2014 മേയ് 4, ഞായറാഴ്‌ച

ബുദ്ധന്റെ ചിരി


കിളിമാനൂരിലെ എന്റെ കുട്ടിക്കാലം. ചുറ്റും തികച്ചും ഗ്രാമീണമായ അന്തരീക്ഷമുള്ള ടൌണ്‍ യു.പി.എസ് ഗവര്‍ന്മെന്റ് വിദ്യാലയം. ഇടത്തരക്കാരും അര്‍ദ്ധപട്ടിണിക്കാരും മുഴുപട്ടിണിക്കാരും ഒക്കെ ആണ് വിദ്യാര്‍ഥികള്‍.

മാങ്ങയുടെ കാലത്ത് ഞങ്ങളുടെ നിക്കറിന്റെ പോക്കറ്റില്‍ കണ്ണിമാങ്ങയും പേപ്പറില്‍ പൊതിഞ്ഞ കല്ലുപ്പും ഉണ്ടാവുമായിരുന്നു. പുളിയുടെ കാലത്ത് പച്ചയും പഴുത്തതുമായ പുളി പുസ്തക സഞ്ചിയില്‍ ഉണ്ടാവുമായിരുന്നു. താഴംപൂ പൂത്താല്‍ അത്, ആമ്പല്‍ പൂത്താല്‍ അത്....

ക്ലാസ്സില്‍ ആകെ പഴുത്ത മാങ്ങയുടെ മണം ആണ് ഒരു സീസണില്‍ എങ്കില്‍ പഴുത്ത ചക്കയാവും പിന്നെ. ആകെ ഒരു പ്രശ്നം ചക്കക്കുരുവിനെ കൊണ്ടാണ്. 18 മേയ് 1974ല്‍ ഭാരതം ആദ്യമായി നടത്തിയ ആറ്റംബോംബ് പരീക്ഷണത്തിന് കൊടുത്ത പേര് "ബുദ്ധന്‍ ചിരിക്കുന്നു" എന്നായിരുന്നു.

ചക്കക്കുരുവിന്റെ സീസണില്‍ ഞങ്ങളുടെ ക്ലാസ്സില്‍ ഇടയ്ക്കിടെ ബുദ്ധന്‍ ചിരിക്കുമായിരുന്നു. മുന്‍ ബഞ്ചില്‍ ഇരിക്കുന്ന ചിലര്‍ നിശബ്ദമായി ബുദ്ധനെ പൊട്ടി ചിരിപ്പിക്കും. എന്നിട്ട് അല്പം മോശമായി വസ്ത്രം ധരിച്ചുവരുന്ന പിന്നിലെ ബഞ്ചിലെ ആരെയെങ്കിലും തിരിഞ്ഞ് നോക്കും. അത് കണ്ട് മറ്റ് എല്ലാവരും അവനെ രൂക്ഷമായി നോക്കും.

അത് കണ്ട് ഞെട്ടിയ പാവം അവന്‍ പറയും "അയ്യോ... ഞാനല്ല". പക്ഷെ ആരും അത് അംഗീകരിക്കാറില്ല.

കുറെ കഴിഞ്ഞ് ബുദ്ധന്റെ അടുത്ത ചിരി എപ്പോഴെന്ന് ഭീതിയോടെ ഓര്‍ത്ത് എല്ലാരും വീണ്ടും പഠനത്തിലേക്ക് ശ്രദ്ധ തിരിക്കും....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ