2014 മേയ് 31, ശനിയാഴ്‌ച

കസ്തൂരാദി ഗുളിക


അവധിക്കാലം കഴിയാറായി. മഴമേഘങ്ങള്‍ ഇരുണ്ടുകൂടി  മാനത്ത് വട്ടമിട്ട് പറക്കുന്നു. വൈകുന്നേരങ്ങളെ ഇരുട്ടില്‍ ആഴ്ത്തുകയും ഇടയ്ക്കിടെ ഞങ്ങളുടെ കളികളുടെ പാരമ്യത്തില്‍ പാരവയ്ക്കാന്‍ വരികയും ചെയ്യുമോ? കിളിമാനൂരിലെ ഞങ്ങളുടെ സര്‍ക്കാര്‍ വിദ്യാലയം തുറക്കാറായി. പിന്നെ പകല്‍ മുഴോനും ഇങ്ങനെ കളിച്ചുനടക്കാന്‍ വിടില്ല. അതിനാല്‍ പരമാവധി കളിച്ച് തീര്‍ക്കണം.

"ഡാ.... സുജീ.... നിന്നെ അത്യാവശ്യമായിട്ട് അമ്മൂമ്മ വിളിക്കുന്നു" ശ്രീക്കുട്ടന്‍ വിളിച്ചു പറഞ്ഞു.
"എന്തിന്?"
"ആ.... വേഗം ചെല്ല്"

ഞാന്‍ കളി നിറുത്തി ഓടിച്ചെന്നു. അമ്മൂമ്മ മുറ്റത്ത് നില്‍പ്പുണ്ട്. കയ്യില്‍ ചുരുട്ടിപ്പിടിച്ച രണ്ട് രൂപയും.
"നീ പോയി കസ്തൂരാദി ഗുളിക വാങ്ങിച്ചിട്ട് വാ".

ങേ? ഇതിനായിരുന്നോ എന്നെ അത്യാവശ്യമായിട്ട് വിളിപ്പിച്ചത്? വായു ഭഗവാന്റെ കോപം ഇടയ്ക്കിടെ അമ്മൂമ്മയെ വിഷമിപ്പിക്കുമായിരുന്നു. ഹോ എന്നാലും കളി നല്ല രസായിട്ട് വരികയായിരുന്നു. എനിക്ക് ദേഷ്യവും സങ്കടവും വന്നു.

ഏതായാലും വേഗം പോയി ഗുളിക വാങ്ങിയിട്ട് വരാം. വൈദ്യരത്നം ആയുര്‍വേദവൈദ്യശാലയിലെ ചാരുകസേരയില്‍ ചാരിക്കിടന്ന് താളം പിടിക്കുന്ന, ദേഹത്ത് എപ്പോഴും തൈലങ്ങളുടെ മണമുള്ള  അപ്പൂപ്പനോട്‌ കാര്യം പറഞ്ഞു. പൈസ വാങ്ങിയിട്ട് എന്നോട് പറഞ്ഞു.
"ആ അലമാരയില്‍ നിന്ന് നീ തന്നെ എടുത്തോ". ഞാന്‍ ഒരു സ്ഥിരം ഉപഭോക്താവാണ്‌. സര്‍വ്വോപരി വിശ്വസ്ഥനും....

ഗുളികയുടെ കുപ്പി കൊണ്ട് വന്ന് അമ്മൂമ്മയ്ക്ക് കൊടുക്കുമ്പോള്‍ ഞാന്‍ പറഞ്ഞു.
"ആ അപ്പൂപ്പന്‍ ദേഹത്ത് മുഴുവനും മരുന്നുകള്‍ തേച്ച് പിടിപ്പിക്കും. എന്നിട്ട് ചാര് കസേരയില്‍ കിടന്ന് ദേഹത്ത് പറ്റിപ്പിടിക്കുന്ന ചെളിയും മരുന്നും ഒക്കെ വിരല് കൊണ്ട് ചുരണ്ടി എടുത്ത് ഉണ്ടകള്‍ ആക്കും. അതാണ്‌ കസ്തൂരാദി ഗുളിക"
"അയ്യേ... അതൊന്നുമല്ല. ഇത് വൈദ്യശാലയില്‍ ഉണ്ടാക്കുന്നതാണ്" അമ്മൂമ്മ പറഞ്ഞു.

ഞാന്‍ കളിക്കാനായി ഓടിപ്പോയി. കുറെ കാലം കഴിഞ്ഞ് അമ്മ പറഞ്ഞാണ് അറിഞ്ഞത്. അമ്മൂമ്മ കുറെനാളായി കസ്തൂരാദി ഗുളിക കഴിക്കാറെ ഇല്ലത്രേ. വായുഭഗവാന്‍ എത്രയേറെ പ്രകോപനം ഉണ്ടാക്കിയിട്ടും.....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ