2013 നവംബർ 20, ബുധനാഴ്‌ച

എന്റെ പിഴ... എന്റെ വലിയ പിഴ.....

ഞാന്‍ ആദ്യം അവരെ അത്ര ശ്രദ്ധിച്ചില്ല. ബസ്സിലെ എന്റെ തൊട്ടടുത്ത സഹയാത്രികരെ. ഒരു പ്രായമായ സ്ത്രീയും മൂന്നോ നാലോ വയസ്സുള്ള ഒരു പെണ്‍കുട്ടിയും. ബസ്സില്‍ യാത്ര ചെയ്യാനുള്ള ആരോഗ്യം ആ സ്ത്രീയ്ക്ക് ഉണ്ടോ എന്നെനിക്ക് സംശയം തോന്നി. കുട്ടിയുടെ ശരീരത്തില്‍ എന്തൊക്കെയോ മുറിപ്പാടുകള്‍. ഇടത് കയ്യില്‍ കീറത്തുണി കൊണ്ട് കെട്ടി വച്ചിരിക്കുന്നു. ഇടയ്ക്കിടെ അവള്‍
കയ്യിലെ വേദന കടിച്ചമാര്‍ത്തുന്നുവോ? എന്നാലും "അമ്മൂമ്മേ അതെന്താ? ഇതെന്താ" എന്നൊക്കെ ചോദിയ്ക്കുന്നുണ്ട്.

തിരുവനന്തപുരത്തു നിന്ന് ആലപ്പുഴയിലേക്കാണ് എന്റെ യാത്ര. കിട്ടിയത് ഒരു എറണാകുളം ബസ്സും. അധികം തിരക്കില്ല. എല്ലാര്‍ക്കും ഇരിക്കാനുള്ള സ്ഥലം ഉണ്ട്. ബസ്സ്‌ കൊല്ലത്ത് എത്തി.
"ഓറഞ്ച്.... ഓറഞ്ച്....."
ഒരു വില്‍പ്പനക്കാരന്‍ വെളിയില്‍ നിന്ന് കുട്ടിയ്ക്ക് നേരെ ഓറഞ്ച് നീട്ടി. അവള്‍ തിരിയെ അമ്മൂമ്മയെ നോക്കി. സാരിത്തുമ്പില്‍ കെട്ടിയിട്ട ചില്ലറ നാണയങ്ങള്‍ അവര്‍ തിരുമ്മുന്നത് ഞാന്‍ അപ്പോഴാണ്‌ കണ്ടത്. ബസ്സ് യാത്ര തിരിച്ചു. കുട്ടി അമ്മൂമ്മയുടെ മടിയില്‍ കിടന്നു.

കരുനാഗപ്പള്ളിയില്‍ എത്തി. ഇത്തവണ ആപ്പിള്‍കാരന്‍ ആണ് വന്നത്. അപ്പോഴും കുട്ടി അമ്മൂമ്മയെ നോക്കി. അവര്‍ തല കുനിച്ചിരുന്നു.
"ബസ്സ് നിര്‍ത്തുമ്പോ എനിക്ക് ഒരു ഓറഞ്ചും ആപ്പിളും വാങ്ങി തരുമോ അമ്മൂമ്മേ? എനിക്ക് ചെലപ്പോ വിശക്കില്ലേ?"
എനിക്കെന്തോ വല്ലായ്മ തോന്നി. ആ കുട്ടിയുടെ മുഖം കണ്ടാല്‍ അറിയാം ആഹാരം കഴിച്ചിട്ടില്ല. ആ സ്ത്രീയും ചെറുതായി വിറയ്ക്കുന്നുണ്ടോ? ഞാന്‍ ഒരു കച്ചവടക്കാരനെ അടുത്ത് വിളിച്ച് നാല് ആപ്പിളും നാല് ഓറഞ്ചും വാങ്ങി. എന്നിട്ട് ആ കുട്ടിയുടെ നേരെ നീട്ടി. അവള്‍ പതിവ് പോലെ അമ്മൂമ്മയെ നോക്കി. അവര്‍ ഒന്നും മിണ്ടിയില്ല. അവള്‍ ഒരു ആപ്പിളെടുത്ത് കടിച്ചു തിന്നാന്‍ തുടങ്ങി.
ബസ്സ്‌ യാത്ര തിരിച്ചു.

"നന്ദി മോനേ...." വിറച്ചു കൊണ്ട് ആ സ്ത്രീ തുടര്‍ന്നു....
"എന്റെ മകളുടെ മകളാണ്. അവളുടെ കെട്ടിയോന്‍ ഒരു മുഴുക്കുടിയനാണ്. കുറെ നാള്‍ മുമ്പേ അവന്‍ അവളെ ചവിട്ടി കൊന്നു. ഇപ്പൊ ഏതോ ഒരുത്തിയേയും വിളിച്ചു കൊണ്ട് വീട്ടില്‍ താമസിക്കുവാ. അന്ന് മുതല്‍ ഈ പിഞ്ചു കുഞ്ഞിനെ അവള്‍ വല്ലാതെ ഉപദ്രവിക്കുന്നു. കുടിച്ചിട്ട് വരുന്ന അവനോട് ഏഷണി പറഞ്ഞ് അവനെകൊണ്ടും ഈ പാവത്തിനെ കൊല്ലാകൊല ചെയ്യുന്നു. പാവം കരഞ്ഞോണ്ട് എന്റടുത്തു ഓടി വരും. വയസ്സായ എനിക്കെന്തു ചെയ്യാന്‍ പറ്റും? ഈ കുഞ്ഞ് അനുഭവിച്ചതിനു കയ്യും കണക്കുമില്ല. കുറച്ചു ദിവസമായി രാത്രിയും പകലും ഒരു ചാക്കിനുള്ളില്‍ ഒളിച്ചിരിക്കുവാ ഈ കുട്ടി. നേരെ ആഹാരം പോലും ഇല്ല. ഇന്നലെ അവന്‍ ഇതിനെ കാലില്‍ പിടിച്ച് ഭിത്തിയില്‍ എറിഞ്ഞു. കൈ ഒടിഞ്ഞോ എന്നെനിക്കറിയില്ല. നീരുണ്ട്. അതാ കെട്ടി വച്ചിരിക്കുന്നെ. ഇനി എനിക്ക് ഇത് കാണാന്‍ വയ്യ. ഞങ്ങള്‍ എങ്ങോട്ടെലും പോകുവാ. പാവം ഇന്നലെ മുതല്‍ ഒന്നും കഴിച്ചിട്ടില്ല". ആ കുട്ടി ഇതിനിടെ ആപ്പിളും കഴിച്ച് അമ്മൂമ്മയുടെ മടിയില്‍ കിടന്ന് ഉറങ്ങി. അവര്‍ കണ്ണീര്‍ തുടച്ചു.

എന്റെ വായിലെ വെള്ളം വറ്റി. തലയില്‍ ആകെ ഒരു മരവിപ്പ്. അപ്പൊ പത്രത്തിലും വാര്‍ത്തകളിലും ഒക്കെ വരുന്ന പോലെ ലോകത്ത് നടക്കുന്നുണ്ടോ?
"ആലപ്പുഴ.... ആലപ്പുഴ...." കണ്ടക്ടര്‍ വിളിച്ച് പറഞ്ഞപ്പോഴാണ് എനിക്ക് പരിസര ബോധം വീണത്‌. ഞാന്‍ ബാഗെടുത്ത്‌ ബസ്സിനുവെളിയില്‍ ഇറങ്ങി. ബസ്സ്‌ യാത്ര തിരിച്ചു, കണ്ണില്‍ നിന്ന് മറഞ്ഞു. ഞാന്‍ അവിടെ കണ്ട ഒരു സിമന്റ് ബെഞ്ചില്‍ ഇരുന്ന് ഓരോന്ന് ആലോചിച്ചു......
"അയ്യോ... ഞാനെന്താണ് ചെയ്തത്? ഞാന്‍ അവര്‍ക്ക് എന്തെ കുറച്ചു പണം കൊടുത്തില്ല? അവര്‍ എവിടേയ്ക്ക് പോകും എന്ന് ചോദിച്ചില്ല? അവര്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ല? ഒരു വണ്ടി വിളിച്ച് പിന്നാലെ പോയാലോ?"

പക്ഷെ എനിക്ക് ഒന്നും ചെയ്യാന്‍ ആയില്ല എന്നതാണ് സത്യം. വന്ന കാര്യത്തിനും പോയില്ല. കുറെ നേരം കൂടി അവിടെ ഇരുന്ന ശേഷം തിരുവനന്തപുരത്തേയ്ക്ക് ഉള്ള ബസ്സില്‍ യാത്ര തിരിച്ചു. എന്നാല്‍ അന്ന് മുതല്‍ എന്റെ യാത്രകളില്‍ ഞാന്‍ തേടുന്ന രണ്ട് മുഖങ്ങള്‍ ആണ് അവര്‍....
ഒരു അമ്മൂമ്മയും മൂന്നോ നാലോ വയസ്സുള്ള ഒരു പെണ്‍കുട്ടിയും....

എന്റെ പിഴ... എന്റെ വലിയ പിഴ.....

1 അഭിപ്രായം: