2013 നവംബർ 20, ബുധനാഴ്‌ച

ഡയറ്റിംഗ്


എന്റെ ഭാര്യ കുട്ടിക്കാലത്ത് അടുത്തുള്ള പാഞ്ഞാള്‍, ലക്ഷ്മീനാരായണക്ഷേത്രത്തില്‍ പോയി
"ഭഗവാനെ നല്ല വണ്ണം വരുത്തണേ" എന്ന് ദിനവും പ്രാര്‍ഥിക്കുമായിരുന്നു. അത് കൊണ്ടാണോ എന്നറിയില്ല. നല്ല വണ്ണം ഉണ്ടായി.

വിവാഹം കഴിഞ്ഞ് ഞങ്ങള്‍ ഒരുമിച്ച് മസ്കറ്റിലേയ്ക്ക്‌ പറന്നു. അവിടെ ഓരോ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ കറങ്ങി നടക്കുമ്പോള്‍ കാണുന്ന ചില വസ്ത്രങ്ങള്‍ അവളെ വല്ലാതെ ആകര്‍ഷിച്ചു. പറഞ്ഞിട്ടെന്തു കാര്യം. കുറച്ചു മെലിഞ്ഞാലെ അതൊക്കെ ഇടാന്‍ പറ്റൂ. അതിനെന്താ വഴി? ആരോ പറഞ്ഞു കൊടുത്തു "ഡയറ്റിംഗ്". അതും വെറുതെ അല്ല...

ആദ്യത്തെ ദിവസം പഴങ്ങള്‍ മാത്രം....
രണ്ടാമത്തെ ദിവസം വേവിക്കാത്ത പച്ചക്കറികള്‍ കൊണ്ട് സാലട്....
മൂന്നാമത്തെ ദിവസം പഴങ്ങളും പച്ചക്കറികളും സമാസമം....
...........അങ്ങനെ അങ്ങനെ.....

ആദ്യ ദിവസം സുഖകരമായി കഴിഞ്ഞു. രണ്ടാം ദിനം വൈകുന്നേരം. ഞാന്‍ ജോലി കഴിഞ്ഞ് എത്തി. കുളി കഴിഞ്ഞ് ഭക്ഷണം അഴിക്കാന്‍ ഇരുന്നു. ഉള്ളി തീയലും, കോവക്ക മെഴുക്ക്പുരട്ടിയും, ചോറും, തൈരും, ചമ്മന്തിപ്പൊടിയും, കടുമാങ്ങാ അച്ചാറും മേശപ്പുറത്ത് എന്നെ മാത്രം കാത്തിരിക്കുന്നു. ഒരു കിണ്ണത്തില്‍ ആവശ്യം ഉള്ളതെല്ലാം എടുത്ത ശേഷം കഴിക്കും മുന്നേ ഞാന്‍ അവളുടെ മുഖത്ത് നോക്കി. പാവം രണ്ടു നാള്‍ കൊണ്ട് ക്ഷീണിച്ചോ? മുഖം വല്ലാതെ വാടിയിട്ടുണ്ട്. ഞാന്‍ പറഞ്ഞു,
"അതേയ്, നമുക്ക് ഈ ഡയറ്റിങ്ങും കുന്തോം ഒന്നും വേണ്ടാ. ആവശ്യമുള്ളത് എടുത്തു കഴിക്കൂ. ഇങ്ങനെ കാണാന്‍ വയ്യ".

ഒരു നിമിഷം ഒന്നും മിണ്ടാതിരുന്ന ആള്‍ അടുക്കളയില്‍ പോയി മറ്റൊരു കിണ്ണവും ആയി വന്നു. പിന്നെ അവിടം ആനയും കരിമ്പിന്‍ തോട്ടവും ആയിരുന്നു. ചുഴലിക്കാറ്റ് ഒന്നടങ്ങിയപ്പോള്‍ പാത്രങ്ങള്‍ ക്ലീന്‍ ക്ലീന്‍....

അന്നും പ്രാര്‍ഥന മുടക്കിയില്ല "ഹെന്റെ പാഞ്ഞാളപ്പാ നല്ല വണ്ണം വരുത്തണേ"

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ