2014 ജനുവരി 23, വ്യാഴാഴ്‌ച

കൊച്ചമ്മാവനും ഭൂതങ്ങളും.


കിളിമാനൂര്‍ ശ്രീമഹാദേവ ക്ലബ്ബിലെ വല്യേട്ടന്മാരുടെ അന്നത്തെ സംസാര വിഷയം കൊച്ചമ്മാവന്‍ ആയിരുന്നു. വല്യാറപ്പുരയിലെ കൊച്ചമ്മാവന്‍. വിവാഹം കഴിച്ചിട്ടില്ല. ഒരു പ്രത്യേക ജീവിതക്രമം ആയിരുന്നു. അന്നാട്ടിലെ ഏറ്റവും ഭംഗിയുള്ള ആട്ടുകട്ടില്‍ കൊച്ചമ്മാവന് സ്വന്തം ആയിരുന്നു. വിഷുവിന് കൈനീട്ടം തരുന്നതൊഴിച്ചാല്‍ കുട്ടികളുമായി ആളിന് വലിയ ബന്ധം ഒന്നും ഉണ്ടായിരുന്നില്ല. മുതിര്‍ന്നവരുമായി  പോലും വളരെ കുറച്ച് അടുപ്പം മാത്രം. ക്ലബ്ബിലെ സംസാരം കേള്‍ക്കാന്‍ എനിക്കും താല്പ്പ ര്യം ഉണ്ടായിരുന്നു. കൂട്ടത്തില്‍ ചെറിയവന്‍ ആയ എന്നെയും അവര്‍ അവിടെ ഇരുത്തി. 

"കൊച്ചമ്മാവന്‍ ഇങ്ങനെ ആവാന്‍ കാരണം ഭൂതങ്ങളാണ്‌. ഭൂതങ്ങള്‍ കൊച്ചമ്മാവനെ ആക്രമിക്കാറുണ്ട്. അത് കൊണ്ടാണ് ആള്‍ അധികം പുറത്തിറങ്ങാത്തത്. അധികം ആരുമായും സംസാരിക്കാത്തത്. വീടിനു ചുറ്റും കുറെ മന്ത്രത്തകിടുകള്‍ ജപിച്ച് കുഴിച്ചിട്ടിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ കക്കൂസ് അല്പം ദൂരെയാണ്. അവിടം അശുദ്ധമായതിനാല്‍ മന്ത്രത്തകിടുകള്‍ അവിടെ ഫലിക്കുകയില്ല. അതിനാല്‍ കൊച്ചമ്മവനെ അവിടെ വച്ചാണ് ഭൂതങ്ങള്‍ ആക്രമിക്കുന്നത്. പക്ഷെ കാരണം അറിയില്ല."

എന്റെ മുഖത്ത് അത്ഭുതം ഊഞ്ഞാലാടാന്‍ തുടങ്ങി. അത് കണ്ടപ്പോള്‍ കൂടുതല്‍ തെളിവുകളുമായി മറ്റുള്ളവരും വന്നു. കൊച്ചമ്മാവന് വായുവിന്റെ കോപം കലശലായിരുന്നു. സാഹചര്യമോ സ്ഥലകാലബോധമോ ഇല്ലാതെ വായു അനര്ഗ്ഗനിര്ഗ്ഗളം ചുറ്റുപാടും ചീറി അടിക്കുമായിരുന്നു. ഇതിനു കാരണം കൊച്ചമ്മവാന്‍ ഭൂതങ്ങളെ പേടിച്ച് പരമാവധി കക്കൂസില്‍ പോകാത്തത് കൊണ്ടാണത്രേ. കൊച്ചമ്മവനെ ആക്രമിക്കുന്ന ഭൂതങ്ങള്‍ മറ്റാരെയും ആക്രമിച്ചിട്ടില്ല.

“ഇതെല്ലം ശെരിയാണോ?” ഞാന്‍ ചോദിച്ചു.
“സംശയം ഉണ്ടെങ്കില്‍ കൊച്ചമ്മവാന്‍ കക്കൂസില്‍ പോകുമ്പോള്‍ പുറത്ത് ഒളിച്ചു നില്ക്ക്ണം. കുറച്ചു കഴിയുമ്പോള്‍ ആക്രമണത്തിന്റെ ബഹളം കേള്ക്കാം” വാര്യത്തെ ഉണ്ണിച്ചേട്ടന്‍ പറഞ്ഞു.

ഞാന്‍ പിറ്റേന്ന് രാവിലെ കുറെ നേരം കാത്തു നിന്നു. അതാ കൊച്ചമ്മവാന്‍ കയ്യില്‍ ഒരു ബക്കറ്റും വെള്ളവും ആയി കക്കൂസില്‍ പോകുന്നു. മുഖത്ത് പേടി ഉണ്ടോ? ഭൂതങ്ങള്‍ ദിനവും ആക്രമിക്കുന്ന കാരണം പാവത്തിന് ഇപ്പോള്‍ ശീലമായിട്ടുണ്ടാവും. കൊച്ചമ്മാവന്‍ അകത്ത് കയറി കതകടച്ചു. ഞാന്‍ പുറത്തെ പ്ലാവിനു പിന്നില്‍ ഒളിച്ചിരുന്നു. അല്പം സമയം കഴിഞ്ഞപ്പോള്‍ അകത്തു നിന്നും മൂളലും ഞരക്കവും,
“അയ്യോ, ദൈവമേ..... അയ്യോ... അയ്യോ.... വയ്യായേ....” എന്നൊക്കെ കേള്‍ക്കാന്‍ തുടങ്ങി. പിന്നെ അവിടെ നില്ക്കാന്‍ എനിക്ക് പേടി ആയി. ഞാന്‍ ഓടി ക്ലബ്ബില്‍ വന്നു.
“ശെരിയാണ്.... ഞാന്‍ കേട്ടു.... കൊച്ചമ്മാവനെ ഭൂതങ്ങള്‍ കക്കൂസില്‍ ആക്രമിക്കുന്നു. ഞാന്‍ പേടിച്ച് ഓടി വന്നതാ”.

അവിടെ കൂട്ടച്ചിരി ഉയര്ന്നു.
“നീ അധികം അവിടെ നില്ക്കാത്തത് നന്നായി”.

നടന്ന കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അച്ഛനാണ് പറഞ്ഞത്, കൊച്ചമ്മാവനെ ആക്രമിക്കുന്ന ഭൂതങ്ങള്‍ “പൈല്‍സ്‌" എന്ന പേരിലാണ് അറിയപ്പെടുന്നത് പോലും.

2014 ജനുവരി 19, ഞായറാഴ്‌ച

തിരോന്തോരത്തെ ബിഷപ്പ്


കോട്ടയം നാട്ടകത്തെ നാട്ടുകാര്‍ക്ക് പുതുതായി വന്ന തിരുവനന്തപുരംകാരനായ ന്യൂജെനറേഷന്‍ അച്ഛനെ അത്ര പിടിച്ചില്ല.

"അച്ചോ, ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ"
എന്ന് ആരേലും പറഞ്ഞാല്‍ ഉടനെ അച്ഛന്‍ പറയും,

"എപ്പ സ്തുതിയായിന്ന് കേട്ടാ മതി"

പുതുതലമുറ അതിനെ രസകരമായി എടുത്തെങ്കിലും പഴമക്കാര്‍ക്ക് അതത്ര പിടിച്ചില്ല. അവര്‍ ബിഷപ്പിനോട് പരാതിയുമായി എത്തി. സംഭവവശാല്‍ അദ്ദേഹവും തിരുവനന്തപുരംകാരന്‍ ആയിരുന്നു.

"എന്താ പ്രശ്നം?"
"തിരുമേനീ, പുതിയതായി വന്ന ആ അച്ഛന്‍ ശേരിയാവില്ല. ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ എന്ന് പറഞ്ഞാല്‍ എപ്പ സ്തുതിയായി എന്ന് കേട്ടാ മതി എന്നാണ് മറുപടി പറയുന്നത്. ഞങ്ങള്‍ ഇടവകക്കാര്‍ക്ക് ഇത് അംഗീകരിക്കാന്‍ പറ്റില്ല. അത് കൊണ്ട് ആ അച്ഛനെ അവിടുന്ന് മാറ്റണം"

"എപ്പ മാറ്റീന്ന് കേട്ടാ മതി"

ദന്തഡോക്ടര്‍


ഞാനും ഭാര്യയും ഡെന്റിസ്റിന്റെ അടുത്തെത്തി. പാവത്തിന് കലശലായ പല്ല് വേദന. വായ വലിച്ചു തുറന്ന് ടോര്‍ച്ചടിച്ചു നോക്കിയ അപ്പോത്തിക്കിരി പറഞ്ഞു,

"ഒരു പല്ല് അത്യാവശ്യം പിഴുതെടുക്കാതെ നിവര്‍ത്തിയില്ല"

ഞാന്‍: "ആയ്ക്കോട്ടെ. പല്ലെടുക്കുന്നതിന് എത്രയാ ചാര്‍ജ്?"

ഡോക്ടര്‍: "ബോധം കെടുത്തി എടുക്കുന്നതിന് 1000 രൂപ. കുത്തിവച്ച് മരവിപ്പിച്ചു എടുക്കുന്നതിന് 600 രൂപ. ഇതൊന്നുമില്ലാതെ എടുക്കുന്നതിനു 400 രൂപ"

ഞാന്‍: "ഇതാ 200 രൂപയുണ്ട്... വളരെ സാവകാശം എടുത്താല്‍ മതി." 

അത്ഭുതത്തോടെ വായ തുറന്ന് എന്നെ നോക്കിയ ഭാര്യയോട് "വാ അങ്ങനെ തന്നെ തുറന്ന് ഇരുന്നോളൂ. ആ പല്ല് ഡോക്ടര്‍ ഇപ്പ എടുത്തു തരും ട്ടാ...."

ബാക്കി ഭാഗം കാണാന്‍ എനിക്ക് കരുത്തില്ലാത്തതിനാല്‍ ഞാന്‍ പുറത്തിറങ്ങി നിന്നു. സ്നേഹം കൊണ്ടാണ്. അല്ലാതെ ഇന്നലെ എന്നോട് തര്‍ക്കശാസ്ത്രം ഉരുക്കഴിച്ചത് കൊണ്ടൊന്നുമല്ല.....

2014 ജനുവരി 18, ശനിയാഴ്‌ച

തുണിക്കടയില്‍




ഒരു ദിവസം ഉച്ചയൂണ് കഴിഞ്ഞ നേരം, ശ്രീക്കുട്ടന്‍ ചോദിച്ചു,
"ഡേയ് സുജീ, നമ്മക്ക് കിളിമാനൂര്‍ ജങ്ക്ഷനില്‍ പോവാം. എനിക്ക് ഒന്ന് രണ്ടു സാധനങ്ങള്‍ വാങ്ങണം"

ഞാന്‍ സമ്മതിച്ചു. രണ്ടു പേരും നടന്ന് കവലയില്‍ എത്തി. ആദ്യം ഒരു ഷേവിംഗ് സെറ്റ് വാങ്ങി. എന്നിട്ട് ഞങ്ങള്‍ തുളസി ടെക്സ്റ്റയില്‍സില്‍ കയറി. ഒരു വലിയ കട. ഉച്ച നേരം ആയതിനാല്‍ കടയില്‍ ആവശ്യക്കാര്‍ ആരും ഇല്ല. വില്‍പ്പനക്കാര്‍ എല്ലാം വനിതകള്‍. അവരും സൊറ പറഞ്ഞിരിക്കുകയാണ്. കാഷ്യര്‍ മാത്രം മാത്രം പ്രായമായ ഒരാള്‍.

സ്ത്രീകള്‍ മാത്രം ഉള്ളതിനാല്‍ ശ്രീക്കുട്ടന്‍ ആദ്യം ഒന്നറച്ചു. എന്നിട്ട് കാഷ്യറുടെ അടുത്ത് ചെന്ന് പറഞ്ഞു,
"ജട്ടി വേണം"
എട്ടു ദിക്കും പൊട്ടുമാറ് ശ്രീക്കുട്ടനെ ചൂണ്ടി അദ്ദേഹം അലറി....

"ഈ... സാറിന് ജട്ടി കൊടെയ്....."

കട ആകെ ഞെട്ടി ഉണര്‍ന്നു....

ഭാഗ്യം ഞാന്‍ പുറത്തേയ്ക്ക് നോക്കി നില്‍ക്കുകയായിരുന്നു....

2014 ജനുവരി 17, വെള്ളിയാഴ്‌ച

തിങ്കളാഴ്ച വ്രതം


അന്നൊരു ഞായറാഴ്ച രാവിലെ. 

വിവാഹ നാളുകളില്‍ സാധാരണ സ്ത്രീകളെപ്പോലെ എന്റെ ഭാര്യയും ഭക്ഷണം പാചകം ചെയ്യുന്ന കാര്യത്തില്‍ അല്പം പിന്നിലായിരുന്നു. വിശന്നു വലഞ്ഞു കയറി വന്ന എന്നോട് ഭാര്യ:

"ഞാനിന്നു രണ്ടു രണ്ടു തരം ഭക്ഷണം ഉണ്ടാക്കുന്നത്‌ വനിതയില്‍ വായിച്ചു പഠിച്ചു."

ഞാന്‍: "എന്തൊക്കെയാണ് ആ സംഭവങ്ങള്‍?"

ഭാര്യ: "ചപ്പാത്തിയും കുറുമയും, പൂരിയും ഉരുളക്കിഴങ്ങും"

ഞാന്‍: "ഈ മേശപ്പുറത്ത് വിളമ്പി വച്ചിരിക്കുന്നത് ഇതില്‍ ഏതായിട്ടു വരും?"

ഭാര്യയുടെ മുഖത്ത് കാര്‍മേഘം ഉരുണ്ടു കൂടിയത് പാവം ഞാന്‍ കണ്ടില്ല....
ഏതായാലും പിറ്റേന്ന് എനിക്ക് തിങ്കളാഴ്ച വ്രതം ആയിരുന്നു. കുടിക്കാന്‍ ഒരു തുള്ളി വെള്ളം പോലും കിട്ടിയില്ല.

സത്യന്‍ അന്തിക്കാടിന്റെ സിനിമയിലെ ഒരു വാചകം ഓര്‍മ്മ വന്നു. "വിജയകരമായ ദാമ്പത്യ ജീവിതത്തിന് ക്ഷമാശീലം വളരെ വളരെ ആവശ്യമാണ്‌"

ബീച്ചിലെ ബഞ്ച്


ഒരു വൈകുന്നേരം. ഞാന്‍ കൊല്ലം വാടി കടപ്പുറത്തുകൂടി കടലയും കൊറിച്ച് നടക്കുകയായിരുന്നു. ഇടയ്ക്ക് അടുത്തുകണ്ട ഒരു സിമന്റ് ബെഞ്ചില്‍ ഇരുന്നു. മറുവശത്തുള്ള സിമന്റ് ബെഞ്ചില്‍ അതാ മറ്റൊരാള്‍ ആടിയാടി വന്ന് ഇരിക്കുന്നു. നല്ല "സ്പിരിച്വല്‍" മൂടിലാണോ ആവോ? ആ ബെഞ്ചിന്റെ വശത്തായി ഒരു മനുഷ്യന്റെ പ്രതിമ ഉണ്ട്. പക്ഷെ പാവത്തിന് കണ്ണ് നേരെ പിടിക്കുന്നില്ല. കാര്യം മനസ്സിലാക്കാതെ പ്രതിമയുമായി സംഭാഷണം തുടങ്ങി.....


"ആശാനേ, തിരുവനന്തപുരത്ത്കാര്‍ക്ക് വേണ്ടി ഹൈക്കോടതി സ്വന്തമായി ഒരു ബെഞ്ച്‌ പണിയാന്‍ പോണൂ എന്ന് കേള്‍ക്കുന്നു. എങ്കില്‍ പിന്നെ ഒരെണ്ണം പാവം കൊല്ലത്ത്‌കാര്‍ക്കും വേണ്ടിയും പണിയരുതോ......?

ഇതിപ്പോ ഒരു ബെഞ്ച്‌ പണിയാന്‍ പോയാല്‍ പതിനൊന്നു മണി ആവുമ്പോഴേക്കും ജോലി തീര്‍ത്ത് ആശാരി ഫുള്‍ കൂലിയും വാങ്ങി പോകും... ഒരെണ്ണം കൂടി പണിയാന്‍ വേണ്ട മരം എന്തായാലും ചായ്പ്പില്‍ ഉണ്ടല്ലോ? കൊല്ലത്ത് തന്നെ ഉള്ള ബഞ്ചില്‍ ഇരുന്നാല്‍ നമുക്ക് എഴുന്നേറ്റ് പോകാന്‍ എളുപ്പമാ.... അത് കൊണ്ടാ, ആശാന്‍ ഒന്നും വിചാരിക്കരുത്..."

ഞാന്‍ കരുതി... സംഭവം ശെരിയാണല്ലോ..

2014 ജനുവരി 16, വ്യാഴാഴ്‌ച

കല്യാണം മുടങ്ങിയത് എങ്ങനെ?


തിരോന്തോരത്തെ ടെക്നോപാര്‍ക്കില്‍ ഒരു വലിയകമ്പനിയിലെതൃശ്ശൂര്കാരന്‍ മൊതലാളിയുടെ ബെന്‍സ് കാര്‍ ഓടിക്കുന്ന അനിലിന് തിരോന്തോരത്തൂന്നു ഒരു കല്യാണ ആലോചന. പട്ടത്താണ് പെണ്ണിന്റെ വീട്.

അങ്ങനെ തൃശ്ശൂരില്‍ നിന്നും ഞായറാഴ്ച ഒരു വാന്‍ നിറയെ ബന്ധുക്കള്‍ തിരോന്തോരം ലക്ഷ്യമാക്കി  യാത്ര തിരിച്ചു. തിരിയെ മടങ്ങുന്ന വഴിയില്‍ കൊടീശ്വരനായ ശ്രീപദ്മനാഭസ്വാമിയേയും തൊഴാം എന്ന് പറഞ്ഞപ്പോള്‍ പ്രായമായവര്‍ വണ്ടിയില്‍ ഓടിക്കയറി സ്ഥാനം ഉറപ്പിച്ചു.

ദീര്‍ഘനേരത്തെ യാത്രയുടെ ഒടുവില്‍ വണ്ടി പട്ടത്ത് എത്തി. പ്രധാന റോഡില്‍ നിന്ന് തിരിഞ്ഞ് പെണ്‍കുട്ടിയുടെ വീടിനടുത്തെയ്ക്ക് എത്തി. വാഹനം വഴിയുടെ ഒരു വശത്തേയ്ക്ക് ഇട്ടിട്ട് എല്ലാരും വീടിനുള്ളിലേയ്ക്ക് നടന്നു. അവിടുത്തെ കാരണവര്‍ നിറചിരിയോടെ മുന്നില്‍ തന്നെ ഉണ്ടായിരുന്നു. വിശാലമായ വരാന്തയില്‍ നിരത്തി ഇട്ടിരിക്കുന്ന കസേരകളില്‍ എല്ലാവരും ഇരുന്നു.

പെണ്‍കുട്ടിയുടെ സഹോദരന്‍മാരില്‍ ഒരാള്‍ ഒരു വലിയ പാത്രത്തില്‍ നാരങ്ങാവെള്ളം കൊണ്ട് വന്നു. മറ്റൊരാള്‍ ഓരോ ഗ്ലാസുകളില്‍ നിറച്ച് ഓരോരുത്തര്‍ക്കും കൊടുത്തു. നല്ല സ്വാദ്... യാത്രയുടെ ക്ഷീണം കൊണ്ടാവണം ചിലര്‍ വീണ്ടും വാങ്ങി കുടിച്ചു. ഇത് കണ്ടു നിന്ന പെണ്ണിന്റെ വീട്ടിലെ കാരണവര്‍ക്ക്‌ സന്തോഷമായി.

"എങ്ങനൊണ്ട് നാരങ്ങാ വെള്ളം?"
"വളരെ നന്നായിണ്ട്" തൃശ്ശൂര്‍ ടീമിലെ കാരണവത്തി പറഞ്ഞു.
"എങ്ങന നന്നാവാതിരിക്കും? എന്റെ സ്വന്തം അപ്പികള് കലക്കിയതാണ്"

ഡും.... ആകെ നിശബ്ദത.... മ്ലാനത... ഓക്കാനം....

അങ്ങനെ ആ കല്യാണം മുടങ്ങി....
(ഇതൊരു നാടോടിക്കഥയുടെ പുനര്‍ ആഖ്യാനം ആണ്)

2014 ജനുവരി 4, ശനിയാഴ്‌ച

AK-47ഉം ഉള്ളിയും


അങ്ങനെ എന്റെ സുഹൃത്തായ ശ്രീക്കുട്ടന്‍ പട്ടാളത്തില്‍ ചേര്‍ന്നു.

കുട്ടിക്കാലത്ത് ഒരു പട്ടിക്കുട്ടിയെ കണ്ടാല്‍ പോലും നിലവിളിച്ച് ഓടുന്ന ശ്രീക്കുട്ടന്‍. വഴിയില്‍ പശുവിനെ കെട്ടിയിട്ടിരുന്നാല്‍ പോലും വഴിമാറി നടക്കുന്ന ശ്രീക്കുട്ടന്‍. ഉല്‍സവത്തിന് ആനയെ ദൂരെ മാറി നിന്ന് കാണുന്ന ശ്രീക്കുട്ടന്‍. എങ്ങാനും അടി കൊണ്ടാല്‍ ദിവസം മുഴുവന്‍ കരയുന്ന ശ്രീക്കുട്ടന്‍. അങ്ങനെയുള്ള ശ്രീക്കുട്ടന്‍ പട്ടാളത്തില്‍ ചേര്‍ന്നു. പല വിഷയങ്ങളിലും അപാര ജ്ഞാനം ഉണ്ടായിരുന്ന ശ്രീക്കുട്ടന്‍ പക്ഷെ പട്ടാളത്തില്‍ ചേരുന്നത് എനിക്ക് ചിന്തിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. ഞാന്‍ ചോദിച്ചപ്പോള്‍ "എഡേ സുജീ, എനിക്ക് എന്തോ അങ്ങനെ തോന്നി" എന്ന് മാത്രം പറഞ്ഞു.

ശ്രീക്കുട്ടന്റെ പട്ടാളക്യാമ്പിലെ ആദ്യ ദിനങ്ങള്‍ കുറെ കഠിനം ആയിരുന്നു. ശാരീരികം ആയി അത്രത്തോളം ആരോഗ്യം ഒന്നും ആ പാവത്തിന് ഉണ്ടായിരുന്നില്ല. എന്നാലും ആള്‍ ആ മുള്‍ത്താരകള്‍ ഒക്കെ വിജയകരമായി താണ്ടി. ഒരു ദിവസം അവരുടെ യൂണിറ്റില്‍ Avtomat Kalashnikova എന്ന പേരില്‍ അറിയപ്പെടുന്ന AK-47 നെ പറ്റി ഒരു ക്ലാസ്സ്‌ നടക്കുകയായിരുന്നു. ക്ലാസ്സ്‌ എടുക്കുന്നത് തമിഴ്നാട്ടുകാരന്‍ ആയ ഒരു വിദഗ്ദന്‍, ക്യാപ്റ്റന്‍ ശെല്‍വം ആണ്. തമിഴ്‌ കലര്‍ന്ന ഹിന്ദി ഭാഷയില്‍ അദ്ദേഹം തുടങ്ങി.

"യേ ബന്ദൂക്ക് പഹലാ റഷ്യാ മേം ബനായാ ഹുവാ ഹേ. യേ അസാട്ട് റൈഫിള്‍ക്കോ കലാഷ്നികൊവ്‌ നാം ഭീ ഹേ. ഇസ്കാ മാഗസീന്‍ കപ്പാസിറ്റി ബീസ് ഹേ"
"നഹീം സാര്‍ തീസ് ഹേ"
"ക്വോന്‍ ഹേ വോ?"
"ജീ സാബ്. ശ്രീകുമാര്‍...." ശ്രീക്കുട്ടന്‍ എഴുന്നേറ്റു നിന്നു.
"തും സഹീ ബോലാ... ഇസ്കെ ബാരെ മേം തുംകോ ഓര്‍ ക്യാ ക്യാ മാലൂം ഹേ?" അത്ര സന്തോഷത്തില്‍ അല്ലെങ്കിലും ക്യാപ്റ്റന്‍ ശെല്‍വം ചോദിച്ചു.
"1946-47 മേം മിഖായില്‍ കലാഷ്നികൊവ്നേ യേ ബനായാ ഥാ. 3.75kg weight, 880 mm length ഹേ. ഇസ്കാ ആക്ഷന്‍ Gas Operated, Rotating bolt ടൈപ്പ്‌ ഹേ. 715 m/s Muzzle velocity, 400 metres റേഞ്ച്" ശ്രീക്കുട്ടന്‍ അവിടെ തകര്‍ക്കുവായിരുന്നു. ക്യാപ്റ്റന്‍ ശെല്‍വത്തിന്റെ കണ്ണ് തള്ളി. താമസിയാതെ അന്നത്തെ ക്ലാസ്സ് തീര്‍ന്നു. കൂടെ ഉണ്ടായിരുന്നവര്‍ ഒരു അത്ഭുത വസ്തുവിനെ പോലെ ശ്രീക്കുട്ടനെ നോക്കി നിന്നു. ചിലര്‍ അടുത്തു വന്നു അഭിനന്ദിച്ചു.

ഏതായാലും ശ്രീക്കുട്ടന്റെ ഈ മിന്നുന്ന പ്രകടനത്തിന് പകരം ആണോ എന്നറിയില്ല. ഒരു പുതിയ പണി കിട്ടി. പിറ്റേന്ന് മുതല്‍ പാച്ചകപ്പുരയില്‍ ആയിരുന്നു ശ്രീക്കുട്ടന്റെ സ്ഥാനം. വൈകുന്നേരം അത് വഴി പോയിരുന്ന ക്യാപ്റ്റന്‍ ശെല്‍വം പാചകപ്പുരയിലെ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് കണ്ടു. ശബ്ദം ഉണ്ടാക്കാതെ പിന്നിലൂടെ എത്തി നോക്കി. അതാ ശ്രീക്കുട്ടന്‍ ക്ലാസ്സെടുക്കുന്നു.

"ശാസ്ത്രീയമായി എങ്ങനെ സവാള തൊലിക്കാം" എന്നതായിരുന്നു വിഷയം.... ക്യാപ്റ്റന്‍ ശെല്‍വം സ്വയം അറിയാതെ അതെല്ലാം ശ്രദ്ധിച്ചു കേട്ടു. ശ്രീക്കുട്ടന്‍ വീണ്ടും റോക്ക്സ്....

2014 ജനുവരി 1, ബുധനാഴ്‌ച

ഓട്ടമല്‍സരം


അടുത്തുള്ള ചേട്ടന്മാര്‍ക്കും ചേച്ചിമാര്‍ക്കും സ്കൂള്‍ അവധിക്കാലം. എനിക്ക് അഞ്ചു വയസ്സാവുന്നു. അടുത്തമാസം മുതല്‍ ആദ്യമായി സ്കൂളില്‍ പോയി തുടങ്ങും. അതിനു മുന്നേ ഉള്ള ഒരുക്കത്തില്‍ ആണ് ഞാന്‍. പ്രധാന പരിപാടി കിളിമാനൂര്‍ ക്ഷേത്രമതില്‍ക്കെട്ടില്‍ കളിച്ചു മറിയല്‍ തന്നെ. രാവിലെ പൂജ കഴിഞ്ഞ് പോറ്റിസാര്‍ വലിയ ഗേറ്റും പൂട്ടി പോവും. വൈകുന്നേരം വരെ അവിടെ കളിക്കാന്‍ സമ്മതിക്കില്ല. അതുകൊണ്ട് പോറ്റിസാര്‍ പോയി എന്ന് ഉറപ്പാക്കിയാല്‍ പിന്നെ ചേട്ടന്മാരോടൊപ്പം മതില്‍ ചാടി അകത്തു കയറി കളിച്ചു തിമിര്‍ക്കും. ഞങ്ങളെ പോലെയുള്ള ഇത്തിരിക്കുഞ്ഞമാരെ ചേട്ടന്മാര്‍ എടുത്ത് ഉയര്‍ത്തിയാണ് മതിലിനപ്പുറം എത്തിയ്ക്കുന്നത്. ഉച്ചയ്ക്ക് വിശക്കുമ്പോള്‍ എല്ലാരും വീടുകളില്‍ പോയി ഊണ് കഴിക്കും. ഞങ്ങളൊക്കെ കൈകഴുകി പിന്നില്‍ ദ്വാരം വീണുതുടങ്ങിയ നിക്കറില്‍ തുടച്ച്കൊണ്ട് അമ്പലപ്പറമ്പിലെയ്ക്ക് വീണ്ടും ഓടും.

ഒരു ദിവസം ഉച്ചയ്ക്ക് ഊണ് സമയത്തിനു അല്പം മുന്നേ വീട്ടില്‍ എത്തി. കൊല്ലത്തെ വല്സലച്ചേച്ചിയും അമ്മാവനും വീട്ടില്‍ എത്തിയിട്ടുണ്ട്. അവരുടെ വിവാഹം കഴിഞ്ഞ് ആദ്യമായി വിരുന്നു വന്നതാണ്. ഞാന്‍ അവരെ നോക്കി പുഞ്ചിരിച്ചു. ആകെ ചെളിപുരണ്ട രൂപത്തിലാണ് ഞാന്‍. കിണറ്റിന്‍ കരയില്‍ പോയി കാലും മുഖവും കഴുകുമ്പോള്‍ അമ്മ പറഞ്ഞു.

"നീ പോയി ഒരു തേങ്ങ വാങ്ങിയിട്ട് വാ". രണ്ടു രൂപയും കയ്യില്‍ വച്ച് തന്നു. പണം പോക്കറ്റില്‍ ഇട്ടു. ഞാന്‍ എന്റെ സങ്കല്പ്പ വാഹനം വായ കൊണ്ട് പതിവ് പോലെ സ്റ്റാര്‍ട്ട് ചെയ്ത് ഓടി പോയി.
"ബ്രൂം...ബ്രൂം...ബ്രൂം..."

ഞങ്ങളുടെ വീട്ടില്‍ നിന്ന് അല്പം മുകളിലേയ്ക്ക് ഉള്ള ചെമ്മണ്‍ പാതയുടെ ഏറ്റവും അറ്റത്ത് കുട്ടന്‍പിള്ളയുടെ കടയുണ്ട്. അവിടുന്നാണ് വാങ്ങേണ്ടത്. എന്റെ വണ്ടി ഗിയറുകള്‍ മാറി കയറ്റം കയറി കടയില്‍ എത്തി. പൊതിച്ച് വൃത്തിയാക്കിയ ഒരു തേങ്ങ കുലുക്കി നോക്കി വാങ്ങി. ബാക്കി നാണയങ്ങള്‍ വാങ്ങി പോക്കറ്റില്‍ ഇട്ടു. വീണ്ടും വണ്ടി പ്രവര്‍ത്തന നിരതമാക്കി. താഴേയ്ക്ക് യാത്ര തുടങ്ങി.
"ബ്രൂം...ബ്രൂം...ബ്രൂം..."

ഓട്ടത്തിനിടെ കയ്യില്‍ നിന്ന് തേങ്ങ താഴേയ്ക്ക് വീണു. താഴേയ്ക്ക് ഉരുണ്ടു തുടങ്ങി. അവനെ പിടിക്കാന്‍ ഞാന്‍ ഗിയര്‍ മാറ്റി വണ്ടിയുടെ വേഗത കൂട്ടി. എന്നിട്ടും അവനെ പിടിക്കാന്‍ ആയില്ല. എനിക്ക് വാശിയായി. വണ്ടി ടോപ്‌ ഗിയറില്‍ ഇട്ടു. "ബ്രൂം...ബ്രൂം...ബ്രൂം..." വിമാനത്തിന്റെ വേഗതയായോ എന്നൊരു സംശയം. തിരിഞ്ഞു നോക്കാതെ ഓടി. കുറെ ദൂരം ഓടി ഓടി ഒടുവില്‍ വീട്ടില്‍ എത്തി.

"തേങ്ങ എവിടെ?" അമ്മ ചോദിച്ചു.
"ങേ? ശേരിയാണല്ലോ" ഞാന്‍ ഒന്നും മിണ്ടാതെ ആലോചിച്ചു. ഞാന്‍ അവനെ എവിടെ വച്ചാ തോല്‍പ്പിച്ചത്?
"തേങ്ങ എവിടെ?" അമ്മ വീണ്ടും ശബ്ദം ഉയര്‍ത്തി ചോദിച്ചു. ഞാന്‍ നടന്ന കാര്യം പറഞ്ഞു. അമ്മയ്ക്ക് ദേഷ്യം വന്നു. കൈകൊണ്ടു ചന്തിയില്‍ രണ്ടടി കിട്ടി. കൂടുതല്‍ കിട്ടാതിരിക്കാന്‍ പതിവ് പോലെ ഞാന്‍ കരച്ചില്‍ തുടങ്ങി. അതെ സമയം മേലതിലെ ബാബു ചേട്ടന്‍ തേങ്ങയുമായി അവിടെ എത്തി.
"നീ എന്തിനാഡാ തേങ്ങയെ താഴെ ഉരുട്ടിയിട്ടിട്ട് ഓടി പോയത്?"
"അവന്‍ തേങ്ങയെ ഓടി തോല്പ്പിച്ചതാണ് പോലും" അമ്മ പറഞ്ഞു.

ബാബുച്ചേട്ടന്‍ എന്നെ നോക്കി ചിരിച്ചു. ഞാനും കണ്ണീര് തുടച്ച് കൊണ്ട് ഒരു പുഞ്ചിരി പാസാക്കി. എന്നിട്ട് പതിയെ പറഞ്ഞു,
"അടി കൊണ്ടെങ്കിലെന്ത് ഞാന്‍ അവനെ ഓടി തോല്പ്പിചില്ലേ?"