മഞ്ചേരി സര്‍ക്കാര്‍ ടൌണ്‍ എല്‍.പി സ്കൂളിലെ മൂന്നാം ക്ലാസ്സുകാരന്‍ ഉണ്ണിക്കുട്ടന്‍, ജൊസഫ് സാറിന്റെ കണക്ക് പിരിഡില്‍ തല കറങ്ങി വീണു. രാവിലെ മുതല്‍ അസ്വസ്ഥനായിരുന്നു ഉണ്ണിക്കുട്ടന്‍. വെറുതെ വിയര്‍ക്കുന്നുണ്ടായിരുന്നു. വരണ്ട ചുണ്ടുകള്‍.... മുഖം ആകെ കരുവാളിച്ച പോലെ....
(ഉണ്ണിക്കുട്ടനെ അറിയില്ലേ? രണ്ടു വര്ഷം മുന്നേ ഹൃദയാഘാതം വന്നു മരിച്ച സഖാവ് കൃഷ്ണന്റെ മകന്‍. ചെറുപ്പ കാലത്ത് തെക്കന്‍ കേരളത്തില്‍ എവിടെയോ നിന്ന് മഞ്ചേരിയില്‍ വന്നയാളാണ് കൃഷ്ണന്‍. ലക്ഷം വീട് കോളനിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ വെന്തുമരിച്ച കുടുംബത്തിലെ അവശേഷിച്ച എല്‍സ എന്ന പെണ്ണിനെ വിവാഹം കഴിച്ച് കൂലിപ്പണിയും ആയി അവിടെ തന്നെ കൂടി. അവരുടെ ഒരേ ഒരു മകന്‍... ഉണ്ണിക്കുട്ടന്‍....)
ആരോ മുഖത്ത് വെള്ളം കുടഞ്ഞു. അവന്‍ മെല്ലെ കണ്ണ് തുറന്നു ചുറ്റും നോക്കി. എഴുന്നേറ്റിരുന്ന് പാത്രത്തില്‍ ബാക്കി വന്ന വെള്ളം നിര്‍ത്താതെ വലിച്ചു കുടിച്ചു.
"എന്തെ ഉണ്ണീ? എന്ത് പറ്റി? നീ രാവിലെ ഒന്നും കഴിച്ചില്ലേ?"
അവന്‍ ആദ്യം ഒന്നും മിണ്ടിയില്ല. ജൊസഫ് സാര്‍ നിര്‍ബന്ധിച്ചപ്പോ അവന്‍ പറഞ്ഞു തുടങ്ങി.
"അമ്മ രണ്ടാഴ്ചയായി കിടപ്പിലാണ്. ജോലിയ്ക്ക് പോകുന്നില്ല. വീട്ടില്‍ ആഹാരം വെയ്ക്കാതെ ഇപ്പോള്‍ ഒരാഴ്ച ആവുന്നു. സ്കൂളില്‍ ഒരു നേരം കിട്ടുന്ന ഉച്ചക്കഞ്ഞിയാണ് എന്റെ ഒരു ദിവസത്തെ ആഹാരം. ഇപ്പൊ മൂന്നു ദിവസം ആയി നോമ്പ് തുടങ്ങിയപ്പോ സ്കൂളില്‍ ഉച്ചക്കഞ്ഞി നിര്‍ത്തിയല്ലോ. അങ്ങനെ അതും ഇല്ല. പണ്ട് ശനീം ഞായറും മാത്രേ എനിക്ക് പേടി ഉണ്ടായിരുന്നുള്ളൂ. അന്ന് സ്കൂളില്ലല്ലോ, ഉച്ചക്കഞ്ഞിയും ഇല്ല. വേറെ വഴിയില്ലാതെ മൂന്നു ദിവസം ആയി ഞാനും നോമ്പെടുക്കുവാ. വൈകുന്നേരം പോലും നോമ്പ് മുറിക്കാതെ ഉള്ള നോമ്പ്...... "

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ