2014 ഓഗസ്റ്റ് 16, ശനിയാഴ്‌ച

പൊരിയുണ്ട


പണ്ട്, വളരെ പണ്ട് ഒരു അവധിക്കാലം. വീട്ടില്‍ ശ്രീക്കുട്ടന്‍ എത്തി. എന്റെ വല്യമ്മാവന്‍ ഞങ്ങള്‍ രണ്ട് പേര്‍ക്കും ഓരോ പൊരിയുണ്ട വീതം വാങ്ങി തന്നു. ഞങ്ങള്‍ അതുമായി അടുത്തുള്ള കൊയ്ത്തു കഴിഞ്ഞ വയലേലയില്‍ കളിയ്ക്കാന്‍ പോയി.
(പൊരിയുണ്ട എന്നാല്‍, ശര്‍ക്കരപ്പാവില്‍ മുക്കി എടുക്കുന്ന പൊരികള്‍ ഒരു ഉണ്ടയുടെ ആകൃതിയില്‍ കൈപ്പിടി വലിപ്പത്തില്‍ ആക്കും. അതില്‍ ഒരു നീളമുള്ള റബ്ബര്‍ പിടിപ്പിച്ചിട്ടുണ്ടാവും. അതിനെ ഒരു വര്‍ണ്ണക്കടലാസ് കൊണ്ട് പൊതിയും. റബ്ബറിന്റെ ഒരറ്റം വിരലില്‍ കെട്ടി ഉണ്ടയെ ദൂരേയ്ക്ക് കൈപ്പത്തി കൊണ്ട് തള്ളിയാല്‍ അതിനെ റബ്ബര്‍ തിരിയെ കൈവെള്ളയില്‍ കൊണ്ട് വരും. അതൊരു രസമുള്ള കളിയാണ്. കുറെ കഴിഞ്ഞ് കളിച്ച് മടുക്കുമ്പോള്‍ വര്‍ണ്ണക്കടലാസ് മാറ്റി പൊരിയുണ്ടയെ തിന്നാം).
ഞാനും ശ്രീക്കുട്ടനും പൊരിയുണ്ട വായുവില്‍ എറിഞ്ഞ് പിടിച്ചുംകൊണ്ട് അങ്ങനേ നടന്നു. കവലയില്‍ വച്ച് അന്നാട്ടിലെ കുട്ടികളിലെ ഒരു വില്ലനായ രാജന്‍ ചേട്ടനെ കണ്ടു. കോളേജില്‍ പോകുന്ന വല്യ ചേട്ടന്‍.
"ഡാ... ഇവിടെ വാ...."
ഞങ്ങള്‍ രണ്ടും പേടിച്ച് അടുത്ത് ചെന്നു. ഞങ്ങളോട് പൊരിയുണ്ട എറിഞ്ഞു പിടിക്കാന്‍ പറഞ്ഞു. പെട്ടെന്ന് എന്റെ കയ്യിലെ പൊരിയുണ്ട ചാടിപ്പിടിച്ചു. എന്നിട്ട് വര്‍ണ്ണക്കടലാസ് കളഞ്ഞ് അത് കറുമുറെ തിന്നാന്‍ തുടങ്ങി. എന്നിട്ട് ഒരു ചിരിയും പാസാക്കി നടന്നുപോയി.
എനിക്ക് കരച്ചില്‍ വന്നു. ഞാന്‍ ശ്രീക്കുട്ടനെയും അവന്റെ കയ്യിലെ പൊരിയുണ്ടയെയും ദയനീയമായി നോക്കി. ശ്രീക്കുട്ടന്‍ അത് കാണാത്ത ഭാവത്തില്‍ പൊരിയുണ്ടയും എറിഞ്ഞ് പിടിച്ചുംകൊണ്ട് മുന്നോട്ട്നടന്നു. പിന്നാലെ വിഷാദഭാവത്തില്‍ നിറഞ്ഞ കണ്ണുകളുമായി ഞാനും. പെട്ടെന്ന് ശ്രീക്കുട്ടന്റെ കയ്യിലെ റബ്ബര്‍ പൊട്ടി, പൊരിയുണ്ട അടുത്തുള്ള അഴുക്ക് ചാലിലെയ്ക്ക് തെറിച്ച് വീണു. "അയ്യോ" എന്ന ശ്രീക്കുട്ടന്റെ അലര്‍ച്ച അവിടെങ്ങും പ്രതിധ്വനിച്ചു.
നിറകണ്ണുകളില്‍ പുഞ്ചിരി ഒളിപ്പിച്ച് ഞാനും, നിറഞ്ഞു തുടങ്ങിയ കണ്ണുകളുമായി ശ്രീക്കുട്ടനും വീട്ടിലേയ്ക്ക് നിശ്ശബ്ദരായി മടങ്ങി....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ