എന്റെ ഔദ്യോഗിക ജീവിതം തുടങ്ങിയത് ബോംബെയില്‍ ആയിരുന്നു. TATAയുടെ അന്ധേരിയിലെ NELCO ഡിവിഷനില്‍. ആദ്യട്രെയിനിങ്ങില്‍ തന്നെ എന്റെ ട്രെയിനര്‍ക്ക് എന്നോട് വളരെ നല്ല ബന്ധം ഉണ്ടായി. അദ്ദേഹത്തിന്റെ സഹായത്തോടെ എന്നെ ചെമ്പൂരില്‍ ഉള്ള ഓഫീസില്‍ പോസ്റ്റ് ചെയ്തു.
കേരളത്തിലെ ഒരു കുഗ്രാമത്തില്‍ നിന്ന് പുതുതായി ബോംബെ മഹാനഗരത്തില്‍ വന്ന മലയാളി. പുസ്തകത്തില്‍ പഠിച്ച പോലെ ഹിന്ദിയും ഇംഗ്ലീഷും മലയാളിച്ചുവയില്‍ ചിക്കിപ്പറക്കി പറയുന്ന ഒരു മലബാറി. ഞങ്ങള്‍ ആറു പേരുടെ ഒരു ടീം. മലയാളികള്‍ വേറെ ആരും ഇല്ല.
ജോലി ചെയ്യാന്‍ തുടങ്ങി. അത്യാവശ്യം യാത്രകള്‍ വേണ്ടുന്ന ജോലി ഞാന്‍ ആസ്വദിച്ചു തുടങ്ങി. പല പല ഭാഷകളും വേഷവും സംസ്കാരവും ഒക്കെ ചേര്‍ന്ന ഭാരത്തിന്റെ പരിഛെദം ദിനവും ഞാന്‍ കാണാന്‍ തുടങ്ങി. അങ്ങനെയിരിക്കെ ഓഫീസിലെ സഹായി ആയി തമിഴന്‍ പയ്യന്‍ മുരുഗന്‍ പറഞ്ഞാണ് ഞാന്‍ അറിഞ്ഞത്. പുതുതായി വന്ന മലയാളി കൂടുതല്‍ വിലസാതെ നോക്കാന്‍ ഒരു കുറുമുന്നണി അണിയറയില്‍ തയ്യാറാവുന്നു. ഹേമന്ത് എന്ന ഏറ്റവും മുതിര്‍ന്ന ആളാണ് ഇതിന്റെ തലവന്‍. രണ്ടു പേര്‍ കൂടി മാത്രമേ അവനോട് യോജിച്ചുള്ളൂ.
ഏതായാലും അതിന്റെ മാറ്റങ്ങള്‍ കണ്ടുതുടങ്ങി. കാരണം കൂടാതെ എന്നെ പ്രകോപിപ്പിക്കല്‍ ആയിരുന്നു അവരുടെ ഒരു പ്രധാന പരിപാടി. എന്റെ ടേബിളില്‍ ഇരുന്ന് ലഘുഭക്ഷണം കഴിക്കുക, അവിടം വൃത്തികേടാക്കുക, നാട്ടില്‍ നിന്ന് വരുന്ന കത്തുകള്‍ ഒളിപ്പിച്ചു വയ്ക്കുക, എന്റെ ചില പ്രധാന പേപ്പറുകള്‍ ഞാനറിയാതെ മാറ്റുക, എന്റെ യാത്രാബില്ലുകള്‍ എടുത്തു കളയുക അങ്ങനെ ഞാനറിയാതെ പലതും. പണ്ടേ ഒരു പാവമായ ഞാന്‍ ഇതൊക്കെ കടിച്ചുപിടിച്ച് സഹിച്ചു. എന്റെ അവസ്ഥ മനസ്സിലാക്കിയ മറ്റ് രണ്ടുപേരും ഇതില്‍ നിന്ന് ക്രമേണ പിന്മാറി. ഉപദ്രവിക്കല്‍ പരിപാടിയില്‍ പിന്നെ ഹേമന്ത് മാത്രമായി.
അങ്ങനെയിരിക്കെ ഒരു ദിവസം ഞങ്ങളുടെ വല്യബോസ് ഹെഡാപ്പീസീന്ന്‍ വന്നു. ഓരോരുത്തരുമായി വിശദമായി സംസാരിച്ചു. ഭയം കലര്‍ന്ന ബഹുമാനത്തോടെ നിന്നിരുന്ന ആ കൂടിക്കാഴ്ച എനിക്ക് ഒട്ടേറെ ആത്മവിശ്വാസം പകര്‍ന്നു നല്‍കി. അദ്ദേഹം വരവിന്റെ ഉദ്ദേശ്യം അറിയിച്ചു. ഇവിടെയുള്ളവരില്‍ നിന്ന് മൂന്നു പേരെ പുതിയ പ്രോജക്റ്റില്‍ എടുക്കാന്‍ വന്നതാണ്.
സമയം നാലായി. അതാ ഹേമന്തിനൊരു ഫോണ്‍. അവന്റെ സുഹൃത്താണ്. നാളെയും മറ്റന്നാളും അവധി ആയതിനാല്‍ അവരെല്ലാം ഗോവയില്‍ പോകാനുള്ള പരിപാടി ആണ്. അവര്‍ കാറുമായി പുറത്ത് കാത്ത് നില്‍ക്കുന്നു. വൈകുന്നേരം അഞ്ചു മണിവരെയാണ് പ്രവര്‍ത്തിസമയം. ഇനിയും ഒരു മണിക്കൂര്‍ കൂടി ഉണ്ട്. ഫോണ്‍ താഴെ വച്ച ഹേമന്ത് പതിയെ ഓരോന്നായി അടുക്കി മടക്കി വയ്ക്കാന്‍ തുടങ്ങി. വീണ്ടും കൂട്ടുകാര്‍ ഫോണില്‍ വിളിച്ചു. നാലര മണി ആയിട്ടുണ്ടാവും. ഹേമന്ത് സഞ്ചിയുമായി ഇറങ്ങാന്‍ തുടങ്ങി. അതെ സമയം ഞങ്ങളുടെ മാനേജര്‍ അവിടെ നോട്ടീസ് ബോര്‍ഡില്‍ എന്തോ നോക്കി നില്‍ക്കുകയായിരുന്നു.
ശബ്ദം ഉണ്ടാക്കാതെ ഹേമന്ത് പതിയെ നടന്ന് അദ്ദേഹത്തിന്റെ പിന്നിലൂടെ കടന്നു. ഉടനെ എനിക്കൊരു ബുദ്ധി തോന്നി. അവന് പോണപോക്കിലൊരാണി കൊടുത്താലോ? ഞാന്‍ ഉറക്കെ പറഞ്ഞു,
"Hi Hemanth, Have a nice trip to Goa... Enjoy"
ഞെട്ടിത്തിരിഞ്ഞ ഹേമന്ത് നോക്കുമ്പോള്‍ അവന്റെ മുന്നില്‍ ബോസ്.
"What happened? Going Early?"
"Y...Y....Yes Sir.... Actually we have a party at Goa"
"Ok... Enjoy... Bye"
വാതിലിനരികെ ചെന്ന് നിന്ന അവന്‍ വന്യമായി എനിക്ക് നേരെ ഒരു നോട്ടം എറിഞ്ഞു. ബോസിന്റെ സാന്നിധ്യത്തില്‍ ആ കോപാഗ്നിയ്ക്ക് നല്ല കുളിര്‍മ്മയായിരുന്നു.
ഏതായാലും പുതിയ പ്രോജക്ടിന്റെ ലിസ്റ്റ് വന്നപ്പോള്‍ ഞാനും മറ്റ് രണ്ടു പേരും അതില്‍ ഉണ്ട്. ഹേമന്ത് വീണ്ടും പഴേ ഹേമന്ത് ആയി. മലയാളിയോട്, അതും അനന്തപദ്മനാഭന്റെ നാട്ടുകാരനോടാ അവന്റെ കളി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ