പഠിക്കുന്ന കാലം. പതിവ് പോലെ അന്നും ക്ലാസ്സിലെ സീനിയര്‍ ആയ രമേച്ചി പായസം കൊണ്ട് വന്നു. ഇതിപ്പോള്‍ എല്ലാ വെള്ളിയാഴ്ചയും പതിവായി മാറി. അവരുടെ അടുത്തുള്ള അമ്പലത്തില്‍ നിന്നും കൊണ്ടുവരുന്ന പ്രസാദം ആണ്. സ്വാദുള്ള ശര്‍ക്കര പായസം. ഒരു ചോറ്റ്പാത്രത്തില്‍ ചെറു ചൂടോടെ കിട്ടുന്ന പായസം. കൂട്ടത്തില്‍ സാധുവായ എന്നെ എല്പ്പിക്കാറാണ് പതിവ്. ആരും കാണാതെ ശാപ്പിടുക എന്ന കഠിനമായ ജോലിയാണ് പിന്നീട് എനിക്ക്.
എന്റെ തൊട്ട് പിന്നില്‍ ഇരിക്കുന്ന അനില്‍ ഒരിക്കല്‍ മണം പിടിച്ച് ഇത് കണ്ടു പിടിച്ചു. അന്ന് മുതല്‍ അവനും കൊടുക്കണം പോലും ഒരോഹരി. ആദ്യത്തെ ആഴ്ച പല്ലിറുമ്മി ഞാന്‍ അവന് പാതി കൊടുത്തു. അടുത്ത ആഴ്ച വീണ്ടും പായസം വന്നു. ഓരോ സ്പൂണും ആയി ഞങ്ങള്‍ റെഡി ആയി. ആദ്യം ഞാന്‍ എടുത്ത് കഴിച്ചു. അനില്‍ അവന്റെ സ്പൂണ്‍ കൊണ്ട് വന്നപ്പോള്‍ ഞാന്‍ ചോദിച്ചു,
"അനിലേ നിന്റെ അമ്മൂമ്മ മരിച്ച കഥ ഒന്ന് കൂടി പറയാമോ?"
പതിവ് പോലെ പൊടിപ്പും തൊങ്ങലും വച്ച് അവന്‍ അമ്മൂമ്മയുടെ മരണത്തിന്റെ ദാരുണ ചിത്രം അവതരിപ്പിച്ചു. കഥയുടെ പാതിയില്‍ വച്ച് തന്നെ പായസം ഞാന്‍ മിക്കവാറും തീര്‍ത്തിരുന്നു. ഒടുവില്‍ സങ്കടം കൊണ്ട് അവന്‍ കണ്ണീരും തുടച്ച് ക്ലാസ്സ് തുടങ്ങും വരെ അങ്ങനേ ഇരുന്നു.
അടുത്തയാഴ്ച്ച വീണ്ടും പായസം വന്നു. അന്നും ഞാന്‍ ചോദിച്ചു,
"അനിലേ നിന്റെ അമ്മൂമ്മ മരിച്ച കഥ ഒന്ന് കൂടി പറയാമോ?"
അവിടെ കഥ പറച്ചില്‍, ഇവിടെ പായസം തീറ്റ, അവിടെ കഥ പറച്ചില്‍, ഇവിടെ പായസം തീറ്റ.
അന്നും അവനെ പറ്റിച്ചു. കുറെ നാള്‍ കഴിഞ്ഞപ്പോ അവന് എന്റെ വിദ്യ മനസ്സിലായി. അന്ന് അവന്‍ എന്നോട് ചോദിച്ചു,
"സുജിത്തേ, നിന്റെ അമ്മൂമ്മ മരിച്ച കഥ ഒന്ന് പറയാമോ?"
ഞാന്‍ പറഞ്ഞു "ഒരു ദിവസം പനി വന്ന് എന്റെ അമ്മൂമ്മ മരിച്ചു. ഇനി നിന്റെ അമ്മൂമ്മ മരിച്ച കഥ ഒന്ന് കൂടി പറയാമോ?"
പതിവ് പോലെ അവന്‍ തുടങ്ങി. പതിവ് പോലെ അന്നും ഞാന്‍ വേഗം പായസം കഴിച്ചു തീര്‍ത്തു....
ഹല്ലാ പിന്നെ... നമ്മളോടാ കളി?

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ