ഇന്നലെ വീട് വൃത്തിയാക്കുമ്പോള്‍ ആ പഴയ തടിക്കുട കണ്ടു. ഞാന്‍ പതിയെ കുറെ വര്‍ഷങ്ങള്‍ പിന്നിലേയ്ക്ക് പോയി.
--------------------------
ഞാന്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന കാലം. ഒരു ദിവസം സ്കൂളില്‍ നിന്ന് വരുമ്പോള്‍ കുട നന്നാക്കുന്നയാള്‍ തറയില്‍ ഇരുന്ന് ആ പഴയ കുട നന്നാക്കുകയാണ്. ഒരു കസേരയില്‍ ആസ്മയുടെ ഉപദ്രവം വകവയ്ക്കാതെ കുട നന്നാക്കല്‍ നോക്കി ഇരിക്കുന്ന എന്റെ അമ്മൂമ്മ. ആ കുട കയ്യിലെടുത്ത് "മുപ്പതു വര്‍ഷം" ആയ കുട എന്ന് അമ്മൂമ്മ ഇടയ്ക്കിടെ പറയുമായിരുന്നു. അപ്പൂപ്പന് ആരോ സമ്മാനം കൊടുത്തതാണത്രേ. അപ്പൂപ്പന്‍ മരിച്ച ശേഷവും ഈ കുടയെ അമ്മൂമ്മ ഇടയ്ക്കിടെ ഉപയോഗിക്കുമായിരുന്നു. ഓരോ മഴക്കാലം കഴിയുമ്പോഴും അത് നന്നാക്കാറും ഉണ്ട്.
പുസ്തകസഞ്ചി ഓടി കൊണ്ട് വച്ച ഞാന്‍ തിരിയെ വന്ന് കുട നന്നാക്കല്‍ കാണാന്‍ ഇരുന്നു. ജോലി കഴിഞ്ഞ് പണവും വാങ്ങിഅയാള്‍ പോയി. അമ്മൂമ്മ കുട ഒന്ന് രണ്ട് തവണ അടച്ചു തുറന്നു.
"മുപ്പതു വര്‍ഷം കഴിഞ്ഞ കുട" അമ്മൂമ്മ വീണ്ടും പറഞ്ഞു.ആ കണ്ണുകളിലെ തിളക്കം ഞാന്‍ നോക്കി ഇരുന്നു.
"പലപ്പോഴായി ഇതിന്റെ തുണി മാറ്റിയിട്ടില്ലേ?" ഞാന്‍ ചോദിച്ചു.
"പിന്നില്ലാതെ. കുറഞ്ഞത് പത്തു തവണയെങ്കിലും" അമൂമ്മ പറഞ്ഞു.
"ഇതിന്റെ കമ്പിയും കുടയുടെ നടുവിലെ നീളന്‍ തടിയും കൈപിടിയും മാറ്റിയിട്ടില്ലേ?" ഞാന്‍ വീണ്ടും ചോദിച്ചു.
"മുപ്പതു വര്‍ഷം കഴിഞ്ഞ കുടയല്ലേ? കേടാവുമ്പോ മാറ്റും" അമ്മൂമ്മ വീണ്ടും പറഞ്ഞു.
"അപ്പോള്‍ പിന്നെ ആദ്യം ഉണ്ടായിരുന്ന കുടയല്ലല്ലോ ഇത്? അപ്പൊ എങ്ങനെ മുപ്പതു വര്‍ഷം കഴിഞ്ഞ കുടയാവും?"
എന്റെ മുഖത്തേയ്ക്ക് ഒന്ന് രൂക്ഷമായി നോക്കി. പിന്നെ ഒന്നും മിണ്ടാതെ ആ കുടയും എടുത്ത് നെഞ്ചോട് ചേര്‍ത്ത് ഉള്ളിലേയ്ക്ക് പോയി. ഞാന്‍ കളിക്കാനും പോയി.
--------------------------
കണ്ണില്‍ പൊടി പോയിട്ടാവും.... കണ്ണ് നിറയുന്നു.....

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ