പട്ടാളത്തില്‍ ആളെ എടുക്കുന്ന കാലം. ഞങ്ങളുടെ കോളേജില്‍ നിന്ന് കൂട്ടുകാരോടൊപ്പം ഞാനും ഒന്ന് പോകാം എന്ന് കരുതി. തിരുവനന്തപുരം പാങ്ങോട് പട്ടാളക്യാമ്പില്‍ ആണ് തെരഞ്ഞെടുക്കല്‍. ആദ്യമേ തന്നെ ക്യാമ്പിനു പുറത്തെ ഓഫീസില്‍ നിന്ന് ഞങ്ങള്‍ക്ക് നമ്പര്‍ പതിച്ച കാര്‍ഡ് കിട്ടി. അത് കഴുത്തില്‍ തൂക്കി ഇരിക്കുമ്പോള്‍ ചായയും ബിസ്കറ്റും വന്നു. ചായയെല്ലാം കുടിച്ച് ഞങ്ങള്‍ ഉത്സാഹഭരിതര്‍ ആയി അടുത്ത അറിയിപ്പിനായി കാത്തിരുന്നു. കുറെ നേരം കഴിഞ്ഞ് കുറെ പട്ടാളവണ്ടികള്‍ വെളിയില്‍ വന്നു. ഞങ്ങളെ കഴുത്തി തൂക്കിയിട്ട നമ്പര്‍ വിളിച്ച് അതില്‍ കയറ്റി. മൂന്നാമത്തെ വണ്ടിയില്‍ ആയിരുന്നു ഞാന്‍. കൂട്ടത്തില്‍ എന്നോടൊപ്പം പത്തനംതിട്ടക്കാരന്‍ പുഷ്കരന്‍ മാത്രമേ എനിക്കറിയാവുന്ന ആളായി ഉള്ളൂ.
ഓരോ വണ്ടിയും വെവ്വേറെ ഭാഗങ്ങളിലേയ്ക്ക് തിരിച്ചു. ഞങ്ങളുടെ കൂട്ടത്തെ ആദ്യം ഒരു വലിയ കളിക്കളത്തില്‍ ആണ് കൊണ്ടാക്കിയത്. പട്ടാള വണ്ടിയിലെ ആദ്യയാത്ര രസകരം ആയിരുന്നു. പുറത്തിറങ്ങിയ ഞങ്ങളെ ആദ്യം ആ കളിക്കളത്തിനു ചുറ്റും ഒരു വട്ടം ഓടി വരാന്‍ പറഞ്ഞു. ഓടി ക്ഷീണിച്ചു വന്ന ഞങ്ങളെ വരി വരിയായി ഒരു സ്ഥലത്തേയ്ക്ക് കൊണ്ട് പോയി. അവിടെ അതാ ഒരു വലിയ സ്വിമ്മിംഗ് പൂള്‍. ഓടി വിയര്‍ത്തു വന്നിട്ടും എന്റെ ശരീരം കിടുകിടാ വിറച്ചു. എന്താ കാരണം? എനിക്ക് വെള്ളത്തില്‍ നീന്തലും മുങ്ങലും ഒന്നും ഇഷ്ടമല്ല. അതിനാല്‍ പരിശീലിച്ചിട്ടും ഇല്ല.
അവിടെ ഉള്ളത് എല്ലാം ഹിന്ദിക്കാര്‍ മാത്രം. പണ്ട് സ്കൂളില്‍ പഠിച്ച ഹിന്ദി വഴിയില്‍ എവിടെയോ കൈമോശം വന്നു പോയിരുന്നു. എന്റെ സങ്കടം ഞാന്‍ ആരോട് പറയും. പേടിയാണെന്ന് പറഞ്ഞാല്‍ എന്റെ കുടുംബത്തിന്റെ അഭിമാനം എന്താവും?
ഞങ്ങളെ വരിവരിയായി നിര്‍ത്തി, ഇരുപതടി ഉയരം ഉള്ള ഡൈവിംഗ് ബോര്‍ഡിലേയ്ക്ക് കയറ്റുകയാണ്. ബോര്‍ഡിന്റെ മദ്ധ്യത്തില്‍ ഒരു ഹിന്ദിക്കാരന്‍ നില്‍പ്പുണ്ട്. അവന്‍ പറയുമ്പോള്‍ ഓരോരുത്തരായി അവിടുന്ന് ചാടണം. മുങ്ങിപ്പൊങ്ങി വരുന്നവര്‍ വശങ്ങളിലെയ്ക്ക് നീന്തി വരണം. സംഭവം കൊള്ളാം. ഞാന്‍ ചിന്തിച്ചു, "മുകളില്‍ നിന്ന് കണ്ണടച്ചു ചാടാം, തനിയെ മുങ്ങിക്കോളും പക്ഷെ പോങ്ങിവന്നാല്‍ ഞാന്‍ തന്നെ നീന്തി വരണ്ടേ? ന്റെ മാദേവരേ, ശ്രീപദ്മനാഭാ, വരുണ ഭഗവാനേ എന്നെ മാത്രം കാത്തോളണേ"
ഇതിനിടെ പിന്നില്‍ നിന്നവരെ ഞാന്‍ മുന്നിലേയ്ക്ക് കടത്തി വിട്ടുകൊണ്ടേ ഇരുന്നു. പെട്ടെന്ന് ആ ഹിന്ദിക്കാരന്‍ എന്നെ വിളിച്ചു. എന്റെ തൊട്ടു പിന്നില്‍ ഞാന്‍ വിടാതെ പിടിച്ചു വച്ച പുഷ്കരന്‍. പറയാന്‍ ചമ്മല്‍ ഉള്ളത് കൊണ്ട് അവനോടും സംഭവം പറഞ്ഞില്ല. വരുന്നത് വരട്ടെ. ബോര്‍ഡിന്റെ അറ്റത്ത് പോയി നിന്നു. താഴെ എന്നെ വിഴുങ്ങാനായി ആയിരം കാതം താഴെ വായും തുറന്നു പിടിച്ച് ഒരു കടല്‍. ഡൈവിംഗ് ബോര്‍ഡ് എന്റെ കാലുകളെ വിറപ്പിക്കാന്‍ തുടങ്ങി. മരണവെപ്രാളത്തോടെ ഞാന്‍ പിന്നിലേയ്ക്ക് തിരിഞ്ഞ്
"പുഷ്കരോ... എനിക്ക്...."
ഇത്രേം പറഞ്ഞതെ ഉള്ളൂ. ആ കള്ളബടുവാ ഹിന്ദിക്കാരന്‍ എന്നെ "ഓക്കെ" എന്നും പറഞ്ഞ് താഴേയ്ക്ക് ഉന്തിയിട്ടു. വായുവിലെ എന്റെ അഭ്യാസം കണ്ട് താഴെ നിന്നവര്‍ കോരിതരിച്ചിരിക്കണം. സ്വിമ്മിംഗ് പൂളിലെ പകുതി വെള്ളവും കരയ്ക്ക് തെറിപ്പിച്ച് വീഴ്ത്തിക്കൊണ്ട് ഞാന്‍ വെള്ളത്തിലെയ്ക്ക് പതിച്ചു. ഒന്ന് പൊങ്ങി വന്നപ്പോള്‍ കുടുംബത്തിന്റെ അഭിമാനം പോണേല്‍ പോട്ടെ 'എനിക്ക് നീന്തല്‍ അറിയില്ല' എന്ന് ഉറക്കെ വിളിച്ച് പറഞ്ഞു....
"മുച്ചേ നീന്ത് നഹീ ആത്താ.... മുച്ചേ നീന്ത് നഹീ ആത്താ...."
ഹിന്ദിക്കാര്‍ വെറുതെ ചിരിക്കുന്നതല്ലാതെ ഒന്നും ചെയ്യുന്നില്ല. ഞാന്‍ 'ബ്ലും.... ബ്ലും... ഗ്ലക്ക്' ഏതായാലും കുറെ കഴിഞ്ഞപ്പോള്‍ കണ്ണ് തുറന്നപ്പോള്‍ ഞാന്‍ ഒരു ബെഞ്ചില്‍ കിടക്കുന്നു. ഫാനിനു താഴെ വെറുതെ മുകളിലേയ്ക്ക് നോക്കി കിടന്നപ്പോള്‍ ഞാന്‍ വിചാരിച്ചു. വെള്ളം കുടിച്ചാവണം വയറ് നിറഞ്ഞു. അത് നന്നായി. ഇനി കുറെ നേരത്തേയ്ക്ക് വിശക്കില്ലല്ലോ.....
അന്നൊരു തീരുമാനം എടുത്തു. അങ്ങനെ ഞാന്‍ ഹിന്ദി പഠിച്ചു....

അഭിപ്രായങ്ങൾ എന്തുമായിക്കൊട്ടെ, വായനക്കാർ ഉണ്ട് എഴുത്ത് തുടരുക. ഹാസ്യത്തിൽ പൊതിഞ്ഞ വിവരണം വായനക്ക് ഒരു ഒഴുക്ക് കിട്ടൂന്നുണ്ട്. നമ്മുടേ ഇടയിൽ നിന്നും ഒരു കലാകരന്റെ ഉദയം
മറുപടിഇല്ലാതാക്കൂsujithetta aa samayam neethal padikamayirunu
മറുപടിഇല്ലാതാക്കൂ