2013 നവംബർ 20, ബുധനാഴ്‌ച

അമേരിക്ക


രാവിലെ ഭാര്യ വളരെ കാര്യമായി എന്നോട്ട് പറഞ്ഞു,
"എന്റെ അനിയന്‍ അപ്പു അമേരിക്കയില്‍ ആണെന്ന് അറിയാമല്ലോ?"
നോം: "അറിയാം"
ഭാര്യ: അവന്‍ കൊണ്ട് തന്ന അമേരിക്കന്‍ iPhoneന്റെ നന്ദിയെങ്കിലും ഏട്ടന്‍ ഇനി അമേരിക്കയോട് കാണിക്കണം. അമേരിക്ക നല്ല ഒരു രാജ്യം ആണ്"

"ങേ? നിനക്ക് എന്താ ഇന്ന് ഒരു പുതിയ അമേരിക്കന്‍ സ്നേഹം?" എന്ന് നോം ചോദിച്ചില്ല. ചെറിയ വായില്‍ നിന്ന് വരാന്‍ പോണ വലിയ വര്ത്തമാനം കേള്ക്കാന്‍ ആകാംക്ഷയോടെ വാ പൊളിച്ച് ഇരുന്നു.

അവള്‍ തുടര്ന്നു.....
"ഏട്ടന്‍ ഇനി ഫേസ് ബുക്കിലും മറ്റും അമേരിക്കയ്ക്ക് എതിരെ ഒന്നും എഴുതരുത്."
നോം: "അതെന്താ?"
ഭാര്യ: ''അമേരിക്ക ഇനി മുതല്‍ അവര്ക്ക് എതിരെ പ്രവര്‍ത്തിക്കുന്നവരെയും എഴുതുന്നവരെയും കമ്പ്യൂട്ടര്‍ വഴി നിരീക്ഷിയ്ക്കും. എന്നിട്ട് അവരെ ഗൂഗിള്‍ മാപ്പിങ്ങില്‍ കൂടി കണ്ടു പിടിക്കും. ജി.പി.എസ്സ് വഴി കൃത്യ സ്ഥാനം മനസ്സിലാക്കും. ആളില്ലാ വിമാനം അയച്ച് ബോംബ്‌ ഇട്ടു കൊല്ലും".

നോം അത് വരെ ജീവിതത്തില്‍ ആര്ജിച്ച അറിവുകള്‍ എല്ലാം ഒരു നിമിഷം കൊണ്ട് ആവിയായി പോയി. പാവം കണ്ണും മിഴിച്ചു നിശബ്ദം ഇരുന്നു.

ഭാഗ്യത്തിന് അടുക്കളയില്‍ എന്തോ കരിഞ്ഞു. അവള്‍ അവിടെയ്ക്ക് പോയി. നോം ആലോചിച്ചു, എവിടന്നു കിട്ടി ഇവള്ക്ക് ഈ പുത്തന്‍ അമേരിക്കന്‍ അറിവ്? പെട്ടെന്ന് മുന്നില്‍ കിടക്കുന്ന ആ ആഴ്ചത്തെ മാതൃഭൂമി ആഴ്ച പതിപ്പ് കണ്ടു. അതില്‍ അമേരിക്ക മേലില്‍ രാസായുധം ഉപയോഗിക്കില്ല എന്നും, അവര്‍ അവരുടെ ശത്രുക്കളെ ഇനി തെരഞ്ഞു പിടിച്ചു കൊല്ലും എന്നോ മറ്റോ പറഞ്ഞ് ഒരു ലേഖനം എഴുതിയിട്ടുണ്ട്. അത് വായിച്ച ആവേശം ആവണം. അന്ന് മുതല്‍ നോം അമേരിക്കയെ പ്രകീര്ത്തിച്ചേ ചിന്തിക്കാറും എഴുതാറും ഉള്ളൂ....

വെറുതേ എന്തിനാ ഒബാമയെ വിഷമിപ്പിക്കുന്നത്?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ