മജീദിന്റെയും സുഹറയുടെയും ഏകമകള്‍ ഫാത്തിമ. നാലര വയസ്സായി. കിലുക്കാം പെട്ടിയെ പോലെ കിലുകിലാ വര്‍ത്തമാനം പറഞ്ഞു നടക്കുന്ന, കണ്ണില്‍ ദിനവും സുറുമ എഴുതുന്ന ഒരു സുന്ദരിക്കുട്ടി.
മജീദ് തിരുവനന്തപുരത്തെ പേരുകേട്ട സ്വര്‍ണ്ണക്കടയില്‍ എല്ലാരുടെയും കൈയാള്‍ ആണ്. തുടക്കം മുതലേ കൂടെയുള്ള മജീദിനെ മുതലാളിക്കും വലിയ കാര്യം ആണ്. അധികം പഠിപ്പോന്നും ഇല്ല എങ്കിലും വളരെ വിശ്വസ്തനാണ്, സത്യസന്ധനാണ്. ഓണക്കാലം വന്നു. നഗരത്തില്‍ നടക്കുന്ന മാജിക് ഷോയുടെ പ്രധാന സ്പോണ്‍സര്‍ ഈ കടയാണ്. കടയില്‍ ആര്‍ക്കും നിന്ന് തിരിയാന്‍ സമയം ഇല്ല. അതിനാല്‍ മുതലാളി മജീദിനെ വിളിച്ചു,
"ദാ, നീ ഈ പരിപാടിയ്ക്ക് പൊയ്ക്കോ. കുടുംബത്തെയും കൂട്ടിക്കോ. ഇത് സ്പോണ്‍സര്‍ പാസ്സാണ്. മുന്നില്‍ തന്നെ ഇരിക്കാം".
മജീദ് മാജിക് നേരിട്ട് കണ്ടിട്ടില്ല. വീട്ടില്‍ എത്തിയപ്പോള്‍ സുഹറയ്ക്ക് നല്ല സുഖമില്ല. അതിനാല്‍ മകളെയും കൂട്ടി മജീദ് മാജിക് നടക്കുന്ന ഹാളില്‍ എത്തി. മുന്നില്‍ തന്നെയായിരുന്നു അവരുടെ ഇരിപ്പിടം. മാജിക് തുടങ്ങി. വേദിയില്‍ നിറങ്ങളും ശബ്ദവും കൂടിച്ചേര്‍ന്ന് ഒരു മായാ പ്രപഞ്ചം ഉടലെടുത്തു.
മജീദിന്റെ മടിയില്‍ ഇരുന്ന് കുഞ്ഞ് ഫാത്തിമ ശെരിക്കും ആസ്വദിക്കുന്നുണ്ടായിരുന്നു
"ഡിം....."
ആ വാളുകള്‍ ഒരുമിച്ച് ഫാത്തിമയുടെ മുകളിലേയ്ക്ക് പതിച്ചു. ആളുകള്‍ അലറി വിളിച്ചു. മജീദ് ഒരു അലര്‍ച്ചയോടെ കൈകള്‍ രണ്ടും നെഞ്ജിലെയ്ക്ക് ചേര്‍ത്തു. അഞ്ച് നിമിഷം, അതാ വേദിയുടെ പിന്നില്‍ നിന്നും കുഞ്ഞു ഫാത്തിമ മജീഷ്യന്റെ സഹായിയായ ഒരു സുന്ദരിയോടൊപ്പം പുഞ്ചിരിയോടെ സ്റ്റേജിലേയ്ക്ക് കൈകള്‍ വീശി നടന്നു വരുന്നു. ആളുകള്‍ നിര്‍ത്താതെ കൈ അടിച്ചു.
ഫാത്തിമ തിരിയെ വാപ്പയുടെ അടുത്തെത്തി. വാപ്പ കണ്ണുകള്‍ അടച്ച് തല താഴ്ത്തി ചാരി ഇരിക്കുന്നു. ഉറങ്ങുകയാണോ? കൈകള്‍ മടിയില്‍ ഊര്‍ന്ന് വീണപോലെ. വല്ലാതെ തണുത്ത ആ കൈകള്‍ ഇരു വശത്തേയ്ക്കും മാറ്റി വീണ്ടും മടിയില്‍ കയറി ഇരുന്ന് കുഞ്ഞു ഫാത്തിമ അടുത്ത മാജിക് കാണാന്‍ തയ്യാറായി.
പടച്ചവന്റെ മാജിക് മനസ്സിലാവാതെ......

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ