എന്റെ ഗുരുസ്ഥാനീയനായ ഒരമ്മാവന്‍. ആളൊരു ഒന്നൊന്നര സംഭവം ആണ്. ചില ദശാസന്ധികളില്‍ തികച്ചും ദുര്‍ഘടമായ തീരുമാനങ്ങള്‍ നിസ്സാരമായി, ത്വരിതഗതിയില്‍ എടുക്കാന്‍ കാട്ടുന്ന കഴിവ് പലപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. കൂടാതെ മനസ്സിലാക്കാന്‍ പ്രയാസമുള്ള കാര്യങ്ങളെ പടിപടിയായി പറഞ്ഞ് മറ്റുള്ളവരെ മനസ്സിലാക്കാനുള്ള കഴിവും അപാരം ആണ്. എന്നാല്‍ എന്നെ ഏറെ ആകര്‍ഷിച്ചത് മറ്റൊന്നാണ്. രാവിലെ തന്നെ ഒരു പേപ്പര്‍ കഷണം എടുത്ത് അന്ന് ചെയ്തു തീര്‍ക്കേണ്ട പ്രധാന കാര്യങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കും. അതിന് ക്രമനമ്പര്‍ ഇടും. ഓരോന്നായി ചെയ്തു തീര്‍ത്താല്‍ അതിനെ വെട്ടികളയും. രണ്ടു പതിറ്റാണ്ടായി ഞാനും ഇത് പാലിക്കുന്നുണ്ട്.
ഇനി ഇതുമായി ബന്ധപ്പെട്ട ഒരു സംഭവത്തിലെയ്ക്ക്....
കിളിമാനൂരിലെ ഒരു ബന്ധുവിന്റെ കല്യാണം. അമ്മാവനും കുടുംബവും ബോംബെയില്‍ നിന്ന് കുര്‍ള എക്സ്പ്രസ്സില്‍ രണ്ടു നാള്‍ ട്രെയിനില്‍ യാത്ര ചെയ്ത് തിരുവനന്തപുരത്ത് എത്തി. അവിടെ നിന്ന് ഒരു ടാക്സിയില്‍ കിളിമാനൂര്‍ എത്തി. സമയം വൈകുന്നേരം ആവുന്നെ ഉള്ളൂ. കുളിയെല്ലാം കഴിഞ്ഞ് എല്ലാരും കൂടി നടുത്തളത്തില്‍ വിശേഷങ്ങള്‍ പറയാന്‍ ആയി ഇരുന്നു.സംസാരത്തിന്റെ ഇടയില്‍ അമ്മാവന്‍ അടുത്ത ദിവസങ്ങളില്‍ ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റുകള്‍ ഉണ്ടാക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് എന്തോ ഓര്‍ത്തിട്ടെന്ന പോലെ ആളിന്റെ മുഖഭാവം മാറി. തികച്ചും വിഷണ്ണനായി. അമ്മായി ആണ് അത് ആദ്യം മനസ്സിലാക്കിയത്.
"എന്ത് പറ്റി? എന്താ കാര്യം?"
എല്ലാരും മാറി മാറി ചോദിച്ചു. രസം പിടിച്ചു വന്ന നടുത്തളസംഭാഷണത്തിന്റെ രൂപം മാറി, ഭാവം മാറി. ആകെ ഉദ്വേഗജനകമായ അന്തരീക്ഷം. അമ്മാവന്‍ കയ്യില്‍ ഒരു ലിസ്റ്റും പിടിച്ച് ഇരിക്കുന്നതല്ലാതെ ഒന്നും മിണ്ടുന്നില്ല. ഒടുവില്‍ അമ്മായി ആ ലിസ്റ്റ് വാങ്ങി നോക്കി. ബോംബെയില്‍ നിന്നും യാത്ര തരിച്ച നാള്‍ മുതല്‍ ഉള്ള ലിസ്റ്റ് ആണ്. അത് കണ്ടിട്ടും അമ്മായിക്ക് ഒന്നും തോന്നിയില്ല.
ഒടുവില്‍ അമ്മാവന്‍ ആ സത്യം പറഞ്ഞു.
"ലിസ്റ്റില്‍ വീട് പൂട്ടാന്‍ എഴുതുന്ന കാര്യം മറന്നു"
ഇത് കേട്ട ഉടനെ അമ്മായി മൊന്തയിലെ വെള്ളം മുഴുവന്‍ ഒറ്റ വലിക്ക് കുടിച്ചു തീര്‍ത്തു. പിന്നെ വാതില്‍ പടിയില്‍ ചാരിയിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ