പഠനം കഴിഞ്ഞ് റിസള്‍ട്ട് കാത്തിരിക്കുന്ന കാലം. ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാന്‍ തീരുമാനിച്ചു. എന്റെ ജന്മനാടായ കിളിമാനൂര്‍ RTO ഓഫീസ്. അവസാന കടമ്പയായ റോഡ് ടെസ്റ്റ് കഴിഞ്ഞു. ടെസ്റ്റിന് വന്ന സാര്‍ സംഭവം പാസ്സാക്കിയ പേപ്പര്‍ കയ്യില്‍ തന്നു. ഇനി RTO ഒപ്പിടണം. എന്നാലേ ചടങ്ങുകള്‍ തീരൂ. സന്തോഷം തുളുമ്പുന്ന മനസ്സുമായി ഓഫീസിലേയ്ക്ക് പോയി. ഗൌരവക്കാരനായ, അല്പം പ്രായമുള്ള ഓഫീസര്‍,
“എന്താ?”
“ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായി. ഇനി സാര്‍ ഒപ്പിടണം”
“പേപ്പര്‍ എവിടെ?”
ഞാന്‍ പേപ്പര്‍ എടുത്തു അദ്ദേഹത്തിന്റെക മേശപ്പുറത്തു വച്ചു. ഈ സമയം കതകില്‍ ഒരു മുട്ട് കേട്ടു. ഞാന്‍ ഓടിപ്പോയി വാതില്‍ തുറന്നു. ചായക്കാരന്‍. ഒരു കയ്യില്‍ ചായപ്പത്രവും മറുകയ്യില്‍ ഗ്ലാസ്സും ചില പലഹാരങ്ങളും. അയാള്‍ സാറിന്റെ അടുത്തേയ്ക്ക് പോയി. ഞാന്‍ വാതിലും തുറന്നു പിടിച്ചു കൊണ്ട് അവിടെ തന്നെ നിന്നു. ചായക്കാരന്‍ ഒരു ഗ്ലാസ്സില്‍ ചായയും ഒരു പ്ലേറ്റില്‍ രണ്ടു പഴംപൊരിയും വച്ച് ഇറങ്ങി പോയി. ഞാന്‍ കതകു ചാരിയിട്ട് തിരിയെ വന്ന് ഭവ്യതയോടെ നിന്നു. ഇതിനിടെ ഓഫീസര്‍ എന്റെ പേപ്പര്‍ ഒപ്പിട്ടിട്ടുണ്ടായിരുന്നോ? അറിയില്ല. മുറിയില്‍ പഴംപൊരിയുടെ നല്ല മണം. എനിക്കോ, ഭീകര വിശപ്പും.
മേശപ്പുറത്ത് എന്റെ ലൈസന്‍സ് പേപ്പറും ചായയും പഴംപൊരിയും. കയ്യില്‍ തടിച്ച പുസ്തകവും പിടിച്ചിരിക്കുന്ന സാര്‍ എന്നെ നോക്കി പറഞ്ഞു.
“എടുത്തോടാ....”
ഞാന്‍ നോക്കുമ്പോള്‍ മുന്നില്‍ രണ്ടു ചൂട് പഴംപൊരികള്‍. അവര്‍ എന്നെ നോക്കി പുഞ്ചിരിക്കുന്നു.
“ഓ... വേണ്ട സാര്‍”
“ഹാ... എടുത്തോ...”
“എനിക്ക് വേണ്ട സാര്‍”
“നിന്നോടല്ലേ എടുക്കാന്‍ പറഞ്ഞത്. ഇനി ഞാന്‍ തന്നെ എടുത്തു തരണോ?”
“എന്നാല്‍ എനിക്ക് ഒരെണ്ണം മതി” എന്നും പറഞ്ഞ് ഒരു പഴംപൊരി എടുത്ത് ഒരൊറ്റ കടി....
കയ്യിലെ ബുക്ക് താഴെ വച്ച് എന്നെ രൂക്ഷമായി നോക്കിക്കൊണ്ട് “നിന്റെ ഒരു ലൈസന്‍സ്” എന്നും പറഞ്ഞ് പേപ്പര്‍ ചന്നം പിന്നം കീറി വലിച്ചെറിഞ്ഞു.
“ഇറങ്ങി പോടാ”
പഴംപൊരി തിന്നാന്‍ താമസിച്ചതിനു ലൈസന്‍സ് കീറിയതെന്തിനെന്നു എനിക്ക് മനസ്സിലായില്ല. അന്നും ഇന്നും.... എന്താവും കാരണം?

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ