എനിക്കന്ന് മൂന്നു വയസ്സ് ആവുന്നെ ഉള്ളൂ. ഇന്നത്തെ കുട്ടികളെ LKG എന്ന പേരില്‍ പഠനക്കുരുക്കില്‍ ജീവിതം എന്നെന്നേക്കുമായി തളച്ചിടുന്ന പ്രായം. പള്ളികൂടം ഉള്ള നാളുകളില്‍ പകല്‍ നേരം എന്റെ അതേ പ്രായത്തില്‍ ആരും തന്നെ വീടിനടുത്തില്ല. എല്ലാരും പഠിക്കാന്‍ പോകും. വീട്ടിലെ എന്റെ വിശ്രമം ഇല്ലാതെയുള്ള തരികിടകള്‍ കുറയ്കാന്‍ വേണ്ടി ആവണം അടുത്തുള്ള പാറുക്കുട്ടി സാറിന്റെ നിലത്തെഴുത്ത് പാഠശാലയില്‍ എന്നെ കൊണ്ട് ചേര്‍ത്തു. അത്രയും നേരം സ്വൈര്യം കിട്ടാനാവും.
അമ്മയുടെ കയ്യും പിടിച്ച് ഞാന്‍ അവിടെ എത്തി. അമ്മയുടെ കയ്യില്‍ ഒരു ചെറിയ ഇലയില്‍ പൊതിഞ്ഞ, കൂട്ടാന്‍ ഒഴിച്ച് കുഴച്ച ചോറും ചമ്മന്തിയും. എന്റെ കയ്യില്‍ ഒരു പുതിയ സ്ലേറ്റും പെന്‍സിലും. അവിടെ ഞാനായിരുന്നു ഏറ്റവും ചെറിയ കുട്ടി. ചുറ്റും നാലാം ക്ലാസ്സ് വരെയുള്ള ചേട്ടന്മാരും ചേച്ചിമാരും. കുറെ നേരം ഞാന്‍ വെറുതെ ഇരുന്നു. പാറുക്കുട്ടി സാര്‍ എന്നോട് എത്ര വരെ എണ്ണാന്‍ അറിയാം എന്ന് ചോദിച്ചു. ഞാന്‍ നൂറു വരെ എണ്ണി. അക്ഷരമാല ചോദിച്ചു, ആഴ്ചയിലെ ദിവസങ്ങളും മാസങ്ങളും ചോദിച്ചു. ഞാന്‍ അതും പറഞ്ഞു. മലയാള മാസങ്ങള്‍ ചോദിച്ചു, മലയാളത്തിലെ നാളുകള്‍ വരെ ഞാന്‍ പറഞ്ഞു. ടീച്ചറിനു പരിഭ്രമം ആയി. ഇവന് ഇനി എന്ത് പണി കൊടുക്കും?
"നിനക്ക് ഒന്ന് മുതല്‍ പത്തു വരെ എഴുതാന്‍ അറിയാമോ?"
"ഇല്ല" ഞാന്‍ പറഞ്ഞു.
ടീച്ചറിനു സമാധാനം ആയി. അവര്‍ ബോര്‍ഡില്‍ ഒന്ന് മുതല്‍ പത്തു വരെയുള്ള സംഖ്യകള്‍ എഴുതി. എന്നിട്ട് എന്നോട് അത് പോലെ നോക്കി എഴുതാന്‍ പറഞ്ഞു. ശേഷം മറ്റുള്ളവരെ പഠിപ്പിക്കാന്‍ തുടങ്ങി. ഒന്നോ രണ്ടോ തവണ എഴുതിയപ്പോള്‍ എനിക്ക് മടുത്തു. അടുത്തിരിക്കുനവരുമായി സംസാരിക്കാന്‍ തുടങ്ങി. ടീച്ചറിനു ദേഷ്യം വന്നു.
"ഇത് എഴുതാന്‍ പഠിച്ചോ?"
"ഉം"
"എന്നാല്‍ ഒരു പ്രാവശ്യം എഴുതിക്കാണിക്ക്". ഇതും പറഞ്ഞ് ബോര്‍ഡില്‍ എഴുതിയത് മായ്ച്ചു കളഞ്ഞു.
ഞാന്‍ എഴുതിത്തുടങ്ങി. കഴിഞ്ഞപ്പോള്‍ ടീച്ചറുടെ കയ്യില്‍ സ്ലേറ്റ് കൊണ്ട് പോയി കൊടുത്തു.
"ങേ? ഇതില്‍ എങ്ങനാ 1 മുതല്‍ 12 വരെ വന്നത്? ഞാന്‍ പത്തു വരെ അല്ലെ പഠിപ്പിച്ചുള്ളൂ?" ഇതും പറഞ്ഞ് എന്റെ മുഖത്ത് നോക്കി. ഞാന്‍ ഒന്നും അറിയാത്ത പോലെ ഭിത്തിയില്‍ തൂക്കിയിരുന്ന ഘടികാരത്തിന്റെ ഡയലില്‍ നോക്കി. ടീച്ചറിനു കാര്യം മനസ്സിലായി. അവര്‍ ഒന്നും മിണ്ടാതെ എന്റെ കയ്യില്‍ സ്ലേറ്റ് തന്നു മുഖത്തേയ്ക്ക് ഒന്ന് രൂക്ഷമായി നോക്കി. എന്നിട്ട് ക്ലോക്കിനടുത്തു തൂക്കിയിരുന്ന കലണ്ടര്‍ എടുത്തു മാറ്റി.
"ഇനി നീ നാളെ ചിലപ്പോ 31വരെ എഴുതിയാലോ?"
അങ്ങനെ എന്റെ ആദ്യത്തെ എഴുത്ത് വിദ്യാഭ്യാസം സംഭവബഹുലമായി ആരംഭിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ