2013 നവംബർ 20, ബുധനാഴ്‌ച

മുങ്ങാം കുഴി


ഞാനും ശ്രീക്കുട്ടനും പണ്ടേ സുഹൃത്തുക്കള്‍ ആണ്. അവന് എന്നെക്കാള്‍ ഏഴ് മാസം പ്രായക്കൂടുതല്‍ ഉണ്ടെന്നു മാത്രം. കിളിമാനൂരിലെ എന്റെ ബാല്യകാലത്തെ കളിക്കൂട്ടുകാരന്‍. എന്നും രാവിലെ ഒരുമിച്ച് കിളിമാനൂര്‍ ആറ്റില്‍ പോയി കുളിക്കും. വരുന്ന വഴി മഹാദേവേശ്വരം ക്ഷേത്രത്തില്‍ ഈറനോടെ കയറി തൊഴുതിട്ട് അവരവരുടെ വീട്ടില്‍ പോകും. ശേഷം പുസ്തക സഞ്ചിയും എടുത്തുകൊണ്ട് വീണ്ടും ഒരുമിച്ച് സ്കൂളിലേയ്ക്ക്.

ശനിയും ഞായറും കുറെ നേരം അമ്പലപ്പറമ്പില്‍ കളിച്ച ശേഷം ആണ് കുളിക്കാന്‍ പോവുക. മാത്രമല്ല അന്നത്തെ കുളി വളരെ ദീര്‍ഘവും ഗഹനവും ആയിരിക്കും. കിളിമാനൂരിലെ ആറ് മഹാദേവേശ്വരം ക്ഷേത്രത്തിനു താഴെയുള്ള കടവില്‍ എത്തുമ്പോള്‍ നന്നായി "U" ആകൃതിയില്‍ വളഞ്ഞ് സഞ്ചരിക്കും. ഇതിന്റെ ഒരുവശത്ത് പുരുഷന്മാരുടെയും മറുവശത്ത് സ്ത്രീകളുടെയും കുളിക്കടവ് ആണ്. നദി വളയുന്ന ഭാഗത്ത് നല്ല ആഴം ഉണ്ട്. അതിന്റെ കരയില്‍ വളരെ ഉയരമുള്ള ഒരു മരവും ഉണ്ട്. കുട്ടികളും ചില മുതിര്‍ന്നവരും ആ മരത്തിന്റെ ചില്ലയില്‍ കയറി ആഴത്തിലേയ്ക്ക് ചാടി മുങ്ങാംകുഴി ഇടാറുണ്ട്.

ശ്രീക്കുട്ടന് ഈ ചാടിക്കുളി വലിയ ഇഷ്ടമാണ്. എന്നാല്‍ എനിക്കോ നല്ല പേടിയാണ്. ഒരു ദിവസം പതിവുപോലെ ശ്രീക്കുട്ടന്‍ മരത്തില്‍ വലിഞ്ഞു കയറി. സാധാരണ കയറുന്ന ചില്ലയെക്കാള്‍ വളരെ മുകളില്‍ ഉള്ള ചില്ലയില്‍ കയറി. അത്രയും ഉയരത്തില്‍ നിന്നും ഇതിനു മുന്നേ ചാടിയവര്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രം ആണ്.

"ഞാനിതാ ഏറ്റവും മുകളില്‍ നിന്ന് ചാടാന്‍ പോകുന്നേ....."

ശ്രീക്കുട്ടന്‍ വിളിച്ചു പറഞ്ഞു. കടവില്‍ നിന്ന ആണുങ്ങളും പെണ്ണുങ്ങളും കുട്ടികളും മുകളിലേയ്ക്ക് നോക്കി. അതാ മരത്തിന്റെ മുകളില്‍ ശ്രീക്കുട്ടന്‍. ചില്ല വിറയ്ക്കുന്നുവോ? എല്ലാവരുടെയും കണ്ണുകള്‍ക്ക്‌ മുന്നിലൂടെ ശ്രീക്കുട്ടന്‍ താഴേയ്ക്ക് ചാടി. ഇതിനിടെ ശ്രീക്കുട്ടന്‍ ഉടുത്തിരുന്ന തോര്‍ത്ത് ഏതോ മരച്ചില്ലയില്‍ ചുറ്റി. പൂര്‍ണ്ണദിഗംബരമായ ഒരു മിസൈല്‍ നദിയുടെ ആഴത്തിലേയ്ക്ക് പതിച്ചു. കണ്ണുകളില്‍ വിടര്‍ന്ന അത്ഭുതം നനുത്ത പുഞ്ചിരിയായി കാഴ്ചക്കാരുടെ ചുണ്ടുകളിലെയ്ക്ക് ഒഴുകി ഇറങ്ങി. ശേഷം എല്ലാരും എന്നെയും നോക്കി ചിരിക്കാന്‍ തുടങ്ങി.

"ങേ? ഹല്ലാ.... ഞാനാണോ ചാടിയത്?"

പിന്നാമ്പുറം: നദിയുടെ കുറെ താഴെ ആ മിസൈല്‍ പൊങ്ങി വന്നു. വെള്ളത്തിനു മുകളില്‍ തല പൊങ്ങിയപ്പോള്‍ കരയില്‍ വച്ചിരുന്ന ശ്രീക്കുട്ടന്റെ നിക്കറുമായി ഞാന്‍ അവിടെ ഓടിയെത്തി. അടുത്ത കുറെ ദിവസങ്ങള്‍ "കിണറ്റിന്‍കരയിലെ കുളി എങ്ങനെ സന്തോഷപ്രദമാക്കാം" എന്ന ഗവേഷണത്തില്‍ ഞങ്ങള്‍ മുഴുകി. പൊതുജനത്തിന്റെ ഓര്‍മ്മ മൂന്ന് ആഴ്ചയെ ഉണ്ടാവുള്ളൂ അത്രേ....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ