ഒരു ദിവസം കൊല്ലത് പോകാനായി ഞാന്‍ തിരുവനന്തപുരം തമ്പാനൂര്‍ ബസ് സ്റ്റാന്റില്‍ എത്തി. നല്ല തിരക്കുള്ള സമയം. വരിവരിയായി നിര്‍ത്തിയിട്ട ബസ്സുകളില്‍ കയറാനായി നല്ല തിരക്ക്. ചെറുതായി മഴയുടെ ലക്ഷണവും കാണുന്നു. മഴ വന്നാല്‍ തമ്പാനൂരില്‍ പിന്നെ വള്ളം കളിയ്ക്കെ സ്കൊപ്പുള്ളൂ....
ഒരു സൂപ്പര്‍ ഫാസ്റ്റ് പുതുതായി വന്നു നിന്നു. തിരക്കുണ്ടെങ്കിലും ഞാന്‍ അതിന്റെ ക്യൂവില്‍ കയറി നിന്നു. ഒരു വിധം അകത്തു കയറി പറ്റി. ആദ്യത്തെ മൂന്നു നാല് സീറ്റുകള്‍ നിറഞ്ഞു. അടുത്ത രണ്ടുപേര്‍ക്കിരിക്കാവുന്ന സീറ്റ് ഒഴിഞ്ഞതാണ്. അവിടെ അതാ ഒരു വെളുത്ത തൂവാല. ഞാന്‍ അത് മാറ്റി വച്ച് അവിടെ ഇരുന്നു. എന്റെ അടുത്ത സീറ്റിലും ആളു വന്നു. അയാള്‍ ആ തൂവാല എടുത്തു മുന്നിലെ സീറ്റിന്റെ പിന്നിലെ കമ്പിയില്‍ തൂക്കി ഇട്ടു. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു മാന്യ ദേഹം ഞങ്ങളുടെ അടുത്ത് വന്നു. എന്നിട്ട് ദേഷ്യത്തോടെ മൊഴിഞ്ഞു,
"ഇതെന്റെ സീറ്റാണ്. മാറിത്തരണം".
"അതെന്തിന്? ഈ ബസ്സിന് മുന്‍കൂര്‍ ബുക്കിംഗ് ഇല്ലല്ലോ?" ഞാന്‍ മൊഴിഞ്ഞു.
"ഈ തൂവാല ഞാന്‍ ഇട്ടതാണ്. അത് കണ്ടില്ലയിരുന്നോ?"
"അത് മാറ്റിയിട്ടാണ് ഞാന്‍ ഇരുന്നത്".
"തൂവാല പുറത്തു നിന്നു സീറ്റില്‍ ഇട്ടിട്ടാണ് ഞാന്‍ സീറ്റ് ബുക്ക് ചെയ്തത്".
ദേഷ്യം കൊണ്ട് അയാളുടെ വാക്കുകള്‍ വിക്കുന്നുണ്ടായിരുന്നു. കണ്ണുകളില്‍ നിന്നു തീപ്പൊരി പറക്കുന്നു. ചുറ്റും ഇരിക്കുന്ന യാത്രക്കാര്‍ വെറും കാഴ്ചക്കാര്‍ മാത്രമായി. മുന്നില്‍ ടിക്കറ്റ് നല്‍കുന്ന കണ്ടക്ടര്‍ പോലും ഇടപെടുന്നില്ല. ഞാന്‍ എന്റെ സ്വന്തം പതിവ് ശൈലിയില്‍ വളരെ ശാന്തമായി പറഞ്ഞു.
"ചേട്ടന്‍ നാളെ ഒരു ബസ്സിന് മുകളില്‍ ഡബിള്‍ മുണ്ട് കൊണ്ട് വിരിച്ചാല്‍ ആ ബസ്സിലെ സീറ്റുകള്‍ എല്ലാം ചേട്ടന്‍ ബുക്ക് ചെയ്തതാവുമോ?"
ബസ്സിലെ കൂട്ടച്ചിരിയില്‍ ചുറ്റും തീപ്പൊരി പാറിച്ചു കൊണ്ട്, സ്വന്തം തൂവാലയും എടുത്ത് ആള്‍ ചാടിത്തുള്ളി പുറത്തേയ്ക്ക് പോയി. ഞങ്ങളുടെ ബസ്സ് എടുക്കുമ്പോള്‍ അതാ അദ്ദേഹം അടുത്തുള്ള ഒരു ബസ്സില്‍, വീണ്ടും പുറത്തു നിന്നു അകത്തെ സീറ്റിലെയ്ക്ക് തൂവാല ഇടുന്നു.....

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ