2013 നവംബർ 20, ബുധനാഴ്‌ച

ഷൂ ഏറ്


ഞാന്‍ ഒമാനില്‍ ജോലി ചെയ്യുന്ന കാലം. നാല് നിലയുള്ള കെട്ടിടത്തിന്റെ മൂന്നാം നിലയിലായിരുന്നു താമസം. എന്നും ജോലി കഴിഞ്ഞ് വളരെ വൈകിയാണ് വീട്ടില്‍ വന്നിരുന്നത്. പാതി രാത്രിയില്‍ ജോലി കഴിഞ്ഞു വന്നാല്‍ കട്ടിലില്‍ ഇരുന്ന് ഷൂസ് മൂലയ്ക്ക് വലിച്ചെറിയുന്ന സ്വഭാവം എനിയ്ക്കുണ്ടായിരുന്നു. ഒച്ച കേട്ട് ഉറക്കം നഷ്ട്ടപ്പെട്ട താഴത്തെ നിലയില്‍ താമസിക്കുന്ന സര്‍ദാര്‍ ഇടയ്ക്കിടെ എന്നോട് പരാതി പറയുമായിരുന്നു. എന്നാല്‍ ഞാനോ പതിവ് രീതി തുടര്‍ന്നുകൊണ്ടിരുന്നു. അവസാനം സഹികെട്ട് ഒരു ദിവസം അയാള്‍ മുകളില്‍ കയറി വന്നു. എനിക്ക് ഒരു വലിയ താക്കീതും നല്‍കി.

"ഇന്ന് രാത്രിയില്‍ നീ ഷൂസ് വലിച്ചെറിഞ്ഞ് എന്റെ ഉറക്കം കളഞ്ഞാല്‍ നിന്റെ വാതില്‍ ചവിട്ടി പൊളിച്ച് നിന്നെ വലിച്ച് താഴേക്ക് എറിയും..."

സര്‍ദാരിന്റെ മൂക്ക് കോപം കൊണ്ട് വിറയ്ക്കുന്നത് കണ്ടു ഞാന്‍ ഒന്നും മിണ്ടാതെ സ്ഥലം വിട്ടു. രാത്രിയില്‍ പതിവുപോലെ വീട്ടില്‍ എത്തി, കട്ടിലില്‍ ഇരുന്നു. ഒരു ഷൂസ് മുറിയുടെ മൂലയിലേക്ക് വലിച്ചെറിഞ്ഞ് കഴിഞ്ഞപ്പോഴാണ് താഴെ താമസിക്കുന്ന സര്‍ദാരിന്റെ മുഖം ഓര്‍മ്മവന്നത്. അതോടെ മറ്റേ ഷൂസ് അഴിച്ച് കയ്യിലെടുത്ത്, പതുക്കെ നടന്ന്, മുറിയുടെ മൂലയില്‍ വച്ചിട്ട് തിരിച്ചു വന്ന് അനങ്ങാതെ കട്ടിലില്‍ കിടന്നു.

അല്പനേരം കഴിഞ്ഞപ്പോള്‍ വാതിലില്‍ ഒരു മുട്ട് കേട്ട് ഞാന്‍ വാതില്‍ തുറന്നു നോക്കുമ്പോള്‍ കലിതുള്ളി നില്ക്കുന്ന സര്‍ദാര്‍. അയാള്‍ അലറി....

"എടാ.... നീ ഒരു ഷൂ അല്ലെ എറിഞ്ഞുള്ളൂ? നിന്റെ മറ്റേ ഷൂസ് കൂടി ഒന്ന് വലിച്ചെറിയാമോ? നാശം..... എത്ര നേരമായി ഉറങ്ങാതെ കട്ടിലില്‍ എഴുന്നേറ്റിരിക്കുന്നു എന്നറിയാമോ?".

ഞാന്‍ പറഞ്ഞു "ഇപ്പ ശെരിയാക്കി തരാം".

സര്‍ദാര്‍ പോയി. ഞാന്‍ സന്തോഷത്തോടെ മുറിയുടെ മൂലയില്‍ പോയി ഒരു ഷൂ എടുത്ത് കട്ടിലില്‍ വന്നിരുന്ന് മൂലയിലെയ്ക്ക് തന്നെ ശക്തിയായി വലിച്ചെറിഞ്ഞു.

അങ്ങനെ എന്റെ ഷൂ ഏറ് വര്‍ഷങ്ങളോളം നിര്‍ബാധം തുടര്‍ന്നു. അന്യരുടെ സന്തോഷം ആണല്ലോ നമ്മുടെയും സന്തോഷം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ