എന്റെ കൂട്ടുകാരന്‍ രവിയും ഭാര്യയും കുട്ടികളും കൂടി ഓണാഘോഷം കാണാന്‍ തിരുവനന്തപുരത്ത് എത്തി. രാത്രി തിരിച്ചു പോകുവാന്‍ കഴിയാത്തതിനാല്‍ അവിടെ ഒരു ഹോട്ടലില്‍ മുറിയെടുത്തു. രവിയും കുടുംബവും മൂന്നാം നിലയിലെ മുറിയില്‍ എത്തി. മുറിയുടെ ഏതെങ്കിലും ഭാഗത്ത് ഒളിക്യാമറ സ്ഥാപിക്കാനുള്ള ആളുകളുടെ സാധ്യത അപ്പോഴാണ് രവിയുടെ തലയില്‍ മിന്നിയത്. രണ്ടുപേരും കൂടി മുറിയുടെ മുക്കും മൂലയും അരിച്ചു പെറുക്കി നോക്കിയെങ്കിലും അങ്ങനെ ഒരു കാര്യം കണ്ടെത്തുവാന്‍ കഴിഞ്ഞില്ല. അവസാനം മുറിയുടെ നടുക്ക് വിരിച്ചിരുന്ന കാര്‍പെറ്റ് ശ്രദ്ധയില്‍ പെട്ടത്. രണ്ടുപേരും കൂടി കാര്‍പ്പെറ്റ് ചുരുട്ടി നോക്കി. അതിന്റെ അടിയില്‍ നടുക്ക് ഒരു വലിയ നട്ട് ഉറപ്പിച്ചിരിക്കുന്നു. പിന്നെ വൈകിയില്ല രണ്ടുപേരും ചേര്‍ന്ന് കഷ്ടപ്പെട്ട് ആ നട്ട് അഴിച്ചു മാറ്റി. വീണ്ടും കാര്‍പെറ്റ് പൂര്‍വസ്ഥിതിയിലാക്കി കിടന്നുറങ്ങി.
നേരം വെളുത്തു. മുറി വെക്കേറ്റ് ചെയ്യുന്ന സമയമായി.രവി മാനേജരുടെ അടുത്തെത്തി ബില്ലടച്ചു.
"സാര്‍, ഇന്നലെ നിങ്ങള്‍ക്ക് ഉറങ്ങുന്നതിനു എന്തെങ്കിലും ബുദ്ധിമുട്ടോ ശബ്ദമോ വല്ലതും ഉണ്ടായോ?"
രവി: "ഇല്ല, ഞങ്ങള്‍ പതിവുപോലെ നന്നായി ഉറങ്ങി. എന്താണ് അങ്ങനെ ചോദിച്ചത്?"
മാനേജര്‍ : "നിങ്ങള്‍ ഉറങ്ങിയതിനു താഴെയുള്ള മുറിയില്‍ കിടന്നിരുന്നവരുടെമേല്‍ മുറിയുടെ നടുക്ക് തൂക്കിയുട്ടിരുന്ന ഫാന്‍ ഇളകി വീണു. അവര്‍ ഇപ്പൊ ഹോസ്പിറ്റലില്‍ ആണ്"
ഒന്നുമറിയാത്ത പോലെ രവി ഭാര്യയെ നോക്കുമ്പോള്‍ പോക്കറ്റില്‍ കിടന്നിരുന്ന നട്ട് ഒന്ന് അനങ്ങിയത് പോലെ തോന്നിയോ? ഏതായാലും ഇത് എന്നോട് പറയുമ്പോള്‍ കുറ്റബോധം കൊണ്ട് അവന്റെ തല അര ഇഞ്ച് താഴ്ന്നിരുന്നു. പാവം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ