ഒരു തണുത്ത വെളുപ്പാന്‍ കാലം. എനിക്ക് കൊച്ചിയിലേയ്ക്ക് പോണം. ട്രെയിന്‍ സമയം ശെരിയായില്ല. തിരുവനന്തപുരം തമ്പാനൂര്‍ നിന്നും KSRTC ബസ്സില്‍ കയറി. ബസ്സിന്റെ മുന്നിലെ ഡ്രൈവറുടെ സീറ്റിന്റെ പിന്നില്‍ ഇരുന്നു. ബസ്സ് കുറെ ദൂരം പോയി. പുറത്ത് നല്ല മഴ, പതിയെ ചാരിയിരുന്ന് ഉറങ്ങാന്‍ തുടങ്ങി. എവിടെയോ നിര്‍ത്തിയപ്പോള്‍ ഞെട്ടി ഉണര്‍ന്നു ചോദിച്ചു,
"ആലപ്പുഴ എത്തിയോ?"
ഡ്രൈവര്‍ പറഞ്ഞു, "ഇല്ല. ആറ്റിങ്ങല്‍ ആയിട്ടേ ഉള്ളൂ"
യാത്ര തുടന്നു. മഴ നില്‍ക്കുന്ന ലക്ഷണം ഇല്ല. ഉറങ്ങാന്‍ നല്ല സുഖം. വീണ്ടും ബസ്സ് നിര്‍ത്തിയപ്പോള്‍ ഉണര്‍ന്നു ചോദിച്ചു,
"ആലപ്പുഴ എത്തിയോ?"
ഡ്രൈവര്‍ പറഞ്ഞു, ഇല്ല. കൊല്ലം ആയിട്ടേ ഉള്ളൂ"
കരുനാഗപ്പള്ളിയിലും കായംകുളത്തും ഇതാവര്‍ത്തിച്ചപ്പോള്‍ ഡ്രൈവര്‍ പറഞ്ഞു.
"സാറേ, ഇനി ചോദിക്കണ്ടാ. ആലപ്പുഴ എത്തുമ്പോ ഞാന്‍ പറയാം...."
പിന്നെ ഞാന്‍ മിണ്ടിയില്ല. ബസ്സ് ആലപ്പുഴ എത്തിയോ എന്ന് എനിക്ക് ഒരു സംശയം. ഏതായാലും പറയാം എന്ന് ഡ്രൈവര്‍ പറഞ്ഞതല്ലേ. ഞാന്‍ മിണ്ടിയില്ല. ബസ്സ് അവിടുന്നും തിരിച്ചു കുറെ ദൂരം പോയപ്പോള്‍ ഡ്രൈവര്‍ കണ്ടക്ടറെ വിളിച്ചു രഹസ്യമായി എന്തോ കാര്യം പറയുന്നത് കണ്ടു. കണ്ടക്ടര്‍ യാത്രക്കരോടായി പറഞ്ഞു,
"യാത്രക്കാര്‍ എല്ലാവരും ദയവായി സഹകരിക്കണം. നമുക്ക് ഒരാവശ്യം ഉള്ളത് കൊണ്ട് സ്റ്റാന്റിലെയ്ക്ക് തിരിയെ പോണം. ഒരു പത്തു മിനിട്ടത്തെ കാര്യമേ ഉള്ളൂ..."
ചിലരുടെ ചെറിയ മുറുമുറുപ്പുകള്‍ക്കിടയില്‍ ബസ്സ് തിരിയെ സ്റ്റാന്റില്‍ എത്തി. ഡ്രൈവര്‍ പറഞ്ഞു.
"സാറേ എഴുന്നേല്‍ക്ക്. ആലപ്പുഴ എത്തി".
ഞാന്‍ ചെറു മയക്കത്തില്‍ നിന്ന് ഉണര്‍ന്ന് കണ്ണ് തുറന്നു.
"ആഹാ, എത്തിയോ?"
എന്നിട്ട് പതിയെ കയ്യിലെ ബാഗ് തുറന്ന് ഭക്ഷണപ്പൊതി എടുത്ത് തുറന്നു.
"ഇറങ്ങുന്നില്ലേ?" കണ്ടക്ടര്‍ ചോദിച്ചു.
"ഇല്ല. ആലപ്പുഴ എത്തുമ്പോള്‍ ഭക്ഷണം കഴിക്കണം എന്ന് അമ്മ പറഞ്ഞു. അതാ ചോദിച്ചത്".
ഡ്രൈവറും കണ്ടക്ടറും ഒന്ന് ഞെട്ടിയോ? പക്ഷെ രണ്ടു പേരും ഒന്നും മിണ്ടിയില്ല. വെറുതെ മുഖത്തോട് മുഖം നോക്കി. ഡ്രൈവറുടെ മുറുമുറുക്കലോടെ ബസ്സ് വീണ്ടും യാത്ര തുടര്‍ന്നു. ഭക്ഷണം കഴിക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തു,
ഞാന്‍ അത് പറഞ്ഞപ്പോള്‍ കണ്ടക്ടര്‍ എന്തിനാവും സ്വന്തം തലകൊണ്ട് ബസ്സിന്റെ വശത്ത് ഇടിച്ചതും എന്നെ ക്രൂരമായി നോക്കിയതും?

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ