സഹദേവന്‍ വൈദ്യരുടെ വൈദ്യശാലയുടെ മുകളില്‍ ആണ് കിളിമാനൂരിലെ ആദ്യ ടൈപ്പ് പഠന കേന്ദ്രം. ശ്രീ മഹാദേവാ ടൈപ്പ് റൈറ്റിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്. എന്റെ സുഹൃത്തായ ശ്രീക്കുട്ടന്റെ അച്ഛന്റെ സ്ഥാപനം ആയിരുന്നു അത്.
സഹദേവന്‍ വൈദ്യരുടെ വൈദ്യശാല കൂടാതെ ഒരു മുറുക്കാന്‍ കടയും (പെട്ടിക്കട) അവിടെ ഉണ്ടായിരുന്നു. എന്തോ ചില കാരണങ്ങളാല്‍ ആ കടയുടെ നടത്തിപ്പുകാരന്‍ കച്ചവടം നിര്‍ത്തി പോയി. ടൈപ്പ് പഠനത്തിനായി രാവിലെയും വൈകുന്നേരവും മാത്രമേ ആളുകള്‍ വരൂ. അല്ലാത്ത സമയം വെറുതേ കളയണ്ടാ എന്ന് കരുതിയാവണം ആ പെട്ടിക്കട തുടര്‍ന്നു നടത്താന്‍ ശ്രീക്കുട്ടന്റെ അച്ഛന്‍ തീരുമാനിച്ചു.
ടൈപ്പ് കേന്ദ്രം തുറക്കുമ്പോള്‍ കടയ്ക്ക് അവധി. പിന്നെ ഉച്ചയ്ക്ക് ഉണ്ണാനും അല്പം മയങ്ങാനും പോകുമ്പോഴും കടയ്ക്ക് അവധി. അങ്ങനെയിരിക്കെ ഞങ്ങള്‍ക്ക് അവധിക്കാലം വന്നു. അപ്പോള്‍ ശ്രീക്കുട്ടന്റെ അച്ഛന് ഒരു ബുദ്ധി തോന്നി. ഉച്ചയ്ക്ക് ഉണ്ണാന്‍ പോകുമ്പോള്‍ ശ്രീക്കുട്ടനെ കട ഏല്‍പ്പിച്ച് പോകാം. വളരെ പരിമിതമായ സാധനങ്ങള്‍ മാത്രമുള്ള ആ കടയിലെ കച്ചവടത്തിന്റെ രീതിയും വില വിവരപ്പട്ടികയും പണപ്പെട്ടിയുടെ തോക്കോലും ഒക്കെ ആയി ശ്രീക്കുട്ടന്‍ ഒരു വല്യ ആളായി. ഹൈസ്കൂളില്‍ ആവാന്‍ ഇനിയും രണ്ട് കൊല്ലം കൂടി വേണമെങ്കിലും ശ്രീക്കുട്ടന്‍ ഞങ്ങളുടെ മുന്നില്‍ ഒരു കൊച്ചുമുതലാളി ആയി മാറി.
പുറത്ത് വേനല്‍ സൂര്യന്‍ കത്തിജ്വലിച്ചു നില്‍ക്കുന്നതിനാല്‍ ഉച്ചനേരത്ത് നല്ല ചൂടാണ്. പുറത്ത് പോയി കളിക്കാന്‍ പറ്റില്ല. അതിനാല്‍ ശ്രീക്കുട്ടനെ സഹായിക്കാന്‍ ഞാനും കടയില്‍ പോയി ഇരിപ്പായി. നട്ടുച്ചയ്ക്ക് വലിയ കച്ചവടം ഒന്നും ഇല്ല. ഞങ്ങള്‍ ഓരോ കഥകള്‍ പറഞ്ഞു കൊണ്ട് നേരം കൊല്ലും. ബാലരമയും പൂമ്പാറ്റയും അമ്പിളിയമ്മാവനും അമര്‍ചിത്രകഥകളും ഒക്കെ അന്നത്തെ ഞങ്ങളുടെ ചര്‍ച്ചാ വിഷയങ്ങളായിരുന്നു. ഇതിനിടെ ശ്രീക്കുട്ടന്‍ എനിക്കൊരു മിട്ടായി എടുത്തു തന്നു.
"ഡാ... നീയിത് തിന്നോ"
"അയ്യോ... എന്റെ കയ്യില്‍ പൈസയില്ല"
"അത് സാരമില്ല. നീയാരോടും പറയണ്ടാ."
ഇതും പറഞ്ഞ് ശ്രീക്കുട്ടനും ഒരെണ്ണം എടുത്ത് വായിലിട്ടു. നല്ല രസം. അങ്ങനെ ഓരോ ദിവസങ്ങളിലായി അവിടെയുള്ള എല്ലാത്തരം മിട്ടായിയും ഞങ്ങള്‍ രുചിച്ചു നോക്കി. അതില്‍ ഗ്യാസ് മിട്ടായിയും നാരങ്ങാ മിട്ടായിയും ആയിരുന്നു ഞങ്ങളുടെ ഇഷ്ടഭോജ്യം. അങ്ങനെ കുറച്ചു നാള്‍ കടന്നു പോയി.
ഒരു ദിവസം പതിവ് പോലെ ഉച്ചയ്ക്കുള്ള കച്ചവടം ഏറ്റെടുക്കാന്‍ വന്ന ഞങ്ങള്‍ ഞെട്ടി. ഉണ്ണാന്‍ പോകുന്ന മുന്നേ ഓരോ മിട്ടായി ഭരണിയും തുറന്ന് അതിലുള്ള മിട്ടായികള്‍ ശ്രീക്കുട്ടന്റെ അച്ഛന് ഒരു പേപ്പറില്‍ തട്ടി ഇടുന്നു. പിന്നെ അതെല്ലാം എണ്ണിനോക്കി ഒരു പേപ്പറില്‍ എഴുതി വയ്ക്കുന്നു. എന്നിട്ട് ഒന്നും പറയാതെ പോയി. ഊണ് കഴിഞ്ഞ് വന്ന ശേഷവും ഇത് തുടര്‍ന്നു. അങ്ങനെ രണ്ടു നാള്‍ ഞങ്ങള്‍ കടുത്ത മിട്ടായി ദാരിദ്ര്യം അനുഭവിച്ചു. മൂന്നാം നാള്‍ എനിക്കൊരു ഐഡിയ തോന്നി. ഞാനത് ശ്രീക്കുട്ടനോട് പറഞ്ഞു. ശ്രീക്കുട്ടന് സന്തോഷമായി. ആരോടെങ്കിലും പറഞ്ഞാല്‍ തല പൊട്ടിത്തെറിക്കും എന്ന് സത്യവും ചെയ്യിച്ചു. സംഭവം ഇത്രേ ഉള്ളൂ...
ഭരണി തുറക്കുക. മിട്ടായികള്‍ ഒരു പേപ്പറില്‍ തട്ടിയിടുക., ഓരോന്നെടുത്ത് ഒരു പ്രാവശ്യം നക്കുക, തിരിയെ വയ്ക്കുക. എണ്ണം കുറയില്ല. ഞങ്ങളുടെ വിഷമവും മാറും. അങ്ങനെ കുറെ ദിവസം കഴിഞ്ഞപ്പോള്‍ മെലിഞ്ഞുണങ്ങിയ മിട്ടായികള്‍ കണ്ട അച്ഛന്‍ ശ്രീക്കുട്ടനെ പിടിച്ചു. നാല് തല്ലില്‍ കാര്യം പുറത്തു വന്നു. സമയം കളയാതെ ഞാന്‍ ഇറങ്ങി ഓടി.
വൈകുന്നേരം പതിവുപോലെ ശ്രീക്കുട്ടന്‍ അമ്പലത്തില്‍ കളിയ്ക്കാന്‍ വന്നു. എനിക്ക് സമാധാനം ആയി. സത്യം ചെയ്തത് തെറ്റിച്ചെങ്കിലും ശ്രീക്കുട്ടന്റെ തല പൊട്ടിത്തെറിച്ചിട്ടില്ല. മാദേവര്‍ക്ക് നന്ദി...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ