2013 നവംബർ 20, ബുധനാഴ്‌ച

ഗണപതിക്ക്‌ വെച്ചത്..


വിദ്യാരംഭ ദിനം... സരസ്വതീ കടാക്ഷം ഉണ്ടാവേണ്ട ദിനം.. പക്ഷെ ഈ ദിവസം തുടങ്ങിയതുതന്നെ ആന മണ്ടത്തരത്തില്‍..!

രാവിലെ മൊബൈല്‍ തുറക്കുമ്പോള്‍ വിദ്യാരംഭ ആശംസകളുമായി ധാരാളം സന്ദേശങ്ങള്‍. എല്ലാത്തിനും മറുപടി എഴുതണം എന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും സമയക്കുറവുമൂലം എല്ലാവര്‍ക്കുമായി ഒരു മറുപടി തരപ്പെടുത്തി; 

"Thanks... and wishing you the same."

കോപ്പി പേസ്റ്റി എല്ലാവര്‍ക്കും വിട്ടു. ഒരു കടമ നിറവേറ്റിയ സന്തോഷത്തില്‍ ഇരിക്കുമ്പോള്‍ അതാ വരുന്നു ഒരു സന്ദേശം കൂടി. നോക്കിയപ്പോള്‍ ഒരു മിനിട്ട് മുന്‍പ് മറുപടി കൊടുത്തവരില്‍ ഒരാളാണ്. അദ്ദേഹത്തിന്‍റെ പുതിയ സന്ദേശത്തില്‍ ഒരു ചോദ്യചിഹ്നം മാത്രം....

"?"

എന്ത് പറ്റിയെന്ന് ചിന്തിച്ച് മേല്‍പ്പടിയുടെ ആദ്യ സന്ദേശത്തിലേക്ക് ഒന്ന് സ്ക്രോള്‍ ചെയ്തു. ആ മെസ്സേജ് ഇങ്ങനെ ആയിരുന്നു

"നമ്മുടെ റെസിടന്‍സ്‌ അസോസിയേഷന്‍ പ്രവര്‍ത്തകനും, മണക്കാട് നിവാസിയുമായ ശ്രീ.വിജയന്‍ പിള്ള ഇന്ന് വെളുപ്പിന് നിര്യാതനായ വിവരം വ്യസനപൂര്‍വ്വം അറിയിച്ചു കൊള്ളുന്നു. സംസ്കാരം ഉച്ചക്ക് 2-ന് ശേഷം..."

വായിച്ച നിമിഷം അറിയാതെ പറഞ്ഞു പോയി ;

"സരസ്വതി നമസ്തുഭ്യം
വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി
സിദ്ധിര്‍ഭവതുമേ സദാ"

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ