2013 നവംബർ 20, ബുധനാഴ്‌ച

കോളേജ്‌ ബ്യൂട്ടി


രംഗം: ഒന്നാം വര്‍ഷ ഇലക്ട്രിക്കല്‍

സാങ്കേതിക പഠനത്തിന്റെ ജീവിതം ആരംഭിച്ചിട്ട് ഏതാനും നാളുകളെ ആയിട്ടുള്ളൂ. പ്രീ-ഡിഗ്രി കഴിഞ്ഞെത്തിയ ഇത്തിരിക്കുഞ്ഞന്മാരും കുഞ്ഞികളും ഡിഗ്രി കഴിഞ്ഞു വന്ന ചേട്ടന്മാര്ക്കും ചേച്ചിമാര്ക്കും വരെ ഒപ്പം ഇരുന്ന് വിദ്യ അഭ്യസിച്ചു തുടങ്ങിയ കാലം. പുതിയ ക്യാമ്പസിലെ കാലാവസ്ഥ എല്ലാര്ക്കും പിടിച്ചു വരുന്നതെ ഉള്ളൂ.

ഒരു ദിവസം സരളടീച്ചറുടെ Technical Maths ക്ലാസ്. Complex Numbers ആണ് വിഷയം. ശ്രദ്ധിചിരുന്നില്ലേല്‍ പിടിവിട്ടു പോകുന്ന സംഭവം. ടീച്ചര്‍ ഹാജര്‍ എടുത്തു, ക്ലാസ്സ്‌ തുടങ്ങി. എല്ലാ കണ്ണുകളും മനസ്സുകളും ഒരേപോലെ ബോര്‍ഡിലേയ്ക്ക്....

പെട്ടെന്ന് വാതിലില്‍ ഒരു കാല്‍ പെരുമാറ്റം. ടീച്ചറോടൊപ്പം എല്ലാ കണ്ണുകളും വാതിലിലേയ്ക്ക്. ഒന്നാം വര്ഷ ഇലക്ട്രിക്കലിലെ ഏവരുടെയും സ്വകാര്യഅഹങ്കാരം ആയ “കോളേജ്‌ ബ്യൂട്ടി” അതാ വാതില്‍ക്കല്‍. ചുവന്ന പട്ടുപാവാടയും ബ്ലൌസുമൊക്കെ ഇട്ട്, മുടി പിന്നില്‍ ഭംഗിയായി കെട്ടിവച്ച്, പൊട്ടൊക്കെ തൊട്ട് സുന്ദരി ആയി വന്നു നില്ക്കുന്നു. ഇടതു കയ്യില്‍ കുറെ പുസ്തകങ്ങള്‍ മാറോടടുക്കി പിടിച്ചിരിക്കുന്നു. ആള്‍ അടുത്തെവിടെയോ ഉള്ള ഒരു ലേഡി ഹോസ്റ്റലില്‍ ആണ് താമസം. എന്തോ കാരണം കൊണ്ട് വരാന്‍ താമസിച്ചതാവണം.

“വരണം” ടീച്ചര്‍ മൊഴിഞ്ഞു.

ആ സൌന്ദര്യധാമം അന്ന നടയോടെ ക്ലാസ്സിനുള്ളിലേയ്ക്ക്‌ ഒഴുകി വന്നു. ആണ്കു്ട്ടികളുടെ ആദ്യത്തെ നിരയും കടന്ന്, ടീച്ചര്‍ നില്ക്കുന്ന ഉയര്‍ന്ന തിട്ടയും കടന്ന്, രണ്ടാം നിരയും കഴിഞ്ഞ് പെണ്‍കുട്ടികളുടെ നിരയുടെ ഏറ്റവും പിന്നില്‍ ഉള്ള പതിവ് ബഞ്ചില്‍ പോയി കൂട്ടുകാരികള്ക്കൊപ്പം ഇരുന്നു. ക്ലാസ്സിലെ നൂറു വിടര്‍ന്ന കണ്ണുകള്‍, ഒന്നായി മാറി, ഇരിപ്പിടത്തില്‍ ഇരിക്കും വരെ അവളെ അനുധാവനം ചെയ്യുന്നുണ്ടായിരുന്നു.

എന്റെ ശ്രദ്ധ ടീച്ചറിലേക്കായി.... അവര്‍ നിര്ന്നിമേഷയായി, ചോക്ക്‌ കഷണം പിടിച്ച വലതു കൈ, ഇടതു കയ്യുമായി പിന്നില്‍ കോര്ത്ത്, ആണ്‍ കുട്ടികളുടെ മുഖഭാവം നോക്കി അങ്ങനെ നിന്നു. സൂചി നിലത്ത് വീണാല്‍ കേള്‍ക്കാം....ആകെ നിശബ്ദത....

“ങ്ഹാ.... ആ കൊച്ച് പോയി ഇരുന്നു. ഇനി എല്ലാരും ഇങ്ങോട്ട് നോക്ക്..... നമുക്ക് തുടരാം”

നിശബ്ദതയെ ഭേദിച്ച കൂട്ടചിരിയില്‍ ക്ലാസ്സ്‌ തുടര്ന്നു .

പിന്കുറിപ്പ്‌: ആ വര്‍ഷം പിന്നീടൊരിക്കലും അവള്‍ താമസിച്ച് ക്ലാസ്സില്‍ വന്നിട്ടില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ