2014 മാർച്ച് 8, ശനിയാഴ്‌ച

പുലിവാല്‍ പിടിക്കുന്നത്‌ എങ്ങനെ?


കുറെ കാലങ്ങള്‍ക്കു മുന്നേ. മൊബൈല്‍ ഫോണ്‍ ഒന്നും ഇന്നത്തെ പോലെ ആയിട്ടില്ല. KSRTC ബസ്സില്‍ കിളിമാനൂരിലെയ്ക്കുള്ള യാത്രയില്‍ ആയിരുന്നു ഞാന്‍. ബസ്സ്‌ വിടാറായപ്പോള്‍ ഒരു ചെറുപ്പക്കാരി പെണ്‍കുട്ടി ഓടിക്കയറി. മിക്ക സീറ്റുകളിലും ഒരാള്‍ വീതമേ ഉള്ളൂ. പലരും അവള്‍ക്ക് കൂടി "വേണമെങ്കില്‍" ഇരിക്കത്തക്ക രീതിയില്‍ ഒതുങ്ങി ഇരുന്നു.

പക്ഷെ അവള്‍ എന്റെ അടുത്ത് ആണ് വന്നിരുന്നത്. ബസ്സ് യാത്ര തുടങ്ങി. കുറച്ചു നേരം പുറം കാഴചകള്‍ കണ്ടിരുന്ന ഞാന്‍ സഹയാത്രികയോട് എന്തെങ്കിലും ചോദിക്കണമല്ലോ എന്ന് കരുതി. പേരും സ്ഥലവും എല്ലാം അന്യോന്യം ചോദിച്ചു. സംസാരം തുടര്‍ന്നു.
"പേര് കാവ്യ. സി.എക്ക് പഠിക്കുന്നു"
"ഇത്രയും ചെറിയ പ്രായത്തില്‍ തലമുടി വെളുത്തു തുടങ്ങിയല്ലോ? ആരെയെങ്കിലും കാണിച്ചോ?"
"ഹോ, ചേട്ടാ ഒന്നും പറയണ്ടാ. ഞാന്‍ കുറച്ചു നാളായി വിഷമത്തിലാണ്"
"ഞങ്ങളുടെ നാട്ടില്‍ ഒരു നാടന്‍ വൈദ്യര്‍ ഉണ്ട്. അദ്ദേഹം ഒരു പ്രത്യേകതരം എണ്ണ തയ്യാറാക്കുന്നുണ്ട്. അത് തേച്ചാല്‍ പുതുതായി മുടി വെളുക്കില്ല എന്നാണ് കേട്ടിട്ടുള്ളത്"
ഞാന്‍ അവള്‍ക്ക് എന്റെ അഡ്രസ്സ് കൊടുത്തു. ഇടയ്ക്ക് അവള്‍ യാത്ര പറഞ്ഞ് ഇറങ്ങി.

നാളുകള്‍ കൊഴിഞ്ഞു വീണു. ഒരു ദിവസം ഞാന്‍ വീട്ടില്‍ എത്തിയപ്പോള്‍ തികച്ചും "സ്ഫോടനാതമാകമായ സാഹചര്യം". ഭാര്യയുടെ മുഖം കണ്ടാല്‍ തോന്നും കുറഞ്ഞത് നൂറു കടന്തലുകള്‍ എങ്കിലും  കുത്തിയിട്ടുണ്ടാവും. ചോദ്യത്തിന് മറുപടി ആയി ഒരു കത്ത് കൊണ്ട് വന്ന് മുഖത്തേയ്ക്ക് എറിഞ്ഞു തന്നു.

ഏതോ കാവ്യയുടെ കത്താണ്. അതില്‍ ഇങ്ങനെ കണ്ടു,
-------------------------------
പ്രിയപ്പെട്ട ചേട്ടന്,

നമ്മള്‍ അന്ന് കണ്ടതിനു ശേഷം കാര്യം ആകെ വഷളായി. ഇപ്പോള്‍ പുറത്തിറങ്ങാന്‍ പോലും എനിക്ക് മടിയാണ്. മറ്റുള്ളവരെ അഭിമുഖീകരിക്കാന്‍ വയ്യ. അന്ന് പറഞ്ഞ മരുന്ന് എനിക്ക് എത്തിച്ചു തരാമോ? ഇനിയും താമസിച്ചാല്‍ കാര്യങ്ങള്‍ കൈ വിട്ട് പോകും.

സസ്നേഹം,
കാവ്യ...
-------------------------------
അന്നത്തെ പത്രത്തില്‍ തായ്ലന്റിലെ ബുധക്ഷേത്രത്തില്‍ പുലിവാല് പിടിച്ചു നില്‍ക്കുന്ന ഒരു ബുദ്ധസന്യാസിയുടെ പടം എന്നെ നോക്കി പല്ലിളിച്ചു.....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ