കുവൈറ്റില്‍ വച്ച് അപ്രതീക്ഷിതമായാണ് എന്നോടൊപ്പം പഠിച്ച മാത്യുവിനെ കണ്ടത്. പെട്ടെന്ന് തിരിച്ചറിഞ്ഞില്ല. കാലം അവനില്‍ അത്രയേറെ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. കുറച്ചു സംസാരിച്ചു കഴിഞ്ഞപ്പോള്‍ അവന്‍ സങ്കടത്തിന്റെ കെട്ടഴിച്ചു.
അവിടെ ഒരു വലിയ സൂപ്പര്‍മാര്‍ക്കറ്റിലെ ഇലക്ട്രോണിക്സ് വിഭാഗത്തില്‍ സീനിയര്‍ ആയി ജോലി ചെയ്യുന്നു. പുതിയതായി വന്ന ലെബനന്‍കാരനായ സെയില്‍സ് മാനേജര്‍ക്ക് അവനെ എന്തോ അത്ര ഇഷ്ടപ്പെടുന്നില്ല. ഇടയ്ക്കിടയ്ക്ക് പറയുമത്രേ "ഞാന്‍ നിന്നെ ടെര്‍മിനെറ്റ് ചെയ്യും". അത് കേള്‍ക്കുമ്പോള്‍ അവനാകെ വിളറി വെളുത്തിരിക്കും. ടെര്‍മിനെറ്റ് ഒന്നും ചെയ്യില്ല എന്നുറപ്പാണ്. വെറുതെ അവനെ പേടിപ്പിക്കാന്‍ പറയുന്നതാവും.
ഞാനവനു പറഞ്ഞു കൊടുത്തു.... "ഡാ... ക്യാന്‍സല്‍ ചെയ്യും എന്ന് പറയുമ്പോള്‍ നീ പേടിക്കുന്നതുകൊണ്ടാണ് മാനേജര്‍ എപ്പോഴും അത് തന്നെ പറയുന്നത്. ക്യാന്‍സല്‍ ചെയ്തയച്ചാല്‍ നിനക്ക് പുല്ലാണെന്ന് അവനു മനസ്സിലാവണം. എന്നാല്‍ പിന്നെ അവനിടയ്ക്കിടയ്ക്ക് ക്യാന്‍സലിന്റെ കാര്യം പറയില്ല".
ഒരിക്കല്‍ അവനും സെയില്‍സ്മാനേജരും എന്തോ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ഞാനും അവരുടെ ചര്‍ച്ചയില്‍ പങ്കു ചേര്‍ന്നു. വിഷയം അത് തന്നെ....
"ഇങ്ങനെ ആയാല്‍ നിന്നെ ഞാന്‍ ക്യാന്‍സല്‍ ചെയ്യും"
അവന്തെ കഴുത്തിലെ കൊന്ത പുറത്തു കാണാം. ഞാന്‍ അറിയാത്ത ഭാവത്തില്‍ പറഞ്ഞു,
"സാറിനു അറിയാമോ ഇന്ത്യയിലെ ഒട്ടുമിക്ക ക്രിസ്ത്യന്സിനും കേരളത്തില്‍ വലിയ റബ്ബര്‍ എസ്റ്റേറ്റ് ഉണ്ട്. അതില്‍ നിന്നും നല്ല വരുമാനം ഉള്ളതുകൊണ്ട് ഇവനൊന്നും നാട്ടില്‍ പോയാലും പേടിക്കാനില്ല. ചിലവിനും അതിനപ്പുറവും ഉള്ളത് വീട്ടില്‍ ഇരുന്നാല്‍ തന്നെ കിട്ടും".
മാനേജരുടെ മുഖം വാടി. ഇത് അയാള്‍ ആദ്യമായി കേള്‍ക്കുകയാണ്".
ഞാന്‍ പറഞ്ഞു കഴിഞ്ഞതും അവന്‍ മാനേജരുടെ കൈക്ക് കയറിയൊരു പിടുത്തം.
"സാറേ ഇയാള്‍ നുണ പറയുകയാണ്. എനിക്ക് നാട്ടില്‍ റബ്ബര്‍ ഒന്നും ഇല്ലാ. ഇവിടുന്നു കിട്ടുന്ന വരുമാനം മാത്രേ ഉള്ളൂ. ചതിക്കരുത്, എന്നെ പറഞ്ഞ് വിടരുത്".
"ഇവന്‍ ഒരു കഴുത തന്നെ" നുമ്മ മുങ്ങി...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ