രാജാരവിവര്‍മ്മയും ഞാനും ജനിച്ച കിളിമാനൂരില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള ഞങ്ങളുടെ വീട് മാറ്റം. അവിടുത്തെ എന്റെ ആദ്യത്തെ ഒരു സുഹൃത്ത് ഒരു നായ ആയിരുന്നു. തനി നാടന്‍ ഗണത്തില്‍ പെട്ട "ടിപ്പു". ഞങ്ങളുടെ അയല്‍ പക്കത്ത്, പോലീസില്‍ നിന്ന് റിട്ടയര്‍ ആയ മാധവന്‍ നായര്‍ സാറിന്റെ കുടുംബാംഗം. ടിപ്പു സുല്‍ത്താന്‍ എന്ന അക്രമിയോടുള്ള പ്രതിഷേധം പ്രകടിപ്പിക്കാന്‍ നായകള്‍ക്ക് ആ പേര് നല്‍കുന്നത് തിരുവിതാംകൂറില്‍ ഇന്നും സര്‍വ്വസാധാരണമാണ്. പക്ഷെ പേരിനോടുള്ള പ്രതിഷേധം ഈ നായകളോട് ഉണ്ടാവില്ല. സ്നേഹിച്ചു കൊല്ലാറാണ് പതിവ്....
ഞാന്‍ ഒമാനില്‍ ജോലി ചെയ്യുന്ന കാലം. ആറു മാസത്തില്‍ ഒരിക്കല്‍ നാട്ടില്‍ വരുന്ന അവധിയില്‍ ഇത്തവണ വീട് മാറ്റം ആയിരുന്നു പ്രധാന അജണ്ട. ഞങ്ങള്‍ പുതിയ വീട്ടിലെത്തി സാധനങ്ങള്‍ വരുന്ന ലോറിക്കായി കാത്ത് നിന്നു. വന്നപ്പോള്‍ മുതല്‍ ഒരു നായുടെ ഇടയ്ക്കിടെ ഉള്ള കുര ഞാന്‍ ശ്രദ്ധിച്ചു. വീടിനു പുറത്തിറങ്ങി കിഴക്കേ മതിലിനരികില്‍ നില്‍ക്കുമ്പോള്‍ അതാ ഒരു നായ എനിക്ക് അഭിമുഖമായി മുന്‍കാലുകള്‍ മതിലിന് മുകളില്‍ വച്ചുകൊണ്ട് നിന്ന് കുരയ്ക്കുന്നു.
"ഹോ... ഇവനാണല്ലേ ലവന്‍?" ആളൊരു അരോഗദൃഡഗാത്രനും സര്‍വ്വോപരി സുന്ദരനും തന്നെ.
ലോറിയില്‍ വന്ന സാധനങ്ങള്‍ വീടിനുള്ളില്‍ ഇറക്കി വച്ചു. ക്ഷീണം മാറ്റാന്‍ പുറത്തു വന്നപ്പോള്‍ ലവന്‍ വീണ്ടും കാലുകള്‍ മതിലില്‍ വച്ച് എന്നെ നോക്കി മൃദുവായി കുരയ്ക്കുന്നു. അവിടെ നിന്നൊരാള്‍ പുറത്തു വന്നു. മാധവന്‍ നായര്‍ സാര്‍. ആളെ പരിചയപ്പെട്ടു. മുന്‍പ് ഈ വീട്ടില്‍ താമസിച്ചിരുന്ന അനില്‍ എന്നയാളുമായി ടിപ്പു സൌഹൃദത്തില്‍ ആയിരുന്നത്രെ. ആള്‍ ഏകദേശം എന്നെ പോലെ തന്നെ ഉണ്ടായിരുന്നു പോലും. അതാണ് ലവന് എന്നെ കാണുമ്പോള്‍ ഒരു "ഇത്".
കുറച്ചു കഴിഞ്ഞ് ഞാന്‍ പുറത്ത് വന്നപ്പോള്‍ ടിപ്പു വീണ്ടും ഓടി മതിലിനരികില്‍ വന്നു. "ശ്ശേടാ... ഇവന്‍ ആള് കൊള്ളാലോ?" എന്റെ കയ്യില്‍ അപ്പോള്‍ മസ്ക്കറ്റില്‍ നിന്ന് കൊണ്ട് വന്ന, ഉള്ളില്‍ ഈന്തപ്പഴം ഉള്ള ബിസ്കറ്റ് ഉണ്ടായിരുന്നു. ഇത് ലവന്‍ തിന്നുമോ? ഏതായാലും ഒരെണ്ണം മതിലിന് മുകളില്‍ വച്ചു. അവന്‍ നാവു നീട്ടി അതെടുത്ത് തിന്നു. എന്നിട്ട് രണ്ടു പുരികങ്ങളും ഉയര്‍ത്തി എന്നെ നോക്കി. നന്ദി സൂചകമായിട്ടാവണം നല്ല വേഗതയില്‍ വാലാട്ടി. ഞങ്ങള്‍ ക്രമേണ നല്ല സുഹൃത്തുക്കള്‍ ആയി.
എനിക്ക് തിരിയെ പോകാനുള്ള ദിനം അടുത്ത് വരുന്നു. രാവിലെ ബാങ്കില്‍ പോയി മാനേജരെ കാണണം. ഓണ്‍ലൈന്‍ ബാങ്കിങ്ങിനുള്ള അപേക്ഷ കൊടുക്കണം. പുറത്തേയ്ക്ക് ഇറങ്ങുമ്പോള്‍ ടിപ്പുവിനെ കണ്ടില്ല. ചിലപ്പോ ഉറക്കം ആയിരിക്കും.
ബാങ്കില്‍ നിന്ന് വരുന്ന വഴിയില്‍ ഒരു മിനി ലോറി കണ്ടു. കമ്പികള്‍ കൊണ്ട് വെല്‍ഡ് ചെയ്ത പെട്ടി പോലെയുള്ള പിന്‍ഭാഗത്ത് കുറെ ഏറെ നായകള്‍. അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായകളെ പിടിച്ച് ദയാവധം ചെയ്യുന്നവര്‍ ആണ്. കൂട്ടത്തില്‍ ഒരു കുര എനിക്ക് ചിരപരിചിതം എന്ന പോലെ തോന്നി. ടിപ്പുവിന്റെ അതെ കുര. ഞാന്‍ അടുത്ത് പോയി നോക്കി. ആണും പെണ്ണും എല്ലാം ആയി ആകെ എട്ട് നായകള്‍. അതില്‍ ഒരെണ്ണം ഗര്‍ഭിണിയാണോ?
"അയ്യോ... അത് അവനല്ലേ? പക്ഷെ കഴുത്തില്‍ ബെല്‍റ്റില്ലല്ലോ? മാത്രമല്ല ദേഹം ആസകലം ചെളിയും". അവന്‍ മാത്രം എന്നെ നോക്കി കുരയ്ക്കുന്നു. വാലാട്ടുന്നു. ബാക്കി നായകള്‍ ആ പെട്ടിയ്ക്കുള്ളില്‍ അങ്ങോട്ടും ഇങ്ങോട്ടും പരിഭ്രാന്തരായി ഓടുന്നു, കുരയ്ക്കുന്നു. പെട്ടെന്ന് വണ്ടി മുന്നോട്ടെടുത്തു. എങ്ങോട്ടോ പോയ് മറഞ്ഞു. എനിക്ക് ഇനി കുറച്ചു സാധനങ്ങള്‍ കൂടെ വാങ്ങാനുണ്ട്. അതിനായി ചാല കംബോളത്തിലെയ്യ്ക് യാത്രയായി.
തിരിയെ വീട്ടില്‍ വന്നു. പെട്ടെന്ന് ടിപ്പുവിനെ ഓര്‍മ്മവന്നു.
"മാധവന്‍ സാറേ, മാധവന്‍ സാറേ"
"ചേട്ടന്‍ ഇവിടെ ഇല്ല. ഗേറ്റ് തുറന്ന് കിടന്നപ്പോ ടിപ്പു പുറത്തേയ്ക്ക് പോയി. അവനെ അന്വേഷിച്ചു പോയി". ഭാര്യ പറഞ്ഞു.
എന്റെ തലയില്‍ ഒരു കൊള്ളിയാന്‍ മിന്നി... ദൈവമേ... അതവനാവരുതേ...
ഞാന്‍ റോഡരികില്‍ പോയി നിന്നു കുറെ കഴിഞ്ഞപ്പോള്‍ മാധവന്‍ സാര്‍ വന്നു. ടിപ്പുവിനെ എങ്ങും കാണാനില്ല. സാര്‍ കരയുന്ന മട്ടിലായി. ഞാന്‍ എന്റെ ഒരു സംശയം പറഞ്ഞു. ഞങ്ങള്‍ രണ്ടുപേരും കൂടി കോര്‍പ്പറെഷന്‍ വക സ്ഥലത്ത് നായകളെ ദയാവധം ചെയ്യുന്ന ഇടത്തേയ്ക്ക് ഒരു ആട്ടോയില്‍ യാത്ര തിരിച്ചു. അവിടെ കണ്ട കാഴ്ച എന്റെ കണ്ണ് നിറച്ചു. നുറു കണക്കിന് നായകളെ കഴുത്തില്‍ കുടുക്കിട്ട് വിഷം കുത്തി വച്ച് കൊല്ലുകയാണ്. വിഷം കുത്തിവച്ചാല്‍ മൂന്നോ നാലോ മിനിറ്റ്... അത്രേ വേണ്ടൂ... ഞങ്ങള്‍ ഓരോ നായകളെ ആയി നോക്കാന്‍ തുടങ്ങി. അതാ അവന്‍.
"മാധവന്‍ സാറേ, ഇങ്ങോട്ട് ഒന്ന് വരാമോ?"
"അതെ തോടാതിങ്ക സാര്‍... ഇപ്പ താന്‍ നാങ്ക പായിസണ്‍ കുത്തി വച്ചിരുക്കെ..."
ടിപ്പു നിലത്ത് കിടക്കുന്നു. അവന്‍ എന്നെ ദയനീയമായി ഒന്ന് നോക്കി, ഒന്ന് മുരണ്ടു, പിന്നെ എന്നെന്നേക്കുമായി കണ്ണടച്ചു. സാര്‍ ഓടി വന്നു നോക്കുമ്പോള്‍ അവന്റെ ജീവന്‍ പോയിരുന്നു.
എന്റെ കണ്ണില്‍ ഇരുട്ടു പടര്‍ന്നു. ഞാന്‍ തലകറങ്ങി താഴെ ഇരുന്നപ്പോള്‍ മാധവന്‍ സാര്‍ ടിപ്പുവിനെ നോക്കി, "മോനേ..." എന്ന് അലറിക്കരയുന്നതാണ് കണ്ടത്. മാധവന്‍ സാര്‍ കൊലപാതകികളുടെ നേതാവിനോട് കരഞ്ഞുകൊണ്ട് അപേക്ഷിയ്ക്കുന്നത് കേട്ടു.
"അവന്റെ ജഡം എങ്കിലും എനിക്ക് താ...."
വിഷം കുത്തിവച്ചതിനാല്‍ തരാന്‍ പറ്റില്ല പോലും. വിഷമത്തോടെ ഞങ്ങള്‍ അവിടുന്ന് തിരിച്ചു. വൈകുന്നേരം പതിവില്ലാതെ മാധവന്‍ സാര്‍ ഉമ്മറത്തെ ചാരുകസേരയില്‍ ഇരുന്ന് മദ്യപിക്കുന്നതും നിശബ്ദം കരയുന്നതും ഞാന്‍ കണ്ടു. ടിപ്പുവിന് വേണ്ടി മാറ്റി വച്ച, "മസ്ക്കറ്റില്‍ നിന്ന് കൊണ്ട് വന്ന, ഉള്ളില്‍ ഈന്തപ്പഴം ഉള്ള ബിസ്കറ്റ്" ഞാന്‍ ഒരു കുഴി കുഴിച്ച് അതിലിട്ട് മൂടി. പിന്നെ ഒരിക്കലും ആ മതിലിന് അരികില്‍ ഞാന്‍ പോകാറെ ഇല്ല.
സങ്കടത്തോടെ, ലീവ് കഴിഞ്ഞ് തിരിയെ മസ്കറ്റില്‍ എത്തി. ഇന്നും പലപ്പോഴും ഉറങ്ങുമ്പോള്‍, രണ്ടു പുരികങ്ങളും ഉയര്‍ത്തി എന്നെ നോക്കി വേഗതയില്‍ വാലാട്ടുന്ന ടിപ്പുവിനെ ഞാന്‍ കാണാറുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ