2013 നവംബർ 20, ബുധനാഴ്‌ച

ഞാന്‍ എന്തേ പട്ടാളത്തില്‍ ചേര്‍ന്നില്ല?


അതിന്റെ പിന്നില്‍ കരളലിയിക്കുന്ന ഒരു കഥയുണ്ട്... 
വളരെ കാലം മുന്നേ, പട്ടാളത്തില്‍ ഒരു കമാന്റോ തെരഞ്ഞെടുപ്പില്‍ എന്നെയും ഉള്‍പ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പിന്റെ ഭാഗമായി അമ്പതു പേരെ കൊച്ചിയിലേക്ക് വിളിപ്പിച്ചു. റയില്‍ സ്റേഷനില്‍ നിന്ന് ഒരു പട്ടാള വണ്ടിയില്‍ നഗരത്തിന്റെ ഒഴിഞ്ഞ ഏതോ കോണില്‍ ഉള്ള ഒരു പട്ടാളക്യാമ്പില്‍ എല്ലാരേയും എത്തിച്ചു.

കൂടെ ഉള്ളവരെ ആരെയും പരിചയം ഇല്ല. ആദ്യം ഒരു ഹാളില്‍ എല്ലാവരെയും ഇരുത്തി പട്ടാളക്യാമ്പില്‍ പാലിക്കേണ്ട നിയമങ്ങള്‍ പറഞ്ഞു തന്നു. എല്ലാം നേരെ കണ്ടു മനസ്സിലാക്കാം എന്ന് കരുതി ഞാന്‍ മുന്നില്‍ തന്നെ സ്ഥാനം പിടിച്ചു. കൂട്ടത്തില്‍ നിന്ന് ആദ്യമായി എന്നെ തന്നെ ഒരു വല്യെമാന്‍ അടുത്തേയ്ക്ക് വിളിച്ചു. സിനിമയില്‍ മാത്രം കണ്ടിട്ടുള്ള ഭാരിച്ച ഒരു തോക്കെടുത്ത് എന്റെ വിറയ്ക്കുന്ന കയ്യില്‍ തന്നു. അടുത്ത ഒരു മുറി ചൂണ്ടിക്കാട്ടി പറഞ്ഞു,
"ആ മുറിയില്‍ ഒരാള്‍ നില്‍ക്കുന്നുണ്ട് അയ്യാളെ പോയി വെടി വച്ച് കൊന്നിട്ട് വരൂ".
കേട്ട മാത്രയില്‍ വിറയില്‍ നിര്‍ത്താതെ തന്നെ തോക്ക് താഴെ വച്ചു.
"ക്ഷമിയ്ക്കണം, എനിക്ക് സാധിയ്ക്കില്ല".

അടുത്തയാളെ വിളിച്ചു. അയാളും പോയില്ല. മൂന്നാമത് വന്നയാള്‍ ധൈര്യമായി തോക്കും പിടിച്ചു ആ മുറിയിലേയ്ക്ക് പോയി. ആരോ വാതില്‍ അടച്ചു. കുറെ കഴിഞ്ഞു വിയര്‍ത്തു കുളിച്ച് അയാള്‍ പുറത്തേയ്ക്ക് വന്നു. ദേഹം ആകെ ചോര....
"നിങ്ങള്‍ തന്ന തോക്കില്‍ ഉണ്ട ഇല്ലായിരുന്നു. പിന്നെ അയ്യാളെ ഞാന്‍ തോക്കിന്റെ പാത്തി കൊണ്ട് അടിച്ചു കൊന്നു".

ശേഷം എന്തായി എന്നറിയാന്‍ ഞാന്‍ അവിടെ നിന്നില്ല....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ