2014 ജൂൺ 18, ബുധനാഴ്‌ച

അന്തര്‍സംസ്ഥാന കവിസമ്മേളനം


തിരുവനന്തപുരത്ത് ഒരു അന്തര്‍സംസ്ഥാനകവിസമ്മേളനം നടക്കുന്നു. ഇതിന്റെ ഒരു സംഘാടകന്‍ എന്റെ സുഹൃത്ത് ആയിരുന്നു. മുഖ്യാതിഥി ആയി വന്നിട്ടുള്ളത് തമിഴ്നാട്ടിൽ നിന്നുള്ള കവി ചെറുവള്ളുവർ ആണ്. സദസ്സിൽ വിശിഷ്ടാതിഥികളുടെ കൂട്ടത്തിൽ ജില്ലാകലക്ടർ, മജിസ്ട്രേറ്റ് മുതലായ ഉത്തരേന്ത്യക്കാരും ഉണ്ട്. ഉൽഘാടന പ്രസംഗം നടത്തുന്നത് ചെറുവള്ളുവർ ആണ്.

ഒരു ചെറിയ പ്രശ്നം, അദ്ദേഹത്തിന്റെ തമിഴിലെ പ്രസംഗം ഇന്ഗ്ലീഷിലേക്ക് തർജമ ചെയ്യണം. സുഹൃത്ത്‌ എന്നോട് പറഞ്ഞു,
"നിനക്ക് തമിഴും ഇംഗ്ലീഷും ഒക്കെ പച്ചവെള്ളം പോലെ വരുമല്ലോ. നീ മതി". ആദ്യം ഒന്നറച്ചു. പിന്നെ സമ്മതിച്ചു.

ചെറുവള്ളുവർ പ്രസംഗം തുടങ്ങി.....
''തായ്കളെ, പെരിയോർകളെ. ഉങ്കൾക്ക് എന്നുടെ വണക്കം''.

ഒന്ന് ശങ്കിച്ച ഞാൻ ഇങ്ങനെ തട്ടിവിട്ടു,
''Welcome Ladies and Gentlemen''

ചെറുവള്ളുവർ: നാൻ മുതലിലേ ഒരു ഭാരതിയാർ കവിത ശൊല്ലുകിറേന്‍.

ഞാന്‍: One crocodile in Indian river singing poetry.

ചെറുവള്ളുവർ: അച്ചമില്ലയ് അച്ചമില്ലയ് അച്ചമെന്‍പതില്ലയെ

ഞാന്‍: No father, no father, eighty people no father

കവി ചെറുവള്ളുവർ വലുതായി എന്നെ ഒന്ന്നോക്കി. എനിക്കൊരു സംശയം, "ലവന് ഇനി ഇംഗ്ലീഷ് അറിയാമോ?"

2014 ജൂൺ 14, ശനിയാഴ്‌ച

ഫിലിപ്പിനോയുടെ പൈതൃകം


ദുബായ് കരാമയിലെ സിനിമാ സി.ഡി കടയാണ് രംഗം. ഒരു പകല്‍ നേരം. കടയില്‍ വലിയ തിരക്കൊന്നും ഇല്ലാത്തതിനാല്‍  അവിടുത്തെ രണ്ട് ജീവനക്കാരില്‍ ഒരാളായ രാജേഷ്‌ മാത്രമേ ഇപ്പോള്‍ ഉള്ളൂ. കടയുടെ മുന്നിലെ പാര്‍ക്കിംഗില്‍ ഒരു ചെറിയ കാറ് വന്നു നിന്നു. അതില്‍ നിന്നും സുമുഖനായ ഒരു ഫിലിപ്പൈന്‍സ്കാരന്‍ പുറത്തിറങ്ങി. എന്തോ ആലോചിച്ച ശേഷം കടയുടെ ഉള്ളിലേയ്ക്ക് വന്നു. തുടര്‍ന്ന് നടക്കുന്ന സംഭാഷണം.

"പരേ (സുഹൃത്തേ) ദു യു ഹാവ് പൈതൃകം ചേന്‍ച്?"

രാജേഷ്‌ ഒന്ന് അമ്പരന്നു. 'പൈതൃകം' - അതൊരു പഴയ മലയാളം സിനിമയല്ലേ? ചിലപ്പോ ഇവന്റെ ഭാര്യ മലയാളി ആയിരിക്കും. അല്‍പ്പം തപ്പിയ ശേഷം പൈതൃകം സിനിമയുടെ സി.ഡി എടുത്ത് നീട്ടി. അയാളുടെ മുഖം വാടി.

"നോ പരേ, പൈതൃകം"
"ദിസ് ഈസ്‌ പൈതൃകം"
"നോ, ഐ നീഡ്‌ പൈതൃകം"

ങേ? ഇനി പൈതൃകത്തിന്റെ അഞ്ച് സി.ഡി വേണമെന്നാണോ? രാജേഷിന് സംശയം ആയി.

"ഐ ഹാവ് ഒണ്‍ലി വണ്‍ പൈതൃകം"

ലവന് കരച്ചില്‍ വരാറായി. വലത് കൈപ്പത്തി രാജേഷിന്റെ  മുഖത്തിന്‌ നേരെ കാട്ടിക്കൊണ്ട് അയാള്‍ പറഞ്ഞു,

"യൂ നോ കാര്‍ പാര്‍ക്കിംഗ്?"
"എസ്"
"ഐ നീഡ്‌ പൈ...തൃകം"

ഹോ, ഫൈവ് ദിര്‍ഹം എന്നാണ് അവന്‍ ഉദ്ദേശിച്ചത് അല്ലേ? അവന് അഞ്ച് ദിര്‍ഹത്തിന്റെ ചില്ലറ കൊടുത്തു. തന്റെ ചമ്മല്‍ ആരും കണ്ടില്ല എന്ന് സമാധാനിച്ച്‌ ചാരിയിരുന്നു. ചുണ്ടിലെ അമളിയുടെ ചിരിയാണേല്‍ മായുന്നും ഇല്ല.

ഛെ.... ഇവരെന്താ ഇങ്ങനെ?


ആരേലും എന്തേലും ചോദിച്ചാല്‍ "അറിയില്ല" എന്ന് പറയുമ്പോള്‍ ഞാന്‍ ഇരു കൈകളും മലര്‍ത്തി കാണിക്കുകയും ഇരു തോളുകളും ഉയര്‍ത്താറും ഉണ്ട്. അത് പണ്ടേ ഒരു ശീലമാണ്.

ഒരിക്കല്‍ വഴിയരികിലെ കച്ചവടക്കാരനില്‍ നിന്നും രണ്ട് തണ്ണിമത്തനും വാങ്ങി ഇരു കൈകളിലും പിടിച്ചുകൊണ്ട് വരികയായിരുന്നു. എതിരേ ഒരു സ്ത്രീ വന്ന് ചോദിച്ചു.

"ഇവിടെ ATM എവിടെ ഉണ്ട്?"

ഞാന്‍ അവരോട് പറഞ്ഞു,
"ഇതൊന്ന് പിടിക്കൂ...." എന്നിട്ട് അവരുടെ ഓരോ കൈകളിലും ഓരോ തണ്ണിമത്തന്‍ വീതം കൊടുത്തു. എന്നിട്ട് ഇരു കൈകളും മലര്‍ത്തി കാണിക്കുകയും ഇരു തോളുകളും ഉയര്‍ത്തി,
"അറിയില്ല"

എന്ന് പറയുകയും ചെയ്തു. ആ ദുഷ്ട രണ്ട് തണ്ണിമത്തനും താഴെയിട്ട് പൊട്ടിച്ചു. എന്നിട്ട് ദേഷ്യത്തില്‍ ചാടിക്കുലുക്കി പോവുകയും ചെയ്തു....

ഛെ.... ഇവരെന്താ ഇങ്ങനെ?

2014 ജൂൺ 6, വെള്ളിയാഴ്‌ച

ബാര്‍ബര്‍ ഷോപ്പും കത്രികയും

എനിക്ക് അന്ന് എട്ട് വയസ്സ്. സ്കൂള്‍ തുറക്കുന്ന മുന്നേ മുടിയെല്ലാം വെട്ടി സുന്ദരന്‍ ആവണ്ടേ? കിളിമാനൂരിലെ മഹാദേവേശ്വരം കവലയിലെ ഭാനുവിന്റെ ബാര്‍ബര്‍ ഷോപ്പിലാണ് പതിവ് മുടിവെട്ടിക്കല്‍. ഞാനും ശ്രീക്കുട്ടനും അവിടുത്തെ ബഞ്ചില്‍ സ്ഥലം പിടിച്ചു.

മറ്റ് കടകളിലെ പോലെ അല്ല ബാര്‍ബര്‍ ഷോപ്പുകള്‍. അമേരിക്ക പോലെയുള്ള ദരിദ്രരാജ്യങ്ങളിലെ തുണിവാങ്ങാന്‍ പണമില്ലാത്ത ചേച്ചിമാരുടെ പടം ഭിത്തിയുടെ പല ഭാഗങ്ങളില്‍ ഒട്ടിച്ച് വയ്ക്കും. അതെന്തിനാണെന്ന് കുറെ ഏറെ ആലോചിച്ചപ്പോഴാണ് മനസ്സിലായത്‌. മുടിവെട്ടിക്കലിന്റെ ഭാഗമായി തല മുകളിലേക്കും താഴേക്കും വശങ്ങളിലേയ്ക്കും ഒക്കെ തിരിക്കേണ്ടി വരും. മിക്കപ്പോഴും തല തനിയെ പൂര്‍വ്വസ്ഥിതി പ്രാപിക്കുകയും ചെയ്യും. എന്നാല്‍ ഇത് പോലെയുള്ള പടങ്ങള്‍ക്ക് നേരെ മുഖം തിരിച്ചു വച്ചാല്‍ കാന്തികബലം കാരണം തല്‍സ്ഥിതി തുടരും. മുടി വെട്ടാന്‍ എളുപ്പം.
ഞാന്‍ ക്യൂവിലാണ്. എനിക്ക് മുന്നേ ശ്രീക്കുട്ടന്റെ മുടിവെട്ടല്‍ ആണ്. മുടി വെട്ടുന്നയാളുടെയും വെട്ടപ്പെടുന്നയാളുടെയും മുഖഭാവം കണ്ട് രസിച്ചിരിക്കുകയായിരുന്നു ഞാന്‍.
ക്ടിക്....ക്ടിക്....ക്ടിക്.... കര്‍ച്ച്....കര്‍ച്ച്....ക്ടിക്....ക്ടിക്....

പെട്ടെന്ന് ഞാന്‍ ചോദിച്ചു.
"മുടി വെട്ടുമ്പോ മാത്രം കത്രിക ചലിപ്പിച്ചാല്‍ പോരെ? അല്ലാത്തപ്പോഴും വെറുതെ എന്തിനാ കത്രിക ചലിപ്പിക്കുന്നത്?"

ഭാനുച്ചേട്ടന്‍ പണി നിര്‍ത്തി ഒരു പ്രതിമയായി. വേറെയും നാലു പേര്‍ അവിടെ ഇരിപ്പുണ്ട്. എല്ലാവരും കൂടി എന്നെ രൂക്ഷമായി നോക്കി. പിന്നെ നിശബ്ദതയെ കീറി മുറിച്ചുകൊണ്ട് വീണ്ടും മുടിവെട്ടല്‍ തുടര്‍ന്നു. പക്ഷെ ഇപ്പൊ മുടി വെട്ടുമ്പോള്‍ മാത്രമേ കത്രിക ചലിക്കുന്നുള്ളൂ. അടുത്തതായി എന്റെ ഊഴവും വന്നു. വെട്ട് തുടങ്ങി. വീണ്ടും അതാ വീണ്ടും വെട്ടുമ്പോഴും വെട്ടാത്തപ്പോഴും....
ക്ടിക്....ക്ടിക്....ക്ടിക്.... കര്‍ച്ച്....കര്‍ച്ച്....ക്ടിക്....ക്ടിക്....

ഞാന്‍ കണ്ണാടിയില്‍ കൂടി ഭാനുച്ചേട്ടനെ നോക്കി. അവിടെ ഇരിക്കുന്നവര്‍ ചിരിക്കാന്‍ തുടങ്ങി. ഭാനുച്ചേട്ടന്റെ മുഖം ചുവന്നു. കത്രികയും ചീര്‍പ്പും താഴെ വച്ചു.
"ഇനി നീ മിണ്ടിയാ.... നിന്നെ പൊക്കിയെടുത്ത് റോഡില്‍ കളയും"

പിന്നെ ഞാന്‍ മിണ്ടിയില്ല. എന്നെ റോഡില്‍ കളയുന്നതോന്നു കാണണമല്ലോ. ആഹാ....അത്രയ്ക്കായോ?

2014 ജൂൺ 3, ചൊവ്വാഴ്ച

സാമ്പാറിലെ മുളക്


തിരോന്തോരത്തെ ഒരു സദ്യ... 

വിശപ്പിന്റെ പരമകാഷ്ടയില്‍ ആയിരുന്നു തുടക്കം. ആദ്യം ചോറും പരിപ്പും നെയ്യും പപ്പടവും കൂട്ടി ഒരു പിടി പിടിച്ചു. അതാ വരുന്നു സാമ്പാറ്. സ്റ്റീലിന്റെ ബക്കറ്റില്‍ അവനങ്ങനെ മദിച്ചുമറിയുകയാണ്. ഇലയിലെ ചോറ് കൂമ്പാനയില്‍ ഒരു ഗര്‍ത്തം ഉണ്ടാക്കി അവന് സ്വാഗതം അരുളി.

സാമ്പാര്‍ ഒഴിക്കുന്ന പയ്യന്‍സിനെ ഒന്ന് ആവേശം കൊള്ളിച്ചു. 
"പോരട്ടെ.... നീം പോന്നോട്ടെ".

അവനും ആവേശം ഒട്ടും കുറച്ചില്ല. ഗര്‍ത്തം നിറഞ്ഞു തുളുമ്പി ഇളം ചൂടില്‍ സാമ്പാര്‍. നല്ല സുഖമുള്ള മണം മൂക്കില്‍ തുളഞ്ഞു കയറി. അതാ കൂട്ടത്തില്‍ ഒരു സുന്ദരന്‍ മുളക്. അവനെ പ്രത്യേകമായി മാറ്റി വച്ചു. കടുക് വറുത്തിടാന്‍ ഒഴിച്ച എണ്ണയൊക്കെ കുടിച്ച്, വയറു നിറച്ച്, അവനങ്ങനെ രസിച്ച് കിടക്കുകയായിരുന്നു. നടുവയറു നോക്കി അവനെ ഒരു ഞെക്ക് കൊടുത്തു.

"ഫാ.... കഴു_____മോനെ...." (കീ..... എന്ന ന്യൂ ജനറേഷന്‍ ശബ്ദം)

രണ്ടിലക്ക് അപ്പുറം ഇരിക്കുന്ന കൃഷ്ണേട്ടന്‍ അസഭ്യവര്‍ഷത്തിന്റെ മേമ്പൊടിയോടെ കണ്ണ് തിരുമ്മുന്നു. ആ കണ്ണിലേയ്ക്കു ഇത്ര കൃത്യമായി എങ്ങനെ കൊള്ളിച്ചു? എനിക്ക് എന്റെ ഉന്നത്തില്‍ അഭിമാനം തോന്നി. അത് പുറത്തുകാട്ടാതെ തൊണ്ടിസാധനം ആയ മുളക് പെട്ടെന്ന് വായിലിട്ട് വിഴുങ്ങി.

അങ്ങനെ തെളിവില്ലാത്ത മറ്റൊരു കേസിന്റെ അദ്ധ്യായം അവിടെ അടഞ്ഞു.