രക്ത സാക്ഷികള്‍ ഉണ്ടായിരുന്നു... ഒരു പക്ഷെ സ്വാതന്ത്ര്യ സമരത്തില്‍ പഞ്ചാബികളെക്കാള്‍ കൂടുതല്‍ ആളുകള്‍ ജീവന്‍ വെടിഞ്ഞത് കേരളത്തിലാണ്"

സര്‍ദാര്‍: "ഒരിക്കലുമല്ല, ഞങ്ങളുടെ നാട്ടില്‍ നിന്നാണ് വീരശൂര പരാക്രമികളായ നേതാക്കള്‍ ഉണ്ടായതും നാടിനു വേണ്ടി ജീവന്‍ കളഞ്ഞതും..."

ശ്രീക്കുട്ടന്‍: "ഓക്കേ ഒരു കാര്യം ചെയ്യാം നമുക്ക് ഓരോരുത്തര്‍ക്കും അവനവന്റെ നാട്ടിലെ നേതാക്കളുടെ പേര് പറഞ്ഞു നോക്കാം.... ഓരോ പേര് പറയുന്പോഴും മറ്റേ ആളിന്റെ ഓരോ മുടി പറിക്കാം"

സര്‍ദാര്‍: "ശരി സമ്മതിച്ചു.... ഭഗത്സിംഗ്"
സര്‍ദാര്‍ വേഗം ശ്രീക്കുട്ടന്റെ ഒരു മുടി പറിച്ചു....

ശ്രീക്കുട്ടന്‍: "ഞങ്ങളുടെ വേലുത്തമ്പിദളവ"
ശ്രീക്കുട്ടന്‍ സര്‍ദാരിന്റെ ഒരു മുടി പറിച്ചു..

ഇത് തുടര്‍ന്നു. രണ്ടുപേരും പരസ്പരം പേരുകള്‍ പറയുവാനും എതിരാളിയുടെ മുടി പിഴുതെടുക്കുവാനും തുടങ്ങി. തോറ്റുപോകുവാന്‍ സാദ്ധ്യതയേറിയപ്പോള്‍ ശ്രീക്കുട്ടന്‍ മോഹന്‍ലാല്‍, മമ്മൂട്ടി, സുജിത്, ഇങ്ങനെ  സമരത്തില്‍  ഇല്ലാത്തവരുടെ പേരുകള്‍ പലതും പറഞ്ഞ് പാവം സര്‍ദാരിന്റെ മുടി പിഴുതു തുടങ്ങി. പൊതുവിജ്ഞാനം കുറവായ സര്‍ദാര്‍ മിക്കവാറും തോല്‍വിയുടെ വക്കത്തെത്തി.

പെട്ടെന്ന് എന്തോ ഓര്‍മ്മ വന്ന പോലെ സര്‍ദാര്‍ ചാടി എഴുന്നേറ്റ് വിളിച്ചു പറഞ്ഞു: "ജാലിയന്‍ വാലാ ബാഗ്".

തുടര്‍ന്ന് ശ്രീക്കുട്ടന്‍ കഷണ്ടിയാകും വരെ തലയില്‍ കയറി മേച്ചില്‍ തുടര്‍ന്നു. പാവം ശ്രീക്കുട്ടന്‍ അങ്ങനെ ഇങ്ങനെ ആയി.....

2013 നവംബർ 28, വ്യാഴാഴ്‌ച

അറബിയും ഇന്റര്‍നെറ്റും പിന്നെ ഞാനും


1995 വരെ ബോംബെയില്‍ ഒരു കമ്പനിയില്‍ ഐറ്റി അട്മിനിസ്ട്രെറ്റര്‍ ആയി കൊല്ലംകാരന്‍ മുരളിച്ചേട്ടന്റെ ശിങ്കിടി ആയി വിലസുകയായിരുന്നു. അത്യാവശ്യം നെറ്റ് വര്‍കിങ്ങും മോഡം വച്ച് ഇന്ടര്നെറ്റ് പ്രവര്‍ത്തിപ്പിക്കലും പുതിയ കമ്പ്യൂട്ടര്‍ അസംബ്ലി ചെയ്യലും ഒക്കെ ആയി ഒരു "ചാള്‍സ് ബാബേജ്‌" ആണെന്ന ധാരണയില്‍ അഹങ്കരിച്ച്‌ നടക്കുന്ന കാലം.

കടല്‍ കടക്കണം എന്ന മോഹവുമായി ആ വര്ഷം തന്നെ ഞാന്‍ ഗള്‍ഫില്‍ എത്തി. ദുബായിലെ കരാമ സ്ട്രാന്റ് സിനിമയ്ക്ക് അടുത്താണ് ഓഫീസ്. ഒരു ചെറിയ ഓഫീസ്, വെറും മുപ്പതു പേരെ അവിടെ ഉള്ളൂ. കൂടുതലും മലയാളികള്‍. പുതിയ കമ്പ്യൂട്ടര്‍ ഒക്കെ വന്നിട്ടുണ്ട്. ഞാന്‍ അതെല്ലാം നെറ്റ്വര്‍ക്ക് ചെയ്തു തുടങ്ങി. ഉച്ചയായപ്പോള്‍ ദുബായിലെ ടെലഫോണ്‍ കമ്പനി ആയ എത്തിസലാത്തില്‍ നിന്നും ഒരു മലയാളി വന്നു. മോഡം ഒക്കെ വച്ച് ഒരു കമ്പ്യൂട്ടറില്‍ ഇന്ടര്നെറ്റ് ശെരിയാക്കി വച്ചു. വൈകുന്നേരം ആയപ്പോള്‍ അമേരിക്കയില്‍ ഒക്കെ പഠിച്ച അറബി മുതലാളി വന്നു. ഓഫീസിലെ കമ്പ്യൂട്ടര്‍ ഒക്കെ കണ്ട്,
"Good, very good" എന്ന് പറഞ്ഞു.

ഇന്ടര്നെറ്റ് ഉള്ള കമ്പ്യൂട്ടറില്‍ കുറച്ചു നേരം ഇരുന്ന് എന്തൊക്കെയോ ചെയ്തു. എന്നിട്ട് പറഞ്ഞു.
"I want this internet connection at my home. Put cable and do it".

ഞാന്‍ പറഞ്ഞു. "No problem"

അപ്പോള്‍ അവിടെ ഉണ്ടായിരുന്ന ശ്രീകുമാര്‍ പറഞ്ഞു. "അറബീടെ വീട് അഞ്ച് കിലോമീറ്റര്‍ ദൂരെ ആണ്". ശേഷം നടന്ന സംഭാഷണം....

ഞാന്‍: "Oh... your house is far away. Then It is not possible to extent this internet connection". അറബിയ്ക്ക് വിഷമം ആയി. ദേഷ്യം വന്നു.
അറബി: "Nothing is impossible". അറബി വിടാനുള്ള ഭാവം ഇല്ല.
ഞാന്‍: "Then, this is NOTHING". ഞാന്‍ സ്കോര്‍ ചെയ്തു. മുതലാളി പിന്നെ ഒന്നും മിണ്ടിയില്ല.

ഏതായാലും അറബിയ്ക്ക് എന്നെ ഇഷ്ടമായി പിറ്റേന്ന് രാവിലെ ഉള്ള ബോംബെ പ്ലെയിനില്‍ ഞാന്‍ തിരിയെ ബോംബെയില്‍ എത്തി. പ്ലെയിനില്‍ ഇരുന്നപ്പോഴും അറബി മുതലാളിയെ സംസാരിച്ച് തോല്‍പ്പിച്ച ത്രില്ലില്‍ ആയിരുന്നു ഞാന്‍.

ഹല്ലാ പിന്നെ....

2013 നവംബർ 26, ചൊവ്വാഴ്ച

എന്തിന് ഞാന്‍ ഹിന്ദി പഠിച്ചു?


പട്ടാളത്തില്‍ ആളെ എടുക്കുന്ന കാലം. ഞങ്ങളുടെ കോളേജില്‍ നിന്ന് കൂട്ടുകാരോടൊപ്പം ഞാനും ഒന്ന് പോകാം എന്ന് കരുതി. തിരുവനന്തപുരം പാങ്ങോട് പട്ടാളക്യാമ്പില്‍ ആണ് തെരഞ്ഞെടുക്കല്‍. ആദ്യമേ തന്നെ ക്യാമ്പിനു പുറത്തെ ഓഫീസില്‍ നിന്ന് ഞങ്ങള്‍ക്ക് നമ്പര്‍ പതിച്ച കാര്‍ഡ്‌ കിട്ടി. അത് കഴുത്തില്‍ തൂക്കി ഇരിക്കുമ്പോള്‍ ചായയും ബിസ്കറ്റും വന്നു. ചായയെല്ലാം കുടിച്ച് ഞങ്ങള്‍ ഉത്സാഹഭരിതര്‍ ആയി അടുത്ത അറിയിപ്പിനായി കാത്തിരുന്നു. കുറെ നേരം കഴിഞ്ഞ് കുറെ പട്ടാളവണ്ടികള്‍ വെളിയില്‍ വന്നു. ഞങ്ങളെ കഴുത്തി തൂക്കിയിട്ട നമ്പര്‍ വിളിച്ച് അതില്‍ കയറ്റി. മൂന്നാമത്തെ വണ്ടിയില്‍ ആയിരുന്നു ഞാന്‍. കൂട്ടത്തില്‍ എന്നോടൊപ്പം പത്തനംതിട്ടക്കാരന്‍ പുഷ്കരന്‍ മാത്രമേ എനിക്കറിയാവുന്ന ആളായി ഉള്ളൂ.

ഓരോ വണ്ടിയും വെവ്വേറെ ഭാഗങ്ങളിലേയ്ക്ക് തിരിച്ചു. ഞങ്ങളുടെ കൂട്ടത്തെ ആദ്യം ഒരു വലിയ കളിക്കളത്തില്‍ ആണ് കൊണ്ടാക്കിയത്. പട്ടാള വണ്ടിയിലെ ആദ്യയാത്ര രസകരം ആയിരുന്നു. പുറത്തിറങ്ങിയ ഞങ്ങളെ ആദ്യം ആ കളിക്കളത്തിനു ചുറ്റും ഒരു വട്ടം ഓടി വരാന്‍ പറഞ്ഞു. ഓടി ക്ഷീണിച്ചു വന്ന ഞങ്ങളെ വരി വരിയായി ഒരു സ്ഥലത്തേയ്ക്ക് കൊണ്ട് പോയി. അവിടെ അതാ ഒരു വലിയ സ്വിമ്മിംഗ് പൂള്‍. ഓടി വിയര്‍ത്തു വന്നിട്ടും എന്റെ ശരീരം കിടുകിടാ വിറച്ചു. എന്താ കാരണം? എനിക്ക് വെള്ളത്തില്‍ നീന്തലും മുങ്ങലും ഒന്നും ഇഷ്ടമല്ല. അതിനാല്‍ പരിശീലിച്ചിട്ടും ഇല്ല.

അവിടെ ഉള്ളത് എല്ലാം ഹിന്ദിക്കാര്‍ മാത്രം. പണ്ട് സ്കൂളില്‍ പഠിച്ച ഹിന്ദി വഴിയില്‍ എവിടെയോ കൈമോശം വന്നു പോയിരുന്നു. എന്റെ സങ്കടം ഞാന്‍ ആരോട് പറയും. പേടിയാണെന്ന് പറഞ്ഞാല്‍ എന്റെ കുടുംബത്തിന്റെ അഭിമാനം എന്താവും?

ഞങ്ങളെ വരിവരിയായി നിര്‍ത്തി, ഇരുപതടി ഉയരം ഉള്ള ഡൈവിംഗ് ബോര്‍ഡിലേയ്ക്ക് കയറ്റുകയാണ്. ബോര്‍ഡിന്റെ മദ്ധ്യത്തില്‍ ഒരു ഹിന്ദിക്കാരന്‍ നില്‍പ്പുണ്ട്. അവന്‍ പറയുമ്പോള്‍ ഓരോരുത്തരായി അവിടുന്ന് ചാടണം. മുങ്ങിപ്പൊങ്ങി വരുന്നവര്‍ വശങ്ങളിലെയ്ക്ക് നീന്തി വരണം. സംഭവം കൊള്ളാം. ഞാന്‍ ചിന്തിച്ചു, "മുകളില്‍ നിന്ന് കണ്ണടച്ചു ചാടാം, തനിയെ മുങ്ങിക്കോളും പക്ഷെ പോങ്ങിവന്നാല്‍ ഞാന്‍ തന്നെ നീന്തി വരണ്ടേ? ന്റെ മാദേവരേ, ശ്രീപദ്മനാഭാ, വരുണ ഭഗവാനേ എന്നെ മാത്രം കാത്തോളണേ"

ഇതിനിടെ പിന്നില്‍ നിന്നവരെ ഞാന്‍ മുന്നിലേയ്ക്ക് കടത്തി വിട്ടുകൊണ്ടേ ഇരുന്നു. പെട്ടെന്ന് ആ ഹിന്ദിക്കാരന്‍ എന്നെ വിളിച്ചു. എന്റെ തൊട്ടു പിന്നില്‍ ഞാന്‍ വിടാതെ പിടിച്ചു വച്ച പുഷ്കരന്‍. പറയാന്‍ ചമ്മല്‍ ഉള്ളത് കൊണ്ട് അവനോടും സംഭവം പറഞ്ഞില്ല. വരുന്നത് വരട്ടെ. ബോര്‍ഡിന്റെ അറ്റത്ത് പോയി നിന്നു. താഴെ എന്നെ വിഴുങ്ങാനായി ആയിരം കാതം താഴെ വായും തുറന്നു പിടിച്ച് ഒരു കടല്‍. ഡൈവിംഗ് ബോര്‍ഡ്‌ എന്റെ കാലുകളെ വിറപ്പിക്കാന്‍ തുടങ്ങി. മരണവെപ്രാളത്തോടെ ഞാന്‍ പിന്നിലേയ്ക്ക് തിരിഞ്ഞ്
"പുഷ്കരോ... എനിക്ക്...."

ഇത്രേം പറഞ്ഞതെ ഉള്ളൂ. ആ കള്ളബടുവാ ഹിന്ദിക്കാരന്‍ എന്നെ "ഓക്കെ" എന്നും പറഞ്ഞ് താഴേയ്ക്ക് ഉന്തിയിട്ടു. വായുവിലെ എന്റെ അഭ്യാസം കണ്ട് താഴെ നിന്നവര്‍ കോരിതരിച്ചിരിക്കണം. സ്വിമ്മിംഗ് പൂളിലെ പകുതി വെള്ളവും കരയ്ക്ക് തെറിപ്പിച്ച് വീഴ്ത്തിക്കൊണ്ട് ഞാന്‍ വെള്ളത്തിലെയ്ക്ക് പതിച്ചു. ഒന്ന് പൊങ്ങി വന്നപ്പോള്‍ കുടുംബത്തിന്റെ അഭിമാനം പോണേല്‍ പോട്ടെ 'എനിക്ക് നീന്തല്‍ അറിയില്ല' എന്ന് ഉറക്കെ വിളിച്ച് പറഞ്ഞു....
"മുച്ചേ നീന്ത് നഹീ ആത്താ.... മുച്ചേ നീന്ത് നഹീ ആത്താ...."

ഹിന്ദിക്കാര്‍ വെറുതെ ചിരിക്കുന്നതല്ലാതെ ഒന്നും ചെയ്യുന്നില്ല. ഞാന്‍ 'ബ്ലും.... ബ്ലും... ഗ്ലക്ക്‌' ഏതായാലും കുറെ കഴിഞ്ഞപ്പോള്‍ കണ്ണ് തുറന്നപ്പോള്‍ ഞാന്‍ ഒരു ബെഞ്ചില്‍ കിടക്കുന്നു. ഫാനിനു താഴെ വെറുതെ മുകളിലേയ്ക്ക് നോക്കി കിടന്നപ്പോള്‍ ഞാന്‍ വിചാരിച്ചു. വെള്ളം കുടിച്ചാവണം വയറ് നിറഞ്ഞു. അത് നന്നായി. ഇനി കുറെ നേരത്തേയ്ക്ക് വിശക്കില്ലല്ലോ.....

അന്നൊരു തീരുമാനം എടുത്തു. അങ്ങനെ ഞാന്‍ ഹിന്ദി പഠിച്ചു....

2013 നവംബർ 25, തിങ്കളാഴ്‌ച

ഞാനറിയാത്ത പ്രണയം (നീണ്ട കഥ)


ആ ജനല്‍ പാളി തുറന്നപ്പോള്‍ അവള്‍ പറഞ്ഞത് ഓര്‍മ്മ വന്നു. മൂന്നാം വര്ഷം ഇലക്ട്രിക്കല്‍ ക്ലാസ്സിന്റെ പിന്നിലെ മൂലയിലെ ജനാലയുടെ വലതു പാളിയില്‍ കോമ്പസ് കൊണ്ട് കോറി ഇട്ടിരിക്കുന്നു.

 S

കണ്ണില്‍ ഇരുട്ട് പടര്‍ന്നു. അടുത്ത ബെഞ്ചില്‍ ഇരുന്നു.... വല്ലാതെ വിയര്‍ക്കുന്നു... ഈശ്വരാ.... ഈ പ്രണയം ഞാന്‍ കാണാതെ പോയല്ലോ?
----------------------
22 September 2013. നീണ്ട ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം ഞങ്ങളുടെ സഹപാഠികള്‍ ആദ്യമായി പണ്ട് പഠിച്ച കോളേജില്‍ ഒത്തു ചേരുകയാണ്. ഏവര്‍ക്കും ഭയങ്കര ഉത്സാഹം. ഇരുപതു വയസ്സില്‍ പിരിഞ്ഞവര്‍ നാല്പ്പതിന്റെ നിറവില്‍ ഒത്തു ചേരുന്നു. ചിലര്‍ നാട്ടില്‍ തന്നെ ജോലി ചെയ്യുന്നു. മറ്റു ചിലര്‍ പഠിച്ചതുമായി ഒരു ബന്ധവും ഇല്ലാത്ത ജോലികളില്‍. ചിലര്‍ ഗള്‍ഫിലും മറ്റും. കുട്ടികളായി നടന്നവര്‍ സ്വന്തം കുട്ടികളുമായി ആ മണ്ണില്‍ കാലു കുത്തുന്ന അപൂര്‍വ സുന്ദര നിമിഷം. ഇതിനിടയില്‍ ഞാന്‍ പഴയ ക്ലാസ്സില്‍ പോയിരുന്നു. അങ്ങനെ വെറുതെ ഓരോന്ന് ഓര്‍ത്തപ്പോള്‍ ആണ് ആ ജനല്‍ പാളിയില്‍ കൌതുകത്തോടെ ഒന്ന് നോക്കിയത്.
-----------------------
ഇനി ഫ്ലാഷ് ബാക്ക്
1993. മൂന്നാം വര്ഷം ആദ്യ ദിനം.
ചുറ്റികളികള്‍ മാറ്റി വച്ച് ഗൌരവമായി പഠിക്കാന്‍ മനസ്സില്‍ തീരുമാനം എടുത്തു നടക്കുന്ന കാലം. ഒരിക്കല്‍ അവള്‍ എന്റെ ക്ലാസില്‍ വന്നു. ആരോടോ ചോദിച്ചു "സുജിത് ഇവിടെ ഉണ്ടോ?"
ഞാന്‍ പറഞ്ഞു "എന്താ കാര്യം? ഞാനാണ് സുജിത്."

അതേയ് എന്റെ കാല്‍ക്കുലേറ്റര്‍ കേടായി. ഒന്ന് ശെരിയാക്കി തരാമോ? അന്ന് ഞാന്‍ കാല്‍ക്കുലേറ്ററില്‍ ചില പരീക്ഷണങ്ങള്‍ നടത്തുന്ന കാലം. അടുത്ത ചില കൂട്ടുകാര്‍ക്കു മാത്രം അറിയാവുന്ന കാര്യം ഇവള്‍ക്ക് എങ്ങനെ മനസ്സിലായി?
"തരൂ നോക്കട്ടെ. നാളെ പറഞ്ഞാല്‍ മതിയോ?"
അവള്‍ പോയി. പിറ്റേന്ന് രാവിളെ ബസ്സില്‍ വരുമ്പോള്‍ അതാ അവള്‍ മുന്നില്‍.
"ആഹാ താനും ഈ ബസ്സിലാണോ?"
"അതെ"
"ഞാന്‍ കണ്ടിട്ടില്ല"
"ഇടയ്ക്ക് മുന്നിലേയ്ക്ക് വായ്‌ നോക്കുന്നത് അത്ര മോശപ്പെട്ട കാര്യം അല്ല. അതേയ് എന്റെ പേര് ശ്രുതീന്നാ"
ശ്ശെടാ ഇവള് ആള് കൊള്ളാലോ എന്ന് മനസ്സില്‍ കരുതി. "ദാ സംഭവം ശെരിയായിട്ടുണ്ട്. നീ സിവില്‍ അല്ലെ അത് കൊണ്ട് ഇതിന്റെ കുഴപ്പം എന്തായിരുന്നു എന്ന് പറഞ്ഞാല്‍ മനസ്സിലാവില്ല"

"ആയ്ക്കോട്ടെ" എന്നും പറഞ്ഞു അവള്‍ അത് ബാഗില്‍ വച്ചു.

ഞാനറിയാത്ത പ്രണയം (ഭാഗം 2)

അന്നുമുതല്‍ തുടര്‍ച്ചയായി ഞങ്ങളുടെ യാത്ര ഒരേ ബസ്സില്‍ ആയിരുന്നു. പരവൂര്‍ക്കാരന്‍ ആയ കണ്ടക്ടര്‍ ചേട്ടന്‍ ഞങ്ങള്‍ക്കായി മുന്നിലെ വാതിലിനു തൊട്ടു പിന്നിലെ സീറ്റ്‌ ഒഴിച്ചിടുമായിരുന്നു. വാതില്‍ പടിയില്‍ നിന്നാല്‍ അയാള്‍ക്ക്‌ നമ്മള്‍ സംസാരിയ്ക്കുന്നത്‌ കേള്‍ക്കാന്‍ സൗകര്യം ആവും എന്നാണ്‌ അവള്‍ പറഞ്ഞത്‌. ദോഷം പറയരുതല്ലൊ,അയാള്‍ ഇടയ്ക്കിടെ ഒരു കണ്ണിലെ പുരികം ഉയര്‍ത്തി സംശയത്തോടെ ഞങ്ങളെ നോക്കാറും ഉണ്ട്‌. ദിനവും ആദ്യം ബസ്സില്‍ കയറുന്ന ഞാന്‍ രണ്ട്‌ ടിക്കറ്റ്‌ എടുക്കും. തിരിയെ വരൂമ്പോള്‍ അവള്‍ക്ക്‌ രണ്ട്‌ പേര്‍ക്കും ടിക്കറ്റ്‌ എടുക്കണം പോലും. ഹോ, വല്യ അഭിമാനി.... ഞാന്‍ മനസ്സില്‍ കരുതി.

രണ്ടു പേരും ശെരിക്കും ആസ്വദിച്ച യാത്രകള്‍. ബസ്സിലെ ചൂടും, മഴയും, തിരക്കും ഞങ്ങൾക്ക്‌ ആനന്ദം നല്‍കിയിരുന്നു. കൊട്ടിയം കവലയില്‍ ഇറങ്ങി കോളേജ്‌ വരെ നടക്കുന്ന ദൂരം അറിഞ്ഞതേ ഇല്ല. വഴിയുടെ രണ്ടു വശങ്ങളിലും പല നിറങ്ങളില്‍ കാട്ടു പൂക്കള്‍ ഞങ്ങള്‍ക്ക്‌ എന്നും സ്വാഗതം ഓതിയിരുന്നു. ഒരിക്കല്‍ മഴയത്ത്‌ കുട കൊണ്ടു വരാന്‍ മറന്ന അവള്‍ എന്നൊടൊപ്പം ഒരു കുടക്കീഴില്‍ നടന്നത്‌ ഇന്നും ഞാന്‍ ഓര്‍ക്കുന്നു. എന്നാല്‍ ഞങ്ങളുടെ അന്നത്തെ സംസാര വിഷയങ്ങളില്‍ പ്രണയം ഒരിക്കലും കടന്നു വന്നതേ ഇല്ല.

ഒരു അവധി ദിവസം അപ്രതീക്ഷിതമായി അവള്‍ എന്റെ വീട്ടില്‍ വന്നു. അന്ന് എന്റെ അമ്മയ്ക്ക്‌ സുഖം ഇല്ലാതിരുന്നതിനാല്‍ ഇഷ്ടമില്ലാഞ്ഞിട്ടും ഞാന്‍ പാചകം എറ്റെടുത്തു. അതിനിടെ അവളെ മുറ്റത്തു കണ്ടപ്പൊള്‍ കയ്യില്‍ ചട്ടുകവും ആയി നിന്ന എനിക്കുണ്ടായ ചമ്മല്‍ മറയ്ക്കാന്‍ ആയില്ല. ഭാഗ്യം, അവളെ പറ്റി എന്റെ അടുത്ത സുഹൃത്തായ അമ്മയോട്‌ നേരത്തെ പറഞ്ഞിരുന്നത്‌ നന്നായി. അതിനാല്‍ അടുത്ത ചമ്മലുകളില്‍ നിന്നും, ഉണ്ടായേക്കാവുന്ന ചൊദ്യം ചെയലുകളില്‍ നിന്നും രക്ഷപെട്ടു. ഞാന്‍ അടുക്കളയില്‍ തിരിയെ പോയി, അവള്‍ അമ്മയോട്‌ കുറച്ചു നേരം സംസാരിച്ചിരുന്നു.

രണ്ടാം വര്‍ഷ സിവില്‍ക്കാരി ആയ അവള്‍ക്ക്‌ ബേസിക്‌ ഇലക്ട്രിക്‌ എഞ്ചിനീയറിംഗ്‌ അല്‍പ്പം ബുദ്ധിമുട്ട്‌ ഉണ്ട്‌ പോലും. എതായാലും എന്റെ കൈകളില്‍ പിറന്ന രണ്ടു ദോശയും ചായയും ആയി ഞങ്ങളുടെ ക്ലാസ്സ്‌ തുടങ്ങി. സംശയം ചോദിക്കുന്ന കെട്ടപ്പൊ മനസ്സിലായി, ആള്‍ മോശക്കാരി അല്ല. തലയില്‍ ആള്‍ താമസം ഉള്ള കൂട്ടത്തിലാണ്‌. രണ്ടു മണിക്കൂര്‍ കൊണ്ട്‌ ഒരു അധ്യായം തീര്‍ത്തു. അമ്മ പറഞ്ഞു "ഉച്ച കഴിഞ്ഞാല്‍ നിനക്ക്‌ അമ്മാവന്റെ വീട്ടില്‍ പൊവണ്ടെ? ആ വഴിയ്ക്ക്‌ തന്നെയാണല്ലൊ ഈ കുട്ടിയുടെ വീട്‌. ഇനി പരീക്ഷയ്ക്ക്‌ അധികം നാളില്ലല്ലൊ? നിനക്ക്‌ അവളുടെ വീട്ടില്‍ പൊയി കുറച്ചു കൂടെ പഠിപ്പിച്ചൂടെ?" ഞാന്‍ സമ്മതിച്ചു. അവള്‍ സന്തോഷത്തോടെ യാത്രയായി.
ഞാനറിയാത്ത പ്രണയം (ഭാഗം 3)

ഉച്ച കഴിഞ്ഞു. അമ്മയ്ക്ക് മരുന്നും ആഹാരവും എടുത്തു കൊടുത്തു. മരുന്നിന്റെ ലഹരിയില്‍ അമ്മ മയങ്ങി. കുറച്ചു കഴിഞ്ഞ് അനിയന്‍ വീട്ടില്‍ എത്തി. ഞാന്‍ അമ്മാവന്റെ വീട്ടിലേയ്ക്ക് സൈക്കിളും എടുത്തു യാത്രയായി. ആഴ്ചയില്‍ ഒരിക്കല്‍ അമ്മാവന്റെ മകള്‍ക്ക് വേദഗണിതം അറിയാവുന്ന പോലെ പഠിപ്പിച്ച് കൊടുക്കാറുണ്ടായിരുന്നു. മനസ്സ് എവിടേം ഉറച്ചു നില്ക്കുന്നില്ല. എത്രയും വേഗം ക്ലാസ്സ് മതിയാക്കി, അവിടെ നിന്ന് ഇറങ്ങി. ഉള്ളില്‍ എന്തോ ഒരു വിചാരം (അതോ വികാരമോ) അലയടിക്കുന്നു. എന്താണെന്നറിയില്ല. അവള്‍ പറഞ്ഞു തന്ന വഴിയിലൂടെ ഒരു വീടിനു മുന്നില്‍ എത്തി. അധികം പഴക്കം ഇല്ലാത്ത ഭംഗിയുള്ള ഒരു വീട്. ചുറ്റുമതില്‍ ഒക്കെയുള്ള, നിറയെ മരങ്ങള്‍ ഉള്ള, വലിയ തൊടി. വീടിനു വശത്തായി നിത്യവും ഉപയോഗിക്കാത്ത മാതിരി പടവുകള്‍ ഒക്കെയുള്ള ഒരു കുളം. വീടിനു വെളിയില്‍ ഒരു നായയെ കെട്ടി ഇട്ടിരിക്കുന്നു. മടി കൊണ്ടാണോ എന്തോ ഒരു കണ്ണ് പാതി തുറന്ന് എന്നെയൊന്നു നോക്കിയെന്ന് വരുത്തി അവന്‍ വീണ്ടും ഉറക്കം തുടര്ന്നു .

ഞാന്‍ കാളിംഗ് ബെല്‍ അടിച്ചു. ശ്രുതി പുറത്തേയ്ക്ക് വന്നു. ആഹാ!!! ഇത് വരെ കാണാത്ത പോലെ പട്ടുപാവാടയും ബ്ലൌസും ഒക്കെ ഇട്ട് ഒരു സുന്ദരിക്കുട്ടി. ഇവള്‍ അവള്‍ തന്നെ അല്ലെ? എന്തൊരു മാറ്റം? അവള്‍ മന്ദഹാസത്തോടെ എന്നെ അകത്തേയ്ക്ക് ക്ഷണിച്ചു. അവിടെ അവളുടെ അമ്മയെ കണ്ടു. അമ്മയ്ക്ക് എന്നെ കേട്ട പരിചയമേ ഉള്ളൂ. അവര്‍ അടുക്കളയില്‍ തിരക്കിലാണ്. “ദാ ഇപ്പൊ വരാം, അമ്മയോട് സംസാരിയ്ക്കൂ” എന്ന് പറഞ്ഞു ശ്രുതി പോയി. ഞാന്‍ അടുക്കളയിലേയ്ക്ക് കയറി. അവളുടെ അനിയത്തിയെ അന്ന് ആദ്യമായി അവിടെ കണ്ടു. ഹൃദയത്തില്‍ എന്തോ തകരാര്‍ ഉള്ള ഒരു കുട്ടിയാണവള്‍. ആള്‍ ട്യൂഷന് ക്ലാസിലേയ്ക്ക് പോകുന്ന തിരക്കിലാണ്. ഞെട്ടിയത് അതല്ല. അമിതമദ്യപനായ ഒരു അച്ഛന്‍ വര്ഷനങ്ങള്ക്കു് മുന്നേ ഉപേക്ഷിച്ച കുടുംബം ആയിരുന്നു അവര്‍. പ്രൈമറി സ്കൂളിലെ അധ്യയനജോലി ഉപേക്ഷിച്ച് രണ്ടു പെണ്കുകട്ടികളെ നോക്കാന്‍ ആ അമ്മ രണ്ടാമതൊന്നു ആലോചിച്ചില്ല. കുറച്ചു നേരം കൊണ്ട് തന്നെ ഇതെല്ലം പറഞ്ഞപ്പോ ഞാന്‍ ആകെ വല്ലാതായി. എന്ത് പറയണം എന്നറിയില്ല. അത്യാവശ്യം സാമ്പത്തികം ഉണ്ട്. വീട്ടില്‍ സ്ഥിരമായി രണ്ടു സ്ത്രീകള്‍ സഹായത്തിനും ഉണ്ട്. ആകെ അഞ്ചു സ്ത്രീകള്‍ ഉള്ള ഒരു വീട്. ഇതൊന്നും അവള്‍ എന്നോട് പറഞ്ഞിട്ടില്ലായിരുന്നു. ഇതൊന്നും അല്ലെങ്കില്‍ പിന്നെ ഞങ്ങള്‍ ദിവസവും എന്തായിരുന്നു സംസാരിച്ചു കൊണ്ടേ ഇരുന്നത്?

“ഞാന്‍ റെഡി” ശ്രുതി തിരിയെ വന്നു. അവളോട്‌ ഇക്കാര്യങ്ങള്‍ ഒന്നും തന്നെ ചോദിച്ചില്ല. പഠനം തുടര്ന്നു. ഇടയ്ക്ക് അമ്മ ചായ കൊണ്ട് വന്നു. “അമ്മു ഇന്നലെ വാങ്ങിക്കൊണ്ടു വന്ന ഗ്ലാസ്സാ, പഴയ മോഡല്‍” അമ്മ പറഞ്ഞു. വീണ്ടും അത്ഭുതം. അവളെ വീട്ടില്‍ അമ്മു എന്നാണ് വിളിക്കുന്നതെന്ന് എനിക്കറിയില്ലായിരുന്നു. കൂടാതെ വര്ഷലങ്ങളായി ഞാന്‍ വീട്ടില്‍ ചായ കുടിക്കുന്ന, മുകളില്‍ വക്കില്ലാത്ത, താഴേയ്ക്ക് പോകുമ്പോള്‍ വ്യാസം കുറയുന്ന എന്റെ സ്റ്റീല്‍ ഗ്ലാസ്‌ അവള്‍ കണ്ടിരുന്നു. അതില്‍ കോമ്പസ് കൊണ്ട് ഞാന്‍ കൊത്തിയ എന്റെ പേരും. ഇവള്‍ ഒരു അത്ഭുതം തന്നെ.

ക്ലാസ്‌ കഴിഞ്ഞു, എല്ലാരോടും യാത്ര പറഞ്ഞ് ഞാന്‍ പുറത്തേയ്ക്ക് വന്നു. ഗേറ്റ് വരെ അവള്‍ കൂടെ വന്നു. “അന്നൊരു ദിവസം പറഞ്ഞില്ലേ? ചേട്ടന് കോഴ്സ് കഴിഞ്ഞു എത്രയും പെട്ടെന്ന് എവിടേലും ജോലിക്ക് കയറാന്‍ ഉള്ള തിടുക്കം ആണെന്ന്. ഞങ്ങള്ക്ക് ഇവിടെ എന്റെ കോഴ്സ് കഴിഞ്ഞു എത്രയും പെട്ടെന്ന് ഒരു ആണനക്കം ഉണ്ടാവാനാണ് തിടുക്കം.”

മടങ്ങുമ്പോള്‍ ഞാന്‍ രണ്ടു നേരം തിരിഞ്ഞു നോക്കിയത് എന്തിനാണോ? കണ്ണില്‍ നിന്നും മായുന്ന വരെ അവള്‍ ഗേറ്റില്‍ നില്ക്കുന്നുണ്ടായിരുന്നു.

പട്ടുപാവാടയും ബ്ലൌസും ഒക്കെ ഇട്ട് ഒരു സുന്ദരിക്കുട്ടി.....

ഞാനറിയാത്ത പ്രണയം (ഭാഗം 4)

കുറെ നാളുകള്‍ അങ്ങനെ പോയി. എന്നാല്‍ ഒരിക്കല്‍ പോലും കോളേജ്‌ ക്യാമ്പസ്സില്‍ ഞങ്ങളുടെ കൂടിച്ചേരലുകള്‍ ഉണ്ടായില്ല. പ്രത്യേകിച്ച് കാരണം ഒന്നും ഉണ്ടായിട്ടല്ല. എന്തോ അങ്ങനെ സംഭവിച്ചു എന്ന് മാത്രം.ദൂരെ നിന്ന് ഓരോ പുഞ്ചിരികള്‍.... അത്ര മാത്രം.... അക്കാലത്ത് ശനിയും ഞായറും ഞാന്‍ വെറുത്തു. എല്ലാ അവധികളെയും ഞാന്‍ വെറുത്തു.

നാല് നാളായി അവള്‍ വരുന്നില്ല. ഇനി സുഖമില്ലാഞ്ഞിട്ടാണോ? അവള്‍ കയറുന്ന ബസ്സ്‌ സ്റ്റോപ്പില്‍ എന്റെ കണ്ണുകള്‍ അവളെ തെരഞ്ഞു. കണ്ടക്ടര്‍ ചേട്ടനും ചോദിച്ചു "കക്ഷി എന്തിയെ?"ആ വെള്ളിയാഴ്ച അവള്‍ വന്നു. ആകെ ക്ഷീണിച്ചിരിക്കുന്നു. കണ്ണിനു താഴെ കറുത്ത നിറം. കുറെ നാളായി ഉറങ്ങാത്ത പോലെ. യാത്രയില്‍ ഞാന്‍ ചോദിച്ചു "എന്താ? എന്ത് പറ്റി?"

കുറെ നേരം ഒന്നും മിണ്ടിയില്ല. അവളുടെ കണ്ണിലെ തിളക്കം കുറഞ്ഞിരിക്കുന്നു. "എന്റെ അനിയത്തിയ്ക്ക് പെട്ടന്നു സുഖമില്ലാതായി.ഇപ്പോള്‍ തിരുവനന്തപുരം ശ്രീചിത്രയില്‍ ചികില്‍സയില്‍ ആണ്. അവള്‍ക്കു ഹൃദയത്തിലെ വാല്‍വിനു എന്തോ തകരാറ്. ഞങ്ങള്‍ എല്ലാരും അവിടെ ആയിരുന്നു. ഞാനും കൊമളചേച്ചിയും (വീട്ടില്‍ സഹായത്തിനു നില്‍ക്കുന്ന) മാത്രം വന്നു. ക്ലാസ്സ് മുടക്കണ്ടല്ലോ. എനിക്കൊരു സമാധാനവും ഇല്ല." എന്ത് പറഞ്ഞു സമാധാനിപ്പിക്കും എന്ന് എനിക്കും അറിയില്ല. അന്ന് ആദ്യമായി എന്റെ തോളില്‍ തല ചായ്ച്ച് കൊട്ടിയം വരെ അവള്‍ ഉറങ്ങി.

രണ്ടാഴ്ച കഴിഞ്ഞിട്ടുണ്ടാവണം. ഹൃദയം നുറുങ്ങുന്ന ഒരു വാര്‍ത്തയുമായി അവള്‍ വന്നു. അനിയത്തിയുടെ ചികില്‍സയ്ക്കു ധാരാളം പണം വേണം. കൂടാതെ തുടര്ചികില്സയ്ക്കായി ആ കുട്ടിയ്ക്ക് തിരുവനന്തപുരം വരെയുള്ള യാത്രയും ബുദ്ധിമുട്ട്. ഒരേ ഒരു പരിഹാരം. കൊല്ലത്തെ സ്ഥലം വിറ്റ് തിരുവനന്തപുരത്തേയ്ക്ക് ഒരു ചെറിയ വീട് വാങ്ങി മാറുക. ദിനവും ഉള്ള ശ്രുതിയുടെ യാത്ര മാത്രമാണ് ഒരു ബുദ്ധിമുട്ട്. അവരുടെ മുന്നില്‍ വേറെ പോംവഴികള്‍ ഇല്ലായിരുന്നു. അടുത്തയാഴ്ച അവള്‍ പോകും. ഹൃദയം നുറുങ്ങിയ പോലെ. അവള്‍ കാണാതെ ഞാന്‍ എന്റെ കണ്ണ് തുടച്ചു. ആ പാവത്തിന് കരയാന്‍ പോലും ആവാത്ത അവസ്ഥ. രണ്ടു പേരുടെയും അവസ്ഥ കണ്ട കണ്ടക്ടര്‍ അന്നും ഒരു പുരികം ഉയര്‍ത്തി സംശയത്തോടെ ഞങ്ങളെ നോക്കി.

അവള്‍ പോയി. ക്ലാസ്സില്‍ ദേവകുമാര്‍ സാറിന്റെ "Polyphase Circuit & Transformers" എന്നെ ബോറടിപ്പിച്ചു. എംകെ.രാമചന്ദ്രന്‍ സാര്‍ തുറന്നിട്ട "Hydro Electric Power Station" ഞാന്‍ കണ്ടില്ല. ഗംഗപ്രസാദ്‌ സാര്‍ വന്ന് പതിവ് പോലെ "DC Motor" പ്രവര്‍ത്തിപ്പിച്ചതും ഞാന്‍ അറിഞ്ഞില്ല. പകലുകളും രാത്രികളും എന്നെ കുത്തി നോവിച്ചു.

ശെരിക്കും അവള്‍ എനിക്ക് ആരാണ്?

ഞാനറിയാത്ത പ്രണയം (ഭാഗം 5)

അന്നത്തെ ഞങ്ങളുടെ ബസ്സിലെ മടക്കയാത്ര മറക്കാനാവില്ല. അവള്‍ ഉച്ചയ്ക്ക് ഊണ് കഴിച്ചിട്ട് എന്നെ കാണാന്‍ വന്നു. ഒരു പുസ്തകം തരാന്‍ എന്ന പോലെ. ദൈവമേ, എന്റെ ക്ലാസ്സില്‍ ആരേലും കാണുന്നുണ്ടോ? അതാണ്‌ എനിക്ക് പേടി. ഞങ്ങള്‍ പ്രത്യേകിച്ച് ഒന്നും സംസാരിച്ചില്ല. ഇന്ന് വെള്ളിയാഴ്ച. നാളെ രാവിലെ അവര്‍ തിരുവനന്തപുരത്തേയ്ക്ക് വീട് മാറും. ഇത്ര അലസമായും അശ്രദ്ധമായും ഉള്ള രൂപത്തില്‍ ഇതിനു മുന്നേ അവളെ ഞാന്‍ കണ്ടിട്ടില്ല. “നമുക്ക് ഇന്ന് നേരത്തെ പോയാലോ?” സ്വതവേ വലുപ്പമേറിയ അവളുടെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടോ? കൈകള്‍ വിറയ്ക്കുന്നുണ്ടോ? ചുണ്ടുകള്‍ വിതുംബുന്നുണ്ടോ? എന്റെ നെഞ്ചിടിപ്പ് എനിക്ക് തന്നെ ഉച്ചത്തില്‍ കേള്ക്കാം . കാലില്‍ ഒരു വിറയിലും, പതിവ് പോലെ കൈകളില്‍ തണുപ്പും. ഉച്ച കഴിഞ്ഞ് ഡ്രായിംഗ് ക്ലാസ്സ്‌. ഗംഗപ്രാസാദ് സാറിന്റെ വക “Wave Winding”. എന്റെ മനസ്സിലും തിരമാലകള്‍ (Wave) ആര്ത്തലയ്ക്കുന്നുണ്ടായിരുന്നു. എങ്ങനേലും വര കഴിഞ്ഞ് തിരിച്ചിറങ്ങി. ഡ്രായിംഗ് ക്ലാസ്സില്‍ ഏറ്റവും വേഗത്തില്‍ പടം വരച്ച് നേരത്തെ പുറത്തു പോകുന്ന ചില പെണ്കുട്ടികളെ പോലും അന്ന് ആദ്യമായി ഞാന്‍ തോല്പ്പിച്ചു.

പുറത്തിറങ്ങി വരുമ്പോള്‍ കോണിപ്പടികള്ക്ക് താഴെ അതാ അവള്‍. “ഞാന്‍ നേരത്തെ ഇറങ്ങി. നമുക്ക് പോകാം”. രാവിലെ ഒരുമിച്ചു നടന്നു വരുന്ന ഞങ്ങള്‍ വൈകുന്നേരം അവരവരുടെ ക്ലാസ്സിലെ കൂട്ടുകാര്ക്കൊപ്പം ആയിട്ടായിരുന്നു കൊട്ടിയം കവല വരെ നടന്നു പോയിരുന്നത്. ബസ്സില്‍ വച്ചാണ് പിന്നെ ഞങ്ങളുടെ സമാഗമം. എന്നാല്‍ ഇന്ന് ഞങ്ങള്‍ ഒരുമിച്ചു തന്നെ കോളേജില്‍ നിന്ന് നടന്നു പോകുന്നു. “നമുക്ക് അടുത്ത ബസ്‌ സ്റ്റോപ്പില്‍ നിന്ന് കയറാം”. ഞാന്‍ സമ്മതിച്ചു. കൊട്ടിയം കവല കടന്നു കുറച്ചു ദൂരം നടന്നു പോയപ്പോള്‍ അവള്‍ എന്റെ ഇടതു കൈയില്‍ പിടിച്ചു. എനിക്കോ പരിഭ്രമം. “ഇതെന്താ കൈ തണുത്തിരിക്കുന്നത്?”. ഞാന്‍ ഒന്നും മിണ്ടിയില്ല. 

അവള്‍ സംസാരിച്ചു തുടങ്ങി. “ഞങ്ങളുടെ കുടുംബത്തില്‍ ആണ്‍ കുട്ടികള്‍ വളരെ കുറവാണ്. അമ്മയുടെ വിവാഹം കഴിഞ്ഞ് പാലക്കാട് നിന്നും കൊല്ലത്ത് വന്ന ഞങ്ങള്‍ക്ക് ഇവിടെ പറയത്തക്ക ബന്ധുക്കളും ഇല്ല. കോളേജിലെ ആദ്യദിനങ്ങളില്‍ റാഗിങ്ങില്‍ പെട്ട് കരഞ്ഞ എന്നെ രക്ഷിച്ച അന്ന് മുതല്‍ ഞാന്‍ ഒരു തണല്‍ അനുഭവിച്ചു”. ഇതെനിക്കൊരു പുതിയ അറിവായിരുന്നു. റാഗിങ്ങില്‍ പെട്ട് ഉഴലുന്ന പലരെയും, പലപ്പോഴും രക്ഷിയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതില്‍ ഇവളും ഉണ്ടായിരുന്നു എന്ന് എനിക്കറിയില്ലായിരുന്നു. വീണ്ടും നിശബ്ദത. അവള്‍ സംസാരിയ്ക്കുന്നത് കേള്ക്കാനായിരുന്നു എനിക്കിഷ്ടം. അവളും സംസാരിയ്ക്കുന്നില്ല. നീല യൂണിഫോം ഇട്ട രണ്ടു പേര്‍ കൈ കോര്‍ത്ത് നടന്നു പോകുന്നത് ആരൊക്കെയോ നോക്കുന്നുണ്ടോ? അവള്‍ കൈ വിടുന്നും ഇല്ല. എന്റെ കയ്യിലെ തണുപ്പ് മാറുന്നും ഇല്ല.

ബസ്സ്‌ വന്നു. വലിയ തിരക്കില്ല. പതിവ് ബസ്സല്ലാത്തതിനാല്‍ സ്ഥിരം സീറ്റ് കിട്ടിയില്ല. കിട്ടിയേടത്ത് ഞങ്ങള്‍ ഒരുമിച്ചിരുന്നു. അന്നും അവള്‍ തന്നെ ടിക്കറ്റെടുത്തു. പതിയെ എന്റെ തോളില്‍ തല ചായ്ചിരുന്നു. ഞാന്‍ പുറത്തെ കാഴ്ചകളും നോക്കി ഇരുന്നു. ഇനി ഇത് പോലെ ഒരു യാത്ര ഉണ്ടാവുമോ? ബസ്സില്‍ പാട്ട് വച്ചിരിക്കുന്നു. ഇണ എന്ന സിനിമയിലെ പാട്ടുകളായ “വെള്ളിച്ചില്ലും വിതറി” എന്ന ഗാനവും “അരളിപ്പൂം കാടുകള്‍, വളവില്‍ പുല്‍ മേടുകള്‍” എന്ന ഗാനവും വന്നു. ഇവ എന്റെ ഇഷ്ട ഗാനങ്ങള്‍ ആണെന്ന് അവള്ക്കും അറിയാം. എനിക്കെന്തോ കൂടെ മൂളാന്‍ തോന്നിയില്ല.

പെട്ടെന്നൊരു സംശയം, എന്റെ ഉടുപ്പ് നനയുന്നുവോ? തിരിഞ്ഞു നോക്കി. അവള്‍ നിശബ്ദമായി കരയുകയാണ്. ഞാനും വല്ലാതെ ആയി. എന്റെ കയ്യില്‍ ചുറ്റിപ്പിടിച്ച് കുനിഞ്ഞിരുന്നു കരച്ചില്‍ തുടര്ന്നു . ആണുങ്ങള്‍ കരയാന്‍ പാടില്ലത്രേ. പട്ടാളക്കാരനായ എന്റെ അച്ഛന്‍ പറഞ്ഞു തന്നതാണ്. മുതിര്‍ന്നിട്ടും എത്രയോ പ്രാവശ്യം ഞാന്‍ തെറ്റിച്ച ഒരു കാര്യം. ഇന്നും പലപ്പോഴും പാലിക്കാത്ത ഒരു കാര്യം. എന്റെ കണ്ണും നിറയുന്നുവോ? കാഴ്ചകള്‍ ഒന്നും വ്യക്തമാകുന്നില്ല.

അവള്ക്കിറങ്ങേണ്ട ഇടം എത്തി. രണ്ടു ടിക്കറ്റുകളും എന്റെ പോക്കറ്റില്‍ അവള്‍ ഇട്ടു. കരഞ്ഞു കലങ്ങിയ കണ്ണുമായി ഒന്നും മിണ്ടാതെ അവള്‍ ഇറങ്ങി. ഞാന്‍ തിരിഞ്ഞു നോക്കിയില്ല. നോക്കിയാലും ഒന്നും കാണില്ല. എന്റെ കണ്ണില്‍ ആകെ ഒരു മൂടല്‍. ഉള്ളിലെ എങ്ങല്‍ അടക്കി ഞാന്‍ വീട്ടില്‍ എത്തി.

ഞാനറിയാത്ത പ്രണയം (ഭാഗം 6)

അടുത്ത തിങ്കളാഴ്ചയും അവധിയാണ്. എനിക്ക് ദേഷ്യം വന്നു. ഭൂമി ഒന്ന് വേഗം കറങ്ങിയിരുന്നെങ്കില്‍. അവള്‍ കൂടെ ഉള്ളപ്പോഴെല്ലാം ഭൂമിയ്ക്ക് എന്തൊരു വേഗതയാണ്? അടുത്ത അധ്യയന ദിവസം. ഒരു ടിക്കറ്റിനുള്ള പണം നീട്ടിയപ്പോള്‍ കണ്ടക്ടര്‍ പതിവ് പോലെ ഒരു പുരികം ഉയര്ത്തി. “കക്ഷി എന്ത്യേ?”. കണ്ഠം ഇടറി ഞാന്‍ പറഞ്ഞു,
“അവള്‍ ഇനി വരില്ല. അവര്‍ തിരുവനന്തപുരത്തേയ്ക്ക് താമസം മാറി”.
“അയ്യോ അപ്പൊ ഇനി അനിയന് അവളെ കാണാന്‍ പറ്റില്ലേ?”
“അവള്‍ കോളേജ് മാറിയിട്ടില്ല”
“എന്റെ അന്വേഷണം ആ കൊച്ചിനോട് പറയണം കേട്ടാ?”
ഞാന്‍ തല കുലുക്കി. ബസ്സിനും ഒരു വേഗതയും ഇല്ല. അവള്‍ കൂടെ ഉള്ളപ്പോള്‍ എന്തൊരു വേഗതയാണ്.

കോളേജില്‍ എത്തി. പുസ്തകം ക്ലാസ്സില്‍ കൊണ്ട് വച്ചു. അവളുടെ ക്ലാസില്‍ പോയി.
“ശ്രുതി വന്നിട്ടില്ല” ഞാന്‍ ഞെട്ടിപ്പോയി. ഞാന്‍ ആരെ കാണാന്‍ വന്നു എന്ന് ഇവള്‍ക്കെങ്ങിനെ അറിയാം? കണ്ണടച്ച് പാല് കുടിച്ച പൂച്ചയെ കണ്ടെത്തിയ ഈ രാക്ഷസി ആരാണോ? ഏതായാലും ഒരു പുഞ്ചിരി പാസാക്കി ഞാന്‍ തിരിയെ ക്ലാസ്സില്‍ എത്തി. ഉച്ച നേരത്ത് അവളുടെ ക്ലാസ്സിനു അല്പം ദൂരെ മാറി നിന്ന് ഉള്ളിലേയ്ക്ക് നോക്കി. അതാ അവിടൊരു തിളക്കം, ഭാഗ്യം. ആളു വന്നിട്ടുണ്ട്. മനസ്സിന് എന്തെന്നില്ലാത്ത സന്തോഷം തോന്നി. അവള്‍ പുറത്തു വന്നു. ക്ഷീണിച്ച മുഖം. “ആദ്യമായിട്ട് തിരുവനന്തപുറത്തൂന്ന് വന്നതല്ലേ. സമയം ശെരിയാക്കാന്‍ പണിപ്പെട്ടു. അങ്ങനെ രാവിലെ അല്പം താമസിച്ചു”.

അവളുടെ അനിയത്തിക്ക് ഇപ്പോള്‍ സുഖം ഉണ്ട്. പക്ഷെ ഇനി സ്കൂളില്‍ പോയി പഠിക്കാന്‍ ആവില്ല. നാളുകള്‍ കടന്നു പോയി. ഇപ്പോള്‍ ഭൂമിയുടെ വേഗതയും ബസ്സിന്റെ വേഗതയും ക്രമേണ കൂടിക്കൂടി വരുന്നു. ഞങ്ങളുടെ കൂടിക്കാഴ്ച്ചകളുടെ ഇടവേളകള്‍ ക്രമേണ കൂടുന്നുവോ. എന്നാല്‍ എന്നില്‍ അതൊരു വേദന ഉളവാക്കുന്നും ഇല്ല. അവള്‍ക്കും അതുണ്ടാവുന്നില്ല എന്നെനിക്ക് തോന്നി. ഒരു കാലത്ത് പ്രത്യേക പഠനക്രമം പാലിച്ചിരുന്ന ഞാന്‍ അല്പം പുറകില്‍ ആയോ എന്നൊരു സംശയം. VKശശിധരന്‍ സാറിന്റെ ക്ലാസ്സിലെ DC Series Motor വീട്ടിലിരുന്നു പഠിക്കുമ്പോള്‍ എനിക്കുറപ്പായി. എവിടെയോ താളം പിഴയ്ക്കുന്നു, ഏകാഗ്രത കൈമോശം വരുന്നു. ഇത് ശെരിയാവില്ല. വര്ഷാവസാനം ആവുന്നു. ഈ സര്‍ട്ടിഫിക്കറ്റ് എന്റെ എല്ലാം ആണ്. ഇത് കാത്ത് ഒരു കുടുംബം മുഴുവനും ഉണ്ട്. മാത്രമല്ല രജനിയും സാജനും മൃണാളും എന്ന് വേണ്ട സകല പുലികളും തകര്‍ത്ത് പഠിക്കുകയാണ്. അവര്‍ക്കൊപ്പം എത്തിയില്ലേലും ഞാന്‍ മോശം ആവാന്‍ പാടുണ്ടോ?


ഞാനറിയാത്ത പ്രണയം (ഭാഗം 7)

ഏകദേശം പുതുവര്‍ഷം ഒക്കെ ആയപ്പോള്‍ അവളെ കാണാതെ എനിക്കും, എന്നെ കാണാതെ അവള്‍ക്കും പറയത്തക്ക വിഷമം ഒന്നും ഇല്ല എന്ന് മനസ്സിലായി. എനിക്കോ, പഠനം തന്നെ ശരണം. ഇതിനിടെ ഒരു വൈറല്‍ പനി എന്നെ പിടികൂടി. ഒരാഴ്ചയോളം തീരെ സുഖമില്ലാതെ കിടന്നു. അല്പം തലപൊക്കിയ സമയത്താണ് ഞങ്ങളുടെ പ്രോജക്റ്റ്‌ ആയ “Offline Inverter Circuit” വരച്ചുണ്ടാക്കിയത്. വയ്യ എന്ന് കരുതി ഇരിക്കാന്‍ എനിക്കും വയ്യ. അടുത്തയാഴ്ച കോളേജില്‍ പോയി. അസുഖം നേരെ മാറിയിട്ടില്ല. രാവിലെ തന്നെ അവളെ കണ്ടു. ഇത്രയും ദിവസത്തെ വിരഹം എന്നിലോ അവളിലോ വലിയ ചലനം ഒന്നും ഉണ്ടാക്കിയതായി തോന്നിയില്ല. എഴുതിയെടുക്കാന്‍ ഉള്ള ഒരാഴ്ചത്തെ നോട്ട് കണ്ട എനിക്ക് തല കറങ്ങി. പലരോടും സഹായം ചോദിച്ചു. എല്ലാരും തിരക്കിലാണ്, ആരെയും നിര്ബിന്ധിച്ചില്ല. കൂട്ടത്തില്‍ എന്നോട് ദയ തോന്നിയ ക്ലാസ്സിലെ ഒരു പെണ്‍കുട്ടി സഹായിക്കാം എന്നേറ്റു. ദിവസവും ഓരോ ബുക്കുകള്‍ വീതം കൊണ്ട് പോയി പകര്‍ത്തി. ആകെ ആറ് ബുക്കുകള്‍ നിറയെ വടിവായി ക്ഷമയോടെ എഴുതി തന്നു. നന്ദി എങ്ങനെ പ്രകടിപ്പിക്കണം എന്നെനിക്കറിയില്ലായിരുന്നു. ഉരുണ്ടു കൂടിയ കാര്‍മേഘം തരിശു ഭൂമിയില്‍ കുളിര്‍മഴയായി പെയ്തിറങ്ങിയ പോലെ. ഒരു പൂ ചോദിക്കുമ്പോള്‍ പൂക്കാലം നല്കു്ന്നവര്‍ക്ക് ദൈവം നല്ലത് വരുത്തട്ടെ എന്ന് മനസ്സില്‍ ആശംസിച്ചു.

വാര്‍ഷിക പരീക്ഷാകാലം. ഒരു ദിവസം അവള്‍ വന്നു. പണ്ട് പഠിപ്പിച്ചത് ഒന്ന് ഓടിച്ചു പറഞ്ഞു തരണം എന്നും പറഞ്ഞ്. ഞാന്‍ പറഞ്ഞു കൊടുത്തു. മറ്റൊന്നും സംസാരിച്ചില്ല. രണ്ടു പേരും ആശംസകള്‍ പറഞ്ഞു പിരിഞ്ഞു. 

എന്റെ അവസാന പരീക്ഷാ ദിവസം. അവള്‍ വീണ്ടും വന്നു. ദൈവമേ ഇവള്‍ വീണ്ടും എന്നെ കരയിപ്പിക്കുമോ? തലയില്‍ കഷ്ട്ടപ്പെട്ട് അടുക്കി വച്ചിരിക്കുന്ന അറിവുകള്‍ നനഞ്ഞു കുതിരുമോ?
“എനിക്കറിയാം ഇന്നാണ് നിങ്ങളുടെ അവസാന പരീക്ഷ. ഞങ്ങള്‍ക്ക് അടുത്ത ആഴ്ചയെ തീരൂ. നിങ്ങളുടെ ക്ലാസ്സിലാണ് എന്റെ സീറ്റ്. ചേട്ടന് ഈ പരീക്ഷ എത്ര പ്രധാനപ്പെട്ടതാണെന്ന് എനിക്കറിയാം. അതോണ്ടാ കുറേ നാളായി ഞാന്‍ ഉപദ്രവിക്കാന്‍ വരാത്തത്. അതേയ്, നിങ്ങളുടെ ക്ലാസ്സിന്റെ പിന്നിലെ മൂലയിലെ ജനാലയുടെ ഒരു പാളിയില്‍ ഞാന്‍ ഒരു കാര്യം എഴുതി വയ്ക്കും. അടുത്ത ആഴ്ച കഴിഞ്ഞ് വന്നു നോക്കണം”. ഞാന്‍ ചിരിച്ചു കൊണ്ട് തലയാട്ടി. അവള്‍ പോയി. അന്നവള്‍ക്ക് പരീക്ഷ ഇല്ലായിരുന്നു. ഇത് പറയാനാണോ ഇത്രേം ദൂരം സഞ്ചരിച്ചു വന്നത്. വിഡ്ഢി....

റിസള്‍ട്ട് വരും വരെ എന്ത് ചെയ്യും? വേദഗണിതം കൂടുതല്‍ പഠിക്കാന്‍ തീരുമാനിച്ചു. ഇതിനിടെ പ്രൊജക്ടിനായി പഠിച്ച Inverter എന്നെ ഇലക്ട്രോണിക്സിന്റെ മാന്ത്രിക ലോകത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോയി. പല ആഴ്ചകളും കഴിഞ്ഞു. ഇടയ്ക്കിടെ ഞാന്‍ അവളെ ഓര്‍ക്കും. മറ്റെന്തെങ്കിലും ആലോചന വന്ന് മൂടി അപ്പോള്‍ തന്നെ മറക്കും.

കാലം കടന്നു. അവളുമായി ഒരു ബന്ധവും ഇല്ലാത്ത രീതിയില്‍ ആയിരുന്നു പിന്നെ വിധി എന്നെ റാഞ്ചി എടുത്ത് പറന്ന് പോയത്. നീണ്ട 19 വര്‍ഷത്തെ പ്രവാസ ജീവിതം. ഇതിനിടയില്‍ ഞാന്‍ വിവാഹിതനായി. ഒരു മകളും ഉണ്ടായി. ഇരുപതു വര്‍ഷങ്ങള്‍ക്കപ്പുറം നാട്ടില്‍ ഉള്ള ചില സഹപാഠികളുടെ ഉത്സാഹത്തില്‍ 22 September 2013 ന് എല്ലാരും വീണ്ടും ഒത്തുചേരുന്നു എന്നറിയിച്ചു.

അതിന്റെ ഭാഗമായാണ് ഞാന്‍ നാട്ടില്‍ പോയത്.....
അങ്ങനെയാണ് ഞാന്‍ കോളേജില്‍ പോയത്.....
ഞങ്ങള്‍ പഠിച്ച ക്ലാസ്സില്‍ പോയത്.....
കൂട്ടത്തില്‍ ശ്രുതിയെ ഓര്മ്മ വന്നത്.....
അവള്‍ അവസാനമായി പറഞ്ഞത് ഓര്‍ത്തത്.....
ആ ജനലിനരികെ പോയത്.....
അവളുടെ ഹൃദയം കണ്ടത്.....

 S

ഈശ്വരാ.... ഈ പ്രണയം ഞാന്‍ അറിയാതെ പോയല്ലോ?

അച്ഛന് കൊടുത്ത വാക്ക് തെറ്റിച്ചു കൊണ്ട് ഞാന്‍ വീണ്ടും എങ്ങിയേങ്ങി കരഞ്ഞു. 
അല്ല, ഇന്നും ആരും കാണാതെ കരയുന്നു.
----------------------------------------------------------------------------------
കുറിപ്പ്: ശ്രുതിയെ കണ്ടെത്താന്‍ ഞാന്‍ തീരുമാനിച്ചു. ഫേസ്ബുക്കില്‍ ഒന്നും അവളെ കണ്ടില്ല. എന്നാല്‍ അവളോടൊപ്പം പണ്ട് സ്കൂളില്‍ പഠിച്ച ഒരു സുഹൃത്ത് വഴി കാര്യങ്ങള്‍ അറിഞ്ഞു.

അവളുടെ അനിയത്തി മരിച്ചു. അന്ന് മുതല്‍ അമ്മ സ്വബോധം ഇല്ലാത്ത പോലെയാണ്. ശ്രുതി ഇന്നും അവിവാഹിതയാണ്.

എന്റെ കൈകള്‍ വീണ്ടും തണുത്തു..........
----------------------------------------------------------------------------------

ഊണിന് എന്ത് വേണം?


ഭാര്യ : "ഉച്ചക്ക് കഴിക്കാൻ എന്താണ് ഉണ്ടാക്കേണ്ടത് ?"

ഞാൻ : "നീ എന്തെങ്കിലും ഉണ്ടാക്കിയാൽ മതി"

ഭാര്യ : "നിങ്ങളുടെ ഇഷ്ട്ടം പറഞ്ഞോളൂ"

ഞാൻ : "കൊള്ളിയും (കപ്പ, മരച്ചീനി) ഉള്ളി തീയലും കഴിക്കാം"

ഭാര്യ : "ഉച്ചക്ക് കൊള്ളി കഴിക്കണ്ട"

ഞാൻ : "എങ്കിൽ ചപ്പാത്തിയും കിഴങ്ങ് കറിയും ആവട്ടെ"

ഭാര്യ : "അത് രാത്രി കഴിക്കാം"

ഞാൻ : "ചോറും എന്തേലും കൂട്ടാനും മതി"

ഭാര്യ : "എപ്പോഴും ചോറോ? പിള്ളേര് കഴിക്കില്ല"

ഞാൻ : "എങ്കിൽ നൂഡിൽസ് ഉണ്ടാക്കിയാൽ മതി."

ഭാര്യ : "നൂഡിൽസ് തീർന്നു പോയല്ലോ"

ഞാൻ : "എങ്കിൽ പൂരിയും പരിപ്പ് കറിയും ആകാം"

ഭാര്യ : "പരിപ്പ് കറി ഗ്യാസ് ഉണ്ടാക്കും. എനിക്ക് പറ്റില്ല."

ഞാൻ : "എങ്കിൽ വെജിറ്റബിള്‍ ബിരിയാണി വച്ചോളൂ. കഴിച്ചിട്ട് കുറേനാളായി"

ഭാര്യ : "അത് നമ്മൾക്ക് ഞായറാഴ്ച ഉണ്ടാക്കാം"

ഞാൻ : "എങ്കിൽ നീ എന്തെങ്കിലും ഉണ്ടാക്ക്"

ഭാര്യ : "അത് വേണ്ട; നിങ്ങളുടെ ഇഷ്ട്ടം പറ"

ഞാൻ : @#$%^&*(

2013 നവംബർ 24, ഞായറാഴ്‌ച

പനിയും തുണിഅലക്കലും


ഞാന്‍ നാട്ടില്‍ ലീവിന് വന്ന കാലം. ഒരു ഞായറാഴ്ച എന്റെ കൂട്ടുകാരന്‍ ശ്രീക്കുട്ടനെ കാണാന്‍ അവന്റെ വീട്ടില്‍ പോയി. അവന്‍ അപ്പോള്‍ തുണി നനച്ചിടുന്ന തിരക്കിലായിരുന്നു. മുറ്റം നിറയെ തുണികള്‍.

“ഇതെന്താ ഒരു വര്ഷ‍ത്തേയ്ക്കുള്ള തുണി നനച്ചിടുവാണോ? നിന്റെ ഭാര്യ ഇല്ലേ?”

അവന്‍ പറഞ്ഞു, “അവള്‍ക്ക് തീരെ സുഖമില്ല. നല്ല പനി. രാവിലെ ഡോക്ടറെ കണ്ടു. അവള്‍ക്ക് ചൂട് കൂടുമ്പോള്‍ തുണി നനച്ചിടാന്‍ ഡോക്ടര്‍ എന്നോട് പറഞ്ഞു"

ഞാന്‍ പറഞ്ഞു, "ഞാന്‍ ഇവിടെ ഇല്ലാതിരുന്ന കുറെ നാളുകളില്‍ ഇറങ്ങിയ ഓരോരോ ചികില്സാ രീതികള്‍. ഹോ... എന്താല്ലേ?"

പാവം അവന്‍ എന്നെ ദയനീയമായി ഒന്ന് നോക്കി. "നീ ഇവിടിരിക്ക്. ഞാന്‍ അവളുടെ പനി കുറഞ്ഞോ നോക്കിയിട്ട് ഇപ്പം വരാം" എന്ന് പറഞ്ഞ് അകത്തേയ്ക്ക് കയറി. പോകുന്ന വഴിയില്‍ അല്പം ഉറക്കെ പറയുന്നത് കേട്ടു. "പൊന്ന് മാദേവരെ, അവളുടെ ചൂട് കുറഞ്ഞാല്‍ മതിയായിരുന്നു. ഇന്നിനി തുണി നനച്ചിടാന്‍ എനിക്ക് വയ്യ".

പാവം ശ്രീക്കുട്ടന്‍. പുറത്തിരുന്ന് ഞാനും അവന് വേണ്ടി ആത്മാര്‍ധ്മായി പ്രാര്‍ഥിച്ചു.

2013 നവംബർ 23, ശനിയാഴ്‌ച

പഴംപൊരിയും ഡ്രൈവിംഗ് ലൈസന്‍സും


പഠനം കഴിഞ്ഞ് റിസള്‍ട്ട് കാത്തിരിക്കുന്ന കാലം. ഡ്രൈവിംഗ് ലൈസന്‍സ്‌ എടുക്കാന്‍ തീരുമാനിച്ചു. എന്റെ ജന്മനാടായ കിളിമാനൂര്‍ RTO ഓഫീസ്. അവസാന കടമ്പയായ റോഡ്‌ ടെസ്റ്റ്‌ കഴിഞ്ഞു. ടെസ്റ്റിന് വന്ന സാര്‍ സംഭവം പാസ്സാക്കിയ പേപ്പര്‍ കയ്യില്‍ തന്നു. ഇനി RTO ഒപ്പിടണം. എന്നാലേ ചടങ്ങുകള്‍ തീരൂ. സന്തോഷം തുളുമ്പുന്ന മനസ്സുമായി ഓഫീസിലേയ്ക്ക് പോയി. ഗൌരവക്കാരനായ, അല്പം പ്രായമുള്ള ഓഫീസര്‍,
“എന്താ?”
“ഡ്രൈവിംഗ് ടെസ്റ്റ്‌ പാസ്സായി. ഇനി സാര്‍ ഒപ്പിടണം”
“പേപ്പര്‍ എവിടെ?”
ഞാന്‍ പേപ്പര്‍ എടുത്തു അദ്ദേഹത്തിന്റെക മേശപ്പുറത്തു വച്ചു. ഈ സമയം കതകില്‍ ഒരു മുട്ട് കേട്ടു. ഞാന്‍ ഓടിപ്പോയി വാതില്‍ തുറന്നു. ചായക്കാരന്‍. ഒരു കയ്യില്‍ ചായപ്പത്രവും മറുകയ്യില്‍ ഗ്ലാസ്സും ചില പലഹാരങ്ങളും. അയാള്‍ സാറിന്റെ അടുത്തേയ്ക്ക് പോയി. ഞാന്‍ വാതിലും തുറന്നു പിടിച്ചു കൊണ്ട് അവിടെ തന്നെ നിന്നു. ചായക്കാരന്‍ ഒരു ഗ്ലാസ്സില്‍ ചായയും ഒരു പ്ലേറ്റില്‍ രണ്ടു പഴംപൊരിയും വച്ച് ഇറങ്ങി പോയി. ഞാന്‍ കതകു ചാരിയിട്ട് തിരിയെ വന്ന് ഭവ്യതയോടെ നിന്നു. ഇതിനിടെ ഓഫീസര്‍ എന്റെ പേപ്പര്‍ ഒപ്പിട്ടിട്ടുണ്ടായിരുന്നോ? അറിയില്ല. മുറിയില്‍ പഴംപൊരിയുടെ നല്ല മണം. എനിക്കോ, ഭീകര വിശപ്പും.

മേശപ്പുറത്ത് എന്റെ ലൈസന്‍സ്‌ പേപ്പറും ചായയും പഴംപൊരിയും. കയ്യില്‍ തടിച്ച പുസ്തകവും പിടിച്ചിരിക്കുന്ന സാര്‍ എന്നെ നോക്കി പറഞ്ഞു.
“എടുത്തോടാ....”
ഞാന്‍ നോക്കുമ്പോള്‍ മുന്നില്‍ രണ്ടു ചൂട്‌ പഴംപൊരികള്‍. അവര്‍ എന്നെ നോക്കി പുഞ്ചിരിക്കുന്നു.
“ഓ... വേണ്ട സാര്‍”
“ഹാ... എടുത്തോ...”
“എനിക്ക് വേണ്ട സാര്‍”
“നിന്നോടല്ലേ എടുക്കാന്‍ പറഞ്ഞത്. ഇനി ഞാന്‍ തന്നെ എടുത്തു തരണോ?”
“എന്നാല്‍ എനിക്ക് ഒരെണ്ണം മതി” എന്നും പറഞ്ഞ് ഒരു പഴംപൊരി എടുത്ത് ഒരൊറ്റ കടി....

കയ്യിലെ ബുക്ക് താഴെ വച്ച് എന്നെ രൂക്ഷമായി നോക്കിക്കൊണ്ട് “നിന്റെ ഒരു ലൈസന്‍സ്‌” എന്നും പറഞ്ഞ് പേപ്പര്‍ ചന്നം പിന്നം കീറി വലിച്ചെറിഞ്ഞു.
“ഇറങ്ങി പോടാ”

പഴംപൊരി തിന്നാന്‍ താമസിച്ചതിനു ലൈസന്‍സ്‌ കീറിയതെന്തിനെന്നു എനിക്ക് മനസ്സിലായില്ല. അന്നും ഇന്നും.... എന്താവും കാരണം?

2013 നവംബർ 21, വ്യാഴാഴ്‌ച

കൊച്ചിയിലെ എന്റെ അമ്മ


കൊച്ചിയില്‍ ബസ്സിറങ്ങി നടന്ന് എം.ജി റോഡിലെത്തി. ഒരു കടയില്‍ കയറി വീട്ടിലെ മൊബൈല്‍ ഫോണിന്റെ കേടായ ചാര്‍ജറിനു പകരം പുതിയത് ഒരെണ്ണം വാങ്ങി. മൊബൈല്‍ റീ-ചാര്‍ജ്‌ ചെയ്തു. അടുത്തു കണ്ട ഒരു കടയില്‍ നിന്നും ഉപ്പിട്ട നാരങ്ങാ വെള്ളവും കുടിച്ചു. ഇനിയും കിടക്കുന്നു സമയം. ഉച്ച കഴിഞ്ഞ് വൈറ്റിലയില്‍ ഒരാളെ കാണാന്‍ പോണം. അതും കഴിഞ്ഞ് ഇടപ്പള്ളിയിലെ അമ്മായിയുടെ വീട്ടില്‍ ഇന്ന് താമസം. നാളെ രാവിലെ തിരിയെ തിരുവനന്തപുരം പോണം.

പക്ഷെ എന്നാലും ഇനിയും കിടക്കുന്നു സമയം. റോഡരികില്‍ നടക്കുന്ന മാജിക്‌ കുറച്ചു നേരം നോക്കി നിന്നു. നല്ല വിശപ്പ്‌. ഊണ് കാലം ആയില്ല. ഒരു നാരങ്ങാവെള്ളം കൊണ്ട് ഒന്നും ആയില്ല. അടുത്ത് കണ്ട ഒരു ചെറിയ ഹോട്ടലില്‍ കയറി. ഹോട്ടലിന്റെ പേരൊന്നും എഴുതിയിട്ടില്ല. സ്കൂളിലെ പോലെ നടുവ് വളഞ്ഞ നാല് ഡെസ്കും കിരുകിരാ ശബ്ദം ഉണ്ടാക്കുന്ന നാല് ബെഞ്ചുകളും. ഒരു ഹോട്ടലിന്റെ ഭാവം തീരെ ഇല്ല. ഒരു പ്രായമായ അമ്മയും അവരുടെ മകളെ പോലെയുള്ള മറ്റൊരു സ്ത്രീയും മാത്രം. അധികം വിഭവങ്ങള്‍ ഒന്നും ഇല്ല.

"എന്ത് വേണം മോനെ?" ആ അമ്മ ചോദിച്ചു.
"അപ്പവും കടലക്കറിയും". അത് രണ്ടും ആ മേശയില്‍ തന്നെ ഇരിക്കുന്നത് ഞാന്‍ കണ്ടിരുന്നു. അവര്‍ ഒരു വാഴയില കഷണം കൊണ്ട് തന്നു.
"വേണ്ടത് എടുത്തു കഴിച്ചോ മോനെ" എന്ന് പറഞ്ഞ് അപ്പവും കടലക്കറിയും എന്റെ അടുത്തേയ്ക്ക് നീക്കി വച്ചു.

ങേ? ഇങ്ങനൊരു ഹോട്ടലോ? ഞാന്‍ രണ്ട് അപ്പവും ആവശ്യത്തിന് കറിയും എടുത്ത് കഴിച്ചു തുടങ്ങി.
"ഹോ... എന്തൊരു സ്വാദ്". ഞാന്‍ വീണ്ടും രണ്ടെണ്ണം കൂടി എടുത്തു. ഒരു ചായയും കുടിച്ച് കൈ കഴുകി പണം കൊടുക്കാനുള്ള സ്ഥലത്തെത്തി.
"എത്രയായി?"
"നാലപ്പവും കറിയും ചായയും അല്ലെ? ഇരുപത്. അവിടെ മേശപ്പുറത്തുള്ള പെട്ടിയില്‍ ഇട്ടോ മോനെ". അവര്‍ അങ്ങോട്ട്‌ വരുന്ന പോലും ഇല്ല. വിലക്കുറവും അവരുടെ അതിഥികളില്‍ ഉള്ള വിശ്വാസവും എന്നെ അത്ഭുതപ്പെടുത്തി. പോക്കറ്റില്‍ കയ്യിട്ട ഞാന്‍ ഞെട്ടി. പോക്കറ്റ് കാലി. ആരോ പോക്കറ്റടിച്ചു. നാനൂറ് രൂപയെങ്കിലും ഉണ്ടായിരുന്നു. ദൈവമേ കഴിച്ച ഭക്ഷണത്തിന്റെ പണം കൊടുക്കണം, വൈറ്റില പോണം, ഇടപ്പള്ളി പോണം. എന്ത് ചെയ്യും?

എന്നിലെ ദേവനെ എന്നിലെ തന്നെ അസുരന്‍ ഇതിനകം കീഴ്പ്പെടുത്തിരുന്നു. എന്റെ വലതു കൈ ഉടുപ്പിന്റെ പോക്കറ്റില്‍ നിന്നും പണപ്പെട്ടിയിലെയ്ക്ക് പണം വെയ്ക്കുന്ന മാതിരി നീങ്ങിയിട്ട് അതില്‍ നിന്നും ഇരുപതിന്റെ രണ്ട് നോട്ടുകള്‍ എടുത്ത് പോക്കടിലെയ്ക്ക് വച്ചു. ഹൃദയമിടിപ്പ് കൂടി, വിയര്‍ക്കാന്‍ തുടങ്ങി, കുറ്റബോധം എന്നെ വല്ലത്ത ഒരവസ്ഥയില്‍ എത്തിച്ചു. പക്ഷെ എന്റെ മുന്നില്‍ മറ്റൊരു വഴിയും കണ്ടില്ല. വൈറ്റിലയില്‍ പോയ ശേഷം ഇടപ്പള്ളിയില്‍ എത്തി. അമ്മായിയോട് നടന്ന കാര്യം പറഞ്ഞു. അവിടുന്ന് അഞ്ഞൂറ് രൂപയും വാങ്ങി. അന്നത്തെ ദിവസം എങ്ങനെയോ കഴിഞ്ഞു.

പിറ്റേന്ന് രാവിലെ കാപ്പി പോലും കുടിക്കാതെ ഞാന്‍ ഇടപ്പള്ളിയില്‍ നിന്നും തിരിച്ച് ആ അമ്മയുടെ കടയില്‍ എത്തി. മേശപ്പുറത്തെ പണപ്പെട്ടിയെ ഞാന്‍ നോക്കിയതേ ഇല്ല. പുട്ടും പയറും പപ്പടവും ചായയും കഴിച്ചു. അന്നും ആ അമ്മ പണപ്പെട്ടിയുടെ അടുത്ത് വന്നില്ല. വിളിച്ചു പറഞ്ഞു,
"ഇരുപത് രൂപാ ആ പെട്ടിയില്‍ ഇട്ടോ മോനെ"

ഞാന്‍ ഇരുപതിന്റെ അഞ്ചു നോട്ടുകള്‍ ചുരുട്ടി ആ പെട്ടിയില്‍ ഇട്ടു. അങ്ങന ഒരു ദിവസത്തിനു ശേഷം തലയുയര്‍ത്തി അവിടെ നിന്ന് പുറത്തിറങ്ങി. ഞാനും ദൈവവും മാത്രം സാക്ഷിയായ ഒരു കള്ളത്തരം അവിടെ തീര്‍ന്നു.

"നന്ദി ദൈവമേ. കൊച്ചിയിലെ എന്റെ അമ്മയ്ക്ക് ദീഘയുസ്സും ആരോഗ്യവും കൊടുക്കണേ ദൈവമേ".

ഒന്ന് മുതല്‍ പന്ത്രണ്ടു വരെ


എനിക്കന്ന് മൂന്നു വയസ്സ് ആവുന്നെ ഉള്ളൂ. ഇന്നത്തെ കുട്ടികളെ  LKG എന്ന പേരില്‍ പഠനക്കുരുക്കില്‍ ജീവിതം എന്നെന്നേക്കുമായി തളച്ചിടുന്ന പ്രായം. പള്ളികൂടം ഉള്ള നാളുകളില്‍ പകല്‍ നേരം എന്റെ അതേ പ്രായത്തില്‍ ആരും തന്നെ വീടിനടുത്തില്ല. എല്ലാരും പഠിക്കാന്‍ പോകും. വീട്ടിലെ എന്റെ വിശ്രമം ഇല്ലാതെയുള്ള തരികിടകള്‍ കുറയ്കാന്‍ വേണ്ടി ആവണം അടുത്തുള്ള പാറുക്കുട്ടി സാറിന്റെ നിലത്തെഴുത്ത് പാഠശാലയില്‍ എന്നെ കൊണ്ട് ചേര്‍ത്തു. അത്രയും നേരം സ്വൈര്യം കിട്ടാനാവും.

അമ്മയുടെ കയ്യും പിടിച്ച് ഞാന്‍ അവിടെ എത്തി. അമ്മയുടെ കയ്യില്‍ ഒരു ചെറിയ ഇലയില്‍ പൊതിഞ്ഞ, കൂട്ടാന്‍ ഒഴിച്ച് കുഴച്ച ചോറും ചമ്മന്തിയും. എന്റെ കയ്യില്‍ ഒരു പുതിയ സ്ലേറ്റും പെന്‍സിലും. അവിടെ ഞാനായിരുന്നു ഏറ്റവും ചെറിയ കുട്ടി. ചുറ്റും നാലാം ക്ലാസ്സ് വരെയുള്ള ചേട്ടന്മാരും ചേച്ചിമാരും. കുറെ നേരം ഞാന്‍ വെറുതെ ഇരുന്നു. പാറുക്കുട്ടി സാര്‍ എന്നോട് എത്ര വരെ എണ്ണാന്‍ അറിയാം എന്ന് ചോദിച്ചു. ഞാന്‍ നൂറു വരെ എണ്ണി. അക്ഷരമാല ചോദിച്ചു, ആഴ്ചയിലെ ദിവസങ്ങളും മാസങ്ങളും ചോദിച്ചു. ഞാന്‍ അതും പറഞ്ഞു. മലയാള മാസങ്ങള്‍ ചോദിച്ചു, മലയാളത്തിലെ നാളുകള്‍ വരെ ഞാന്‍ പറഞ്ഞു. ടീച്ചറിനു പരിഭ്രമം ആയി. ഇവന് ഇനി എന്ത് പണി കൊടുക്കും?

"നിനക്ക് ഒന്ന് മുതല്‍ പത്തു വരെ എഴുതാന്‍ അറിയാമോ?"
"ഇല്ല" ഞാന്‍ പറഞ്ഞു.

ടീച്ചറിനു സമാധാനം ആയി. അവര്‍ ബോര്‍ഡില്‍ ഒന്ന് മുതല്‍ പത്തു വരെയുള്ള സംഖ്യകള്‍ എഴുതി. എന്നിട്ട് എന്നോട് അത് പോലെ നോക്കി എഴുതാന്‍ പറഞ്ഞു. ശേഷം മറ്റുള്ളവരെ പഠിപ്പിക്കാന്‍ തുടങ്ങി. ഒന്നോ രണ്ടോ തവണ എഴുതിയപ്പോള്‍ എനിക്ക് മടുത്തു. അടുത്തിരിക്കുനവരുമായി സംസാരിക്കാന്‍ തുടങ്ങി. ടീച്ചറിനു ദേഷ്യം വന്നു.

"ഇത് എഴുതാന്‍ പഠിച്ചോ?"
"ഉം"
"എന്നാല്‍ ഒരു പ്രാവശ്യം എഴുതിക്കാണിക്ക്". ഇതും പറഞ്ഞ് ബോര്‍ഡില്‍ എഴുതിയത് മായ്ച്ചു കളഞ്ഞു.

ഞാന്‍ എഴുതിത്തുടങ്ങി. കഴിഞ്ഞപ്പോള്‍ ടീച്ചറുടെ കയ്യില്‍ സ്ലേറ്റ് കൊണ്ട് പോയി കൊടുത്തു.
"ങേ? ഇതില്‍ എങ്ങനാ 1 മുതല്‍ 12 വരെ വന്നത്? ഞാന്‍ പത്തു വരെ അല്ലെ പഠിപ്പിച്ചുള്ളൂ?" ഇതും പറഞ്ഞ് എന്റെ മുഖത്ത് നോക്കി. ഞാന്‍ ഒന്നും അറിയാത്ത പോലെ ഭിത്തിയില്‍ തൂക്കിയിരുന്ന ഘടികാരത്തിന്റെ ഡയലില്‍ നോക്കി. ടീച്ചറിനു കാര്യം മനസ്സിലായി. അവര്‍ ഒന്നും മിണ്ടാതെ എന്റെ കയ്യില്‍ സ്ലേറ്റ് തന്നു മുഖത്തേയ്ക്ക് ഒന്ന് രൂക്ഷമായി നോക്കി. എന്നിട്ട് ക്ലോക്കിനടുത്തു തൂക്കിയിരുന്ന കലണ്ടര്‍ എടുത്തു മാറ്റി.

"ഇനി നീ നാളെ ചിലപ്പോ 31വരെ എഴുതിയാലോ?"

അങ്ങനെ എന്റെ ആദ്യത്തെ എഴുത്ത് വിദ്യാഭ്യാസം സംഭവബഹുലമായി ആരംഭിച്ചു.

2013 നവംബർ 20, ബുധനാഴ്‌ച

അടികൂടാന്‍ ഓരോ കാരണങ്ങള്‍


ഒരു ഭാര്യയും ഭര്‍ത്താവും രണ്ടു ഭാഗത്തേക്ക് തിരിഞ്ഞു മിണ്ടാതെ കിടക്കുന്നു.... 
ഈ സമയം ഭാര്യ ചിന്തിക്കുന്നു..

എന്നോടെന്താ സംസാരിക്കാത്തെ?
ഇനി വേറെ ഏതെങ്കിലും പെണ്ണിനെ കുറിച്ചാണോ ചിന്ത?
ഓഫീസില്‍ ഒരു പുതിയ പെണ്ണ് വന്നെന്നു പറഞ്ഞു. അതിനു ശേഷമാണോ ഈ മാറ്റം?
അതോ എന്റെ സൌന്ദര്യം കുറഞ്ഞോ?
തടി കൂടിയതിനു ശേഷം ആണോ സ്നേഹം ഇല്ലാത്തെ?
ഇനി ഞാന്‍ ഫെസ്ബൂക് നോക്കുന്നത് ഇഷ്ട്ടമല്ലേ?
ഇങ്ങോരും ചെയ്യുന്നുണ്ടല്ലോ..?
എന്തിനാ എന്നോട് മിണ്ടാത്തേ??

അതെ സമയം ഭര്‍ത്താവ് ചിന്തിക്കുന്നതോ..?
.
.
.
.

"ഛെ.... എന്തിനാപ്പോ ഇത്ര നേരത്തെ സച്ചിന്‍ പിരിഞ്ഞു പോയെ... കഷ്ടം?"

ഭര്‍ത്താക്കന്മാര്‍ പാവങ്ങളാ ... ഇങ്ങളിതൊക്കെ തിരിച്ചറിയാന്‍ ടൈം എടുക്കും. പാവം ഭര്‍ത്താവ്...

ഞാനും ശ്രീക്കുട്ടനും മുംബയില്‍


അങ്ങനെ ഞങ്ങള്‍ മുംബയില്‍ എത്തി രണ്ടു നാളായി. ചെമ്പൂരില്‍ അമമൂമ്മയോടൊപ്പം ആണ് താമസം. വെറുതെ കറങ്ങാന്‍ ഇറങ്ങി. തിരക്കുള്ള ട്രെയിന്‍ കയറി, വടാപ്പാവ് കഴിച്ചു, സ്റേഷനില്‍ ഇറങ്ങി നടന്ന് ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ എത്തി. അമ്പരചുംബികളായ കെട്ടിടങ്ങള്‍ കണ്ട് അന്ധാളിച്ചു. പഴയതും പുതിയതുമായ താജ് ഹോട്ടല്‍ കണ്ട് അമ്പരന്നു. പുതിയ താജ് ഹോട്ടലില്‍ എത്ര നിലകള്‍  ഉണ്ടെന്ന് എണ്ണാന്‍ തുടങ്ങി....

1-2-3-4......

"യെ ക്യാഹെ?" രണ്ടു ഭീകരരൂപങ്ങള്‍ ഞങ്ങളുടെ അടുത്ത് വന്നു. അതില്‍ ഒരാള്‍ മലയാളത്തില്‍ പറഞ്ഞു, "നിങ്ങള്‍ എന്ത് ചെയ്യുവാണെന്ന് ഭായി ചോദിക്കുന്നു."
"ഞങ്ങള്‍ ആ കെട്ടിടത്തിന്റെ നിലകള്‍ എണ്ണുവാണ്" ഞാന്‍ മൊഴിഞ്ഞു.
"ഇവിടെ എണ്ണാന്‍ പാടില്ല എന്നറിയില്ലേ? ഏതായാലും ഒരു നിലയ്ക്ക് പത്തു രൂപ വച്ചു തരണം. നീ എത്ര എണ്ണി?"
"നാല്" ഞാന്‍ പറഞ്ഞു. എന്നിട്ട് നാല്‍പ്പതു രൂപ കൊടുത്തു.
"പന്ത്രണ്ട്" എന്ന് പറഞ്ഞ് ശ്രീക്കുട്ടന്‍ നൂറ്റി ഇരുപത് രൂപ കൊടുത്തു.
"ഉം... പൊയ്ക്കോ" അയാള്‍ പറഞ്ഞു....

വെറുതെ കയ്യിലെ പണം പോയല്ലോ എന്ന് ഞാന്‍ വിഷമത്തോടെ കരുതുമ്പോള്‍ ശ്രീക്കുട്ടന്‍ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. എന്നിട്ട് പറഞ്ഞു, "എടേ സുജീ, ലവന്മാര്‍ മണ്ടന്മാര്‍ തന്നെ. ഞാന്‍ സത്യത്തില്‍ ഇരുപത് നില വരെ എണ്ണിയായിരുന്നു".

ശ്രീക്കുട്ടന്റെ ബുദ്ധിയില്‍ എനിക്ക് അഭിമാനം തോന്നി. ഇതുപോലെ ഒരാളെ എന്റെ കൂട്ടുകാരന്‍ ആക്കിയല്ലോ....

ഹെന്റെ ശ്രീപദ്മനാഭാ....

ഉണ്ണിക്കുട്ടന്റെ നോമ്പ്‌


മഞ്ചേരി സര്‍ക്കാര്‍ ടൌണ്‍ എല്‍.പി സ്കൂളിലെ മൂന്നാം ക്ലാസ്സുകാരന്‍ ഉണ്ണിക്കുട്ടന്‍, ജൊസഫ് സാറിന്റെ കണക്ക് പിരിഡില്‍ തല കറങ്ങി വീണു. രാവിലെ മുതല്‍ അസ്വസ്ഥനായിരുന്നു ഉണ്ണിക്കുട്ടന്‍. വെറുതെ വിയര്‍ക്കുന്നുണ്ടായിരുന്നു. വരണ്ട ചുണ്ടുകള്‍.... മുഖം ആകെ കരുവാളിച്ച പോലെ.... 

(ഉണ്ണിക്കുട്ടനെ അറിയില്ലേ? രണ്ടു വര്ഷം മുന്നേ ഹൃദയാഘാതം വന്നു മരിച്ച സഖാവ് കൃഷ്ണന്റെ മകന്‍. ചെറുപ്പ കാലത്ത് തെക്കന്‍ കേരളത്തില്‍ എവിടെയോ നിന്ന് മഞ്ചേരിയില്‍ വന്നയാളാണ് കൃഷ്ണന്‍. ലക്ഷം വീട് കോളനിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ വെന്തുമരിച്ച കുടുംബത്തിലെ അവശേഷിച്ച എല്‍സ എന്ന പെണ്ണിനെ വിവാഹം കഴിച്ച് കൂലിപ്പണിയും ആയി അവിടെ തന്നെ കൂടി. അവരുടെ ഒരേ ഒരു മകന്‍... ഉണ്ണിക്കുട്ടന്‍....)

ആരോ മുഖത്ത് വെള്ളം കുടഞ്ഞു. അവന്‍ മെല്ലെ കണ്ണ് തുറന്നു ചുറ്റും നോക്കി. എഴുന്നേറ്റിരുന്ന് പാത്രത്തില്‍ ബാക്കി വന്ന വെള്ളം നിര്‍ത്താതെ വലിച്ചു കുടിച്ചു.
"എന്തെ ഉണ്ണീ? എന്ത് പറ്റി? നീ രാവിലെ ഒന്നും കഴിച്ചില്ലേ?"

അവന്‍ ആദ്യം ഒന്നും മിണ്ടിയില്ല. ജൊസഫ് സാര്‍ നിര്‍ബന്ധിച്ചപ്പോ അവന്‍ പറഞ്ഞു തുടങ്ങി.
"അമ്മ രണ്ടാഴ്ചയായി കിടപ്പിലാണ്. ജോലിയ്ക്ക് പോകുന്നില്ല. വീട്ടില്‍ ആഹാരം വെയ്ക്കാതെ ഇപ്പോള്‍ ഒരാഴ്ച ആവുന്നു. സ്കൂളില്‍ ഒരു നേരം കിട്ടുന്ന ഉച്ചക്കഞ്ഞിയാണ് എന്റെ ഒരു ദിവസത്തെ ആഹാരം. ഇപ്പൊ മൂന്നു ദിവസം ആയി നോമ്പ് തുടങ്ങിയപ്പോ സ്കൂളില്‍ ഉച്ചക്കഞ്ഞി നിര്‍ത്തിയല്ലോ. അങ്ങനെ അതും ഇല്ല. പണ്ട് ശനീം ഞായറും മാത്രേ എനിക്ക് പേടി ഉണ്ടായിരുന്നുള്ളൂ. അന്ന് സ്കൂളില്ലല്ലോ, ഉച്ചക്കഞ്ഞിയും ഇല്ല. വേറെ വഴിയില്ലാതെ മൂന്നു ദിവസം ആയി ഞാനും നോമ്പെടുക്കുവാ. വൈകുന്നേരം പോലും നോമ്പ് മുറിക്കാതെ ഉള്ള നോമ്പ്...... "