ശ്രീക്കുട്ടന് ഒരിക്കല്‍ ഞങ്ങളെ കാണാന്‍ വന്നു. സംസാരിച്ചിരിക്കെ അക്കുവാവ ഒരു പാത്രത്തില്‍ കുറച്ച് അണ്ടിപ്പരിപ്പുമായി അവിടെ എത്തി. ആ പാത്രം ശ്രീക്കുട്ടന് നേരെ നീട്ടി. എന്നിട്ട് താഴെ ഇരുന്ന് കളിയ്ക്കാന്‍ തുടങ്ങി. ഞാന്‍ മൊബൈല്‍ ഫോണില്‍ ആരോടോ സംസാരിക്കുകയായിരുന്നു എങ്കിലും ഇതെല്ലാം കാണുന്നുണ്ടായിരുന്നു.
ഫോണ്‍ വിളി കഴിഞ്ഞു. ശ്രീക്കുട്ടന്‍ പതിയെ സംസാരവും അണ്ടിപ്പരിപ്പു തീറ്റയും തുടങ്ങി. ഇടയ്ക്ക് വാവയോടു ചോദിച്ചു,
"നിനക്ക് അണ്ടിപ്പരിപ്പ് ഇഷ്ടം അല്ലെ?"
അക്കുവാവ: "അതെ".
ശ്രീക്കുട്ടന്‍: "പിന്നെന്താ ഇത് എനിക്ക് തന്നത്?"
അക്കുവാവ: "എനിക്ക് അണ്ടിപ്പരിപ്പിന്റെ മുകളിലെ ചോക്കളേറ്റ് ആണ് കൂടുതല്‍ ഇഷ്ടം".
ശ്രീക്കുട്ടന്റെ വായില്‍ അരഞ്ഞു കുഴഞ്ഞ അണ്ടിപ്പരിപ്പ് തൊണ്ടയില്‍ നിന്നിറങ്ങാതെ കുടുങ്ങിയോ? പണ്ട് ഭഗവാന്‍ പരമശിവന്റെ കഴുത്തില്‍ കാളകൂടം മുഖേന നീല നിറം വന്നപോലെ ശ്രീക്കുട്ടന്റെ കഴുത്തിലും ആവുമോ എന്നായിരുന്നു എന്റെ ഭയം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ