2014 ജൂലൈ 14, തിങ്കളാഴ്‌ച

കുഞ്ഞിനുള്ള ഉപകാരം


ബസ്സില്‍ സാമാന്യം തിരക്കുണ്ട്‌ . ഒന്നുമയങ്ങാം എന്നുകരുതി അയാള്‍ കണ്ണടച്ചു. അപ്പോഴാണ്‌ ഒരു കൈകുഞ്ഞുമായ് ഒരു യുവതി കയറി വന്നത്. കുഞ്ഞാണെങ്കില്‍നിര്‍ത്താതെ കരയുന്നു.
സാമാന്യ മര്യാദ കാണിക്കണമല്ലോ. അയാള്‍ എഴുന്നേറ്റു സീറ്റ് ആ യുവതിക്ക് കൈമാറി. നന്ദിയോടെ ഒരു നോട്ടം നോക്കി അവള്‍ ആ സീറ്റില്‍ ഇരുന്നു. കുഞ്ഞിന്‍റെ കരച്ചില്‍ നിര്‍ത്താനായിരിക്കണം ഇരുന്ന പാടെ കുഞ്ഞിനെ മുലയൂട്ടാന്‍ തുടങ്ങി. ഏതായാലും കുഞ്ഞു കരച്ചില്‍ നിര്‍ത്തി. അയാള്‍എതെക്കെയോ വിചാരങ്ങളിലെയ്ക്ക് ഊളിയിട്ടു പുറത്തേയ്ക്ക് നോക്കി നിന്നു.

വീണ്ടും കുഞ്ഞിന്‍റെ കരച്ചില്‍ കേട്ടാണ് അയാള്‍ നോക്കിയത്. ക്ഷീണം കൊണ്ടായിരിക്കണംഅവള്‍ ഉറങ്ങിയിരിക്കുന്നു. കുഞ്ഞ് അമ്മിഞ്ഞയുടെ കിട്ടാതെ കരയുന്നു. പാവം മുഖം കൊണ്ടും ഒരു കൈ കൊണ്ടും പരതി നോക്കുന്നു. എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം അയാള്‍ വിഷമിച്ചു. കുഞ്ഞിന്‍റെ അമ്മയെ വിളിച്ചുണര്‍ത്തണോ അതോ കണ്ടില്ലെന്നു നടിക്കണോ?
ഒരു നിമിഷത്തെ ചിന്തക്ക് ശേഷം അയാള്‍ ആരെയും ബുദ്ധിമുട്ടിക്കാതെ ആ കുഞ്ഞിനെ സഹായിക്കാന്‍ തീരുമാനിച്ചു. പെട്ടെന്ന് ഒരു നിലവിളി ശബ്ദവും പിന്നെ ഇടിയുടെ ശബ്ദവും മാത്രമേ പിന്നെ അയാള്‍ കേട്ടുള്ളൂ. പറക്കുന്ന പോന്നീച്ചകള്‍ക്കിടയില്‍ ചെവിയില്‍ മൂളുന്ന വണ്ടുകള്‍ക്കിടയില്‍ അയാള്‍ മനസ്സിലോര്‍ത്തു.
ദൈവമേ, ഇക്കാലത്ത് മുലകുടിക്കുന്ന കുഞ്ഞിനുപോലും ഒരു ഉപകാരം ചെയ്യാന്‍ പാടില്ല.....

2014 ജൂലൈ 8, ചൊവ്വാഴ്ച

പെണ്ണ് കാണല്‍


ശ്രീക്കുട്ടന് പുരോഗമന രീതിയില്‍ പെണ്ണ് കാണാന്‍ പോണം. അതായത് കാരണവന്മാരും കാരണവത്തികളും കൂടാതെ കൂട്ടുകാര്‍ക്കൊപ്പം.

വിവരമുള്ള ആരേലും കൂടെ വേണമല്ലോ അങ്ങനെ എന്നേം കൂട്ടി. പിന്നെ കൊച്ചുണ്ണി സാറിനേം വാര്യത്തെ ഉണ്ണിചേട്ടനെയും കൂടെ കൂട്ടി. ശ്രീക്കുട്ടന്‍ വെള്ളമുണ്ടും വെള്ള ഉടുപ്പും ഒക്കെയിട്ട് ചന്ദനവും ഒക്കെ തൊട്ട് അര മണവാളന്‍ വേഷത്തില്‍. എന്റെയും ആദ്യത്തെ പെണ്ണ് കാണല്‍ ആയതിനാല്‍ പരമാവധി "കുട്ടപ്പനായി" ആണ് ഞാനും കൂടെ പോയത്. ചെലപ്പോ ലവള്‍ക്ക് വല്ല അനിയത്തിയും ഉണ്ടെങ്കിലോ? കിളിമാനൂരില്‍ നിന്ന് ഞങ്ങള്‍ കാറില്‍ യാത്രയായി. കൊട്ടാരക്കര ഗണപതി അമ്പലത്തിന് അടുത്തുള്ള കുട്ടിയാണ്.

"വരണം വരണം" കാരണവര്‍ അകത്തേയ്ക്ക് ക്ഷണിച്ചു. എന്തിനെന്നറിയില്ല എന്റെ ഹൃദയം "യമഹ യമഹ" എന്ന് ശക്തിയായി ഇടിച്ചു തുടങ്ങി.

ഏതായാലും ഞങ്ങള്‍ പതിയെ സംസാരിച്ചു തുടങ്ങി.
പെണ്ണിന്റെ അച്ഛന്‍: "ശ്രീയുടെ നാള്‍ ഏതാ?"
ശ്രീക്കുട്ടന്‍: "മൂലം"
ഞാന്‍: "മൂലം തിരുനാള്‍ ശ്രീക്കുട്ടന്‍ എന്നാ നാട്ടിലൊക്കെ വിളിക്കുന്നെ"

ഒരു പഞ്ചിന് വേണ്ടി ഞാന്‍ അടിച്ചതാ. പക്ഷെ ശ്രീക്കുട്ടന്‍ എന്നെ നോക്കി ദഹിപ്പിച്ചു. ഇതിനിടെ പെണ്ണ് ചായയും ആയി നാണിച്ചു വന്നു. അവിടെ ഉള്ള ചെറിയ ടീപോയില്‍ വച്ച ശേഷം അല്പം പിന്നില്‍ പോയി കാലു കൊണ്ട് മട്ട ത്രികോണം വരച്ചു കളിച്ചു നിന്നു. ആള്‍ കാണാന്‍ ഒരു കൊച്ചു സുന്ദരി ആണ്. ശ്രീക്കുട്ടന്റെ മുഖത്ത് നൂറു വാട്ട് LED ലൈറ്റ് കത്തുന്നോ?

പെണ്ണിന്റെ അച്ഛന്‍: "എന്തേലും ചോദിയ്ക്കാന്‍ ഉണ്ടോ?"
കൊച്ചുണ്ണി സാറ്: "പെണ്ണിന് വല്ല പ്രേമം വല്ലതും ഒണ്ടോ?"
പെണ്ണിന്റെ അച്ഛന്‍: ഇല്ല പ്രേമിച്ച കല്യാണം നടക്കുലാന്നു ജ്യോത്സ്യർ പറഞ്ഞു. അത് പോട്ടെ "കുടി" ഉണ്ടോ?

ഉണ്ണിച്ചേട്ടന്‍ മുന്നിലുള്ള മിച്ചര്‍ അല്പ്പം വാരി കയ്യിലെടുത്തിട്ട്
"ഓ.. സാധനം എവിടെ?"

പെണ്ണിന്റെ അച്ഛൻ ഞെട്ടി. ഞാനും ഞെട്ടി.. വെർതെ ഒരു കമ്പനിക്ക്. വിഷയം മാറ്റാന്‍ എന്തേലും ചോദിക്കണമല്ലോ.

ഞാന്‍: "കുട്ടിക്ക് അനിയത്തി ഉണ്ടോ?"
പെണ്ണിന്റെ അച്ഛൻ: ഉണ്ട്. എന്തെ?
ഞാന്‍: "അവളെയും അയക്കുന്നുണ്ടോ?"
പെണ്ണിന്റെ അച്ഛൻ: "അഞ്ചാം ക്ലാസിൽ പഠിക്കുന്ന കൊച്ചിനെയോ? ഏതായാലും ഇപ്പോഴില്ല"

ചായയും കുടിച്ച്, ലഡ്ഡുവും ജിലേബിയും ഒക്കെ തിന്ന്  താമസിയാതെ ഞങ്ങള്‍ അവിടുന്ന് യാത്രയായി.