2013 നവംബർ 20, ബുധനാഴ്‌ച

അവധിക്കാലം


പണ്ട്... വളരെ പണ്ട്...

ഒരു സ്കൂള്‍ അവധിക്കാലം. ഇനി ജയിച്ചാല്‍ നാലാം ക്ലാസ്സിലേയ്ക്ക്. അവധി തുടങ്ങി രണ്ടാം ദിവസം വൈകുന്നേരം തിരുവനന്തപുരത്തുള്ള അമ്മാവന്‍ വീട്ടില്‍ വന്നു. പോകുമ്പോള്‍ ആള് ചോദിച്ചു,

"നീ വരുന്നോ? കുറച്ചു ദിവസം അവിടെ നിക്കാം...."

എനിക്ക് സന്തോഷമായി. അച്ഛനും അമ്മയും സമ്മതിച്ചു. അനിയന് വരാന്‍ ഇഷ്ടമല്ല. ഒരു ചെറിയ സഞ്ചിയില്‍ കുറച്ച് ഉടുപ്പും നിക്കറുകളുമായി ഞാന്‍ അമ്മാവനോപ്പം യാത്ര തിരിച്ചു. കിളിമാനൂരില്‍ നിന്നും തിരുവനന്തപുരം അകലെയല്ല. എന്നാലും അവിടെ അങ്ങനെ അധികം പോയിട്ടില്ല.

രാത്രിയില്‍ തിരുവനന്തപുരത്ത് എത്തി. ആഹാരം കഴിച്ച് ഉറങ്ങാന്‍ കിടന്നു. പിറ്റേന്ന് അല്പം താമസിച്ച് ഉണര്ന്നു. എന്നും അടുത്ത അമ്പലത്തിലെ “വെങ്കടേശ്വര സുപ്രഭാതം” കേട്ടായിരുന്നു എന്നും ഉണര്ന്നിരുന്നത്. ഇന്നത്‌ കേട്ടില്ല. പല്ലുതേയ്ക്കാനായി പുറത്തു വന്നു. നഗരത്തിലെ ഓരോ കാര്യങ്ങളെ.... കിനറില്ല, പൈപ്പിലാണ് വെള്ളം വരുന്നത്. കുളിമുറിയില്‍ ആണ് കുളിക്കേണ്ടത്. അടുത്തടുത്ത് മതിലുകള്ക്കു ള്ളില്‍ നിറയെ വീടുകള്‍. ചിലത് ഒരു നില, ചിലത് രണ്ട്. ആളുകളുടെ വസ്ത്രധാരണം എന്റെ നാട്ടിലെ പോലെ അല്ല. എല്ലാരും ഓട്ടം തന്നെ ഓട്ടം. ആര്ക്കും ഒന്നിനും സമയം ഇല്ല. രാവിലെ തന്നെ അമ്മാവന്‍ സ്കൂട്ടറില്‍ കയറി ജോലിയ്ക്ക് പോയി. ഇനി ഉച്ചയ്ക്ക് ഉണ്ണാന്‍ വരും. അമ്മായി അടുക്കളയില്‍ കയറി..

“സുജീ, നീ കുറച്ച് വെളിച്ചെണ്ണ വാങ്ങിയിട്ട് വരാമോ?” അമ്മായി വലതു കയ്യില്‍ ഹോര്‍ലിക്സിന്റെ ഒഴിഞ്ഞകുപ്പിയും ഇടതു കയ്യില്‍ അഞ്ചു രൂയുടെ നോട്ടും ആയി പുറത്തു വന്നു.

“ഈ വഴിയില്‍ നേരെ പോയി നാല് വീട് കഴിഞ്ഞാല്‍ ഗോപാലന്റെ കടയുണ്ട്. അവിടെ പോയി 500 വെളിച്ചെണ്ണ വാങ്ങണം. ബാക്കി പൈസ കളയാതെ പോക്കറ്റിലിട്ടു കൊണ്ട് വരണം”. എനിക്ക് സന്തോഷം ആയി. ഇതിലും എത്രെയോ ഭാരിച്ച ചുമതലകള്‍ നാട്ടില്‍ ഞാന്‍ ചെയ്യാറുണ്ട്. പണവും കുപ്പിയും വാങ്ങി ഞാന്‍ നടന്നു. 1-2-3-4 വീടുകള്‍ കഴിഞ്ഞു. തുറന്ന കടയൊന്നും കണ്ടില്ല. റോഡു സൈഡില്‍ ഇരുന്നു പേപ്പറു വായിക്കുന്ന ഒരാളോട് ചോദിച്ചു.
"ഈ ഗോപാലന്റെ കട?"
“കോവാലന്‍ ഇന്ന് കട തൊറന്നില്ലപ്പീ. എന്തരാ എന്തോ? ദാണ്ട ലവിട വേറ ഒരു കടയോണ്ട് ക്യാട്ടാ... ഈ റോട്ടിന്ടപ്പറം. ഇത്തുപൂരം നടന്നാ മതി”

ഞാന്‍ ആലോചിച്ചു. ഉച്ചയ്ക്ക് ഉണ്ണാന്‍ അമ്മാവന്‍ വരുമ്പോ വെളിച്ചെണ്ണയുടെ കുറവ് കൊണ്ട് ഒരു പ്രശ്നവും ഉണ്ടാവരുത്. അതും ഈ ഞാന്‍ ഇവിടെ ഉള്ളപ്പോ. റോഡുകള്‍ എല്ലാം കാണാന്‍ ഒരു പോലെ ഇരിക്കുന്നു. വഴി തെറ്റിയാലോ? ഞാന്‍ ചുറ്റും നോക്കി.

“ഐഡിയ.... കിട്ടിപ്പോയ്”
അടുത്തു കണ്ട വേലിപ്പത്തലില്‍ നിന്നും കുറെ ഇലകള്‍ പൊട്ടിച്ചെടുത്തു. റോടുണ്ടാക്കാനായി വഴിയരികില്‍ കൂട്ടിയിട്ട മെറ്റലും കുറെ എടുത്തു. വഴിയരികില്‍ ആരും ചവിട്ടാത്ത മൂലയില്‍ ഒരില വച്ചു. അതിനു മുകളില്‍ ഇല പറന്നു പോകാതിരിക്കാന്‍ ഒരു കല്ലും. അങ്ങനെ റോഡു മുറിച്ചു കടന്നു. ഇടയ്ക്കിടെ ഇലയും കല്ലും വച്ച് വച്ച് കടയുടെ അടുത്തെത്തി. എണ്ണയും വാങ്ങി ബാക്കിയും വാങ്ങി. ഇല അടയാളം നോക്കി നോക്കി തിരിയെ വീട്ടില്‍ എത്തി. നോക്കുമ്പോള്‍ ഗേറ്റിന്റെ അരികില്‍ അമ്മായി. അല്പം ദേഷ്യത്തിലാണോ?
“നീ എവിടെ പോയിരുന്നു ഇത്ര നേരം? ഞാന്‍ പേടിച്ചു പോയി”
“ഗോപാലന്റെ കട ഇന്ന് തുറന്നിട്ടില്ല. പിന്നെ ആ ബേക്കറിയുടെ അടുത്തുള്ള കടയില്‍ പോയി വാങ്ങിയതാ”
“റോഡിന്റെ മറ്റേ വശത്തുള്ള കടയാ? ദൈവമേ.... എങ്ങാനും വഴി തെറ്റിയിരുന്നെന്കിലോ? ചേട്ടന്‍ അറിഞ്ഞാ എന്നെ കൊല്ലും”

ഞാന്‍ പേടിച്ചു. ഇനി അമ്മായി അടിയ്ക്കുമോ? വഴി തെറ്റാതിരിക്കാന്‍ ഞാന്‍ ചെയ്ത സൂത്രപ്പണി അമ്മായിയോട് പറഞ്ഞു. എന്നിട്ടും അമ്മായിക്ക് ദേഷ്യം മാറുന്നില്ല. മാദേവരെ, ഇതിത്ര വലിയ പ്രശ്നം ആയിരുന്നോ? ഇനി അമ്മാവന്‍ വരുമ്പോള്‍ എന്താവുമോ? ഞാന്‍ പേടിയോടെ തന്നെ കുളിക്കാന്‍ പോയി. ശേഷം അവിടെ ഉണ്ടായിരുന്ന പൂമ്പാറ്റ അമര്ചിത്ര കഥകള്‍ വായിക്കാന്‍ തുടങ്ങി. ഉച്ചയായപ്പോള്‍ അമ്മാവന്‍ വന്നു. മാറി നിന്ന പേടി വീണ്ടും ഓടി വന്ന് എന്നെ പിടികൂടി. അമ്മായി പറയുമ്പോള്‍ അമ്മാവന്‍ എന്നെ അടിക്കും. അതിനു മുന്നേ കരഞ്ഞാലോ? അല്ലേല്‍ പേടിച്ചു മൂത്രമൊഴിക്കാം. സ്കൂളില്‍ അടിയില്‍ നിന്ന് രക്ഷപെടാന്‍ പലരും ഇത് ചെയ്യാറുണ്ട്. പക്ഷെ അതൊക്കെ മോശം അല്ലെ? അടിക്കുന്നെങ്കില്‍ അടിയ്ക്കട്ടെ. അടിച്ചാല്‍ വൈകിട്ട് തിരിയെ വീട്ടില്‍ പോണം എന്ന് പറയാം. ഞാന്‍ ഉറങ്ങുന്ന പോലെ കിടന്നു....

ഊണ് കഴിക്കുമ്പോള്‍ അമ്മായി അമ്മാവനോടു കാര്യങ്ങള്‍ പറഞ്ഞു. ഊണ് കഴിഞ്ഞ് അമ്മാവന്‍ നേരെ മുറിയില്‍ വന്നു.
“നീ ഉറങ്ങുവാണോ?”
“ങേ? അല്ല....”
“അവള് പറഞ്ഞു.... ഹ ഹാ... ബുദ്ധിമാന്‍.... നീയെന്റെ ചേഴാറന്‍ തന്നെ....”

ഞാന്‍ ഞെട്ടി.... ങേ? അപ്പൊ അടിയില്ലേ? അമ്മാവന് സംഭവം പിടിച്ചോ?

“നീ വൈകുന്നേരം റെഡി ആയിട്ടിരുന്നോ. നമുക്ക് ശംഖുംമുഖം കടപ്പുറത്ത് പോവാം”

ഞാന്‍ സന്തോഷത്തോടെ തലയാട്ടി...
മല പോലെ വന്നത് എലി പോലെ പോയി....
"ഹെന്റെ മാദേവരെ. നന്ദി... ഒരായിരം നന്ദി......."

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ