പ്രൈവറ്റ് ബസ്സില്‍ സ്കൂളില്‍ പോകുമ്പോ കിളിയും കണ്ട്രാക്കും സ്ഥിരമായി മാനസികമായി പീഡിപ്പിക്കുന ഒരു വിഭാഗം ആണ് പാവം കണ്‍സെഷന്‍ പിള്ളേര്‍. വിദ്യയുടെ ചുമടും താങ്ങി പഠനഭാരവും ചുമലില്‍ ഏറ്റി കവലയില്‍ എത്തുമ്പോള്‍ ബസ്സ് നിര്‍ത്തിയാല്‍ ഭാഗ്യം, ഉള്ളില്‍ കയറ്റിയാല്‍ ഭാഗ്യം, ചിലപ്പോള്‍ നില്‍ക്കാന്‍ സ്ഥലം കിട്ടിയാല്‍ തന്നെ ഭാഗ്യം. ഇരിക്കാന്‍ സീറ്റ് കിട്ടിയാല്‍ മഹാഭാഗ്യം. സാധാരണ മുയുമന്‍ പണം കൊടുത്ത് കേറുന്നവര്‍ക്കായി ഇരിക്കുന്നവന്‍ മാറികൊടുക്കണം എന്നതാണ് അലിഖിത നിയമം.
ഇതിനൊരു പരിഹാരം കാണാന്‍ ഞാന്‍ തീരുമാനിച്ചു. സ്കൂളില്‍ പോകുമ്പോള്‍ ഒരു പഴയ കോടിമുണ്ട് നീളത്തില്‍ കീറി ഒരു കഷണം ബാഗില്‍ വച്ചു. കവലയിലെ കുട്ടന്‍പിള്ളയുടെ കടയുടെ മുന്നിലെ ബഞ്ചില്‍ ബാഗ് കൊണ്ട് വച്ചു. അതില്‍ നിന്ന് തുണി എടുത്ത് ഇടതു കൈയ്യില്‍ കൈ ഒടിഞ്ഞവര്‍ കേട്ടും പോലെ ചുറ്റി വച്ചു. ഒരു കഷണം കഴുത്തില്‍ ചുറ്റി കൈക്ക് താങ്ങും കൊടുത്തു. കുട്ടന്‍പിള്ളയുടെ സംശയത്തോടെയുള്ള നോട്ടം ഞാന്‍ പുഞ്ചിരിയോടെ അവഗണിച്ചു. ആളിന് എന്നെ നന്നായി അറിയാം.
ബസ്സ് വന്നു നിന്നു. പൊതുവേ ആ ബസ്സിലെ മൃഗരാജന്‍ ആയിരുന്ന കിളിച്ചേട്ടന്‍ ദയനീയമായ എന്റെ നോട്ടം കണ്ട് അലിഞ്ഞ് ഇല്ലാതെയായി. ബസ്സില്‍ കയറാന്‍ സഹായിച്ചു. അവിടിരുന്ന ഒരാളെ എഴുന്നേല്‍പ്പിച്ച് എന്നെ അവിടെ ഇരുത്തി. ബസ്സ് ഓടിത്തുടങ്ങുമ്പോള്‍,
"എന്ത് പറ്റി മോനെ?"
"കളിയില്‍ പറ്റിയതാ..."
"സൂക്ഷിക്കണ്ടേ?"
ഏതായാലും കുറെനാള്‍ ഞാന്‍ ശെരിക്കും സുഖിച്ചു. ഒരിക്കല്‍ സ്കൂളില്‍ നിന്ന് വരുമ്പോ തുണി കെട്ടാന്‍ മറന്നു. പിന്നെ കിളിയെ പേടിച്ച് കെട്ടിയില്ല. പക്ഷെ അതിനുള്ളില്‍ അയാള്‍ നമ്മുടെ സ്വന്തം ആളായി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ