കിളിമാനൂര്‍ ശ്രീമഹാദേവ ക്ലബ്ബിലെ വല്യേട്ടന്മാരുടെ അന്നത്തെ സംസാര വിഷയം കൊച്ചമ്മാവന്‍ ആയിരുന്നു. വല്യാറപ്പുരയിലെ കൊച്ചമ്മാവന്‍. വിവാഹം കഴിച്ചിട്ടില്ല. ഒരു പ്രത്യേക ജീവിതക്രമം ആയിരുന്നു. അന്നാട്ടിലെ ഏറ്റവും ഭംഗിയുള്ള ആട്ടുകട്ടില്‍ കൊച്ചമ്മാവന് സ്വന്തം ആയിരുന്നു. വിഷുവിന് കൈനീട്ടം തരുന്നതൊഴിച്ചാല്‍ കുട്ടികളുമായി ആളിന് വലിയ ബന്ധം ഒന്നും ഉണ്ടായിരുന്നില്ല. മുതിര്‍ന്നവരുമായി പോലും വളരെ കുറച്ച് അടുപ്പം മാത്രം. ക്ലബ്ബിലെ സംസാരം കേള്‍ക്കാന്‍ എനിക്കും താല്പ്പ ര്യം ഉണ്ടായിരുന്നു. കൂട്ടത്തില്‍ ചെറിയവന്‍ ആയ എന്നെയും അവര്‍ അവിടെ ഇരുത്തി.
"കൊച്ചമ്മാവന്‍ ഇങ്ങനെ ആവാന്‍ കാരണം ഭൂതങ്ങളാണ്. ഭൂതങ്ങള്‍ കൊച്ചമ്മാവനെ ആക്രമിക്കാറുണ്ട്. അത് കൊണ്ടാണ് ആള്‍ അധികം പുറത്തിറങ്ങാത്തത്. അധികം ആരുമായും സംസാരിക്കാത്തത്. വീടിനു ചുറ്റും കുറെ മന്ത്രത്തകിടുകള്‍ ജപിച്ച് കുഴിച്ചിട്ടിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ കക്കൂസ് അല്പം ദൂരെയാണ്. അവിടം അശുദ്ധമായതിനാല്‍ മന്ത്രത്തകിടുകള്‍ അവിടെ ഫലിക്കുകയില്ല. അതിനാല്‍ കൊച്ചമ്മവനെ അവിടെ വച്ചാണ് ഭൂതങ്ങള്‍ ആക്രമിക്കുന്നത്. പക്ഷെ കാരണം അറിയില്ല."
എന്റെ മുഖത്ത് അത്ഭുതം ഊഞ്ഞാലാടാന്‍ തുടങ്ങി. അത് കണ്ടപ്പോള്‍ കൂടുതല്‍ തെളിവുകളുമായി മറ്റുള്ളവരും വന്നു. കൊച്ചമ്മാവന് വായുവിന്റെ കോപം കലശലായിരുന്നു. സാഹചര്യമോ സ്ഥലകാലബോധമോ ഇല്ലാതെ വായു അനര്ഗ്ഗനിര്ഗ്ഗളം ചുറ്റുപാടും ചീറി അടിക്കുമായിരുന്നു. ഇതിനു കാരണം കൊച്ചമ്മവാന്‍ ഭൂതങ്ങളെ പേടിച്ച് പരമാവധി കക്കൂസില്‍ പോകാത്തത് കൊണ്ടാണത്രേ. കൊച്ചമ്മവനെ ആക്രമിക്കുന്ന ഭൂതങ്ങള്‍ മറ്റാരെയും ആക്രമിച്ചിട്ടില്ല.
“ഇതെല്ലം ശെരിയാണോ?” ഞാന്‍ ചോദിച്ചു.
“സംശയം ഉണ്ടെങ്കില്‍ കൊച്ചമ്മവാന്‍ കക്കൂസില്‍ പോകുമ്പോള്‍ പുറത്ത് ഒളിച്ചു നില്ക്ക്ണം. കുറച്ചു കഴിയുമ്പോള്‍ ആക്രമണത്തിന്റെ ബഹളം കേള്ക്കാം” വാര്യത്തെ ഉണ്ണിച്ചേട്ടന്‍ പറഞ്ഞു.
ഞാന്‍ പിറ്റേന്ന് രാവിലെ കുറെ നേരം കാത്തു നിന്നു. അതാ കൊച്ചമ്മവാന്‍ കയ്യില്‍ ഒരു ബക്കറ്റും വെള്ളവും ആയി കക്കൂസില്‍ പോകുന്നു. മുഖത്ത് പേടി ഉണ്ടോ? ഭൂതങ്ങള്‍ ദിനവും ആക്രമിക്കുന്ന കാരണം പാവത്തിന് ഇപ്പോള്‍ ശീലമായിട്ടുണ്ടാവും. കൊച്ചമ്മാവന്‍ അകത്ത് കയറി കതകടച്ചു. ഞാന്‍ പുറത്തെ പ്ലാവിനു പിന്നില്‍ ഒളിച്ചിരുന്നു. അല്പം സമയം കഴിഞ്ഞപ്പോള്‍ അകത്തു നിന്നും മൂളലും ഞരക്കവും,
“അയ്യോ, ദൈവമേ..... അയ്യോ... അയ്യോ.... വയ്യായേ....” എന്നൊക്കെ കേള്‍ക്കാന്‍ തുടങ്ങി. പിന്നെ അവിടെ നില്ക്കാന്‍ എനിക്ക് പേടി ആയി. ഞാന്‍ ഓടി ക്ലബ്ബില്‍ വന്നു.
“ശെരിയാണ്.... ഞാന്‍ കേട്ടു.... കൊച്ചമ്മാവനെ ഭൂതങ്ങള്‍ കക്കൂസില്‍ ആക്രമിക്കുന്നു. ഞാന്‍ പേടിച്ച് ഓടി വന്നതാ”.
അവിടെ കൂട്ടച്ചിരി ഉയര്ന്നു.
“നീ അധികം അവിടെ നില്ക്കാത്തത് നന്നായി”.
നടന്ന കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അച്ഛനാണ് പറഞ്ഞത്, കൊച്ചമ്മാവനെ ആക്രമിക്കുന്ന ഭൂതങ്ങള്‍ “പൈല്‍സ്" എന്ന പേരിലാണ് അറിയപ്പെടുന്നത് പോലും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ