കഴിഞ്ഞ മാസം നാട്ടില്‍ പോയിരുന്നു. ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒക്കെ കാണാനും ഇടപഴകാനും കിട്ടുന്ന അവസരം പ്രവാസികള്‍ പരമാവധി ഉപയോഗിക്കാറുണ്ട്. ഞാനും അങ്ങനെ തന്നെ. കൂട്ടത്തില്‍ വീടിനടുത്ത് പുതുതായി വാടകയ്ക്ക് താമസിക്കാന്‍ വന്ന ശശിച്ചേട്ടനെ പരിചയപ്പെട്ടു.
ആള്‍ ടെക്നോപാര്‍ക്കില്‍ ഒരു കമ്പനിയിലെ ക്യാന്റീന്‍ സംബന്ധമായ എന്തോ ജോലിയാണ്. എന്നും വൈകുന്നേരങ്ങളില്‍ ആള്‍ പൂര്‍ണ്ണമായും "സ്പിരിച്ച്വല്‍ ആണ്". സ്പിരിറ്റിന്റെ മണം ചുറ്റുപാടും പരത്തിക്കൊണ്ട് ഒഴുകി നീങ്ങും.
ഒരു ദിവസം രാത്രി പത്തു മണി ആയിട്ടുണ്ടാവും. കതകില്‍ ആരോ മുട്ടുന്നു. തുറന്നപ്പോള്‍ ശശിച്ചേട്ടനാണ്.
"വരണം ചേട്ടാ... എന്താ ഇത്ര വൈകി?"
"അതേയ്, എന്റെ മകന് രണ്ടു ദിവസമായി പനി ആണ്. ഇപ്പോള്‍ അല്പം കൂടി. ഒരു പതിനായിരം രൂപ വേണം. ആശുപത്രിയില്‍ കൊണ്ട് പോകാന്‍ ആണ്. രണ്ടു ദിവസം കഴിഞ്ഞ് ഞാന്‍ ബാങ്കില്‍ നിന്ന് എടുത്ത് തരാം"
"അയ്യോ ചേട്ടാ, പണമായി ഇപ്പൊ എന്റെ കയ്യില്‍ അത്രയും ഉണ്ടാവില്ല.പത്തു മൂവായിരം ഉണ്ടാവും"
"എന്നാല്‍ തല്ക്കാലം അത് മതി. ബാക്കി നാളെ ATMഇല്‍ നിന്ന് എടുത്ത് തന്നാല്‍ മതി"
പണവുമായി ആള്‍ പോയി. പിറ്റേന്ന് രാവിലെ ശശിച്ചേട്ടന്റെ മകന്‍ പൂര്‍ണ്ണആരോഗ്യവാനായി സ്കൂളിലേയ്ക്ക് നടന്നു പോകുന്നത് ഞാന്‍ കണ്ടു. എവിടെയോ എന്തോ പന്തികേട്. ഒടുവില്‍ അമ്മ പറഞ്ഞാണ് അറിഞ്ഞത്, ആളിന് എല്ലാവരോടും പണം വാങ്ങുന്ന പരിപാടി ഉണ്ട് പോലും. ഇതിനു മുന്നേ അച്ഛന്റെ കയ്യില്‍ നിന്നും രണ്ടായിരം രൂപ വാങ്ങിയിരുന്നു. അതും സ്വാഹ.... എനിക്ക് വളരെ വിഷമം തോന്നി. ഇതുപോലെ ഉള്ള ആളുകള്‍ കാരണം അര്‍ഹതപ്പെട്ടവരെ പോലും സഹായിക്കാന്‍ നാളെ മനസ്സുവന്നില്ലെങ്കിലോ? ഇതങ്ങനെ വിട്ടാല്‍ പറ്റില്ല. ഞാന്‍ ശശിച്ചേട്ടനെ കാത്ത് വഴിയില്‍ നിന്നു.
മൂന്നു ദിവസം കഴിഞ്ഞു. ആളെ ഇത് വരെ ആളെ കയ്യില്‍ കിട്ടിയില്ല. നാലാം ദിവസം ഞാന്‍ കിഴക്കേ കോട്ടയില്‍ നിന്ന് കിളിമാനൂരിലേയ്ക്കുള്ള ബസ്സില്‍ ഇരിക്കുകയായിരുന്നു. ബസ്സ് പതിയെ നീങ്ങുമ്പോ അതാ പുറത്ത് ശശിച്ചേട്ടന്‍. ആള്‍ എന്നെ കണ്ട് ഓടി അടുത്ത് വന്നു.
"അതേയ്, അന്നത്തെ ബാക്കി കിട്ടിയില്ല"
"ങേ????"
ബസ്സില്‍ വിനീത് ശ്രീനിവാസന്‍ പാടിയ ഒരു പാട്ട്...
"ഇളിഭ്യനായി.... വിഷണ്ണനായി.... ഏകാന്തനായ് ഞാന്‍ നിന്നൂ...."

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ