പത്താം ക്ലാസ്സില്‍ പഠിക്കുന്ന കാലം. ഉയരത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നാം നിരയില്‍ ക്ലാസ്സിന്റെ മദ്ധ്യഭാഗത്താണ് എന്റെ ഇരിപ്പിടം. ഒരു വശത്ത് ആണ്‍കുട്ടികളും മറുവശത്ത് പെണ്‍കുട്ടികളും. അന്നത്തെ ക്ലാസ് കുറുപ്പ് സാറിന്റെ ഇംഗ്ലീഷ് ഗ്രാമര്‍ ആണ്. "ടെന്‍സ്" പഠിപ്പിച്ച് ടെന്‍ഷന്‍ അടിപ്പിക്കുന്ന ക്ലാസ്സ്. ഇംഗ്ലീഷിലെ ഭൂതവും ഭാവിയും വര്‍ത്തമാനവും അനര്‍ഗ്ഗനിര്‍ഗ്ഗളം ക്ലാസ്സില്‍ ഒഴുകി പരക്കുമ്പോള്‍ ഞങ്ങള്‍ മൂന്നു പേര്‍ പിന്നില്‍ ഇരുന്ന് "വര്‍ത്തമാനം" നടത്തുകയായിരുന്നു. ഇത് കണ്ട കുറുപ്പ് സാറിന്റെ മൂക്കില്‍ കോപം ഇരച്ചു കയറി. ചെവിയിലെ രോമങ്ങള്‍ വെഞ്ചാമരം പോലെ എഴുന്നു നിന്നു.
"യൂ ത്രീ... സ്റ്റാന്റപ്പ്"
ഞങ്ങള്‍ മൂന്നു പഞ്ചപാവങ്ങളെ എഴുന്നേല്‍പ്പിച്ചു നിര്‍ത്തി. ക്ലാസ്സില്‍ സംസാരിക്കാനുള്ള സ്വാതന്ത്ര്യം കൂടിയല്ലേ ഗാന്ധിജി വാങ്ങി തന്നത്? പക്ഷെ കുറുപ്പ് സാറിന് അതൊരു പ്രശ്നമല്ല. സാറിന്റെ കയ്യില്‍ ചൂരല്‍ ഉണ്ട്. എന്റെ അടുത്തുള്ള രണ്ടു പേര്‍ക്കും രണ്ടടി വീതം കൊടുത്തു. അവര്‍ക്ക് അതൊരു പുത്തരിയല്ല. എന്നിട്ടും നന്നായി പുളഞ്ഞു.
"പഠിക്കും എന്നുള്ള അഹങ്കാരം ആണോ നിനക്ക്? നിനക്ക് അഞ്ചു അടിയാണ്" സാറ് അലറി.
"ഹെന്റെ മാദേവരെ... എനിക്ക് ബോണസ്സും കൂടി ഉണ്ടെന്നോ?"
അടി തുടങ്ങി. മൂന്നെണ്ണം കഴിഞ്ഞപ്പോ തന്നെ ബോധം കെട്ടാലോ എന്ന് എന്റെ തലച്ചോറ് എന്നോട് ചോദിച്ചു. ഞാന്‍ സമ്മതിച്ചില്ല. പെണ്‍കുട്ടികള്‍ ഒക്കെ ഉള്ള ക്ലാസ്സില്‍ ബോധം കെടുന്നതും കരയുന്നതും ഒക്കെ മോശമല്ലേ? അടി തീര്‍ന്ന ഉടന്‍ തന്നെ വേദനയാല്‍ പുളഞ്ഞ ഞാന്‍ പെണ്‍കുട്ടികളുടെ ഭാഗത്തേയ്ക്ക് തിരിഞ്ഞ് അറ്റത്ത് ഇരുന്ന പെണ്‍കുട്ടിയോട് പറഞ്ഞു,
"നീ വിഷമിക്കണ്ടാ... എനിക്ക് വേദനയില്ല".
ഞെട്ടിയ അവള്‍ പറഞ്ഞു "അല്ലെങ്കി എനിക്കെന്ത് വിഷമം?"
"എന്നാലും നിനക്ക് വിഷമം കാണും. കാര്യമാക്കണ്ടാ, കേട്ടാ?"
ക്ലാസ്സില്‍ ആകെ കൂട്ടച്ചിരിയായി. കുറുപ്പ് സാറിന്റെ മൂക്കിലെ കോപം മാറി. ചെവിയിലെ രോമങ്ങള്‍ പൂര്‍വ്വസ്ഥിതിയിലായി.
ക്ലാസ്സ് കഴിഞ്ഞപ്പോള്‍ ലവള്‍ തിരിഞ്ഞ് എന്നോട് ചോദിച്ചു "നീ എന്തിനാ അങ്ങനെ പറഞ്ഞത്?"
"അതേയ് അടീടെ ചമ്മല് മാറ്റാന്‍ എനിക്ക് വേറെ ഒരു വഴിയും തോന്നിയില്ല. പെങ്ങള് എന്നോട് ഷെമി".
ഹോ എന്താല്ലേ? ഇന്നെങ്ങാനും ആയിരുന്നേലോ?

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ