ഞങ്ങളുടെ നാട്ടില്‍ കേബിള്‍ ടിവി വന്ന കാലം. ആകെ ആറു ചാനലുകള്‍ മാത്രം.
എഷ്യാനെറ്റ്, മലയാളം ദൂരദര്‍ശന്‍, സീ ടിവി, സ്റ്റാര്‍ സ്പോര്ട്സ്, സ്റാര്‍ ടിവി, പിന്നെ ദിവസവും ക്യാസറ്റ് സിനിമ ഇടുന്ന ഒരു ചാനലും. എന്റെ വീട്ടില്‍ BPL കളര്‍ ടിവി ആയിരുന്നു. ആകെ പന്ത്രണ്ടു ചാനലുകള്‍ മാത്രം. റിമോട്ട് കണ്ട്രോള്‍ ഇല്ലാത്തതിനാല്‍ ചാനല്‍ മാറ്റാന്‍ ടിവിയുടെ അടുത്ത് പോണം.
ഒരു ശനിയാഴ്ച. കോളേജില്‍ ക്ലാസ്സില്ല. രാവിലെ ഇഡ്ഡലിയെല്ലാം കഴിച്ച് ടിവി കാണാന്‍ ഇരുന്നു. സ്റ്റാര്‍ സ്പോര്ട്സ് ചാനലില്‍ ആസ്ത്രേലിയയിലെ സിഡ്നിയില്‍ നടക്കുന്ന പവര്‍ ബോട്ട് മല്‍സരം. വെള്ളത്തില്‍ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ കുതിച്ചു പായുന്ന ഇത്തരം ബോട്ട് ഞാന്‍ ആദ്യമായി കാണുകയാണ്. വളരെ കൌതുകവും അത്ഭുതവും തോന്നി.
ഇതിനിടെ എന്റെ അമ്മായി വീട്ടിലേയ്ക്ക് വന്നു. ഞാന്‍ ഒന്ന് ചിരിച്ചു, വീണ്ടും ടിവി കാണലില്‍ മുഴുകി. മുറിയുടെ പിന്നില്‍ അമ്മയും അമ്മായിയും നാട്ടുകാര്യവും വീട്ടുകാര്യവും സംസാരിക്കാന്‍ തുടങ്ങി.ടിവിയില്‍ രണ്ടു ബോട്ടുകളുടെ മല്‍സരം തുടങ്ങി. നല്ല മല്‍സരം. ആവേശം സഹിക്കാന്‍ പറ്റുന്നില്ല. ഞാന്‍ അമ്മയോടും അമ്മയിയോടുമായി പറഞ്ഞു.
"ദേ, ഇതൊന്നു കാണൂ.... എന്ത് രസം...."
ഇത് പറഞ്ഞ സമയം ടെലിവിഷനില്‍ ആ ബോട്ട് ഓടിയ്ക്കുന്ന രണ്ടു വനിതകളെ കാണിച്ചു. പേരിനു മാത്രം വസ്ത്രം ധരിച്ച രണ്ടു സുന്ദരികള്‍.
"നമ്മള്‍ ഇതൊക്കെ കുറെ കണ്ടിട്ടുണ്ട്... ഇനി നീ കണ്ടു രസിച്ചാല്‍ മതി"
അമ്മായി പറഞ്ഞു. അമ്മ എന്നെ ക്രൂരവും പൈശാചികവുമായി ഒന്ന് നോക്കി. എന്റെ ശ്വാസം നിന്നു, വായിലെ വെള്ളം വറ്റി. സ്റ്റാര്‍ സ്പോര്ട്സ്..... ദുഷ്ടന്മാര്‍.... ചതിയന്മാര്‍.... ഞാന്‍ ഓടിപ്പോയി ചാനല്‍ മാറ്റി.
അന്ന് മുതല്‍ "റിമോട്ട് കണ്ട്രോള്‍" ആയി ഒരു വലിയ കമ്പും കൊണ്ടാണ് ടിവി കാണാന്‍ ഇരിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ