കിളിമാനൂരില്‍ ഞാന്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന കാലം. ഒരിക്കല്‍ അമ്മാവനോടൊപ്പം തിരുവനന്തപുരം പോയപ്പോഴാണ് അത് ശ്രദ്ധിച്ചത്... കൈനോട്ടം.
മുറുക്കി ചുവപ്പിച്ച ഒരു മുത്തശ്ശി തമ്പാനൂര്‍ ബസ്സ്സ്റ്റാന്റിലെ ഒരു കോണില്‍ ഇരുന്ന് കൈ നോക്കി ഫലം പറയുന്നു. പലരും വരുന്നു, കൈ നീട്ടുന്നു, മുത്തശ്ശി ദക്ഷിണ വാങ്ങുന്നു, ചറപറാ കാര്യങ്ങള്‍ പറയുന്നു. മുത്തശ്ശി പറയുന്ന ഭൂതകാലം കേട്ട് തലകുലുക്കി സമ്മതിക്കുന്നു. കണ്ണില്‍ അത്ഭുതം വിടരുമ്പോള്‍ അവരുടെ വായ താനേ തുറക്കുന്നു. മുത്തശ്ശി പ്രവചിക്കുന്ന ഭാവി കേട്ട് വര്‍ത്തമാനം പോലും മറന്ന് അവര്‍ നില്‍ക്കുന്നു. ചുറ്റുമുള്ള ആളുകള്‍ ഇതൊക്കെ കേട്ട് അവരുടെ ഊഴത്തിനായി കാത്ത് നില്‍ക്കുന്നു.
കുറെ നേരം ഞങ്ങളും അത് നോക്കിയിരുന്നു. ബസ് വരാന്‍ കുറെ നേരം ഉണ്ട്. അമ്മാവന്‍ എന്നെയും കൂട്ടി അവിടെയ്ക്ക് പോയി. അവര്‍ അമ്മാവന്റെയും ഭൂതവും ഭാവിയും അലക്കി വെളുപ്പിച്ചു. അമ്മാവന്‍ ബീഡി വലിക്കാന്‍ തുടങ്ങിയത് പോലും അവര്‍ കണ്ടുപിടിച്ചു. എനിക്ക് അത്ഭുതം തോന്നി.
തിരിയെ പോരുന്ന വഴിക്ക് എന്റെ നിര്‍ബന്ധം കാരണം "കൈനോട്ട പഠനം" എന്ന ഒരു പുസ്തകം അമ്മാവന്‍ വാങ്ങിത്തന്നു. പിന്നെ ഘോരമായ കൈനോട്ട പഠനത്തിന്റെ നാളുകള്‍ ആയിരുന്നു. കൂടെയുള്ളവരുടെ ഒക്കെ കൈ നോക്കി ഭൂതവും, ഭാവിയും പറയാന്‍ തുടങ്ങി. കുടുംബത്തില്‍ ഉള്ളവര്‍ ഒരു ഭാവി ജ്യോതിഷിയെ സംശയത്തോടെ നോക്കാന്‍ തുടങ്ങി. സ്കൂളിലും ഈ പരിപാടി ഞാന്‍ തുടങ്ങി.
അങ്ങനെ വിരാജിതനായി പരിലസിച്ചു നടക്കവേ ഞങ്ങടെ അമ്പലത്തില്‍ അമേരിക്കക്കാരനായ ഒരു ചെറുപ്പക്കാരന്‍ സന്യാസി സായിപ്പ് വന്നു. ഞങ്ങള്‍ ആളുടെ ചുറ്റും കൂടി. പലതും പറഞ്ഞ കൂട്ടത്തില്‍ എന്റെ കൂട്ടുകാരന്‍ ശ്രീക്കുട്ടന്‍ പറഞ്ഞു,
"Swami, my friend know palm reading"
"Oh, really.... Please try my hand. I really want to know my future"
"Oh, really.... Please try my hand. I really want to know my future"
എല്ലാരും കൂടി എന്നെ ഉന്തിത്തള്ളി മുന്നിലേക്ക് വിട്ടു. ആളുടെ നിവര്‍ത്തി വച്ച വലത് ഉള്ളം കൈ നോക്കിയ ഞാന്‍ ഞെട്ടിപ്പോയി. വെളുത്ത പെയിന്റടിച്ച പോലുള്ള ആ കയ്യില്‍ വരകള്‍ ഒന്നും കാണാനില്ല. വരയില്ലാത്ത കൈ നോക്കി എങ്ങനെ പ്രവചിക്കണം എന്ന് ആ പുസ്തകത്തില്‍ പറഞ്ഞിരുന്നില്ല. പക്ഷെ ഞാന്‍ എന്തെങ്കിലും പറഞ്ഞില്ലെങ്കില്‍ അതുവരെ നാട്ടില്‍ പെറുക്കികൂട്ടിയ ആദരവ് എല്ലാം ഒലിച്ചു പോവും. ഗൌരവം കൈ വിടാതെ ഞാന്‍ പറഞ്ഞു,
"എപ്പെപ്പോള്‍ എന്തെന്ത് സംഭവിക്കണമോ
അപ്പപ്പോള്‍ അതത് സംഭവിക്കും"
"എപ്പെപ്പോള്‍ എന്തെന്ത് സംഭവിക്കണമോ
അപ്പപ്പോള്‍ അതത് സംഭവിക്കും"
സായിപ്പ് സ്വാമിക്ക് അതങ്ങോട്ട് തിരിഞ്ഞില്ല....
"What? I did not understand?"
"What? I did not understand?"
കയ്യിലുള്ള പരിമിതമായ ഇംഗ്ലീഷില്‍ ഞാന്‍ പറഞ്ഞു,
"When when what haappeno,
Then then that happeno happen"
"When when what haappeno,
Then then that happeno happen"
എന്നിട്ട് സ്വാമിയുടെ മുഖത്തേയ്ക്ക് ദയനീയമായി നോക്കി. ഒരു നിമിഷത്തെ നിശബ്ദത. ചുറ്റുമുള്ളവര്‍ അന്തം വിട്ട് നിന്നപ്പോള്‍ സായിപ്പ് സ്വാമി പൊട്ടിച്ചിരിയോടെ ഇരു കൈകളും എന്റെ തലയില്‍ വച്ചു. അത് കണ്ട് ചുറ്റും നിന്നവര്‍ക്കും ആശ്വാസമായി. അവരും ചിരിയില്‍ പങ്ക് ചേര്‍ന്നു.
അങ്ങനെ സായിപ്പിന്റെ കൈ നോക്കി പ്രവചനം നടത്തിയ ആദ്യ കിളിമാനൂര്‍കാരന്‍ ആയി ഞാന്‍ മാറി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ