2015 ഫെബ്രുവരി 2, തിങ്കളാഴ്‌ച

അക്കുവാവയുടെ ഭജനം


വീടിനു മുന്നില്‍ ഒരു ലോറി വന്നു നിന്നിട്ട് നാല് നാളായി. വരുന്ന വഴിയിലെ ഒരു ചെറു പാലത്തിന്റെ പണി നടക്കുന്നതിനാല്‍ ലോറി തിരിയെ പോകാന്‍ ഇനിയും നാലഞ്ച് ദിവസം എടുക്കും.

അക്കുവാവയ്ക്ക് ഈ ലോറി ആദ്യം ഒരു അത്ഭുതമായിരുന്നു. വൈകുന്നേരങ്ങളില്‍ കുറെ നേരം അവള്‍ ഈ ലോറിക്ക് ചുറ്റും നടന്നു കളിച്ചു. ക്രമേണ കളിയുടെ ഭാവം മാറി. ലോറിയില്‍ വലിഞ്ഞു കയറി. വണ്ടി ഓടിക്കുന്ന ഭാവത്തിലുള്ള കളിയൊക്കെ തുടങ്ങി. അമ്മ കുറെ പറഞ്ഞു നോക്കി.
"വേണ്ടാ... വാവേ... വേണ്ടാ"...


ലോറി ഡ്രൈവര്‍ ഇതൊന്നും കേള്‍ക്കുന്ന മട്ടില്ല. ഒടുവില്‍ അമ്മ ഇതിന്റെയെല്ലാം പടം പിടിച്ച് അച്ഛന് റിപ്പോര്‍ട്ട് അയച്ചു.
"ആഹാ... അവള്‍ ഇത്രയല്ലേ ചെയ്തുള്ളൂ..." എന്ന എന്റെ മറുപടി കേട്ട അമ്മ താടിക്ക് കയ്യും കൊടുത്ത് ഇരുന്നു പോയി.


"അവളെ ഒന്ന് ഉപദേശിക്കാമോ? കൂടുതല്‍ സര്‍ക്കസ്സ് കാണിച്ചാല്‍  അവര്‍ വന്ന് വഴക്ക് പറയും. അതോണ്ട് ഒന്ന് പറയൂ..."

അങ്ങനെ ഞാന്‍ അവളെ ഉപദേശിക്കാന്‍ തുടങ്ങി...

"വാവേ... ആ വണ്ടിയില്‍ കയറി കളിക്കരുത്. അവര്‍ക്ക് ചിലപ്പോ ഇഷ്ടമാവില്ല"

"അച്ഛാ... നല്ല രസം. ഞാന്‍ ശെരിക്കും ലോറി ഓടിക്കുന്നില്ലല്ലോ. ഓടിക്കുന്ന പോലെ കളിക്കുന്നതല്ലേ ഉള്ളൂ?"

"വാവേ... ചിലപ്പോ ആ വണ്ടി ആരെയെങ്കിലും ഇടിച്ചിട്ടിട്ട് അവിടെ കൊണ്ടിട്ടതാവും. അങ്ങനെയെങ്കില്‍ പോലീസ് വരും. കൂടെ മണം പിടിക്കാന്‍ പോലീസ് നായയും വരും. അത് മണം പിടിച്ച് നിന്നെ വന്നു പിടിക്കും. അതൊക്കെ പ്രശ്നമാണ്."

"അച്ഛാ, ഞാന്‍ പോലീസിനോട് പറയും, അന്ന് ഞാന്‍ അയ്യപ്പന്‍ കാവില്‍ ഭജനം ഇരിക്കാന്‍ പോയെന്ന്. അപ്പോഴോ?"

"ങേ......"
------------------------
"ദൃശ്യം" സിനിമയ്ക്ക് ഇത്ര ശക്തിയോ?

2015 ജനുവരി 27, ചൊവ്വാഴ്ച

പോണപോക്കിലൊരാണി


എന്റെ ഔദ്യോഗിക ജീവിതം തുടങ്ങിയത് ബോംബെയില്‍ ആയിരുന്നു. TATAയുടെ അന്ധേരിയിലെ NELCO ഡിവിഷനില്‍. ആദ്യട്രെയിനിങ്ങില്‍ തന്നെ എന്റെ ട്രെയിനര്‍ക്ക് എന്നോട് വളരെ നല്ല ബന്ധം ഉണ്ടായി. അദ്ദേഹത്തിന്റെ സഹായത്തോടെ എന്നെ ചെമ്പൂരില്‍ ഉള്ള ഓഫീസില്‍ പോസ്റ്റ്‌ ചെയ്തു.

കേരളത്തിലെ ഒരു കുഗ്രാമത്തില്‍ നിന്ന് പുതുതായി ബോംബെ മഹാനഗരത്തില്‍ വന്ന മലയാളി. പുസ്തകത്തില്‍ പഠിച്ച പോലെ ഹിന്ദിയും ഇംഗ്ലീഷും മലയാളിച്ചുവയില്‍ ചിക്കിപ്പറക്കി പറയുന്ന ഒരു മലബാറി. ഞങ്ങള്‍ ആറു പേരുടെ ഒരു ടീം. മലയാളികള്‍ വേറെ ആരും ഇല്ല.

ജോലി ചെയ്യാന്‍ തുടങ്ങി. അത്യാവശ്യം യാത്രകള്‍ വേണ്ടുന്ന ജോലി ഞാന്‍ ആസ്വദിച്ചു തുടങ്ങി. പല പല ഭാഷകളും വേഷവും സംസ്കാരവും ഒക്കെ ചേര്‍ന്ന ഭാരത്തിന്റെ പരിഛെദം ദിനവും ഞാന്‍ കാണാന്‍ തുടങ്ങി. അങ്ങനെയിരിക്കെ ഓഫീസിലെ സഹായി ആയി തമിഴന്‍ പയ്യന്‍ മുരുഗന്‍ പറഞ്ഞാണ് ഞാന്‍ അറിഞ്ഞത്. പുതുതായി വന്ന മലയാളി കൂടുതല്‍ വിലസാതെ നോക്കാന്‍ ഒരു കുറുമുന്നണി അണിയറയില്‍ തയ്യാറാവുന്നു. ഹേമന്ത് എന്ന ഏറ്റവും മുതിര്‍ന്ന ആളാണ്‌ ഇതിന്റെ തലവന്‍. രണ്ടു പേര്‍ കൂടി മാത്രമേ അവനോട് യോജിച്ചുള്ളൂ.

ഏതായാലും അതിന്റെ മാറ്റങ്ങള്‍ കണ്ടുതുടങ്ങി. കാരണം കൂടാതെ എന്നെ പ്രകോപിപ്പിക്കല്‍ ആയിരുന്നു അവരുടെ ഒരു പ്രധാന പരിപാടി. എന്റെ ടേബിളില്‍ ഇരുന്ന് ലഘുഭക്ഷണം കഴിക്കുക, അവിടം വൃത്തികേടാക്കുക, നാട്ടില്‍ നിന്ന് വരുന്ന കത്തുകള്‍ ഒളിപ്പിച്ചു വയ്ക്കുക, എന്റെ ചില പ്രധാന പേപ്പറുകള്‍ ഞാനറിയാതെ മാറ്റുക, എന്റെ യാത്രാബില്ലുകള്‍ എടുത്തു കളയുക അങ്ങനെ ഞാനറിയാതെ പലതും. പണ്ടേ ഒരു പാവമായ ഞാന്‍ ഇതൊക്കെ കടിച്ചുപിടിച്ച് സഹിച്ചു. എന്റെ അവസ്ഥ മനസ്സിലാക്കിയ മറ്റ് രണ്ടുപേരും ഇതില്‍ നിന്ന് ക്രമേണ പിന്മാറി. ഉപദ്രവിക്കല്‍ പരിപാടിയില്‍ പിന്നെ ഹേമന്ത് മാത്രമായി.

അങ്ങനെയിരിക്കെ ഒരു ദിവസം ഞങ്ങളുടെ വല്യബോസ് ഹെഡാപ്പീസീന്ന്‍ വന്നു. ഓരോരുത്തരുമായി വിശദമായി സംസാരിച്ചു. ഭയം കലര്‍ന്ന ബഹുമാനത്തോടെ നിന്നിരുന്ന ആ കൂടിക്കാഴ്ച എനിക്ക് ഒട്ടേറെ ആത്മവിശ്വാസം പകര്‍ന്നു നല്‍കി. അദ്ദേഹം വരവിന്റെ ഉദ്ദേശ്യം അറിയിച്ചു. ഇവിടെയുള്ളവരില്‍ നിന്ന് മൂന്നു പേരെ പുതിയ പ്രോജക്റ്റില്‍ എടുക്കാന്‍ വന്നതാണ്.

സമയം നാലായി. അതാ ഹേമന്തിനൊരു ഫോണ്‍. അവന്റെ സുഹൃത്താണ്. നാളെയും മറ്റന്നാളും അവധി ആയതിനാല്‍ അവരെല്ലാം ഗോവയില്‍ പോകാനുള്ള പരിപാടി ആണ്. അവര്‍ കാറുമായി പുറത്ത് കാത്ത് നില്‍ക്കുന്നു. വൈകുന്നേരം അഞ്ചു മണിവരെയാണ് പ്രവര്‍ത്തിസമയം. ഇനിയും ഒരു മണിക്കൂര്‍ കൂടി ഉണ്ട്. ഫോണ്‍ താഴെ വച്ച ഹേമന്ത് പതിയെ ഓരോന്നായി അടുക്കി മടക്കി വയ്ക്കാന്‍ തുടങ്ങി. വീണ്ടും കൂട്ടുകാര്‍ ഫോണില്‍ വിളിച്ചു. നാലര മണി ആയിട്ടുണ്ടാവും. ഹേമന്ത് സഞ്ചിയുമായി ഇറങ്ങാന്‍ തുടങ്ങി. അതെ സമയം ഞങ്ങളുടെ മാനേജര്‍ അവിടെ നോട്ടീസ് ബോര്‍ഡില്‍ എന്തോ നോക്കി നില്‍ക്കുകയായിരുന്നു.

ശബ്ദം ഉണ്ടാക്കാതെ ഹേമന്ത് പതിയെ നടന്ന് അദ്ദേഹത്തിന്റെ പിന്നിലൂടെ കടന്നു. ഉടനെ എനിക്കൊരു ബുദ്ധി തോന്നി. അവന് പോണപോക്കിലൊരാണി കൊടുത്താലോ? ഞാന്‍ ഉറക്കെ പറഞ്ഞു,

"Hi Hemanth, Have a nice trip to Goa... Enjoy"

ഞെട്ടിത്തിരിഞ്ഞ ഹേമന്ത് നോക്കുമ്പോള്‍ അവന്റെ മുന്നില്‍ ബോസ്.
"What happened? Going Early?"
"Y...Y....Yes Sir.... Actually we have a party at Goa"
"Ok... Enjoy... Bye"

വാതിലിനരികെ ചെന്ന് നിന്ന അവന്‍ വന്യമായി എനിക്ക് നേരെ ഒരു നോട്ടം എറിഞ്ഞു. ബോസിന്റെ സാന്നിധ്യത്തില്‍ ആ കോപാഗ്നിയ്ക്ക് നല്ല കുളിര്‍മ്മയായിരുന്നു.

ഏതായാലും പുതിയ പ്രോജക്ടിന്റെ ലിസ്റ്റ് വന്നപ്പോള്‍ ഞാനും മറ്റ് രണ്ടു പേരും അതില്‍ ഉണ്ട്. ഹേമന്ത് വീണ്ടും പഴേ ഹേമന്ത് ആയി. മലയാളിയോട്, അതും അനന്തപദ്മനാഭന്റെ നാട്ടുകാരനോടാ അവന്റെ കളി.

2015 ജനുവരി 26, തിങ്കളാഴ്‌ച

പെട്ടിക്കടയിലെ മിട്ടായി


സഹദേവന്‍ വൈദ്യരുടെ വൈദ്യശാലയുടെ മുകളില്‍ ആണ് കിളിമാനൂരിലെ ആദ്യ ടൈപ്പ് പഠന കേന്ദ്രം. ശ്രീ മഹാദേവാ ടൈപ്പ് റൈറ്റിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്. എന്റെ സുഹൃത്തായ ശ്രീക്കുട്ടന്റെ അച്ഛന്റെ സ്ഥാപനം ആയിരുന്നു അത്.

സഹദേവന്‍ വൈദ്യരുടെ വൈദ്യശാല കൂടാതെ ഒരു മുറുക്കാന്‍ കടയും (പെട്ടിക്കട) അവിടെ ഉണ്ടായിരുന്നു. എന്തോ ചില കാരണങ്ങളാല്‍ ആ കടയുടെ നടത്തിപ്പുകാരന്‍ കച്ചവടം നിര്‍ത്തി പോയി. ടൈപ്പ് പഠനത്തിനായി രാവിലെയും വൈകുന്നേരവും മാത്രമേ ആളുകള്‍ വരൂ. അല്ലാത്ത സമയം വെറുതേ കളയണ്ടാ എന്ന് കരുതിയാവണം ആ പെട്ടിക്കട തുടര്‍ന്നു നടത്താന്‍ ശ്രീക്കുട്ടന്റെ അച്ഛന്‍ തീരുമാനിച്ചു.

ടൈപ്പ് കേന്ദ്രം തുറക്കുമ്പോള്‍ കടയ്ക്ക് അവധി. പിന്നെ ഉച്ചയ്ക്ക് ഉണ്ണാനും അല്പം മയങ്ങാനും പോകുമ്പോഴും കടയ്ക്ക് അവധി. അങ്ങനെയിരിക്കെ ഞങ്ങള്‍ക്ക് അവധിക്കാലം വന്നു. അപ്പോള്‍ ശ്രീക്കുട്ടന്റെ അച്ഛന് ഒരു ബുദ്ധി തോന്നി. ഉച്ചയ്ക്ക് ഉണ്ണാന്‍ പോകുമ്പോള്‍ ശ്രീക്കുട്ടനെ കട ഏല്‍പ്പിച്ച് പോകാം. വളരെ പരിമിതമായ സാധനങ്ങള്‍ മാത്രമുള്ള ആ കടയിലെ കച്ചവടത്തിന്റെ രീതിയും വില വിവരപ്പട്ടികയും പണപ്പെട്ടിയുടെ തോക്കോലും ഒക്കെ ആയി ശ്രീക്കുട്ടന്‍ ഒരു വല്യ ആളായി. ഹൈസ്കൂളില്‍ ആവാന്‍ ഇനിയും രണ്ട് കൊല്ലം കൂടി വേണമെങ്കിലും ശ്രീക്കുട്ടന്‍ ഞങ്ങളുടെ മുന്നില്‍ ഒരു കൊച്ചുമുതലാളി ആയി മാറി.

പുറത്ത് വേനല്‍ സൂര്യന്‍ കത്തിജ്വലിച്ചു നില്‍ക്കുന്നതിനാല്‍ ഉച്ചനേരത്ത് നല്ല ചൂടാണ്. പുറത്ത് പോയി കളിക്കാന്‍ പറ്റില്ല. അതിനാല്‍ ശ്രീക്കുട്ടനെ സഹായിക്കാന്‍ ഞാനും കടയില്‍ പോയി ഇരിപ്പായി. നട്ടുച്ചയ്ക്ക് വലിയ കച്ചവടം ഒന്നും ഇല്ല. ഞങ്ങള്‍ ഓരോ കഥകള്‍ പറഞ്ഞു കൊണ്ട് നേരം കൊല്ലും. ബാലരമയും പൂമ്പാറ്റയും അമ്പിളിയമ്മാവനും അമര്‍ചിത്രകഥകളും ഒക്കെ അന്നത്തെ ഞങ്ങളുടെ ചര്‍ച്ചാ വിഷയങ്ങളായിരുന്നു. ഇതിനിടെ ശ്രീക്കുട്ടന്‍ എനിക്കൊരു മിട്ടായി എടുത്തു തന്നു.

"ഡാ... നീയിത് തിന്നോ"
"അയ്യോ... എന്റെ കയ്യില്‍ പൈസയില്ല"
"അത് സാരമില്ല. നീയാരോടും പറയണ്ടാ."

ഇതും പറഞ്ഞ് ശ്രീക്കുട്ടനും ഒരെണ്ണം എടുത്ത് വായിലിട്ടു. നല്ല രസം. അങ്ങനെ ഓരോ ദിവസങ്ങളിലായി അവിടെയുള്ള എല്ലാത്തരം മിട്ടായിയും ഞങ്ങള്‍ രുചിച്ചു നോക്കി. അതില്‍ ഗ്യാസ് മിട്ടായിയും നാരങ്ങാ മിട്ടായിയും ആയിരുന്നു ഞങ്ങളുടെ ഇഷ്ടഭോജ്യം. അങ്ങനെ കുറച്ചു നാള്‍ കടന്നു പോയി.

ഒരു ദിവസം പതിവ് പോലെ ഉച്ചയ്ക്കുള്ള കച്ചവടം ഏറ്റെടുക്കാന്‍ വന്ന ഞങ്ങള്‍ ഞെട്ടി. ഉണ്ണാന്‍ പോകുന്ന മുന്നേ ഓരോ മിട്ടായി ഭരണിയും തുറന്ന് അതിലുള്ള മിട്ടായികള്‍ ശ്രീക്കുട്ടന്റെ അച്ഛന്‍ ഒരു പേപ്പറില്‍ തട്ടി ഇടുന്നു. പിന്നെ അതെല്ലാം എണ്ണിനോക്കി ഒരു പേപ്പറില്‍ എഴുതി വയ്ക്കുന്നു. എന്നിട്ട് ഒന്നും പറയാതെ പോയി. ഊണ് കഴിഞ്ഞ് വന്ന ശേഷവും ഇത് തുടര്‍ന്നു. അങ്ങനെ രണ്ടു നാള്‍ ഞങ്ങള്‍ കടുത്ത മിട്ടായി ദാരിദ്ര്യം അനുഭവിച്ചു. മൂന്നാം നാള്‍ എനിക്കൊരു ഐഡിയ തോന്നി. ഞാനത് ശ്രീക്കുട്ടനോട് പറഞ്ഞു. ശ്രീക്കുട്ടന് സന്തോഷമായി. ആരോടെങ്കിലും പറഞ്ഞാല്‍ തല പൊട്ടിത്തെറിക്കും എന്ന് സത്യവും ചെയ്യിച്ചു. സംഭവം ഇത്രേ ഉള്ളൂ...

ഭരണി തുറക്കുക. മിട്ടായികള്‍ ഒരു പേപ്പറില്‍ തട്ടിയിടുക., ഓരോന്നെടുത്ത് ഒരു പ്രാവശ്യം നക്കുക, തിരിയെ വയ്ക്കുക. എണ്ണം കുറയില്ല. ഞങ്ങളുടെ വിഷമവും മാറും. അങ്ങനെ കുറെ ദിവസം കഴിഞ്ഞപ്പോള്‍ മെലിഞ്ഞുണങ്ങിയ മിട്ടായികള്‍ കണ്ട അച്ഛന്‍ ശ്രീക്കുട്ടനെ പിടിച്ചു. നാല് തല്ലില്‍ കാര്യം പുറത്തു വന്നു. സമയം കളയാതെ ഞാന്‍ ഇറങ്ങി ഓടി.

വൈകുന്നേരം പതിവുപോലെ ശ്രീക്കുട്ടന്‍ അമ്പലത്തില്‍ കളിയ്ക്കാന്‍ വന്നു. എനിക്ക് സമാധാനം ആയി. സത്യം ചെയ്തത് തെറ്റിച്ചെങ്കിലും ശ്രീക്കുട്ടന്റെ തല പൊട്ടിത്തെറിച്ചിട്ടില്ല. മാദേവര്‍ക്ക് നന്ദി... 

2015 ജനുവരി 25, ഞായറാഴ്‌ച

കുഞ്ഞനും ക്യാരറ്റും


മരുതറ വാര്യത്തെ മൂന്നാമത്തെ സന്താനമായ കുഞ്ഞന്‍ അലറി വിളിച്ചു കൊണ്ട് വാര്യമാകെ വിറപ്പിക്കുകയാണ്. തൊടിയില്‍ കളിക്കുകയായിരുന്ന ഞങ്ങള്‍ ഉടനെ അവിടെ പറന്നെത്തി. ഞങ്ങളുടെ കൂട്ടത്തില്‍ കുഞ്ഞന്റെ രണ്ട് ചേട്ടന്മാരും ഉണ്ട്.
കുഞ്ഞന് നാല് വയസ്സ് ആവാറായി. ആളിന്റെ ആഹാര കാര്യത്തില്‍ ഒരു പ്രശ്നം. കൂട്ടാനുകള്‍ ഏതുമാവട്ടെ, അവന് അതില്‍ ക്യാരറ്റിന്റെ കഷണങ്ങള്‍ പാടില്ലത്രേ. തോരനും തീയലും അവിയലും മെഴുക്കുപുരട്ടിയും ഒക്കെ അവന് ഇഷ്ടമാണ്. സാമ്പാറില്‍ ക്യാരറ്റ് കണ്ടതാണ് ഇന്നത്തെ പ്രശ്നം. അവന്റെ അമ്മ ചോറില്‍ ക്യാരറ്റ് കുഴച്ച സാമ്പാര്‍ ഒഴിച്ചു കൊടുത്തു. അവന്‍ ചോറ് തട്ടി മറിച്ചു. തദ്വാരാ ഉണ്ടായ മിന്നലും ഇടിയും കഴിഞ്ഞതിന്റെ ഫലമാണ് ആ അലറിപ്പൊളിക്കല്‍. മകനെ തല്ലിയ അമ്മ നിറ കണ്ണുകളുമായി ഞങ്ങളെ നോക്കി ഇരുന്നു. കുഞ്ഞന്‍ തറയില്‍ ഇരുന്ന് ഏങ്ങിക്കരയുന്നു.
"എടാ സുജീ.... നീയെങ്കിലും ഒന്ന് പറഞ്ഞ് കൊടുക്ക്‌. ക്യാരറ്റും നമ്മള്‍ ആഹാരമായി കഴിക്കേണ്ടതാണ് എന്ന്".
ഞങ്ങള്‍ തന്ത്രപരമായി കുഞ്ഞനെ വെളിയില്‍ കൊണ്ട് പോയി. അവന്റെ അമ്മ കാണാതെ അവരുടെ മൂവാണ്ടന്‍ മാവില്‍ നിന്ന് എറിഞ്ഞിട്ട മാങ്ങ കല്ലില്‍ ഇടിച്ചു പൊട്ടിച്ച് കല്ലുപ്പും കൂട്ടി ഒരു കഷണം ഞാനവന് കൊടുത്തു. കണ്ണീര്‍ തുടച്ച് അവന്‍ അത് തിന്നാന്‍ തുടങ്ങി. മറ്റുള്ളവര്‍ കളിയില്‍ മുഴുകിയപ്പോള്‍ ഞാന്‍ അവനോട് ചോദിച്ചു,
"നിനക്ക് ക്യാരറ്റ് ഇഷ്ടമല്ലേ?"
"അല്ല. അത് മുയലുകള്‍ തിന്നുന്നതാണ്. നമ്മള്‍ തിന്നാല്‍ ചെവി മുയലിനെ പോലെ നീളം വയ്ക്കും എന്ന് എന്റെ നിലത്തെഴുത്ത് സ്കൂളിലെ കൂട്ടുകാരന്‍ പറഞ്ഞു"
അപ്പ അതാണ്‌ കാര്യം.... ഞാനൊന്ന് ആലോചിച്ചു.
"കുഞ്ഞാ, എന്റെ മുഖത്ത് നോക്കൂ. എന്റെ ചെവി നീണ്ടിട്ടുണ്ടോ?"
"ഇല്ല ചേട്ടാ"
"ഞാന്‍ ക്യാരറ്റ് ധാരാളം കഴിക്കും. മുയലുകള്‍ കഴിച്ചാലേ ചെവി നീളം വയ്ക്കൂ. നമ്മള്‍ മനുഷ്യര്‍ കഴിച്ചാല്‍ നീളം വയ്ക്കില്ല".
"ആണോ?"
"പിന്നല്ലാതെ. മാത്രമല്ല, ക്യാരറ്റ് കണ്ണിന് നല്ലതാണ്. നീ ഏതെങ്കിലും മുയലുകള്‍ കണ്ണാടി വയ്ക്കുന്നത് കണ്ടിട്ടുണ്ടോ?"
"ഇല്ല...."
"കാരണം ഇതാണ്. അത് കൊണ്ട് നീയും ക്യാരറ്റ് കഴിക്കണം. അല്ലെങ്കില്‍ കണ്ണാടിയും വച്ച് നടക്കേണ്ടി വരും. അപ്പൊ കളിയ്ക്കാന്‍ ഒക്കെ പാടാവും"
സംഭവം ഏറ്റു. അന്നത്തോടെ കുഞ്ഞന്‍ സന്തോഷത്തോടെ ക്യാരറ്റ് കടിച്ചു തിന്നുന്നത് അവന്റെ ചേട്ടന്മാരും അമ്മയും അത്ഭുതത്തോടെ നോക്കിക്കണ്ടു.
വളരെ കാലങ്ങള്‍ക്ക് ശേഷം ഈ അടുത്ത കാലത്ത് കുഞ്ഞനെ കണ്ടു. പിരിയാന്‍ നേരം എനിക്കൊരു സംശയം,
"ക്യാരറ്റ് തിന്ന് തിന്ന് അവന്റെ ചെവി അല്പം വലുതായോ?"

കൈനോട്ടം


കിളിമാനൂരില്‍ ഞാന്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന കാലം. ഒരിക്കല്‍ അമ്മാവനോടൊപ്പം തിരുവനന്തപുരം പോയപ്പോഴാണ് അത് ശ്രദ്ധിച്ചത്... കൈനോട്ടം.
മുറുക്കി ചുവപ്പിച്ച ഒരു മുത്തശ്ശി തമ്പാനൂര്‍ ബസ്സ്സ്റ്റാന്റിലെ ഒരു കോണില്‍ ഇരുന്ന് കൈ നോക്കി ഫലം പറയുന്നു. പലരും വരുന്നു, കൈ നീട്ടുന്നു, മുത്തശ്ശി ദക്ഷിണ വാങ്ങുന്നു, ചറപറാ കാര്യങ്ങള്‍ പറയുന്നു. മുത്തശ്ശി പറയുന്ന ഭൂതകാലം കേട്ട് തലകുലുക്കി സമ്മതിക്കുന്നു. കണ്ണില്‍ അത്ഭുതം വിടരുമ്പോള്‍ അവരുടെ വായ താനേ തുറക്കുന്നു. മുത്തശ്ശി പ്രവചിക്കുന്ന ഭാവി കേട്ട് വര്‍ത്തമാനം പോലും മറന്ന് അവര്‍ നില്‍ക്കുന്നു. ചുറ്റുമുള്ള ആളുകള്‍ ഇതൊക്കെ കേട്ട് അവരുടെ ഊഴത്തിനായി കാത്ത് നില്‍ക്കുന്നു.
കുറെ നേരം ഞങ്ങളും അത് നോക്കിയിരുന്നു. ബസ് വരാന്‍ കുറെ നേരം ഉണ്ട്. അമ്മാവന്‍ എന്നെയും കൂട്ടി അവിടെയ്ക്ക് പോയി. അവര്‍ അമ്മാവന്റെയും ഭൂതവും ഭാവിയും അലക്കി വെളുപ്പിച്ചു. അമ്മാവന്‍ ബീഡി വലിക്കാന്‍ തുടങ്ങിയത് പോലും അവര്‍ കണ്ടുപിടിച്ചു. എനിക്ക് അത്ഭുതം തോന്നി.
തിരിയെ പോരുന്ന വഴിക്ക് എന്റെ നിര്‍ബന്ധം കാരണം "കൈനോട്ട പഠനം" എന്ന ഒരു പുസ്തകം അമ്മാവന്‍ വാങ്ങിത്തന്നു. പിന്നെ ഘോരമായ കൈനോട്ട പഠനത്തിന്റെ നാളുകള്‍ ആയിരുന്നു. കൂടെയുള്ളവരുടെ ഒക്കെ കൈ നോക്കി ഭൂതവും, ഭാവിയും പറയാന്‍ തുടങ്ങി. കുടുംബത്തില്‍ ഉള്ളവര്‍ ഒരു ഭാവി ജ്യോതിഷിയെ സംശയത്തോടെ നോക്കാന്‍ തുടങ്ങി. സ്കൂളിലും ഈ പരിപാടി ഞാന്‍ തുടങ്ങി.
അങ്ങനെ വിരാജിതനായി പരിലസിച്ചു നടക്കവേ ഞങ്ങടെ അമ്പലത്തില്‍ അമേരിക്കക്കാരനായ ഒരു ചെറുപ്പക്കാരന്‍ സന്യാസി സായിപ്പ് വന്നു. ഞങ്ങള്‍ ആളുടെ ചുറ്റും കൂടി. പലതും പറഞ്ഞ കൂട്ടത്തില്‍ എന്റെ കൂട്ടുകാരന്‍ ശ്രീക്കുട്ടന്‍ പറഞ്ഞു,
"Swami, my friend know palm reading"
"Oh, really.... Please try my hand. I really want to know my future"
എല്ലാരും കൂടി എന്നെ ഉന്തിത്തള്ളി മുന്നിലേക്ക് വിട്ടു. ആളുടെ നിവര്‍ത്തി വച്ച വലത് ഉള്ളം കൈ നോക്കിയ ഞാന്‍ ഞെട്ടിപ്പോയി. വെളുത്ത പെയിന്റടിച്ച പോലുള്ള ആ കയ്യില്‍ വരകള്‍ ഒന്നും കാണാനില്ല. വരയില്ലാത്ത കൈ നോക്കി എങ്ങനെ പ്രവചിക്കണം എന്ന് ആ പുസ്തകത്തില്‍ പറഞ്ഞിരുന്നില്ല. പക്ഷെ ഞാന്‍ എന്തെങ്കിലും പറഞ്ഞില്ലെങ്കില്‍ അതുവരെ നാട്ടില്‍ പെറുക്കികൂട്ടിയ ആദരവ് എല്ലാം ഒലിച്ചു പോവും. ഗൌരവം കൈ വിടാതെ ഞാന്‍ പറഞ്ഞു,
"എപ്പെപ്പോള്‍ എന്തെന്ത് സംഭവിക്കണമോ
അപ്പപ്പോള്‍ അതത് സംഭവിക്കും"
സായിപ്പ് സ്വാമിക്ക് അതങ്ങോട്ട് തിരിഞ്ഞില്ല....
"What? I did not understand?"
കയ്യിലുള്ള പരിമിതമായ ഇംഗ്ലീഷില്‍ ഞാന്‍ പറഞ്ഞു,
"When when what haappeno,
Then then that happeno happen"
എന്നിട്ട് സ്വാമിയുടെ മുഖത്തേയ്ക്ക് ദയനീയമായി നോക്കി. ഒരു നിമിഷത്തെ നിശബ്ദത. ചുറ്റുമുള്ളവര്‍ അന്തം വിട്ട് നിന്നപ്പോള്‍ സായിപ്പ് സ്വാമി പൊട്ടിച്ചിരിയോടെ ഇരു കൈകളും എന്റെ തലയില്‍ വച്ചു. അത് കണ്ട് ചുറ്റും നിന്നവര്‍ക്കും ആശ്വാസമായി. അവരും ചിരിയില്‍ പങ്ക് ചേര്‍ന്നു.
അങ്ങനെ സായിപ്പിന്റെ കൈ നോക്കി പ്രവചനം നടത്തിയ ആദ്യ കിളിമാനൂര്‍കാരന്‍ ആയി ഞാന്‍ മാറി.