അടുത്തുള്ള ചേട്ടന്മാര്‍ക്കും ചേച്ചിമാര്‍ക്കും സ്കൂള്‍ അവധിക്കാലം. എനിക്ക് അഞ്ചു വയസ്സാവുന്നു. അടുത്തമാസം മുതല്‍ ആദ്യമായി സ്കൂളില്‍ പോയി തുടങ്ങും. അതിനു മുന്നേ ഉള്ള ഒരുക്കത്തില്‍ ആണ് ഞാന്‍. പ്രധാന പരിപാടി കിളിമാനൂര്‍ ക്ഷേത്രമതില്‍ക്കെട്ടില്‍ കളിച്ചു മറിയല്‍ തന്നെ. രാവിലെ പൂജ കഴിഞ്ഞ് പോറ്റിസാര്‍ വലിയ ഗേറ്റും പൂട്ടി പോവും. വൈകുന്നേരം വരെ അവിടെ കളിക്കാന്‍ സമ്മതിക്കില്ല. അതുകൊണ്ട് പോറ്റിസാര്‍ പോയി എന്ന് ഉറപ്പാക്കിയാല്‍ പിന്നെ ചേട്ടന്മാരോടൊപ്പം മതില്‍ ചാടി അകത്തു കയറി കളിച്ചു തിമിര്‍ക്കും. ഞങ്ങളെ പോലെയുള്ള ഇത്തിരിക്കുഞ്ഞമാരെ ചേട്ടന്മാര്‍ എടുത്ത് ഉയര്‍ത്തിയാണ് മതിലിനപ്പുറം എത്തിയ്ക്കുന്നത്. ഉച്ചയ്ക്ക് വിശക്കുമ്പോള്‍ എല്ലാരും വീടുകളില്‍ പോയി ഊണ് കഴിക്കും. ഞങ്ങളൊക്കെ കൈകഴുകി പിന്നില്‍ ദ്വാരം വീണുതുടങ്ങിയ നിക്കറില്‍ തുടച്ച്കൊണ്ട് അമ്പലപ്പറമ്പിലെയ്ക്ക് വീണ്ടും ഓടും.
ഒരു ദിവസം ഉച്ചയ്ക്ക് ഊണ് സമയത്തിനു അല്പം മുന്നേ വീട്ടില്‍ എത്തി. കൊല്ലത്തെ വല്സലച്ചേച്ചിയും അമ്മാവനും വീട്ടില്‍ എത്തിയിട്ടുണ്ട്. അവരുടെ വിവാഹം കഴിഞ്ഞ് ആദ്യമായി വിരുന്നു വന്നതാണ്. ഞാന്‍ അവരെ നോക്കി പുഞ്ചിരിച്ചു. ആകെ ചെളിപുരണ്ട രൂപത്തിലാണ് ഞാന്‍. കിണറ്റിന്‍ കരയില്‍ പോയി കാലും മുഖവും കഴുകുമ്പോള്‍ അമ്മ പറഞ്ഞു.
"നീ പോയി ഒരു തേങ്ങ വാങ്ങിയിട്ട് വാ". രണ്ടു രൂപയും കയ്യില്‍ വച്ച് തന്നു. പണം പോക്കറ്റില്‍ ഇട്ടു. ഞാന്‍ എന്റെ സങ്കല്പ്പ വാഹനം വായ കൊണ്ട് പതിവ് പോലെ സ്റ്റാര്‍ട്ട് ചെയ്ത് ഓടി പോയി.
"ബ്രൂം...ബ്രൂം...ബ്രൂം..."
ഞങ്ങളുടെ വീട്ടില്‍ നിന്ന് അല്പം മുകളിലേയ്ക്ക് ഉള്ള ചെമ്മണ്‍ പാതയുടെ ഏറ്റവും അറ്റത്ത് കുട്ടന്‍പിള്ളയുടെ കടയുണ്ട്. അവിടുന്നാണ് വാങ്ങേണ്ടത്. എന്റെ വണ്ടി ഗിയറുകള്‍ മാറി കയറ്റം കയറി കടയില്‍ എത്തി. പൊതിച്ച് വൃത്തിയാക്കിയ ഒരു തേങ്ങ കുലുക്കി നോക്കി വാങ്ങി. ബാക്കി നാണയങ്ങള്‍ വാങ്ങി പോക്കറ്റില്‍ ഇട്ടു. വീണ്ടും വണ്ടി പ്രവര്‍ത്തന നിരതമാക്കി. താഴേയ്ക്ക് യാത്ര തുടങ്ങി.
"ബ്രൂം...ബ്രൂം...ബ്രൂം..."
ഓട്ടത്തിനിടെ കയ്യില്‍ നിന്ന് തേങ്ങ താഴേയ്ക്ക് വീണു. താഴേയ്ക്ക് ഉരുണ്ടു തുടങ്ങി. അവനെ പിടിക്കാന്‍ ഞാന്‍ ഗിയര്‍ മാറ്റി വണ്ടിയുടെ വേഗത കൂട്ടി. എന്നിട്ടും അവനെ പിടിക്കാന്‍ ആയില്ല. എനിക്ക് വാശിയായി. വണ്ടി ടോപ് ഗിയറില്‍ ഇട്ടു. "ബ്രൂം...ബ്രൂം...ബ്രൂം..."
"തേങ്ങ എവിടെ?" അമ്മ ചോദിച്ചു.
"ങേ? ശേരിയാണല്ലോ" ഞാന്‍ ഒന്നും മിണ്ടാതെ ആലോചിച്ചു. ഞാന്‍ അവനെ എവിടെ വച്ചാ തോല്‍പ്പിച്ചത്?
"തേങ്ങ എവിടെ?" അമ്മ വീണ്ടും ശബ്ദം ഉയര്‍ത്തി ചോദിച്ചു. ഞാന്‍ നടന്ന കാര്യം പറഞ്ഞു. അമ്മയ്ക്ക് ദേഷ്യം വന്നു. കൈകൊണ്ടു ചന്തിയില്‍ രണ്ടടി കിട്ടി. കൂടുതല്‍ കിട്ടാതിരിക്കാന്‍ പതിവ് പോലെ ഞാന്‍ കരച്ചില്‍ തുടങ്ങി. അതെ സമയം മേലതിലെ ബാബു ചേട്ടന്‍ തേങ്ങയുമായി അവിടെ എത്തി.
"നീ എന്തിനാഡാ തേങ്ങയെ താഴെ ഉരുട്ടിയിട്ടിട്ട് ഓടി പോയത്?"
"അവന്‍ തേങ്ങയെ ഓടി തോല്പ്പിച്ചതാണ് പോലും" അമ്മ പറഞ്ഞു.
ബാബുച്ചേട്ടന്‍ എന്നെ നോക്കി ചിരിച്ചു. ഞാനും കണ്ണീര് തുടച്ച് കൊണ്ട് ഒരു പുഞ്ചിരി പാസാക്കി. എന്നിട്ട് പതിയെ പറഞ്ഞു,
"അടി കൊണ്ടെങ്കിലെന്ത് ഞാന്‍ അവനെ ഓടി തോല്പ്പിചില്ലേ?"

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ