2014 ഫെബ്രുവരി 28, വെള്ളിയാഴ്‌ച

ലൈസന്‍സും ഇന്‍ഷ്വറന്‍സും


ഒമാനില്‍ വച്ചാണ് ജീവിതത്തില്‍ ആദ്യമായി ഡ്രൈവിംഗ്  ലൈസന്‍സ് കിട്ടിയത്. വാഹനം ഓടിച്ചു തുടങ്ങിയകാലം. താമസിയാതെ നാട്ടില്‍ നിന്ന് ഭാര്യയും വന്നു.

പുതിയ ലൈസന്‍സ്, പുതിയ ഭാര്യ, കമ്പനി നല്‍കിയ പുതിയ കാറ്, നല്ല റോഡ്‌.....

ആനന്ദലബ്ധിക്കിനിയെന്തുവേണം???

ഒരു അവധിദിനത്തില്‍ രാവിലെ തന്നെ ഞങ്ങള്‍ കറങ്ങാന്‍ ഇറങ്ങി. നഗരപരിധി വിട്ടപ്പോള്‍ ഞാന്‍ കാറിന്റെ വേഗത കൂട്ടി. സ്പീട് ക്യാമറകള്‍ സില്‍മ പിടിക്കാത്ത ഇടങ്ങള്‍ ആയപ്പോള്‍ വേഗത പിന്നെയും വളരെ കൂടി. ആഹാ.... നല്ല രസം....

ഭാര്യക്ക് പേടി കൂടി. പിന്നെ ഉണ്ടായ സംഭാഷണം....

"അതേയ്, ന്തിനാ ഇത്രേം സ്പീട്? വേണ്ടാട്ടോ..."
"പേടി തോന്നുന്നോ?"
"പിന്നില്ലാതെ... "
"ഭയക്കണ്ടാ.... എനിക്ക് ഇന്‍ഷ്വറന്‍സ് ഉണ്ട്"
"അത്കൊണ്ടെന്താ കാര്യം? ബെനിഫിഷ്യറിയും കൂടെ യാത്ര ചെയ്യുകയല്ലേ?"
"ങേ???"

ഞാന്‍ ഞെട്ടി....
അവരെ അത്ഭുതത്തോടെ നോക്കി....
അവളുടെ പ്രായോഗികബുദ്ധിയെ മനസാ നമിച്ചു....
പിന്നെ വേഗത കുറച്ച് മര്യാദയ്ക്ക് വണ്ടി ഓടിച്ചു....

ഹല്ലാ പിന്നെ.....

ഓറഞ്ച് സമ്മാനം


ഞാന്‍ ഒരിക്കൽ എന്റെ കൂടെ പഠിച്ച ഒരു പെണ്‍കുട്ടിയ്ക്ക് ഒരു ഓറഞ്ച് സമ്മാനമായി നല്കി. അവള്‍ ഒരു ആധാരം എഴുത്ത്കാരന്റെ മകൾ ആയിരുന്നു. അച്ഛന്റെ ആധാരം എഴുത്തിന്റെ പ്രഭാവലയത്തിൽപ്പെട്ട അവള്‍ക്ക് ഓറഞ്ചിനൊപ്പം നല്കിയ കത്തിൽ ഇങ്ങനെ എഴുതി....

---------------------------------------------------
"ഞാൻ തിരുവനന്തപുരം ജില്ലയിൽ, ചിറയിന്‍കീഴ്‌ താലൂക്കിൽ, കിളിമാനൂര്‍ പഞ്ചായത്തിൽ, മഹാദേവേശ്വരം കരയിൽ, ശ്രീമതി വസന്തയുടെയും, നിയമപരമായി ഹിന്ദു വിവാഹ നടപടിപ്രകാരം വിവാഹം കഴിച്ച് ജീവിച്ചിരിക്കുന്ന ശ്രീമാന്‍ ചന്ദ്രന്റെ രണ്ട് ആണ്മക്കളിൽ ഒന്നാമത്തെതുമാകുന്നു. സർവ്വേ നമ്പർ 151/6 വീട്ടുടമയും പ്രസ്തുത വീട്ടിലെ കരമടച്ച താമസക്കാരനുമായ ശ്രീമാന്‍ ചന്ദ്രന്റെ മകനായ ഞാൻ സ്വന്തം പണം കൊണ്ട് വാങ്ങി; മറ്റാർക്കും ബാധ്യതയില്ലാതെ സ്വന്തമാക്കിയ 85 ഗ്രാം തൂക്കം വരുന്ന ഒരു ഓറഞ്ച് സ്വന്തം ഇഷ്ടപ്രകാരം, മറ്റ് ബാഹ്യ പ്രേരണയോ, പ്രലോഭാനമോ ഭീഷണികളോ ഇല്ലാതെ ടി ജില്ലയിൽ, ടി താലൂക്കിൽ, ടി പഞ്ചായത്തില്‍ സ്ഥിരതാമസക്കാരിയും ഹിന്ദു വിവാഹ പ്രകാരം മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് വിവാഹിതരായ ശ്രീ ചക്രപാണിവാര്യര്‍, ശ്രീമതി ലക്ഷ്മിക്കുട്ടിയമ്മ ദമ്പതികളുടെ നാലുകുട്ടികളിൽ ഇളയവളുമായ സുനിതക്ക് കൈമാറുന്നു.

പ്രസ്തുത, ഓറഞ്ച് എന്ന് മലയാളത്തിലും ആംഗലേയ ഭാഷയിലും ഒരുപോലെ വിളിക്കപ്പെടുന്ന, പേര് പോലെ തന്നെ നിറവുമുള്ള ഗോളാകൃതിയിലെ, ഫലം കൈവശപ്പെടുത്തുന്ന കാലം മുതൽ അതിന്റെ തൊലി, സത്ത്, കുരു സഹിതം ഉപയോഗിക്കാൻ അവകാശമുള്ളതാണ്. കൂടാതെ ഈ ഫലത്തെ കൈ കൊണ്ടോ മറ്റ് ആയുധം കൊണ്ടോ മുറിക്കുന്നതിനും, തൊലി കളയുന്നതിനും, സത്ത് ഉണ്ടാക്കുന്നതിനും, ഇതിലെ വിത്ത് കുഴിച്ചിട്ട് വീണ്ടും ചെടികളെ മുളപ്പിക്കുന്നതിനും കൈവശക്കാരിക്ക് അവകാശമുണ്ടായിരിക്കുന്നതാണ്. കൂടാതെ കൈവശക്കാരിക്ക് സ്വന്തം ഇഷ്ടപ്രകാരം ഈ ഫലത്തെ മറ്റൊരാൾക്ക് പണം കൈപ്പറ്റിയോ, സൌജന്യമായോ, പൂർണ്ണമായോ, ഭാഗികമായോ നല്കാവുന്നതാണ്. ഇന്ന് മുതൽ ഈ ഫലത്തിന്മേൽ എനിക്ക് യാതൊരു അധികാര, ഉടമസ്ഥ അവകാശമോ ഉണ്ടായിരിക്കുന്നതല്ലെന്ന് ഇതിനാൽ സാക്ഷ്യപ്പെടുത്തുന്നു".

എന്ന്,
സുജിത്ത്

ഒപ്പ്

2014 ഫെബ്രുവരി 3, തിങ്കളാഴ്‌ച

കാലന്‍ കുട


ഇന്നലെ വീട് വൃത്തിയാക്കുമ്പോള്‍ ആ പഴയ തടിക്കുട കണ്ടു. ഞാന്‍ പതിയെ കുറെ വര്‍ഷങ്ങള്‍ പിന്നിലേയ്ക്ക് പോയി.

--------------------------------------------------------------
ഞാന്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന കാലം. ഒരു ദിവസം സ്കൂളില്‍ നിന്ന് വരുമ്പോള്‍ കുട നന്നാക്കുന്നയാള്‍ തറയില്‍ ഇരുന്ന് ആ പഴയ കുട നന്നാക്കുകയാണ്. ഒരു കസേരയില്‍ ആസ്മയുടെ ഉപദ്രവം വകവയ്ക്കാതെ കുട നന്നാക്കല്‍ നോക്കി ഇരിക്കുന്ന എന്റെ അമ്മൂമ്മ. ആ കുട കയ്യിലെടുത്ത് "മുപ്പതു വര്‍ഷം" ആയ കുട എന്ന് അമ്മൂമ്മ ഇടയ്ക്കിടെ പറയുമായിരുന്നു. അപ്പൂപ്പന് ആരോ സമ്മാനം കൊടുത്തതാണത്രേ. അപ്പൂപ്പന്‍ മരിച്ച ശേഷവും ഈ കുടയെ അമ്മൂമ്മ ഇടയ്ക്കിടെ ഉപയോഗിക്കുമായിരുന്നു. ഓരോ മഴക്കാലം കഴിയുമ്പോഴും അത് നന്നാക്കാറും ഉണ്ട്‌.

പുസ്തകസഞ്ചി ഓടി കൊണ്ട് വച്ച ഞാന്‍ തിരിയെ വന്ന് കുട നന്നാക്കല്‍ കാണാന്‍ ഇരുന്നു. ജോലി കഴിഞ്ഞ് പണവും വാങ്ങിഅയാള്‍ പോയി. അമ്മൂമ്മ കുട ഒന്ന് രണ്ട് തവണ അടച്ചു തുറന്നു.

"മുപ്പതു വര്‍ഷം കഴിഞ്ഞ കുട" അമ്മൂമ്മ വീണ്ടും പറഞ്ഞു.ആ കണ്ണുകളിലെ തിളക്കം ഞാന്‍ നോക്കി ഇരുന്നു.

"പലപ്പോഴായി ഇതിന്റെ തുണി മാറ്റിയിട്ടില്ലേ?" ഞാന്‍ ചോദിച്ചു.
"പിന്നില്ലാതെ. കുറഞ്ഞത് പത്തു തവണയെങ്കിലും" അമൂമ്മ പറഞ്ഞു.
"ഇതിന്റെ കമ്പിയും കുടയുടെ നടുവിലെ നീളന്‍ തടിയും കൈപിടിയും മാറ്റിയിട്ടില്ലേ?" ഞാന്‍ വീണ്ടും ചോദിച്ചു.
"മുപ്പതു വര്‍ഷം കഴിഞ്ഞ കുടയല്ലേ? കേടാവുമ്പോ മാറ്റും" അമ്മൂമ്മ വീണ്ടും പറഞ്ഞു.
"അപ്പോള്‍ പിന്നെ ആദ്യം ഉണ്ടായിരുന്ന കുടയല്ലല്ലോ ഇത്? അപ്പൊ എങ്ങനെ മുപ്പതു വര്‍ഷം കഴിഞ്ഞ കുടയാവും?"

എന്റെ മുഖത്തേയ്ക്ക് ഒന്ന് രൂക്ഷമായി നോക്കി. പിന്നെ ഒന്നും മിണ്ടാതെ ആ കുടയും എടുത്ത് നെഞ്ചോട്‌ ചേര്‍ത്ത് ഉള്ളിലേയ്ക്ക് പോയി. ഞാന്‍ കളിക്കാനും പോയി.
--------------------------------------------------------------
കണ്ണില്‍ പൊടി പോയിട്ടാവും.... കണ്ണ് നിറയുന്നു.....