അങ്ങനെ എന്റെ സുഹൃത്തായ ശ്രീക്കുട്ടന്‍ പട്ടാളത്തില്‍ ചേര്‍ന്നു.
കുട്ടിക്കാലത്ത് ഒരു പട്ടിക്കുട്ടിയെ കണ്ടാല്‍ പോലും നിലവിളിച്ച് ഓടുന്ന ശ്രീക്കുട്ടന്‍. വഴിയില്‍ പശുവിനെ കെട്ടിയിട്ടിരുന്നാല്‍ പോലും വഴിമാറി നടക്കുന്ന ശ്രീക്കുട്ടന്‍. ഉല്‍സവത്തിന് ആനയെ ദൂരെ മാറി നിന്ന് കാണുന്ന ശ്രീക്കുട്ടന്‍. എങ്ങാനും അടി കൊണ്ടാല്‍ ദിവസം മുഴുവന്‍ കരയുന്ന ശ്രീക്കുട്ടന്‍. അങ്ങനെയുള്ള ശ്രീക്കുട്ടന്‍ പട്ടാളത്തില്‍ ചേര്‍ന്നു. പല വിഷയങ്ങളിലും അപാര ജ്ഞാനം ഉണ്ടായിരുന്ന ശ്രീക്കുട്ടന്‍ പക്ഷെ പട്ടാളത്തില്‍ ചേരുന്നത് എനിക്ക് ചിന്തിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. ഞാന്‍ ചോദിച്ചപ്പോള്‍ "എഡേ സുജീ, എനിക്ക് എന്തോ അങ്ങനെ തോന്നി" എന്ന് മാത്രം പറഞ്ഞു.
ശ്രീക്കുട്ടന്റെ പട്ടാളക്യാമ്പിലെ ആദ്യ ദിനങ്ങള്‍ കുറെ കഠിനം ആയിരുന്നു. ശാരീരികം ആയി അത്രത്തോളം ആരോഗ്യം ഒന്നും ആ പാവത്തിന് ഉണ്ടായിരുന്നില്ല. എന്നാലും ആള്‍ ആ മുള്‍ത്താരകള്‍ ഒക്കെ വിജയകരമായി താണ്ടി. ഒരു ദിവസം അവരുടെ യൂണിറ്റില്‍ Avtomat Kalashnikova എന്ന പേരില്‍ അറിയപ്പെടുന്ന AK-47 നെ പറ്റി ഒരു ക്ലാസ്സ് നടക്കുകയായിരുന്നു. ക്ലാസ്സ് എടുക്കുന്നത് തമിഴ്നാട്ടുകാരന്‍ ആയ ഒരു വിദഗ്ദന്‍, ക്യാപ്റ്റന്‍ ശെല്‍വം ആണ്. തമിഴ് കലര്‍ന്ന ഹിന്ദി ഭാഷയില്‍ അദ്ദേഹം തുടങ്ങി.
"യേ ബന്ദൂക്ക് പഹലാ റഷ്യാ മേം ബനായാ ഹുവാ ഹേ. യേ അസാട്ട് റൈഫിള്‍ക്കോ കലാഷ്നികൊവ് നാം ഭീ ഹേ. ഇസ്കാ മാഗസീന്‍ കപ്പാസിറ്റി ബീസ് ഹേ"
"നഹീം സാര്‍ തീസ് ഹേ"
"ക്വോന്‍ ഹേ വോ?"
"ജീ സാബ്. ശ്രീകുമാര്‍...." ശ്രീക്കുട്ടന്‍ എഴുന്നേറ്റു നിന്നു.
"തും സഹീ ബോലാ... ഇസ്കെ ബാരെ മേം തുംകോ ഓര്‍ ക്യാ ക്യാ മാലൂം ഹേ?" അത്ര സന്തോഷത്തില്‍ അല്ലെങ്കിലും ക്യാപ്റ്റന്‍ ശെല്‍വം ചോദിച്ചു.
"1946-47 മേം മിഖായില്‍ കലാഷ്നികൊവ്നേ യേ ബനായാ ഥാ. 3.75kg weight, 880 mm length ഹേ. ഇസ്കാ ആക്ഷന്‍ Gas Operated, Rotating bolt ടൈപ്പ് ഹേ. 715 m/s Muzzle velocity, 400 metres റേഞ്ച്" ശ്രീക്കുട്ടന്‍ അവിടെ തകര്‍ക്കുവായിരുന്നു. ക്യാപ്റ്റന്‍ ശെല്‍വത്തിന്റെ കണ്ണ് തള്ളി. താമസിയാതെ അന്നത്തെ ക്ലാസ്സ് തീര്‍ന്നു. കൂടെ ഉണ്ടായിരുന്നവര്‍ ഒരു അത്ഭുത വസ്തുവിനെ പോലെ ശ്രീക്കുട്ടനെ നോക്കി നിന്നു. ചിലര്‍ അടുത്തു വന്നു അഭിനന്ദിച്ചു.
ഏതായാലും ശ്രീക്കുട്ടന്റെ ഈ മിന്നുന്ന പ്രകടനത്തിന് പകരം ആണോ എന്നറിയില്ല. ഒരു പുതിയ പണി കിട്ടി. പിറ്റേന്ന് മുതല്‍ പാച്ചകപ്പുരയില്‍ ആയിരുന്നു ശ്രീക്കുട്ടന്റെ സ്ഥാനം. വൈകുന്നേരം അത് വഴി പോയിരുന്ന ക്യാപ്റ്റന്‍ ശെല്‍വം പാചകപ്പുരയിലെ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് കണ്ടു. ശബ്ദം ഉണ്ടാക്കാതെ പിന്നിലൂടെ എത്തി നോക്കി. അതാ ശ്രീക്കുട്ടന്‍ ക്ലാസ്സെടുക്കുന്നു.
"ശാസ്ത്രീയമായി എങ്ങനെ സവാള തൊലിക്കാം" എന്നതായിരുന്നു വിഷയം.... ക്യാപ്റ്റന്‍ ശെല്‍വം സ്വയം അറിയാതെ അതെല്ലാം ശ്രദ്ധിച്ചു കേട്ടു. ശ്രീക്കുട്ടന്‍ വീണ്ടും റോക്ക്സ്....

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ