രംഗം: ഒന്നാം വര്‍ഷ ഇലക്ട്രിക്കല്‍
അന്ന് ഉച്ച കഴിഞ്ഞ് വെല്‍ഡിംഗ് വര്‍ക്ക് ഷോപ്പ് ആയിരുന്നു. ഉച്ചയൂണെല്ലാം കഴിഞ്ഞ് വര്‍ക്ക് ഷോപ്പില്‍ എത്തി. എല്ലാരും നിരന്നു നിന്നു. വിശ്രമം കഴിഞ്ഞെങ്കിലും ആകെ ഒരു മന്ദത. അനില്‍സാര്‍ മുന്നില്‍ വന്ന് ഒരു MS പ്ലേറ്റ് എടുത്തു കാണിച്ചു.
"ഇതില്‍ നിന്നും പത്തു സെന്റീമീറ്റര്‍ വീതം രണ്ടു കഷണങ്ങള്‍ മുറിക്കണം. പിന്നെ അതില്‍ ഓരോന്നിന്റെയും വശങ്ങള്‍ 45ഡിഗ്രിയില്‍ ഫയല്‍ ചെയ്യണം. അത് രണ്ടും അടുപ്പിച്ചു വച്ചാല്‍ ഒരു V ചാനല്‍ ഉണ്ടാവും. അതില്‍ വെല്‍ഡിംഗ് ചെയ്ത് യോജിപ്പിക്കണം".
"ഇത്രേ ഉള്ളോ.... ചീള് കേസ്..." ഞാന്‍ മനസ്സില്‍ കരുതി. MS പ്ലേറ്റിന്റെ കഷണം എടുത്ത് മാര്‍ക്ക് ചെയ്തു. ശേഷം ബെഞ്ച്‌വൈസില്‍ പിടിപ്പിച്ചു. മുറിക്കുവാനുള്ള ഹാക്ക്‌സോ ബ്ലെയ്ട് എടുത്തു മൂര്‍ച്ച നോക്കി. ആയുധം കൊണ്ടുള്ള കളിയാണെ. എല്ലാവരും പതിയെ മുറിക്കാന്‍ തുടങ്ങി. ഞാന്‍ നില്‍ക്കുന്ന ഇടത്ത് വേറെ ആരും ഇല്ല. ആദ്യ കഷണം മുറിച്ചു. ആകെ വിയര്‍ക്കുന്നു. രണ്ടാമത്തേത് മുറിക്കാന്‍ തുടങ്ങി. തുറന്നിട്ട വാതിലില്‍ കൂടി നല്ല തണുത്ത കാറ്റ്.... എന്നിലെ ഗായകന്‍ കുറെ നേരം ആയിട്ട് ഹൃദയത്തില്‍ മുട്ടി വിളിക്കുന്നു. പാവം അവനു ഞാനല്ലേല്‍ പിന്നെ ആരാ? പതിയെ കൂട് തുറന്നു വിട്ടു.
എനിക്ക് മാത്രം കേള്‍ക്കാവുന്ന സ്വരത്തില്‍ അവന്‍ പാടിത്തുടങ്ങി....
"പൂമാനം.... പൂത്തുലഞ്ഞേ....
പൂവള്ളിക്കുടിലിലെന്തേ കരളുണര്‍ന്നൂ കിളീ
പുത്തെളിഞ്ഞൂ പുഴയും വയലും
പൊന്നോണം കാത്ത നെഞ്ചും...
പൂമാനം.... പൂത്തുലഞ്ഞേ....
ഹേ... ഏഹേ....."
ആഹാ പ്ലേറ്റ് മുറിക്കാന്‍ നല്ല രസം...
അറിയാതെ ശബ്ദം അല്പം കൂടിയോ? എന്റെ പിന്നില്‍ ആകെ നിശബ്ദത... അടക്കിപ്പിടിച്ച ചിരികള്‍ കേള്‍ക്കുന്നുവോ? ഞാന്‍ പതിയെ തിരിഞ്ഞു നോക്കി. പിന്നില്‍ അതാ അനില്‍സാര്‍.... മറ്റുള്ളവരും എന്നെ നോക്കി പുഞ്ചിരിയ്ക്കുന്നു.... ചമ്മലിന്റെ പരമകാഷ്ഠ....
"എന്തുവാടെ? ക്ലാസല്യോ ഇത്?"
"അത്.... ഞാന്‍.... അറിയാതെ....."
"ഏതായാലും തൊടങ്ങിയതല്യോ? മുഴുവന്‍ പാട്.... എല്ലാരും കേള്‍ക്കട്ടെ...."
ആലോചിക്കാന്‍ ഒരു നിമിഷം പോലും എടുക്കാതെ ഞാന്‍ പാടിത്തുടങ്ങി....
"പൂമാനം.... പൂത്തുലഞ്ഞേ....
പൂവള്ളിക്കുടിലിലെന്തേ കരളുണര്‍ന്നൂ കിളീ"
ഇത് തീരെ പ്രതീക്ഷിയ്ക്കാത്ത സാര്‍ പിന്നീടൊരിക്കലും, ഞാന്‍ മൂളിപ്പാട്ട് പാടിയാല്‍ പോലും, പ്രതികരിച്ചിട്ടില്ല....
പിന്നെ ഇത് പോലെ ഉള്ള അവസരങ്ങളില്‍ ഞാനും എന്നിലെ ഗായകനെ കെട്ടിയിട്ടിരുന്നു......




















