രാവിലെ പത്രം വായന കഴിഞ്ഞ് തിരിഞ്ഞു നോക്കുമ്പോള്‍ ജനല്‍പ്പടിയിലെ ഒരു മൂലയില്‍ കുറെ ചകിരിനാരും മറ്റും ചിതറി കിടക്കുന്നു. എന്റെ വാവ സംസാരിച്ചു തുടങ്ങിയ കാലം. ഓടി നടന്ന് കുറുമ്പ് കാട്ടുന്ന കാലം. വഴിയില്‍ കാണുന്ന ചപ്പും ചവറും വീടിനുള്ളില്‍ എടുത്തു കൊണ്ട് വന്ന് കളിക്കുന്ന കാലം. ഏതായാലും ആ ചവറെല്ലാം എടുത്തു കളഞ്ഞ് അവിടം വൃത്തിയാക്കി.
രണ്ടു നാള് കഴിഞ്ഞപ്പോള്‍ വീണ്ടും അത് ആവര്‍ത്തിച്ചു. ദേഷ്യം വരാതിരിക്കുമോ?
"ഛെ.... എന്താണിത്? വാവേ നീയാണോ ഇത് ചെയ്തത്?"
"നാനല്ലാ.... ഒറു കുഞ്ഞി കിലി...."
ഞാന്‍ പറഞ്ഞു "വീണ്ടും ഇത് ചെയ്യരുത്".
കിണുങ്ങിക്കൊണ്ട് അവള് പോയി. ഞാന്‍ അവിടം വീണ്ടും വൃത്തിയാക്കി വച്ചു. രണ്ടു നാള് കഴിഞ്ഞില്ല. അതാ വീണ്ടും ചകിരിനാരും, വാഴനാരും, ചുള്ളിക്കമ്പും.... ഇന്നലെ ചകിരി നാരെടുത്ത് അവള് കളിക്കുന്നത് ഞാന്‍ കണ്ടിരുന്നു.
എനിക്ക് ദേഷ്യം സഹിക്കാന്‍ ആയില്ല.
"വാവേ, ഇവിടെ വാ.... നിന്നോട് പറഞ്ഞില്ലേ അവിടം വൃത്തികെടാക്കരുതെന്ന്".
"നാനല്ലാ.... ഒറു കുഞ്ഞി കിലി വീട് വച്ചനതാ ...."
"വീണ്ടും കള്ളം പറയുന്നോ?"
ദേഷ്യം വന്ന ഞാന്‍ ചന്തിയില്‍ അധികം വേദനിപ്പിക്കാതെ ഒരു അടി വച്ചു കൊടുത്തു. അവള് അവിടിരുന്നു കരയാന്‍ തുടങ്ങി.
"അച്ഛാ.... നാനല്ലാ.... നാനല്ലാ....ഒറു കുഞ്ഞി കിലി".
ഇതും പറഞ്ഞ് എന്റെ കാലിനരികില്‍ വന്ന് കെട്ടിപ്പിടിച്ചു കരച്ചില് തുടര്‍ന്നു. എന്റെ ദേഷ്യം മാറി. ഞാന്‍ അവളെ എടുത്തു തോളില്‍ കിടത്തി.
"കരയണ്ടാ വാവേ.... അച്ഛന് ദേഷ്യം വന്നിട്ടല്ലേ? വീടിനുള്ളില്‍ വൃത്തികെടാക്കാമോ?"
"നാനല്ലാ.... നാനല്ലാ....ഒറു കുഞ്ഞി കിലി".
അവള് പതിയെ ഉറങ്ങി. ഞാന്‍ അവളെ കൊണ്ടുപോയി കട്ടിലില്‍ കിടത്തി. പാവം വേദനിച്ചിട്ടുണ്ടാവുമോ? ഞാന്‍ തിരിയെ എന്റെ ജോലികളിലേക്ക് തിരിഞ്ഞു.
"ചില്... ചില്...." ജനലില്‍ ഒരു ശബ്ദം. ഒരു കുഞ്ഞികിളി കൊക്ക് നിറയെ ചകിരി നാരുകളുമായി ജനല്‍പ്പടിയില്‍. ഞാന്‍ ആകെ സ്തബ്ദനായി നിന്ന് പോയി. ദൈവമേ... ഞാന്‍ എന്താണ് ചെയ്തത്? എന്റെ വാവ പറഞ്ഞത് ശെരിയാണനല്ലോ? കുട്ടികള്‍ ദൈവങ്ങള്‍ ആണെന്നാണല്ലോ പറയാറ്. ഞാന്‍ ഓടിപ്പോയി ഉറങ്ങുന്ന എന്റെ വാവയുടെ അടുത്ത് എത്തി. പാവം നല്ല ഉറക്കം. നിറകണ്ണുകളോടെ ഞാന്‍ എന്റെ ദൈവത്തെ മാറോടണച്ചു.
"എന്റെ ദൈവമേ.... മാപ്പ്....."

കുറെ കഥകള്‍ വായിച്ചു കഴിഞ്ഞു, ഇനിയും വായിക്കാന്‍ ഉണ്ട്.. സുജിത്തിന്റെ കഥകള്‍ ശരിക്കും നടന്നതാണോ അതോ കഥകള്‍ മാത്രമാണോ എന്ന് എനിക്ക് പലയിടത്തും സംശയം തോന്നാറുണ്ട്.. ചിലത് കഥകളാകണെ എന്ന് പ്രാര്‍ത്ഥനയും..
മറുപടിഇല്ലാതാക്കൂ