എനിക്ക് അന്ന് എട്ട് വയസ്സ്. സ്കൂള്‍ തുറക്കുന്ന മുന്നേ മുടിയെല്ലാം വെട്ടി സുന്ദരന്‍ ആവണ്ടേ? കിളിമാനൂരിലെ മഹാദേവേശ്വരം കവലയിലെ ഭാനുവിന്റെ ബാര്‍ബര്‍ ഷോപ്പിലാണ് പതിവ് മുടിവെട്ടിക്കല്‍. ഞാനും ശ്രീക്കുട്ടനും അവിടുത്തെ ബഞ്ചില്‍ സ്ഥലം പിടിച്ചു.
മറ്റ് കടകളിലെ പോലെ അല്ല ബാര്‍ബര്‍ ഷോപ്പുകള്‍. അമേരിക്ക പോലെയുള്ള ദരിദ്രരാജ്യങ്ങളിലെ തുണിവാങ്ങാന്‍ പണമില്ലാത്ത ചേച്ചിമാരുടെ പടം ഭിത്തിയുടെ പല ഭാഗങ്ങളില്‍ ഒട്ടിച്ച് വയ്ക്കും. അതെന്തിനാണെന്ന് കുറെ ഏറെ ആലോചിച്ചപ്പോഴാണ് മനസ്സിലായത്. മുടിവെട്ടിക്കലിന്റെ ഭാഗമായി തല മുകളിലേക്കും താഴേക്കും വശങ്ങളിലേയ്ക്കും ഒക്കെ തിരിക്കേണ്ടി വരും. മിക്കപ്പോഴും തല തനിയെ പൂര്‍വ്വസ്ഥിതി പ്രാപിക്കുകയും ചെയ്യും. എന്നാല്‍ ഇത് പോലെയുള്ള പടങ്ങള്‍ക്ക് നേരെ മുഖം തിരിച്ചു വച്ചാല്‍ കാന്തികബലം കാരണം തല്‍സ്ഥിതി തുടരും. മുടി വെട്ടാന്‍ എളുപ്പം.
ഞാന്‍ ക്യൂവിലാണ്. എനിക്ക് മുന്നേ ശ്രീക്കുട്ടന്റെ മുടിവെട്ടല്‍ ആണ്. മുടി വെട്ടുന്നയാളുടെയും വെട്ടപ്പെടുന്നയാളുടെയും മുഖഭാവം കണ്ട് രസിച്ചിരിക്കുകയായിരുന്നു ഞാന്‍.
ക്ടിക്....ക്ടിക്....ക്ടിക്.... കര്‍ച്ച്....കര്‍ച്ച്....ക്ടിക്....ക്ടിക്....
പെട്ടെന്ന് ഞാന്‍ ചോദിച്ചു.
"മുടി വെട്ടുമ്പോ മാത്രം കത്രിക ചലിപ്പിച്ചാല്‍ പോരെ? അല്ലാത്തപ്പോഴും വെറുതെ എന്തിനാ കത്രിക ചലിപ്പിക്കുന്നത്?"
ഭാനുച്ചേട്ടന്‍ പണി നിര്‍ത്തി ഒരു പ്രതിമയായി. വേറെയും നാലു പേര്‍ അവിടെ ഇരിപ്പുണ്ട്. എല്ലാവരും കൂടി എന്നെ രൂക്ഷമായി നോക്കി. പിന്നെ നിശബ്ദതയെ കീറി മുറിച്ചുകൊണ്ട് വീണ്ടും മുടിവെട്ടല്‍ തുടര്‍ന്നു. പക്ഷെ ഇപ്പൊ മുടി വെട്ടുമ്പോള്‍ മാത്രമേ കത്രിക ചലിക്കുന്നുള്ളൂ. അടുത്തതായി എന്റെ ഊഴവും വന്നു. വെട്ട് തുടങ്ങി. വീണ്ടും അതാ വീണ്ടും വെട്ടുമ്പോഴും വെട്ടാത്തപ്പോഴും....
ക്ടിക്....ക്ടിക്....ക്ടിക്.... കര്‍ച്ച്....കര്‍ച്ച്....ക്ടിക്....ക്ടിക്....
ഞാന്‍ കണ്ണാടിയില്‍ കൂടി ഭാനുച്ചേട്ടനെ നോക്കി. അവിടെ ഇരിക്കുന്നവര്‍ ചിരിക്കാന്‍ തുടങ്ങി. ഭാനുച്ചേട്ടന്റെ മുഖം ചുവന്നു. കത്രികയും ചീര്‍പ്പും താഴെ വച്ചു.
"ഇനി നീ മിണ്ടിയാ.... നിന്നെ പൊക്കിയെടുത്ത് റോഡില്‍ കളയും"
പിന്നെ ഞാന്‍ മിണ്ടിയില്ല. എന്നെ റോഡില്‍ കളയുന്നതോന്നു കാണണമല്ലോ. ആഹാ....അത്രയ്ക്കായോ?

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ